പ്രണയവർണങ്ങൾ….❤️

രചന: Diya Aadhi

നീണ്ട ഇടനാഴിയോട് ചേർന്നുള്ള ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി നടക്കവേ ആയിരുന്നു അപ്രതീക്ഷിതമായി ആ വിളി കേട്ടത്.

“ലച്ചൂട്ടി……… ”

വർഷങ്ങൾക്ക് മുൻപ് കേട്ട് തഴമ്പിച്ചതും എന്നാൽ ഓരോ നിമിഷവും കേൾക്കാൻ ആഗ്രഹിച്ച ശബ്ദവുമായതിനാൽ ഏതോ അജ്ഞാത ശക്തി പിടിച്ചു കെട്ടിയപോലെ ഞാൻ നിന്നു…

ചെറിയ സംശയത്തോടെ തിരിഞ്ഞുനോക്കിയപ്പോഴേക്കും ശ്രീയേട്ടൻ അടുത്തെത്തിയിരുന്നു…

ഒരുപാട് വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഇങ്ങനെ ഒരു കണ്ടുമുട്ടൽ ഞങ്ങളിൽ തെല്ലൊരു അമ്പരപ്പ് സൃഷ്ടിച്ചിരുന്നു….

അതു മറക്കാനെന്നോണം ശ്രീയേട്ടൻ നേർത്ത ഒരു പുഞ്ചിരി മുഖത്തു വരുത്തിക്കൊണ്ട് ചോദിച്ചു.

” എന്ത്പറ്റി ഇവിടെ?? ”

കുറച്ച് നിമിഷങ്ങൾക്ക് ശേഷം മുഖത്ത് നോക്കാതെ ചെറിയ വിക്കലോടെ ഞാൻ പറഞ്ഞു….

“മുത്തശ്ശിക്ക്…. മരുന്ന്…. വാങ്ങാൻ…. ”

വീണ്ടും ഞങ്ങൾക്കിടയിലെ നിശബ്ദതക്ക് വിരാമമിട്ട് ശ്രീയേട്ടൻ തന്നെ ചോദിച്ചു.

“മുത്തശ്ശി വന്നിട്ടുണ്ടോ കൂടെ…ഒരുപാട് കാലമായി കണ്ടിട്ട്… ”

“ഇല്ല… സ്ഥിരം കഴിക്കുന്ന മരുന്ന് വാങ്ങാൻ വന്നതാ.. ഏട്ടൻ എന്താ ഇവിടെ?? ”

“മകൾക്ക് വയ്യ… പനി..ഇവിടെ മൂന്ന് ദിവസമായി ….കാണാൻ വരുന്നോ അവളെ?? ”

അതിനു മറുപടിയെന്നോണം ഞാൻ മെല്ലെ മൂളി…. ഇല്ലന്ന് പറയാൻ മനസ്സ് അനുവദിച്ചില്ല….

പതുക്കെ ശ്രീയേട്ടനെ അനുഗമിച്ചു നടന്നപ്പോൾ മനസ്സ് പഴയകാല ഓർമകളിലേക്ക് ഊളയിട്ടു..

“ശ്രീയേട്ടൻ…… എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി… ആരായിരുന്നു എനിക്ക് ശ്രീയേട്ടൻ??

അടുത്ത വീട്ടിലെ ചേട്ടനേക്കാൾ ഉപരി അമ്മയില്ലാത്ത എന്നെ പലപ്പോഴും കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കുന്ന, അച്ഛനെ പോലെ ശ്വാസിക്കുന്ന, ഏട്ടനെ പോലെ ലാളിക്കുന്ന, അദ്ദേഹം അതിനെല്ലാം ഉപരി എന്റെ പ്രണയം ആയിരുന്നു….

ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം. അന്നും ഇന്നും എന്റെ പ്രണയസങ്കല്പങ്ങളും സ്വപനങ്ങളും ശ്രീയേട്ടനെ ചുറ്റിപറ്റിയായിരുന്നു..

