ബ്ലാക്ക്ബെൽറ്റ്_കുഞ്ഞിപ്പാത്തു

രചന : ഷാനിഫ് ഷാനി

ഞമ്മളെ ബീവി മുത്തൂസിനേം കുഞ്ഞിപ്പാത്തൂനേം ഗൾഫിൽക്ക് കൊണ്ടോന്ന പിറ്റേന്ന് തുടങ്ങീണ് റാഹില ഓലെ രണ്ടാളേം കൊണ്ട് വരാൻ പറയണ്. ടൈറ്റാക്കി ടൈറ്റാക്കി ഞമ്മളിങ്ങനെ നീട്ടികൊണ്ടോയതാണ്.

ഈ വീക്കെന്റ് എന്തായാലും മാണ്ടില ഓളെ അട്ത്ത് പോവണംന്ന് വിജാരിച്ച് ഓളോട് ഞമ്മക്കിഷ്ടപ്പെട്ട ഫ്രൈഡ് റൈസും ചിക്കൻ ചില്ലിയും ഉണ്ടാക്കിക്കോണ്ടി ഞങ്ങള് മൃഗശാലേലൊക്കെ പോയി കറങ്ങി രാത്രി എത്തുംന്ന് വിളിച്ച് പറഞ്ഞു.

റാഹില, പ്ലസ് ടൂൽ പഠിക്കുമ്പോ ഞമ്മളെ കട്ട കമ്പനി. അന്നൊക്കെ എത്ര ആൾക്കാരെയ്നി ഓളെ ബാക്കിൽ, ഞമ്മളെ പിന്നെ ആദ്യേ ഓള് ആങ്ങളാക്കിയോണ്ട് ആ വഴിക്ക് പോയില്ല. ആർട്സായാലും സ്പോർട്സായാലും ഓളില്ലാത്ത ഒരു കളില്ലെയ്നി. ഇപ്പോ താ മൂന്നെണ്ണത്തിനേം പെറ്റ് ഓലേം നോക്കി ഇവിടെ ഓളെ കെട്ടിയോന്റൊപ്പം അടങ്ങിയിരിക്ക്ണ്.

രാവിലെ നേരത്തെ എണീറ്റ് കുഞ്ഞിപ്പാത്തൂനെ കുളിപ്പിച്ച് മാറ്റ്ണ ഡ്യൂട്ടി ഞമ്മള് ഏറ്റെട്ത്തു. വെള്ളം കണ്ടാൽ അയ്ൽ കുത്തിമറിയ്ണ പാത്തൂന് തണുപ്പ് ആയപ്പോ വെള്ളം ഹറാമായി അറപ്പായീണ് ഓൾക്ക്.

കാർട്ടൂണിൽ കാണുന്ന കുട്ടിക്കുറുമ്പനാനനെ കാണിച്ചെരാന്ന് പറഞ്ഞ് ഒരു വിധത്തിൽ ഓളെ കുളിപ്പിച്ച് പുതിയ ഉട്പ്പിട്ടു കൊട്ത്തു. എങ്ങോട്ടേലും പോവാന്ന് കണ്ടാൽ ഓൾക്ക് പിന്നെ ഒരു പ്രത്യേക അവ്വ തരലും ചിരിയുമൊക്കെയാണ്, തൊള്ളേൽ അഞ്ചാറ് പാൽ പല്ല്ള്ളോണ്ട് ആരെ കണ്ടാലും ഇപ്പോ ഇളിച്ച് കാട്ടും ഓള്.

വണ്ടീ കേറിയാ ഓൾക്ക് വണ്ടി ഓട്ടണം, ഹോണടിക്കണം അങ്ങനെ ആകെപ്പാടെ ഒരു പൈലറ്റാവും ഓള്. വണ്ടി ഓടിത്തുടങ്ങിയാ ഉറക്കം തുടങ്ങും. പിന്നെ ഒരു പിത്തനയും ഇല്ല. ഉറങ്ങുമ്പോ എന്ത് പാവാ ഞമ്മളെ കുഞ്ഞിപ്പാത്തു.അങ്ങനെ ഞങ്ങള് നേരെ മൃഗശാലേക്ക് വിട്ടു.

മൃഗശാലേലെത്തി ആദ്യം പോയത് ആനന്റെ അട് ത്തേക്കാണ്. ആനയാണേൽ മണ്ണിൽ കുത്തിമറിഞ്ഞ് ചെമ്പൻ കളറായീണ്. ആനനെ കണ്ട് കുത്തിപ്പാത്തു,

‘ഇതോളെ ആനല്ലാ,,,,ഓളെ ആന കറത്ത്ട്ടാന്നും ‘ പറഞ്ഞ് കരയാൻ തുടങ്ങി. ഹലാക്കിന്റെ അവിലു കഞ്ഞീന്നും പറഞ്ഞ് മുത്തൂസ് ഓളെ ഞമ്മളേൽ തന്നു. വേം പോയി ഒരു ഐസ്ക്രീം മേടിച്ചൊട്ത്ത് ഓളെ കരച്ചിൽ മാറ്റി.

