വാത്സല്യം, വളരെ വ്യത്യസ്തമായ ചെറുകഥ….

രചന: പ്രാന്തൻ ചിന്തകൾ

അവനു കോടതി എട്ടു വർഷത്തെ കഠിന തടവ് ശിക്ഷയായി വിധിച്ചപ്പോൾ.. “ആ ശിക്ഷ അവനല്ലല്ലോ നമ്മൾക്കല്ലേ നൽകേണ്ടത്” അവൾ എന്റെ തോളിൽ ചാരി കണ്ണീർ പൊഴിച്ചുകൊണ്ടു പറഞ്ഞു…

കയ്യിൽ വിലങ്ങുകളോടെ അവനെ പോലീസ് വാഹനത്തിൽ കയറ്റി പത്രക്കാരും ചാനലുക്കാരും അവനോടു സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്.. അവൻ വാഹനത്തിൽ ഇരുന്ന് കൊണ്ടു കോടതി വരാന്തയിൽ നിൽക്കുന്ന

ഞങ്ങളെ നോക്കി, ആ കണ്ണിൽ തിളക്കം നഷ്ടപ്പെട്ട് കുറ്റബോധം മാത്രം ബാക്കിയായി. ഏറ്റുവാങ്ങിയ ശിക്ഷ അവനു അർഹത പെട്ടതാണെന്നു അവനു ബോധ്യമായിരിക്കുന്നു. അല്പസമയത്തിനുള്ളിൽ തന്നെ അവനെ

കയറ്റിയ വാഹനം കോടതിയിൽ നിന്നും ജയിലിലേക്കു പുറപ്പെട്ടു. കരഞ്ഞു തളർന്ന അവളേയും താങ്ങി കാറിനടുത്തേക്കു നടന്നു. കോടതിയുടെ പുറത്തേക്കു ഇറങ്ങുമ്പോഴും അവിടെ കൂടി നിന്നവരുടെ സംസാരങ്ങൾ

ഞങ്ങളുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ടിരുന്നു. വീട്ടിൽ എത്തി ആ പടികൾ കയറുമ്പോൾ മനസു വല്ലാതെ തകർന്നു പോയിരുന്നു. അവന്റെ കളിച്ചിരികൾ ഈ വീട്ടിൽ നിന്നും അകന്നിട്ടു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.

പോലീസും കോടതിയും ആയി കഴിഞ്ഞ നാളുകൾ .. ഇന്ന് വിധി വന്നപ്പോൾ അവിടെ കൂടിയിരുന്ന “എല്ലാവരും പറഞ്ഞത് ശിക്ഷ കുറഞ്ഞു പോയി എന്നാണ്, പ്രായത്തിന്റെ ഇളവ് പോലും അവൻ

അർഹിക്കുന്നില്ല”.. അവന്റെ അച്ഛനമ്മമാരായ ഞങ്ങൾക്ക് അതുപോലെ ചിന്തിക്കാൻ കഴിയില്ലല്ലോ. പത്തൊൻപതാം വയസിൽ ഇത്ര ക്രൂരമായ ഒരു തെറ്റുചെയ്യാൻ പോലും അവന്റെ മനസിനെ പ്രാപ്തമാക്കിയത്

ഞങ്ങൾ മാത്രമല്ലേ.. എവിടെ ആണ് ഞങ്ങൾക്ക് തെറ്റു പറ്റിയത്. പിന്നിട്ട വഴികൾ തന്നെയായിരുന്നു അതിനുള്ള ഉത്തരം. ഒരേ ഓഫീസിൽ ജോലി ചെയ്തിരുന്ന ഞങ്ങൾ പ്രണയത്തിലൂടെ ഒന്നായവരാണ്. രണ്ടു മതങ്ങളിൽപ്പെട്ട

ഞങ്ങളുടെ പ്രണയത്തെ എതിർത്ത വീട്ടുകാരുടെ മുന്നിലൂടെ അവളെ കൈ പിടിച്ചു നടന്നപ്പോൾ ജീവിതത്തിൽ എല്ലാം നേടി എന്ന് ഞാൻ കരുതി. സന്തോഷകരമായ ജീവിതത്തിൽ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു..

