അച്ചായന്റെ സ്വന്തം പാറുക്കുട്ടി…

രചന: Aruni Arunima

” ദേ മനുഷ്യാ….. നിങ്ങൾ ഇതെന്താ ചെയ്തു വച്ചിരിക്കുന്നെ…ഇതിനേക്കാൾ ഭേദം ഞാൻ തുണി കഴുകാതെ നിൽക്കുന്നതായിരുന്നു…എന്റെ ദൈവമേ…. അച്ചായൻ എനിക്ക് ഇരട്ടി പണിയാക്കി വച്ചിരിക്കുവാ ” പാർവതി അടുക്കളപുറത്തേക്ക് ഓടി വന്നു.

” നീ ഒന്ന് അടങ്ങ് എന്റെ പാറുവേ… ഒരു അബദ്ധം പറ്റിപ്പോയതാ… ” ഞാൻ അതും പറഞ്ഞ് മണ്ണിൽ വീണ തുണികളെല്ലാം വാരി കയ്യിൽ പിടിച്ചു.

” എല്ലാം ഇങ്ങോട്ട് തന്നിട്ട് പുറത്ത് പോയിരുന്നോ… ഇനി ഇതും കൂടി കണ്ടിട്ട് അപ്പുറത്തെ ത്രേസ്യ ചേച്ചിക്ക് പറഞ്ഞു നടക്കാൻ വിഷയം കൊടുക്കണ്ട. ” പാറു പെട്ടെന്ന് തന്നെ എന്റെ കയ്യിലുള്ള ഡ്രസ്സ്‌ ഒക്കെ എടുത്ത് ബക്കറ്റിൽ ഇട്ട് അലക്കുകാലിന്റെടുത്തേക്ക് പോയി.

ഞാൻ ജോവിൻ കുര്യാക്കോസ്… എന്റെ പാറുക്കുട്ടിയെ സഹായിക്കാമെന്ന പേരിൽ ഞാൻ പലതും ചെയ്യുമെങ്കിലും അതൊക്കെ എന്റെ പാറുക്കുട്ടിക്ക് ഇരട്ടി പണിക്ക് കാരണമാവാറെ ഉള്ളൂ. അങ്ങനെ ഒരു പണിയാണ് ഇപ്പോൾ നടന്നത്. ഈ കുര്യാക്കോസ് ചെക്കനും പാർവതിയും എങ്ങനെ ഒന്നിച്ചു എന്ന് കരുതുന്നുണ്ടാവുമല്ലേ… 😁 നീണ്ട യുദ്ധത്തിന്റെ അവസാനമായിരുന്നു ഇങ്ങനൊരു ജീവിതത്തിന്റെ തുടക്കം. എന്റെ പെങ്ങള് രോഷ്‌നയുടെ അടുത്ത സുഹൃത്തായിരുന്നു പാർവതി. നല്ല അസ്സല് നമ്പൂരികുട്ടി. പെങ്ങടെ കൂടെ വീട് സന്ദർശിക്കാൻ വന്നവൾ ഒറ്റനോട്ടത്തിൽ തന്നെ എന്റെ മനസ്സ് കീഴ്‌പ്പെടുത്തി…. പിന്നീട് പ്രണയാഭ്യർത്ഥനകളുടെ കാലമായിരുന്നു. ഫ്രണ്ടിന്റെ ഏട്ടനും പോരാതെ ക്രിസ്ത്യാനിയും ആയതുകൊണ്ട് അവൾ അമ്പിനും വില്ലിനും അടുക്കാതെ നിന്നു. അവസാനം അവളുടെ ആങ്ങളമാർ വന്ന് പഞ്ഞിക്കിട്ടു. സാധാരണ സിനിമകളിലൊക്കെ അതിനുശേഷമാണല്ലോ പ്രണയം മുളയ്ക്കുന്നത്…. എന്റെ ജീവിതത്തിലും അത് തന്നെ നടന്നു. പിന്നീട് അങ്ങോട്ട്‌ ജോറ് പ്രണയമായിരുന്നു…. എന്നെ പേടിയുള്ളതുകൊണ്ട് വീട്ടുകാർ അവൾക്ക് കല്യാണാലോചനകൾ കൊണ്ടുവന്നു തുടങ്ങി. ഒരു ക്രിസ്ത്യൻ ചെറുക്കനെ സ്വീകരിക്കാൻ അവളുടെ കുടുംബത്തിനും ഒരു ഇല്ലത്തെ പെണ്ണിനെ സ്വീകരിക്കാൻ എന്റെ കുടുംബത്തിനും ഒട്ടും താത്പര്യമുണ്ടായിരുന്നില്ല… കുടുംബക്കാർ തമ്മിൽ വാശിക്ക് പോയപ്പോൾ നൈസായിട്ട് ഞാൻ അവളെയും കൊണ്ട് എന്റെ ജീവിതത്തിലേക്ക് പറന്നു……

ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് കോളിങ് ബെൽ മുഴങ്ങി. ” അച്ചായോ….. അതാരാണെന്ന് ഒന്ന് നോക്കിയേ… ” പാറുക്കുട്ടി അലക്ക് കല്ലിന്റെ അവിടുന്ന് വിളിച്ചു പറയുന്നുണ്ട്.

