അൻപത് വയസ്സിനെക്കാൾ മുതിർന്ന ഒരു ‘ചെറുപ്പക്കാരനെ’യാണ് തനിയ്ക്ക് ഇണയായി അച്ഛൻ കണ്ടെത്തിയത്….

രചന: ലച്ചൂട്ടി ലച്ചു

അൻപത് വയസ്സിനെക്കാൾ മുതിർന്ന ഒരു ‘ചെറുപ്പക്കാരനെ’യാണ് തനിയ്ക്ക് ഇണയായി അച്ഛൻ കണ്ടെത്തിയതെന്നോർത്ത് അവൾ കണ്ണാടിയിൽ നോക്കി പൊട്ടിച്ചിരിച്ചു… ദേഹത്തു പറ്റികൂടിയ വിയർപ്പു

തുള്ളികളുടെ എണ്ണമെടുക്കാനെന്ന വണ്ണം അവൾ നീലക്കണ്ണാടിയ്ക്കു മുൻപിൽ സ്വന്തം ശരീരത്തിനെ പ്രദർശിപ്പിച്ചു… “അഴക്” ആരാണ് അങ്ങനെയൊരു പേരിട്ടതെന്ന് ചോദിക്കുമ്പോൾ അവളുടെ കറുത്ത

മോണകൾക്കിടയിലെ വിഷാദ ഭാവം ദന്തനിരയുടെ രൂപത്തിൽ പൊന്തിവരും … അവളൊരു കരിമ്പായിരുന്നു…. പുറംചട്ട കറുത്ത അകം ഭാഗം ശുഭ്രമായ ഒരു മധുരക്കരിമ്പ്‌ … അവളുടെ കവിളുകളിൽ നിന്നും കാച്ചെണ്ണ

തൊട്ടെടുക്കും വിധം എണ്ണക്കറുപ്പായിരുന്നു…. മുൻ നിരയിലെ ഓരോ പല്ലുകൾക്കിടയിലും മറ്റൊരു പല്ലിനിരിയ്ക്കാം വിധം അകലമുണ്ട്… കറുത്ത മോണയ്ക്കിടയിലെ വെളുത്ത പല്ലുകൾ കറുത്ത പ്രതലത്തിലെ

വെളുത്ത കുമ്മായക്കട്ടകളെ ഓർമ്മിപ്പിയ്ക്കും … അഴകിന്റെ രൂപം ഒരു തിരയായിരുന്നു … അവളുടെ പേരെന്ന തീരത്തിന്റെ സാമ്യതയിൽ അലിയാൻ കൊതിയ്ക്കാതെ അകത്തേയ്ക്ക് ഉൾവലിയുന്ന തിരയ്ക്കു സമം…

കരിമഷിയെഴുതിയാൽ കണ്ണെടുത്തറിയാത്ത വിധം അവൾക്ക് നിറമുണ്ടായിരുന്നു… ഇരുപത്തിയൊൻപത് വർഷങ്ങളായി അനുഭവിയ്ക്കുന്ന അപകർഷതാ ബോധത്തിന്റെ വേവലാതിയിൽ അവളുടെ തലമുടികൾ

പിണങ്ങി കൊഴിഞ്ഞിരുന്നു… ഇടുങ്ങിയ തോളുകളും പിൻകഴുത്തും ഒഴിച്ചാൽ അവൾ നേർത്തൊരു ശിലയെന്നു തോന്നിയ്ക്കും… പേരിനെക്കാൾ കറുപ്പിനെ തേരാളിയാക്കിയ ഇരട്ടപേരുകളെ പരിചയമുള്ളവൾ …

അപരിചിതരോട് പേരു പറയുമ്പോൾ അവർ അവളെ നോക്കി ചിരിയ്ക്കുന്നത് എന്തിനായിരുന്നു ..? അതൊരിയ്ക്കലും സൗഹൃദ ഭാവേനെയുള്ള പുഞ്ചിരിയായിരുന്നില്ല… എത്ര അമർത്തിപ്പിടിച്ചിട്ടും പുറത്തേയ്ക്ക്