സ്നേഹിക്കാനും സ്‌നേഹം പങ്കുപറ്റാനും കുടുംബങ്ങൾ ഒന്നും കൂടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ ഞങ്ങളിലേക് ഒതുങ്ങി. ഞങ്ങളുടെ മകന്റെ വളർച്ചയിൽ സ്നേഹത്തോടെയും കരുതലോടെ ഞങ്ങൾ എന്നും

കൂടെയുണ്ടായിരുന്നു. അതിനായി അവളുടെ ജോലിപോലും വേണ്ടെന്നുവച്ചു. അവനൊരിക്കലും ജീവിതത്തിൽ തോറ്റു പോകരുതെന്നും രണ്ടാംസ്ഥാനത്തേക്ക് തള്ളപെടരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

അവൻറെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കാൻ ഞങ്ങൾ സദാ മത്സരിച്ചുകൊണ്ടിരുന്നു. പഠനത്തിനായി ഏറ്റവും നല്ല വിദ്യാലയം തന്നെ നേടിക്കൊടുത്തു.. അവനോടുള്ള സ്നേഹം കുറഞ്ഞു പോകാതിരിക്കാൻ

അടുത്ത ഒരു കുഞ്ഞുപ്പോലും ഞങ്ങൾ വേണ്ടെന്നു വെച്ചു. അവന്റെ ലോകം വീടും സ്കൂളുമായി ഒതുങ്ങി. പഠനവും കമ്പ്യൂട്ടർ ഗെയിമുകളും മാത്രമായി അവൻ ജീവിതം ആസ്വദിച്ചു. സ്കൂളുകളിൽ മീറ്റിങ്ങിനു

ചെല്ലുമ്പോൾ അവന്റെ അച്ചടക്കത്തെയും പഠിപ്പിനെയും കുറിച്ചും അവന് കിട്ടുന്നതൊന്നും നഷ്ടപ്പെടുത്താതെ സൂക്ഷിച്ച് വെക്കുന്ന അവന്റെ കരുതലിനെകുറിച്ചും ടീച്ചർമാർ വാതോരാതെ സംസാരിക്കുമ്പോൾ ഞങ്ങൾ

അഭിമാനത്തോടെ കേട്ടിരിന്നു. അതുപോലെ തന്നെയായിരുന്നു അവൻ വീട്ടിലും നാട്ടിലും. അനാവശ്യമായ കൂട്ടുകെട്ടുകൾ ഒന്നും തന്നെ അവനുണ്ടായിരുന്നില്ല. മറ്റു കുട്ടികളെപ്പോലെ തൊടിയിലും പാടത്തും വെയിലും

മഴയുംകൊണ്ടു നടക്കല്ലേ എന്നും കയ്യുംകാലും ഓടിക്കല്ലേ എന്നും മറ്റു കുട്ടികളുടെ അച്ഛനമ്മമാരെ പോലെ ഞങ്ങൾക്ക് പറയേണ്ടി വന്നിരുന്നില്ല. അവന് വാങ്ങികൊടുത്ത കളിപ്പാട്ടങ്ങളോ പുസ്തകങ്ങളോ അവൻ നശിപ്പിച്ച്

കളഞ്ഞില്ല. പത്താം ക്ലാസിലും പ്ലസ് ടുവിലും മുഴുവനും വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു അവൻ വിജയിച്ചത്. ഞങ്ങളുടെ ആഗ്രഹമായിരുന്നു അവനെ MBBS നു ചേർക്കണമെന്ന്. എൻട്രൻസ് എക്‌സാമിനു ഒന്നാം

റാങ്ക് വാങ്ങി വീട്ടിൽ നിന്നും പോയി വരാൻ കഴിയുന്ന കോളേജിൽ മെഡിസിന് ചേർത്തി.