” ഈ സമയത്ത് ഇതാരുവാ വന്നിരിക്കുന്നെ… ” അതും പറഞ്ഞുകൊണ്ട് ഞാൻ പോയി കതക് തുറന്നു. ” എന്റെ ഈശോയെ…. സുഭദ്ര ചെറിയമ്മയാണല്ലോ…. ” പാറുകുട്ടിയുടെ ചെറിയമ്മയാണ്. 8 മാസം ആയിട്ട് അവളുടെയും എന്റെയും ബന്ധുക്കൾ ആരും തന്നെ ഞങ്ങളെ സന്ദർശിക്കാൻ ഈ പടി ചവിട്ടിയിട്ടില്ല… ഇപ്പോൾ ഇതെന്തിന്റെ പുറപ്പാടിലാണമോ..

” ഹാ… ചെറിയമ്മയോ… ” പാറുക്കുട്ടി നനഞ്ഞ വേഷത്തിൽ ഓടി വന്ന് ചെറിയമ്മയുടെ കാല് തൊട്ട് വന്ദിച്ചു. എന്നാൽ അവരുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. ഒരു ചെത്ത്‌കല്ല് ചുമലിൽ എടുത്തുവച്ചതുപോലുള്ള ഗൗരവം.

” നിങ്ങളെന്താ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നോക്കിനിൽക്കുന്നെ….. ചെറിയമ്മയെ അകത്തേക്ക് വിളിക്ക്… ” പാറുക്കുട്ടി എന്റെ ചെവിയിൽ വന്ന് പറഞ്ഞു.

” ചെറിയമ്മ അകത്തേക്ക് വാ… ” ഞാൻ അകത്തേക്ക് വിളിച്ചു. വലിയ ഗൗരവത്തിൽ തന്നെ അവര് അകത്തേക്ക് കയറി. അപ്പോഴേക്കും പാറു വന്ന് പറഞ്ഞു… ” അച്ചായാ… പാലിരിപ്പില്ല. ഒരു പാൽ വാങ്ങിയിട്ട് വാ… ” അത് കേട്ടതും ഞാൻ കടയിലേക്ക് ഓടി.

ഞാൻ തിരിച്ച് വീട്ടിൽ എത്തിയപ്പോൾ, അവര് പാറുവിനെ വീട്ടിലേക്ക് തിരിച്ച് വരാൻ വേണ്ടി നിർബന്ധിക്കുകയായിരുന്നു.

” എന്റെ ഈശോയെ… ഇതിനാണോ ഈ പിശാച് ഇങ്ങോട്ടേക്കു വന്നത്… ” ഞാൻ അകത്തേക്ക് കയറാതെ, ഒരു സൈഡിലേക്ക് മാറിനിന്നു.

” എന്റെ പാറുക്കുട്ടിയെ… നിനക്ക് ഇവിടുന്ന് കഷ്ടപ്പെടെണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ…? എത്ര വലിയ ഇല്ലത്ത് നിന്നാണ് നിനക്ക് ആലോചന വന്നത്… ഇപ്പോഴും അത്ര വൈകിയിട്ടൊന്നുമില്ല മോള് തിരിച്ചു വാ… ഈ ഇറച്ചിയും മാംസവും മത്സ്യമൊന്നും കഴിക്കുന്ന ആളെ കൂടെ നമുക്ക് ഒത്തുപോകാൻ കഴിയില്ല…. ” ചെറിയമ്മ അത് പറഞ്ഞ് തീരുമ്പോഴേക്കും പാറുക്കുട്ടി മറുപടി പറഞ്ഞു..

” ചെറിയമ്മേ….. അച്ചായന് പാല് കിട്ടിയില്ല എന്നാ തോന്നുന്നത്… അതുകൊണ്ടാ ഇത്ര വൈകുന്നത്. ഇനിക്കിപ്പോൾ താറാവ് കറി വെക്കാനുണ്ട്… അച്ചായന് താറാവ് കറിയെന്നാൽ ജീവനാ….. പിന്നെ… ഇനിയും നിന്നാൽ ചെറിയമ്മയ്ക്ക് ബസ്സ് കിട്ടാതെയാവും…. എന്നാ പിന്നെ ഇറങ്ങിയാലോ… ” അത് പറഞ്ഞപ്പോൾ തന്നെ ആ സ്ത്രീ സ്ഥലം വിട്ടിരുന്നു. അവര് ഇറങ്ങിപ്പോയപ്പോൾ തന്നെ ഞാൻ പാറുകുട്ടിയുടെ അടുത്തേക്ക് ചെന്നു.

” ഹാ… അച്ചായൻ വന്നോ… ചെറിയമ്മയ്ക്ക് ബസ്സ് കിട്ടില്ലെന്നും പറഞ്ഞ് ഇപ്പോൾ ഇറങ്ങിയതേയുള്ളു… ” അവളുടെ ആ മറുപടി കേൾക്കുന്നതിന് മുമ്പ് തന്നെ ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തിരുന്നു.

” ഞാൻ എല്ലാം കേട്ടു… ” ഞാൻ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു. മറുപടിയായി ഉണ്ടായ അവളുടെ കള്ളചിരിയിൽ ഉണ്ടായിരുന്നു അവൾക്ക് ഞാൻ എന്ന ലോകം.

രചന: Aruni Arunima

Leave a Reply

Your email address will not be published. Required fields are marked *