വന്നു പോകുന്ന കളിയാക്കലുകൾ ആയിരുന്നിരിയ്ക്കാം… അവൾക്കായി പേരു നൽകിയ ആൾക്കാരെ മറ്റുള്ളവർ സ്മരിയ്ക്കും വിധം അവൾ സമൂഹത്തിൽ ജീവിയ്ക്കപ്പെട്ടു.. അവൾക്ക് സൗന്ദര്യമുണ്ടോയെന്നു ചോദിച്ചാൽ

ഇല്ലെന്നു തീർത്തു പറയാനാകുമോ ..?? അവൾക്ക് കടും കാപ്പിയുടെ നിറത്തിൽ മിഴികൾ ഉണ്ടായിരുന്നു … മുഖം മുഴുവൻ കൈകൾ കൊണ്ട് മൂടി വിരലുകൾക്കിടയിലൂടെ കണ്ണുകളുടെ സൗന്ദര്യം കണ്ണാടിയിൽ കൂടി കണ്ണുകൾ

കൊണ്ടു ആസ്വദിയ്ക്കുവാൻ അവൾ എപ്പോഴും തിടുക്കപ്പെട്ടിരുന്നു… ഒരിയ്ക്കൽ മൂക്കുതിയണിയണമെന്നു വാശി പിടിച്ചു കരഞ്ഞപ്പോൾ അനുജത്തി പറഞ്ഞതവൾ ഓർത്തെടുത്തു…. ” രാത്രിയിൽ നിന്റെ മൂക്കുത്തി കണ്ടാൽ

മിന്നാമിനുങ്ങു പറക്കുന്നത് പോലെയാകും… നിന്നെ മറ്റുള്ളവർക്ക് കാണിക്കാനുള്ള റാന്തലാവും ഈ മൂക്കുത്തി മോഹം… ”

എന്റെ മോഹങ്ങൾ ഒരു മൂക്കുത്തിയിൽ മാത്രം ഒതുങ്ങിയതായിരുന്നുവോ…!! അഴക് ചിന്തിച്ചു… ഇനിയും ഇരുളാതിരിക്കുവാനായി സൂര്യനെ ഭയന്നു ഇരുട്ടു മുറിയിൽ ഒളിച്ചിരുന്ന ദിവസങ്ങൾ… ആ ദിനങ്ങൾ ഒക്കെയും

തന്റെ മോഹഭംഗങ്ങളുടെ അവശേഷിപ്പുകളായിരുന്നു… ആഴ്ചകൾക്കും മാസങ്ങൾക്കും വർഷങ്ങൾക്കും ഇളപ്പമുള്ളവർ കുടുംബം കെട്ടിപ്പടുക്കിയിട്ടും തനിയ്ക്കത് സിദ്ധിയ്ക്കാഞ്ഞത് കൊണ്ടാണോ അച്ഛൻ ഈയൊരു

കൊടുക്കൽ വാങ്ങലിന്റെ കരാറിൽ ഒപ്പുവച്ചതെന്നോർത്തു അവൾ ചിന്തയിലാണ്ടു… അയാൾ നന്നേ വെളുത്തിട്ടായിരുന്നു…. ചായക്കോപ്പ കയ്യിൽ പിടിപ്പിയ്ക്കുമ്പോൾ അയാളുടെ വെളുത്ത കൈത്തണ്ടയിൽ

ഉയിർന്നു നിന്ന രോമങ്ങളുടെ പ്രതിബിംബമാണ് തന്റെ കൈതണ്ടയ്ക്കും ചുറ്റും വ്യാപിച്ചു കിടക്കുന്ന കറുപ്പിനെന്നു തോന്നിപ്പോയി…. തന്നെക്കാൾ ആറു വയസ്സിനിളയ പെണ്കുട്ടി കൂടെയുണ്ടായിരുന്നു….. ”

