തൊഴുതു തിരിച്ചിറങ്ങുമ്പോൾ എന്നെ തടഞ്ഞു നിർത്തി കവലയിലെ ചെക്കൻമാർ ചോദിച്ചത്..

രചന: രെച്ചൂസ് പപ്പൻ…

ഭർത്താവ് മരിച്ചെങ്കിൽ എന്താ.. പട്ടുസാരിയും വലിയ ജിമിക്കിയും തല നിറയെ പൂവും എന്നുവേണ്ട എന്തോരു ഒരുക്കമാ… വിധവ ആണെന്ന എന്തെങ്കിലും തോന്നലുണ്ടോ ഇവൾക്ക്

അഴിഞ്ഞാട്ടക്കാരി …. അമ്മയെ നോക്കി ആറാട്ട് തൊഴാൻ വന്ന പെണ്ണുങ്ങൾ പറയുന്നത് കേട്ടപ്പോൾ അറിയാതെ എന്റെ തല ഒന്ന് കുനിഞ്ഞു… ഒന്നും മിണ്ടാതെ നടനേരെ പോയി

കണ്ണടച്ചു നിന്ന് പ്രാർഥിക്കുമ്പോൾ ഉള്ളിൽ അച്ഛന്റെ മുഖം ആയിരുന്നു.. അമ്മക്ക് എങ്ങിനെ പറ്റി അച്ഛൻ ഇല്ലാത്ത ലോകത്തിൽ ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കാൻ എന്നായിരുന്നു

എന്നിലെ അവസാനിക്കാത്ത ചോദ്യം… തൊഴുതു തിരിച്ചിറങ്ങുമ്പോൾ എന്നെ തടഞ്ഞു നിർത്തി കവലയിലെ ചെക്കൻമാർ ചോദിച്ചത്.. നിന്റെ അമ്മ ഇത്രയും കിടിലൻ ഐറ്റം

ആയിരുന്നോടി… ആങ്ങള ഒരുത്തൻ അങ്ങ് പട്ടാളത്തിൽ ഉള്ളത്കൊണ്ടാണോ നീ ഇത്തിരി ഒതുങ്ങി പോയത്..അതോ നീയും വേലി ചാടാൻ വട്ടം കെട്ടുന്നുണ്ടോ എന്നായിരുന്നു…

അവരോട് മറുപടി ഒന്നും പറയാതെ ഒറ്റ ഓട്ടത്തിന് വീട്ടിൽ എത്തി വാതിൽ അടച്ചു പൊട്ടി കരഞ്ഞത് അമ്മയെ പറ്റി മറ്റുള്ളവർ പറഞ്ഞത് കേട്ടിട്ട് മാത്രം അല്ലായിരുന്നു… അച്ഛനെ മറന്ന്

അമ്മ ജീവിക്കാൻ തുടങ്ങി എന്ന് ഓർത്തിട്ടായിരുന്നു… രാത്രിയിൽ അമ്മ കതകിനു വന്നു മുട്ടി അത്താഴം കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോളും.. എനിക്ക് ഒന്നും വേണ്ട.. ഒന്ന് പോകാമോ..

എനിക്ക് കുറച്ച് സ്വസ്ഥത വേണം എന്ന് പറഞ്ഞു വാതിൽ കൊട്ടി അടക്കുകയാണ് ചെയ്തത്… അമ്മയോട് ഒരു വാക്ക് പോലും മിണ്ടാതെ രാവിലേ കോളേജിൽ പോകാൻ ഇറങ്ങിയ എനിക്ക്

നേരെ ഉച്ചക്കത്തെ ഭക്ഷണം വെച്ച് നീട്ടുമ്പോൾ എനിക്ക് ഒന്നും വേണ്ട… ഇന്ന് എന്നാണ് പറഞ്ഞത്.. ഞാൻ എത്ര നേരത്തെ ഉണർന്നു ഉണ്ടാക്കിയതാണ് ഇതെന്ന് അറിയുമോ ജാനകി..