ചെറുപ്പം മുതലേ എന്റെ മാത്രം ആയിരുന്നു ഏട്ടൻ എന്ന് ഞാൻ സ്വയം വിശ്വസിച്ചു.ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ശ്രീയേട്ടനൊപ്പം ആയിരുന്നു…

മനസ്സിൽ പ്രണയത്തിന്റെ മുള പൊട്ടിയകാലം മുതൽ അവിടെ ഒരാൾക്ക് മാത്രം സ്ഥാനം ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്റെ ശ്രീയേട്ടൻ.

കാലങ്ങൾ കടന്നുപോവും തോറും ഞാൻ എന്റെ പ്രണയത്തിന്റെ ഓരോ വർണങ്ങൾ ശ്രീയേട്ടനിൽ കണ്ടെത്തിയിരുന്നു… പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചെന്നൈയിലേക്ക് പോവുമ്പോൾ പാതി ജീവൻ വിട്ടിട്ടുപോയ പ്രതീതി ആയിരുന്നു..

പിന്നീട് എന്റെ ഓരോ വരവും ആഘോഷമാക്കുന്ന അച്ഛനും മുത്തശ്ശിക്കും കൂടെ ശ്രീയേട്ടനും കൂടുമ്പോൾ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.. ഓരോ വരവിനും പുതിയ

പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കുന്ന ശ്രീയേട്ടന്റെ അമ്മയും എനിക്ക് അത്ഭുതമായിരുന്നു.

ഫൈനലിയറിലെ ഓണം വെക്കേഷനിൽ വന്നപ്പോഴായിരുന്നു ശ്രീയേട്ടന്റെ പെങ്ങൾ വഴി ആദ്യമായി ഞാൻ അതറിയുന്നത്. ശ്രീമംഗലം തറവാട്ടിലെ വീണേച്ചിയുമായി ഏട്ടന്റെ വിവാഹം ഉറപ്പിച്ചു എന്ന്… കേട്ടപാതി ഒരൊറ്റ ഓട്ടമായിരുന്നു ഏട്ടന്റെ റൂമിലേക്ക്.. ഏതോ ബുക്കിലേക്ക് കണ്ണും നട്ടിരിക്കുന്ന ഏട്ടനോട് ചോദിച്ചു..

“ഏട്ടൻ കല്യാണം കഴിക്കാൻ പോവുകയാണോ?? ”

എന്റെ ചോദ്യം കേട്ടതും വായിച്ചുകൊണ്ടിരുന്ന ബുക്ക്‌ മടക്കി എന്നരികിലേക്ക് നടന്നു വന്നിട്ട് ചോദിച്ചു.

“എന്താ ലച്ചൂട്ടി ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം??? ”

ഞാൻ ചോദിച്ചതിന് മറുപടി പറയ്…. കലങ്ങിയ കണ്ണുകളോടെ ഞാൻ ചോദിച്ചപ്പോഴേക്കും ഏട്ടൻ പറഞ്ഞു.

“എന്റെ പെണ്ണെ….. നീ എന്തിനാ ഇങ്ങനെ കരയുന്നത്…ഞാൻ അറിഞ്ഞില്ലല്ലോ എന്റെ കല്യാണം ഉറപ്പിച്ചത്. ” അതും പറഞ്ഞു എന്റെ നെറുകയിൽ തന്ന ചുംബനത്തിന് മനസ്സിലെ തീയെ അണക്കാൻ മാത്രം കഴിവുണ്ടായിരുന്നു.

ദിവസങ്ങൾ കടന്നുപോയി… നാടും നാട്ടുകാരും ശ്രീയേട്ടന്റെ കല്യാണം ആഘോഷം പോലെ പറഞ്ഞു നടന്നപ്പോൾ എന്റെ കണ്ണിലെ തിളക്കം കുറഞ്ഞു വന്നു..