അദ്ദേഹത്തിന്റെ മകളാണ് ..” അച്ഛൻ അഭിമാനത്തോടെ പറയുന്നു… അപ്പോൾ ഞാനോ… ഞാൻ അച്ഛന്റെ മകളല്ലേ…!! എന്റെ നോട്ടത്തിൽ നിന്നും ചോദ്യം ഗ്രഹിച്ച അച്ഛൻ സ്വയം നോട്ടം എന്നിൽ നിന്നകറ്റി… അഴക് ഒരു

ചിന്തയിൽ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണം വിശ്രമമില്ലാതെ തുടർന്നു… തന്നെക്കാൾ മുടിയും തടിയും കൂടിയ പെണ്കുട്ടി ഇളയമ്മ എന്നു വിളിച്ചപ്പോൾ വീണ്ടും ഉയർന്നത് ഇതുവരെ മനസ്സിൽ ഉതിർന്ന അതേ

നിസ്സംഗതയാണ് ….അത്രത്തോളം വ്യാപ്തിയിലല്ലെന്നു മാത്രം…. ” ഒരു സ്ത്രീ പൂർണ്ണയാകണമെങ്കിൽ അവൾ അമ്മയാകണം…. പുരുഷനെ അറിയണം..” പൂർണ്ണയായ ഒരു സ്ത്രീയിൽ നിന്നും അങ്ങനെ തനിയ്ക്കായി

ഉതിർന്ന വാക്കുകൾ…. ഈ പൂർണ്ണയായ സ്ത്രീ തന്റെ അമ്മയാണ്.. താൻ എന്ന അഴകിന്റെ അമ്മ…. അതെയോ…?? താനിപ്പോൾ വെറും ഭാഗികമാണോ … അഴക് വീണ്ടും ഓരോ അവയവങ്ങളെ കണ്ണാടിയിൽ കൂടി

നോക്കിക്കണ്ടു… മജ്ജയും മാംസവും പേശിയും കശേരുക്കളും എല്ലുകളും കൊണ്ടു തീർത്ത താൻ അപൂർണ്ണമെന്നു പറയുവാൻ അമ്മയുടെ കാഴ്ചയ്ക്കും കാഴ്ചപാടിനും പൂർണ്ണതയില്ലേ… ഇട്ടും ഇടാതെയും പഴകി തുടങ്ങിയ

വസ്ത്രങ്ങൾ വാരിക്കെട്ടി ഒരു രാത്രിയിൽ അഴക് വീടിന്റെ പടികളെ ചവിട്ടി മെതിച്ചിറങ്ങി…. ഇരുളു മൂടിയ വഴിയുടെ ഒരു തിരിവിൽ അവൾക്ക് വഴിമുട്ടി ….. രണ്ടായി പിരിയുന്ന വഴികളിലെ യാത്രികരെ അവൾ

സാകൂതം വീക്ഷിച്ചു…. ഒന്നിൽ നിറങ്ങളാണ് …..!! പണ്ടൊരിയ്ക്കലെന്നോ താൻ അണിഞ്ഞു നടക്കാൻ കൊതിച്ച ആഭരണങ്ങളും ഉടയാടകളും കൊണ്ടു നിറഞ്ഞ ദേഹങ്ങൾ കേട്ടറിവ് സ്വായത്തമാക്കിയാൽ തന്റെ

വഴിയിതാണ്…. കാരണം ഇതിൽ ഭൂരിഭാഗവും പൂർണ്ണതയുള്ള സ്ത്രീകളാണ് ബാക്കിയുള്ളവർ അതിനായി കൊണ്ട് നടക്കപ്പെടുന്നവരും….