അവിടേയും അവനു നല്ല സുഹൃത്തുക്കൾ ഒന്നും തന്നെ കിട്ടിയില്ല. ഒന്നാംറാങ്ക്‌കാരനോട് മറ്റുകുട്ടികൾക്കുള്ള അസൂയയും അതിനിന് കാരണമായിരിക്കാം, എന്നു കരുതി. ക്ലാസ് തുടങ്ങി കുറച്ചു ദിവസത്തിനുശേഷം

മാനേജ്മെന്റ് കോട്ടയിൽ പാർവതി ആ ക്ലാസിലേക്ക് പുതുതായി കടന്നു വന്നു. അവൾ ഇരുന്നത് അവൻറെ അതേബെഞ്ചിൽ തന്നെയായിരുന്നു . കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ സൗന്ദര്യം കൊണ്ടും

സംസാരം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറിയിരുന്നു. വലിയൊരു തറവാട്ടിൽ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും സ്നേഹത്തിലും പരിലാളനയിലും വളർന്ന അവൾക്കു സഹജീവികളോടു അനുകമ്പയും

സ്നേഹവും വേണ്ടുവോളമുണ്ടായിരുന്നു. അവൾ വാട്ടിയ വാഴയിലയിൽ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ പങ്കിനായി എല്ലാവരും തിരക്ക് കൂട്ടുമായിരുന്നു, അവനൊഴികെ. അവന്റെ ഈ ഒറ്റപ്പെട്ട നടത്തം അവൾ

അതിനോടകം മനസ്സിലാക്കിയിരുന്നു. അവനോട് സംസാരിക്കാൻ ശ്രമിക്കുന്തോറും അവൻ ഒഴിഞ്ഞുമാറികൊണ്ടിരുന്നു. പക്ഷെ അവൾ അവനെ ഒറ്റക്കുവിടാൻ തയ്യാറായിരുന്നില്ല. നിരന്തരമായ

പരിശ്രമങ്ങൾക്കൊടുവിൽ അവൻ അവളോട്‌ സംസാരിക്കാനുള്ള നിലയിലെത്തിയിരുന്നു. വീട്ടിൽ വന്നാൽ അവളെകുറിച്ചു അവനു ദിവസവും എന്തെങ്കിലും പറയാൻ ഉണ്ടാകുമായിരുന്നു. ദിവസങ്ങൾ മാസങ്ങളായി

കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. അവർ രണ്ടാം വർഷത്തിലേക്ക് കടന്നു. അവനും അവളും സുഹൃത്തക്കൾ ആയി മാറിയിരുന്നു . അവൾ എല്ലാവരരേയും പോലെ അവനെ കണ്ടപ്പോൾ, അവനു അതു സുഹൃത്ത്ബ

ന്ധത്തിന്റെ അപ്പുറം പലതും ആയിരുന്നു. അവളോട്‌ അവന്റെ മനസ്സിൽ പ്രണയം ഉടലെടുത്തു. അവർ മാത്രമായുള്ള ഒരു ജീവിതം അവൻ സ്വപ്നം കണ്ടുതുടങ്ങി. അവളോട്‌ മറ്റുകുട്ടികൾ സംസാരിക്കുന്നതും കൂടെ

നടക്കുന്നതും അവനിൽ അവൾ നഷ്ടപ്പെടുമോ എന്ന ഭയം നിറച്ചു. ഞങ്ങളോട് അവനു പാർവതിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവളോടാണ് ആ ഇഷ്ട്ടം ആദ്യം പറയേണ്ടത് എന്നു പറഞ്ഞു. ആ ധൈര്യത്തോടെ

ആണ് അവന്റെ സ്നേഹം അവളെ അറിയിച്ചത് . അവൾക്ക് അങ്ങനെ ഒരിഷ്ടം അവനോടു തോന്നിയില്ല എന്നും നല്ലൊരു സുഹൃത്ത് എന്നതിലപ്പുറമായി ഒന്നും ഇല്ല എന്നും അവൾ പറഞ്ഞു . വീട്ടിൽ