കല്യാണത്തലേന്നു അവിടെ പോകാതെ മുറിയടച്ചിരുന്ന എന്നെ കാണാൻ വന്ന ശ്രീയേട്ടനോട് മനസ്സിൽ അടക്കിപ്പിടിച്ച ചോദ്യങ്ങൾ ഓരോന്നായി ചോദിച്ചു..

“വീണേച്ചിയേക്കാൾ സുന്ദരി ഞാനല്ലേ??? ഞാൻ അല്ലെ ഏട്ടനെ സ്നേഹിച്ചത്…. ഏട്ടൻ എന്റെ അല്ലെ ഏട്ടാ….. ”

ഏങ്ങലടികൾക്കിടയിലും ഏട്ടന്റെ മറുപടി വ്യക്തമായി കേട്ട്…

“എന്റെ അവസ്ഥ അങ്ങനെ ആയിപോയി മോളെ.. ”

ആളും ആരവങ്ങളും ആയി കല്യാണം കഴിഞ്ഞു..പിന്നീട് വീണേച്ചിയെ വെറുപ്പോടെ മാത്രമേ ഞാൻ നോക്കിയിട്ടൊള്ളു… ജീവനായി കരുതിയ എന്തോ തട്ടിയെടുത്ത ഒരാൾ മാത്രമായിരുന്നു എനിക്ക് വീണേച്ചി.. പലപ്പോഴും സ്നേഹത്തോടെ അടുത്തു വരുമ്പോഴെല്ലാം അത്യധികം വെറുപ്പോടെ ഒഴിവാക്കുമ്പോഴും, മധുരപലഹാരങ്ങൾ

ഒരു ചേച്ചിയുടെ കരുതലോടെ തരുമ്പോൾ ഞാനതു തട്ടി കളഞ്ഞ് എന്റെ പ്രതിഷേധം പ്രകടിപ്പിക്കുമായിരുന്നു. അതിൽ എല്ലാം സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചു.

മാസങ്ങൾ കടന്നുപോകവേ ജോലിയുമായി ബന്ധപ്പെട്ട് ശ്രീയേട്ടന്റെ കുടുംബം മുംബൈയിലേക്ക് യാത്രയായി.അന്ന് മനപ്പൂർവം ആ യാത്രപറച്ചിൽ ഒഴിവാക്കാൻ ഞാൻ അതിനുമുമ്പേ ചെന്നൈയിലേക്ക് യാത്രയായി. ഡിഗ്രിയും പിജിയും എല്ലാം അവിടെ വെച്ചു

പൂർത്തിയാക്കി. പിന്നീടൊരിക്കലും ഞങ്ങൾ തമ്മിൽ ഒരു കണ്ടുമുട്ടൽ ഉണ്ടായിട്ടില്ല….ഏഴ് വർഷങ്ങൾക്കുശേഷമാണ് ഇന്ന് ഈ കണ്ടുമുട്ടൽ. ശ്രീയേട്ടനിലാതെ ഞാനും എന്റെ സ്വപ്നങ്ങളും

ഇല്ലന്ന് ഞാൻ വിശ്വസിച്ചു. ആ കാലയളവിനുള്ളിൽ എല്ലാവരിൽ നിന്നും ഞാൻ സ്വയം ഒരു അകലം പാലിക്കാനും ശ്രീയേട്ടന്റെ ഓർമകളിൽ ഒതുങ്ങിക്കൂടാനും ഞാൻ തുടങ്ങിയിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കിൽ അച്ഛന്റെ നിരന്തരമായ നിർബന്ധം മൂലം ഒരു ജോലിക്ക് ശ്രമിച്ചു.അവിടെവെച്ച് പലരുടെയും ഇടപെടലുകൾ പതിയെ എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കി. എന്നിൽ ഉണ്ടായിരുന്ന വീണേച്ചിയോടുള്ള വെറുപ്പ് അലിഞ്ഞില്ലാതെ ആയിരുന്നു.