അമ്മയുടെ വാക്കുകൾ പ്രകാരം പുരുഷനെ അറിയുന്ന പൂർണ്ണതയുള്ളവൾ ആകണമെങ്കിൽ അഴകിന്റെ വഴി ഇതാണ്…. അവൾ നെടുതായി ഒന്നു നിശ്വസിച്ചു…. മറു വഴി വെള്ള വസ്ത്രധാരികളുടേതാണ്..!! അവിടെ

വർണ്ണങ്ങൾ അപ്രസക്തം… അത് ദേഹത്തിന്റെയായാലും ദേഹം മറയ്ക്കപ്പെടുന്നതിൻെറയായാലും…. ശുഭ്ര വസ്ത്രധാരികൾ വഴിയോരങ്ങളിൽ വെയിലിൽ തളർന്നു വിശന്നു കിടക്കുന്ന വയറുകളിൽ അന്നം

നിറയ്ക്കുന്നുണ്ട്… കീറി മുറിയപ്പെടാത്ത വയറുകളിൽ സ്വന്തം കുഞ്ഞുങ്ങളെ ചേർത്തുപിടിയ്ക്കുന്നുണ്ട്… വൃദ്ധർക്കും യുവാക്കൾക്കും പിഞ്ചു കുഞ്ഞുങ്ങൾക്കും അവരുടെ കയ്യിൽ അനുഭവപ്പെടുന്നത് ഒരേ ഭാരം…

അവരുടെ പുഞ്ചിരി സഹനത്തിന്റെയാണ്… ക്ഷമയുടെയാണ്… ആത്മസംതൃപ്തിയുടേതാണ്.. അവരും അഴകിന്റെ കേട്ടറിവിൽ പൂർണ്ണത നേടിയവരാണ്… അവർ തന്നെക്കാൾ ഇളയവരുടെയും തന്നോളമെത്തിയവരുടെയും

തന്നെക്കാൾ മുതിർന്നവരുടെയും അമ്മമാരായി മാറുന്നു… ഈശ്വരന്റെ കാവൽ മാലാഖമാർ ആയി മാറുന്നു…. വർണ്ണ വസ്ത്രധാരികൾ പുരുഷന്മാരുടെ കാവൽ മാലാഖമാർ ആണ്…. ഓരോ ദിവസവും അവർ ഓരോ

പുരുഷനെ അറിയുന്നു …. മറുഭാഗം ഓരോ ദിവസവും ഓരോ മനുഷ്യനെ അറിയുന്നു… ഇരു ഭാഗത്തു നിന്നും അഴകിനായി പുഞ്ചിരിയും സ്വാഗതവും നൽകപ്പെട്ടു… അഴകിൽ നിന്നും കാവൽ മാലാഖയിലേക്ക് അവൾ

എടുത്തെറിയപ്പെട്ടു …!! അവളുടെ പൂർണ്ണത അമ്മയാകുന്നതിൽ തന്നെയായിരുന്നു ….പുരുഷനെ അറിയുന്നതിനെക്കാൾ …!! നിറമുള്ള വസ്ത്രങ്ങളെ അവൾ ഉരിഞ്ഞെറിഞ്ഞു….. വെളുത്ത മേലാട അവളുടെ

കറുത്ത ശരീരത്തിനെ ആസക്തിയോടെ പൊതിഞ്ഞു പിടിച്ചു … നാല് ചുവരുകളിൽ നിന്നും സമൂഹത്തിന്റെ നാനാ ഭാഗങ്ങളിലേക്കായി അവളുടെ സ്വപ്നങ്ങൾ വ്യാപിച്ചു …. അവൾ ഇന്നൊരു വെളുത്ത കരിമ്പാണ്‌…. അകമേയും പുറമേയും ശുഭ്രമായ വെളുത്ത കരിമ്പ്!!

രചന: ലച്ചൂട്ടി ലച്ചു

Leave a Reply

Your email address will not be published. Required fields are marked *