അവ്ടന്ന് നേരെ യൂസുഫാക്കന്റെ പീടിയേൽക്കാണ് പോയത്. അവ്ടെ എത്തിയാ പിന്നെ ഓൾക്ക് സാധനൊന്നും വാങ്ങീല്ലേലും ട്രോളീൽ ഓളേം ഉന്തി നടന്നാ മതി. അത് ഞമ്മളെ പാത്തൂന് ഒരു ഹരാണ്. ഓൾക്ക് അയ്ലിങ്ങനെ ഞെളിഞ്ഞിരിക്കണം.

അങ്ങനെ കാഴ്ചകളും പർച്ചേസിംഗും ഒക്കെ കഴിഞ്ഞ് ഞമ്മള് റാഹിലാന്റെ ഫ്ലാറ്റിലെത്തി. ഓളെ കെട്ടിയേനേം പരിചയപ്പെട്ട് ഞമ്മളവിടെ ഇരുന്നു. കുഞ്ഞിപ്പാത്തു അവ്ടത്തെ കുട്ട്യോളെ കണ്ടപ്പോ ഒക്കത്ത്ന്ന് ചാടി നിലത്തിറങ്ങി ഓലൊപ്പരം കളിക്കാൻ പോയി.

ഓളെ കെട്ടിയോന്റെ കത്തിക്ക് മൂളികൊട്ത്ത് ചടച്ചിരിക്കുമ്പോളാണ് ഫുഡായീന്നും പറഞ്ഞ് റാഹില കഴിക്കാൻ വിളിച്ചത്. ഞമ്മളെ ഫേവറേറ്റെന്നെ ഓള് ഉണ്ടാക്കീണ്.

നന്നായി കഴിച്ചു, പള്ളയും ഒപ്പം മനസും നിറഞ്ഞു. അങ്ങനെ റാഹത്തിൽ ഇരിക്കുമ്പോളാണ് അപ്പുറത്തെറൂമിൽ ന്ന് ഞമ്മളെ പാത്തൂന്റെ കരച്ചിൽ കേൾക്ക്ണത്.

പുതിയൊരു ഇരയെ കിട്ടിയ ഊറ്റത്തിൽ റാഹിലാന്റെ മൂന്ന് മക്കളും ഞമ്മളെ കുഞ്ഞിപ്പാത്തൂനെ പൊതീഞ്ഞീണ്. ഓള് കുമ്പിളുത്തി നൊലോൾച്ച് വര്ണ്ട്.

പാവം, നല്ലോണം കിട്ടീണ്. പിന്നെ അവ്ട്ന്ന്‌ പോര്ണ വരെ ഓള് മുത്തൂസിന്റെ ഒക്കത്ത്ന്ന് ഇറങ്ങീല്ല. ഞമ്മളെ അട്ത്ത്ന്നുള്ള വിക്രസും കുറുമ്പൊന്നും ഓലെ അട്ത്തെത്തിയപ്പൊ ഓൾക്കില്ല.

അപ്പോളാണ് ഞമ്മളെ ബീവി മുത്തൂസ് പറയണത്. “അല്ലേലും ഈ പെൺകുട്ട്യോളൊക്കെ പാവാ…. ഓളെ ഞമ്മക്ക് കരാട്ടെ ക്ലാസിന് ചേർക്കണം, ഇപ്പത്തെ കാലത്ത് അതൊക്കെ ആവശ്യാ…. ”

അങ്ങനെ സൽക്കാരൊക്കെ കഴിഞ്ഞ് ഓലോടൊക്കെ സലാം പറഞ്ഞ് പോരുമ്പോ, ‘അട്ത്ത വരവിന് ഞമ്മള് കാണിച്ചെരടാ ചെങ്ങായ്മാരേ’ എന്നും പറഞ്ഞ് ഒക്കത്തിരുന്ന് ഞമ്മളെ കുഞ്ഞിപ്പാത്തു കുട്ട്യോളെ നോക്കി ചുണ്ട് കൂർപ്പിച്ച് നോക്ക്ണ്ടായിരുന്നു…..

—————-

ഇത് ഞാനൊരു രസം പറഞ്ഞത് …. പക്ഷേ പറയാൻ വന്ന ഒരു കാര്യണ്ട്…. നമ്മുടെ പെൺമക്കൾക്ക് കുറച്ച് ആയോധനമുറകളൊക്കെ പഠിപ്പിക്കൽ നിർബന്ധമാക്കേണ്ട കാലം അതിക്രമിച്ചില്ലേ….. തനിക്കു നേരെ അനാവശ്യമായി നീളുന്ന കൈ തിരിച്ചൊടിച്ച് കൂമ്പിനിട്ടൊന്ന് കൊടുക്കാൻ ….. മാനസികമായും ശാരീരികമായും നേരിടേണ്ടി വരുന്ന പീഢന ശ്രമങ്ങളെ ചെറുക്കാൻ നമുക്കവർക്ക് എല്ലാവിധ കരുത്തും പകർന്നു നൽകാം ….

രചന : ഷാനിഫ് ഷാനി

Leave a Reply

Your email address will not be published. Required fields are marked *