പിടിച്ചു വാങ്ങുന്ന സ്നേഹത്തേക്കാൾ വിട്ട് കൊടുക്കുന്നതിൽ ഒരു സുഖമുണ്ടെന്ന് പലയാവർത്തി ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. വെറുപ്പോടെ മാത്രം ആലോചിച്ചിരുന്ന

വീണേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ കുറ്റബോധം മാത്രമാണ് മനസ്സിൽ തങ്ങി നിൽക്കുന്നത്. നേരിൽ കണ്ടൊരു ക്ഷമ ചോദിക്കാൻ മനസ്സ് പലപ്പോഴും വെമ്പുമായിരുന്നു.

“ലച്ചൂട്ടി…. ഇതാണ് മുറി.വരൂ…. ”

ഏട്ടന്റെ സംസാരമാണ് എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത്. ചെറിയ ജാള്യതയോടെ ഞാൻ അകത്തേക്ക് കയറി.

കട്ടിലിന്റെ ഓരം ചേർന്ന് കിടക്കുന്ന ഒരു നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി കുറുമ്പത്തി, തൊട്ടടുത്തായി ശ്രീയേട്ടന്റെ അമ്മ ഉണ്ടായിരുന്നു.. അപ്രതീക്ഷിതമായി എന്നെ

കണ്ടതിൽ ഉള്ള സന്തോഷവും വാത്സല്യവും ആ മുഖത്ത് തങ്ങിനിൽക്കുന്നതായി തോന്നി.

ഇമ വെട്ടാതെ ഞാൻ ഏതാനും നിമിഷങ്ങൾ ആ മുഖത്തേക്ക് നോക്കി ഇരുന്നു.. കുട്ടിത്തം തുളുമ്പുന്ന മുഖത്ത് അങ്ങിങ്ങായി പറന്നു കിടക്കുന്ന നീളൻ മുടികൾ.. ഉറക്കം ആയത്കൊണ്ട് മോളെ വിളിക്കണ്ടാന്നു അമ്മയോട് പറഞ്ഞു.

ആരെയോ തിരയുന്ന പോലെ ഞാൻ ചുറ്റും കണ്ണോടിച്ചു.. പക്ഷെ മനസ്സിൽ പ്രതീക്ഷിച്ച ആളെ അവിടെയെങ്ങും കണ്ടെത്താൻ ആയില്ല.അതുകണ്ടിട്ടെന്നോണം ശ്രീയേട്ടൻ എന്നോടായി പറഞ്ഞു..

“നോക്കണ്ട…. അവൾ ഇല്ല… ”

“വരോ.??? ചെയ്യ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കണം…… ”

ചോദ്യഭാവത്തിൽ ഏട്ടന്റെ മുഖത്തേക്ക് നോട്ടമയച്ചപ്പോൾ പൂർണമായും അതൊഴിവാക്കി ദൂരേക്ക് കണ്ണും നട്ടിരുന്നു. കുറച്ച് നേരത്തെ മൗനത്തിനു ശേഷം ഏട്ടൻ പറഞ്ഞു.

“കണ്ണെത്താ ദൂരത്തൊന്നും അവൾ ഇല്ല. ബ്രെയിൻ ട്യൂമർ ആയിരുന്നു.. അറിഞ്ഞപ്പോൾ വളരെ വൈകിയിരുന്നു. മകളെയും തന്നിട്ടവൾ പോയി. ”

അത് പറഞ്ഞപ്പോൾ ആ ശബ്ദം ഇടറി.കേട്ടപാടെ ശരീരം മുഴുവൻ ഒരു തരിപ്പ് അനുഭവപെട്ടു.മറ്റൊന്നും പറയാൻ തോന്നിയില്ല.. മോൾ ഉണരണവരെ കാത്തിരുന്നു..