എന്ന് അമ്മ പറയുമ്പോൾ.. എന്തിനു.. എനിക്ക് വേണ്ടി സമയം കളയണം ആ സമയവും കൂടെ ഒരുക്കത്തിന് മാറ്റി വെച്ചു കൂടെ എന്ന് ചോദിച്ചുകൊണ്ട് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഗേറ്റ്

കടക്കുമ്പോഴും എനിക്കായുള്ള ആഹാരവും കൈയിൽ പിടിച്ചു അമ്മ വാതിലിൽ നിൽപ്പുണ്ടായിരുന്നു… എപ്പോഴോ അമ്മയോട് ഒരു കൈ അകലം പാലിക്കാൻ എനിക്ക്

തോന്നിയത് പലരുടെയും വായിൽ നിന്ന് അമ്മയേ കുറിച്ച് അങ്ങനെ ഒക്കെ കേട്ടത് കൊണ്ട് ആവാം… പലപ്പോഴും എനിക്കരികിലേക്ക് വന്ന അമ്മയെ കണ്ടില്ലെന്ന് നടിക്കാൻ മാത്രം

എന്റെ മനസ്സിനെ പാകപ്പെടുത്തിയിരുന്നു.. എല്ലാം ഒന്നിറക്കി വെക്കാൻ ഏട്ടന്റെ സാമിപ്യം ആയിരുന്നു ഞാൻ മോഹിച്ചത്… ഏട്ടൻ ലീവ് കിട്ടി നാട്ടിൽ വന്നതും അമ്മയെ കുറിച്ച് പലരും

പലവുരു പറഞ്ഞ കാര്യങ്ങൾ പറഞ്ഞു പൊട്ടി കരഞ്ഞപ്പോൾ എന്തെന്നില്ലാത്ത സമാധാനം ആയിരുന്നു ഉള്ളിൽ.. എല്ലാം കേട്ട് എന്റെ ഏട്ടൻ ഒന്നും മിണ്ടാതിരുന്നത് കണ്ടു എന്താ

ഏട്ടാ.. മിണ്ടാത്തത്.. എന്ന് ചോദിക്കുമ്പോൾ.. ഒരു ചിരി സമ്മാനിച്ചു അമ്മയുടെയും അച്ഛന്റെയും ഫോട്ടോ എടുത്ത് കൊണ്ട് എനിക്ക് നേരെ നീട്ടി ഏട്ടൻ പറഞ്ഞത്..

നീ ഈ ഫോട്ടോയിലെ നമ്മുടെ അമ്മയെ നോക്ക്.. അന്ന് ഒരുങ്ങിയതിന് അപ്പുറം എന്തെങ്കിലും ഒരുക്കം ഇന്നുണ്ടോ.. അന്ന് ഉണ്ടായിരുന്ന സീമന്തരേഖയിലെ സിന്ദൂരം ഇന്ന് മാഞ്ഞിട്ടും ഉണ്ട്..

എന്നാലും… ഏട്ടാ.. അച്ഛൻ ഇല്ലതായപ്പോൾ അമ്മ ഇത്രയും ഒന്നും പാടില്ല.. വിധവ ആണ് അത് മറക്കരുതല്ലോ.. എന്ന് ഞാൻ പറയുമ്പോൾ ഏട്ടൻ എന്നോട് പറഞ്ഞത് അച്ഛന് അമ്മ എത്രയും

സുന്ദരി ആയി ഇരിക്കുന്നോ അതായിരുന്നു ഇഷ്ടം.. ആ ഇഷ്ടങ്ങളും വിശ്വാസങ്ങളും നെഞ്ചോടു ചേർത്ത് ജീവിക്കുന്ന അമ്മയെ ഇനിയും നീ വെറുക്കരുത് നമ്മുടെ അമ്മയുടെ ലോകവും

ജീവിതവും അച്ഛന്റെ ഓർമ്മകളും നമ്മുടെ ഭാവിയും ആണ്.. പിന്നെ നാഥൻ ഇല്ലാതായാൽ നാട്ടാർക്ക് എന്താ പറയാൻ പറ്റാത്തത്.. എന്ന് ഏട്ടൻ പറഞ്ഞതും കോണി പടിയിൽ അമ്മയുടെ

തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു… ഏട്ടൻ അമ്മയെയും അച്ഛനെയും മനസിലാക്കിയതിന്റെ ഒരംശം പോലും എനിക്കയില്ലല്ലോ എന്നാ കുറ്റബോധം ആയിരുന്നു എന്റെ കണ്ണിലൂടെ കണ്ണീർ ആയി അമ്മയുടെ കാലുകളിൽ പതിച്ചത്…

NB:വൈധവ്യം വിധി ആണ് പക്ഷേ സമൂഹത്തിലെ തളച്ചിടൽ അല്ല….

Leave a Reply

Your email address will not be published. Required fields are marked *