തിരിച്ചെത്തിയപ്പോൾ അവന്റെ സങ്കടം കണ്ടു അതിൽനിന്നൊരു മാറ്റം വരാൻ ഞങ്ങൾ പറഞ്ഞു നിരന്തര പരിശ്രമങ്ങളിലൂടെയെ ഒരു പെണ്കുട്ടിയുടെ മനസ് സ്വന്തമാക്കാൻ കഴിയു . അവൻ പിന്നീട് കുഴപ്പങ്ങൾ

ഇല്ലാതെ കോളേജിൽ പോയി തുടങ്ങിയിരുന്നു. അവൻ പിന്നീട് കുഴപ്പങ്ങൾ ഇല്ലാതെ കോളേജിൽ പോയി തുടങ്ങിയിരുന്നു. അവന്റെ മനസിലെ ഇഷ്ട്ടം അതു പോലെ ഉണ്ടെന്നു തോന്നിയത് കൊണ്ടാകണം

പാർവതിയും അവനിൽ നിന്നും പതിയെ അകലാൻ തുടങ്ങിയിരുന്നു. അതു അവന്റെ മനസിനെ തളർത്തി. അവന്റെ പഠനത്തിലും അതു പ്രതിഫലിച്ചു. അവൾ നിന്റെ സ്നേഹം മനസിലാക്കി വരും എന്ന് ഞങ്ങൾ

അവനെ ആശ്വസിപ്പിച്ചു. ആ പ്രതീക്ഷയിൽ മുന്നോട്ടു പോകുമ്പോൾ ആണ് പാർവതിക്ക് മുറച്ചെറുക്കനുമായി മായി കല്യാണം നടക്കാൻ പോകുന്നു, എന്നവൻ അറിയുന്നത്. അവൻ അന്ന് ആകെ തകർന്നു പോയിരുന്നു.

അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞങ്ങളും കുഴങ്ങി. പിന്നീടുള്ള രാത്രികൾ അവനു ഉറക്കം നഷ്ടപെട്ടതായിരുന്നു. ഒരു ദിവസം രാവിലെ അവളെ ഒന്നുകൂടെ കാണണം സംസാരിക്കണം എന്നു പറഞ്ഞു

അവൻ വീട്ടിൽ നിന്നും ഇറങ്ങി, ഞാൻ ജോലിക്കും. ഉച്ചക്ക് 11 മണി ആയിക്കാണും അവളുടെ ഫോൺ കാൾ കണ്ടാണ് ഞാൻ ഫോൺ എടുത്തത് . “നമ്മുടെ മോൻ …” എന്നു മാത്രമേ ആ കരച്ചിലിനിടയിൽ ഞാൻ കേട്ടുളു.

നേരെ വീട്ടിലേക്കു പാഞ്ഞു.. വീടിനു മുന്നിൽ എത്തിയപ്പോഴേക്കും നാട്ടുകാർ മൊത്തം കൂടിയിരുന്നു.

എന്താണ് നടക്കുന്നത് എന്നറിയാതെ ഞാൻ അകത്തേക്കു കുതിച്ചു. ഹാളിൽ ചാഞ്ഞു ഇരുന്നുകരയുന്ന അവളെ താങ്ങി എടുത്തു ചോദിച്ചു, “എന്താ നമ്മുടെ മോന്..” അവൾക്കു ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല….