എന്തുകൊണ്ടോ മോൾ എന്നോട് വളരെ പെട്ടന്ന് കൂട്ടായി. കൊഞ്ചിച്ചും വാരിപുണർന്നും മറ്റും കഞ്ഞിയും മരുന്നും ഞാനായിരുന്നു കൊടുത്തത്.. വീണേച്ചിയുടെ മരണം എന്നിൽ വല്ലാതെ

കുറ്റബോധം ഉണ്ടാക്കി. ഒരുപക്ഷെ എന്റെ ശാപം ആണോ അതിനുകാരണമെന്ന് ഞാൻ ചിന്തിച്ചു. ഓർക്കുംതോറും മനസ്സ് മുഴുവൻ ഒരു നീറ്റൽ ആയിരുന്നു. പിന്നീടെന്നും ആശുപത്രിയിലേക്ക് മോളെ കാണാൻ പോകുന്നത് ഒരു പതിവാക്കി…

പനി മാറി വീട്ടിലേക്ക് പോയപ്പോൾ ഞാനും കൂടെ പോവാൻ മറന്നില്ല… ദിവസങ്ങൾ കടന്നുപോകും തോറും എന്നിലെ കുറ്റബോധമാണോ അതോ മാതൃസ്നേഹമാണോ എന്നെ മോളെ കാണാൻ തുടരെ തുടരെ പ്രേരിപ്പിച്ചുക്കൊണ്ടിരുന്നു.

ദിവസങ്ങൾ കടന്നുപോവും തോറും അവൾ മാത്രമായി എന്റെ ലോകം.പിന്നീട് വരുന്ന ഓരോ കല്യാണ ആലോചനയും ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു മുടക്കി.അപ്പോഴെല്ലാം മനസ്സിൽ വരുന്നത് ശ്രീയേട്ടന്റേം മോളുന്റേം മുഖം മാത്രമായിരുന്നു..

പോകെ പോകെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.. ഞാൻ മനസ്സ്ക്കൊണ്ട് ഒരു അമ്മയായി മാറിയിരിക്കുന്നു.

ഒരു പുതുവർഷപുലരിയിൽ മുത്തശ്ശിയെ കാണാൻ ആയിരുന്നു ശ്രീയേട്ടനും മോളും ഇവിടെ വന്നത്. യാത്രപറയാൻ നേരം നിറകണ്ണുകളോടെ ഞാൻ ആ മാറോട് ചേർന്ന് നിന്ന് ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു.

“മോൾടെ അമ്മയായി എന്നേം കൂട്ടികൂടെ….??? എന്റെ ലോകം ഇപ്പോൾ നിങ്ങൾ രണ്ടുപേരുമാണ്. എന്നെ വിട്ട് പോവല്ലേ പ്ലീസ്……..”

ചുറ്റിവരിഞ്ഞ പിടി അയകാതെ തന്നെ ഞാൻ ആ മാറിൽ മുഖം പൂഴ്ത്തി ഏങ്ങലടിക്കാൻ തുടങ്ങി.

കുറച്ചുനേരത്തെ നിശബ്ദതക്ക് ശേഷം മോളേം എന്നേം ആ മാറിലേക്ക് മുറുകെ ചേർത്തുപിടിച്ചു.അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ കുടുംബജീവിതം. പിടിച്ചെടുക്കുന്നത് മാത്രം അല്ല പ്രണയം. അറിഞ്ഞു കൊണ്ട് വിട്ട് കൊടുക്കുന്നതിനും മധുരം

ഏറെയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടു എന്ന് കരുതുന്ന പലതും നമ്മെ തേടി തിരികെ വന്നേക്കാം. അതു കൊണ്ട് സ്നേഹിക്കുമ്പോൾ കളങ്കമില്ലാതെ സ്നേഹിക്കുക…

രചന: Diya Aadhi

Leave a Reply

Your email address will not be published. Required fields are marked *