ടിവി യിലേക്ക് അവൾ കൈ ചൂണ്ടി … നാടിനെ നടുക്കിയ ദൃശ്യങ്ങളും വാർത്തയും അതിൽ നിറഞ്ഞു നിൽക്കുന്നു. ആ ദൃശ്യങ്ങളിൽ ഞങ്ങളുടെ മോൻ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നു അതിനു ശേഷം ഒരു

ഭ്രാന്തനെ പോലെ കത്തി കൊണ്ടുകുത്തി വീഴ്ത്തുന്നു. കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ചു അവളെ കത്തിക്കുന്നു. അതു പാർവതിയെ ആണെന്ന് ഞാൻ മനസ്സിലാക്കി. നാട്ടുകാർ തീ കെടുത്താൻ ശ്രമിക്കുന്നു.

അവനെ ആരൊക്കെയോ തടഞ്ഞു വെച്ചിരിക്കുന്നു. ദൃശ്യങ്ങൾ കണ്ടു ഞാൻ തളർന്നു ഇരുന്നു. ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. . 80 ശതമാനത്തോളം പൊള്ളലേറ്റ ആ കുട്ടി രക്ഷപെടാൻ

സാധ്യത വളരെ കുറവാണെന്നു വാർത്തകളിൽ പറയുന്നത് കേൾക്കാം. നരാധിപൻ ആയ തങ്ങളുടെ മോനെ കുറിച്ചും ചർച്ചകൾ നടക്കുന്നു. എല്ലാവർക്കും ഒരേ അഭിപ്രായം ആയിരുന്നു വളർത്തു ദോഷം.. ഞങ്ങൾക്ക്

അതു ഉൾകൊള്ളാൻ അപ്പോളും കഴിഞ്ഞില്ല. അത്രക്കും സ്നേഹത്തോടെ അല്ലേ ഒരു അല്ലലും അറിയിക്കാതെ ഞങ്ങൾ അവനെ വളർത്തിയത്. രണ്ടാംദിവസം ആ കുട്ടി മരണത്തിനു കീഴ്പെട്ടു.. .. ആകുട്ടിയുടെ വീട് വരെ

പോകാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. ഒരു നാട് മുഴുവനും ആ കുട്ടിയുടെ വിയോഗത്തിൽ സങ്കട പെടുന്നു..വെള്ളതുണിയാൽ പൊതിഞ്ഞു വികൃതമായ ആ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക്

കഴിഞ്ഞില്ല. അവളെ കല്യാണം കഴിക്കാൻ ഇരുന്ന മുറചെറുക്കൻ പൊട്ടികരഞ്ഞുകൊണ്ട് ഉറക്കെ പറയുന്നുണ്ട് നിന്നെ ജീവനോടെ കാണാൻ നിന്നോടുള്ള സ്നേഹം പോലും ഞാൻ വേണ്ടാന്നു വെച്ചേനെ… ഞാൻ വിട്ടു

കൊടുക്കുമായിരുന്നല്ലോ എന്റെ സ്നേഹം…. കൂടെ പടിച്ചവരും കൂട്ടുകാരും നാട്ടുകാരും കണ്ണീരിൽ കുതിർന്നു അവളെ യാത്രയാക്കി. അവൾ എത്ര പ്രിയപ്പെട്ടവൾ ആയിരുന്നു ആ നാടിനെന്നു ഞാൻ അറിയുന്നുണ്ടായിരുന്നു.

ആ കാഴ്ച എന്നിൽ പകർന്നു തന്നു മകനെ വളർത്തിയതിൽ ഞങ്ങൾക്ക് പറ്റിയ തെറ്റു. അവനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അവനെ ഒരു സമൂഹജീവിയായി വളർത്താൻ ഞങ്ങൾ ശ്രമിച്ചില്ല.

അവന് വേണ്ടുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ മത്സരമായിരുന്നു, ഒന്നും കിട്ടാതെവരുമ്പോൾ ഉള്ള വിഷമം അവൻ അറിഞ്ഞിരുന്നില്ല. അവനു കിട്ടുന്ന സ്നേഹം പോലും മറ്റൊരാൾക്കും പങ്കിട്ട് പോയിരുന്നില്ലല്ലോ.

അവനൊരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നു എങ്കിൽ സ്നേഹം പങ്കിടാൻ അവൻ അറിഞ്ഞിരുന്നേനെ.. പാടത്തും പറമ്പിലും കളിക്കാൻ അവനെ വിട്ടിരുന്നെങ്കിൽ അവൻ നാടിനേയും നാടിന്റെ

നന്മകളും അറിഞ്ഞേനെ .. അവന് പുസ്തകങ്ങളും കളിക്കോപ്പുകളും മറ്റും വാങ്ങി കൊടുക്കുമ്പോൾ മറ്റാർക്കും കൊടുക്കരുതെന്ന് അവനോട് പറഞ്ഞിരുന്നില്ല എങ്കിൽ അവൻ പങ്കുവെക്കലിന്റെ പവിത്രത എന്തെന്ന് അവൻ

അറിയുമായിരുന്നു. പഠനത്തിൽ ഒന്നാമനാകണം എന്നു പറഞ്ഞിലായിരുന്നെങ്കിൽ കൂടെ പഠിക്കുന്നവരെ ശത്രുക്കളായി കാണാതെ നല്ല സുഹൃത്തുക്കൾ ആയി കണ്ടേനെ.. പ്രണയവും സൗഹൃദവും അവനു

തിരിച്ചറിയാനും കഴിഞ്ഞേനെ.. വീട്ടുകാരും കുടുംബക്കാരും കൂടെയുണ്ടായിരുന്നെങ്കിൽ ബന്ധങ്ങളുടെയും ജീവന്റെയും വില അവൻ അറിഞ്ഞേനെ.. അവളെ നഷ്ടപ്പെടുമോ എന്ന അവൻ സങ്കടം പറഞ്ഞപ്പോൾ

നേടിയെടുക്കുന്നത് മാത്രമല്ല വിട്ടുകൊടുക്കുന്നതും സ്നേഹമാണെന്ന് അവനെ മനസ്സിലാക്കണമായിരുന്നു. ഇവിടെ തെറ്റുകാർ ഞങ്ങൾ മാത്രമാണ്. ഞങ്ങളുടെ വളർത്തുദോഷം…..

(ഒരു പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറയാൻ പോകുമ്പോൾ തനിക്ക് കിട്ടിയില്ലെങ്കിൽ അവളെ ആരും സ്വന്തം ആക്കരുത് എന്ന് കരുതുന്നത്, ആ മക്കളെ നേടുന്നത് എല്ലാം മാത്രമാണ് വിജയമെന്നും നഷ്ടപ്പെടുന്നത് എല്ലാം

തോൽവി ആണെന്നും പിടിപ്പിച്ച നമ്മുടെ തെറ്റ് മാത്രമാണ്. ഒന്നും രണ്ടും മാസം പരിചയമുള്ള ഒരുത്തന്റെ കൂടെ ഒരു പെൺകുട്ടി ഇറങ്ങി പോകുന്നുണ്ടെങ്കിൽ ആ കുട്ടി കഷ്ടപ്പാട് അനുഭവിക്കാതെ നമ്മൾ എല്ലാം നേടി

കൊടുത്തു വളർത്തിയതിന്റെ തെറ്റ് കൊണ്ട് മാത്രമാണ് . ആഗ്രഹിച്ചത്തിൽ കുറച്ചെങ്കിലും കിട്ടാതെവരുമ്പോൾ മാത്രമേ നഷ്ടങ്ങളും വേർപാടുകളും അവർ സഹിക്കാൻ പഠിക്കൂ…. സന്തോഷങ്ങൾ മാത്രം നേടികൊടുത്ത ഒരു

തലമുറയെ നിങ്ങൾ വളർത്തുമ്പോൾ അവർ നിങ്ങളിൽ നിന്നും, സ്നേഹത്തിൽ നിന്നും, കടപ്പാടിൽ നിന്നും അകന്നുപോയിരിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കണം.)

രചന: പ്രാന്തൻ ചിന്തകൾ

Leave a Reply

Your email address will not be published. Required fields are marked *