അടുത്തിടപെഴകിയ പെണ്ണ്

രചന : ആരിഫ് ഇ വി ആനക്കര

മനു പള്ളിയിൽ നിന്ന് വേഗം നടന്നു .

ഇന്ന് സാനുവിന്റെ പാർട്ടിയാണ് .

അവിടെ ചെന്നിട്ട് വേണം അവന്റെ ചിലവിൽ ബിയറും കഴിച്ചിട്ട് അവന്റെ പുതിയ സെറ്റപ്പിനെ കുറിച്ചുള്ള കഥ കേൾക്കാൻ .

അവനെന്തൊരു ഭാഗ്യവാനാണ് . എത്രയെത്ര പെൺകുട്ടികളാണ് അവന്റെ വലയിലുള്ളത് .

ഏതൊരു പെണ്ണിനേയും വളച്ചെടുക്കാനുള്ള കഴിവും സൗന്ദര്യവും അവന്റെ കയ്യിലുണ്ട്

അവരൊക്കെ കൂടിയിട്ടുണ്ടാവും . അടി തുടങ്ങിയിട്ടുണ്ടാവും .

മനു നീട്ടി വലിച്ചു നടന്നു .

ഞായറാഴ്ച ആയത് കൊണ്ട് മമ്മയുടെ കണ്ണിൽ പൊടിയിടാനാണ് പള്ളിയിൽ പോയത് .

ചെറുപ്പത്തിലേ അപ്പ മരിച്ചത് കൊണ്ട് യുവതിയായിരുന്നിട്ട് പോലും മറ്റൊരു വിവാഹത്തിന് മുതിരാതെ മമ്മയാണ് മനുവിനെ ഇത്രയും വളർത്തി വലുതാക്കിയത് .

അത് കൊണ്ട് തന്നെ മമ്മയെ മനുവിന് വളരെ കാര്യമാണ് . ഈ ലോകത്തിൽ അവൻ ആകെ തോറ്റുകൊടുക്കുന്നത് മമ്മക് മുന്നിൽ മാത്രമാണ്.

അത് കൊണ്ട് തന്നെയാണ് മമ്മയുടെ നിർബന്ധത്തത്തിനു വഴങ്ങി ഇന്ന് പള്ളിയിൽ പോയതും ..

അവരെന്നും കൂടാറുള്ള ലയൺസ് ക്ലബിന്റെ മുകളിലേക്ക് അവൻ ഗോവണികളിലൂടെ ഓടിക്കയറി .

വിചാരിച്ച പോലെ തന്നെ അവന്മാർ അടി തുടങ്ങിയിരിക്കുന്നു .

അവൻ അവിടെ എത്തിയപാടെ എല്ലാവരും അവനെ കളിയാക്കാൻ തുടങ്ങി .

”എവിടെയായിരുന്നെടാ ഇത്ര നേരം .

കയ്യിലിരുന്ന കുപ്പിയിൽ നിന്ന് ഗ്ലാസിലേക്ക് മദ്യം പകർന്നു സ കൊണ്ട് സാനു ചോദിച്ചു .

”ഒന്നും പറയേണ്ട മോനെ ..

”രാവിലെ തന്നെ മമ്മ പൊക്കി ..

”പള്ളിയിൽ കൊണ്ട് പോയി ..

”ഹോ ..അവന്റെ ഒരു പള്ളി …

സാനു കളിയാക്കിയപ്പോൾ എല്ലാവരും ചിരിച്ചു .

വെക്കേഷൻ ആയത് കൊണ്ട് മമ്മ ഓഫിസിൽ പോയാൽ പിന്നെ അവൻ വീട്ടിൽ തനിച്ചായിരിക്കും .

പ്ലസ് ടു കഴിഞ്ഞു റിസൾട്ടിന് കാത്തിരിക്കുന്ന മനു അങ്ങിനെയാണ് വീടിനടുത്തുള്ള ഈ തലതെറിച്ച ഗാങ്ങിൽ പെടുന്നത് .

സാനുവാണ് അവരുടെ തലവൻ .

രണ്ടാഴ്ച മുന്നേ ബസ്റ്റോപ്പിൽ വെച്ച് കണ്ട പെണ്ണിനെ വളച്ചൊടിച്ചു കുപ്പിയിലാക്കി കാര്യവും സാധിച്ചതിന്റെ പാർട്ടിയാണ് ഇന്നവിടെ നടക്കുന്നത് .

”നീ വേറെ ലെവേലാട മുത്തേ ..

എത്രയെത്ര പെൺകുട്ടികളെയാൻ പ്രണയം നടിച്ച് നീ കൈകാര്യം ചെയ്യുന്നത് .

മനു അവനെ അഭിനന്ദിച്ചു .

” ഹഹഹ ..പ്രണയം മണ്ണാങ്കട്ട …

കാര്യം കഴിഞ്ഞാൽ നൈസായിട്ട് ഊരിപോരണം ..

”ഓഫിസിൽ പുതിയൊരു ചേച്ചി വന്നിട്ടുണ്ട് …

”വന്ന അന്നുതന്നെ ഭയങ്കര ചിരിയും സംസാരവും ..

അടുത്ത ലക്ഷ്യം അവളാണ് .. എങ്ങിനെയെങ്കിലും അവളെ വീഴ്ത്തണം ..

മനു ഇതും പറഞ്ഞ് ഉറക്കെ ചിരിച്ചു .

”ഹോ ”…

വന്ന അന്ന് തന്നെ അടുത്തിടപെഴകിയെന്നോ …

എങ്കിൽ അതൊരു ”പോക്ക് കേസ്‌ ” ആയിരിക്കും മോനെ …

വിടേണ്ട മുറുക്കെ പിടിച്ചോ …

മനു അവനെ പ്രോത്സാഹിപ്പിച്ചു .

ഒരുപാട് പെണ്ണുങ്ങളെ കൈകാര്യം ചെയ്യുന്ന പുരുഷൻ കേമനായും ..

ആണുങ്ങളോട് ഒന്നു അടുത്തിടപെഴകി എന്നു വെച്ച് അവളൊരു പോക്ക് കേസായും ചിത്രീകരിക്കുന്ന മനുവിന്റെ ആ വാക്കുകൾ അപ്പോൾ ആ മുറിയിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാല ചക്രവാളത്തിലും കിടന്നു കറങ്ങിത്തിരിയുമ്പോൾ ..

സാനു പറഞ്ഞ ആ ചേച്ചിക്ക് മനുവിന്റെ അമ്മയുടെ മുഖമായിരുന്നെന്ന് മനു അറിഞ്ഞിരുന്നില്ല .

അത് ജോലി മാറ്റം കിട്ടി സാനുവിന്റെ ഓഫിസിൽ പുതിയതായി ജോയിൻ ചെയ്ത അവന്റെ മമ്മയായിരുന്നെന്ന് അവനറിഞ്ഞിരുന്നില്ല

ഇതൊന്നുമറിയാതെ സാനു വാങ്ങിക്കൊടുത്ത മദ്യത്തിന്റെ ലഹരിയിൽ മനു അപ്പോഴും ചിന്തിച്ചത് സാനുവിന്റെ അടുത്ത ഇരയുടെ കഥ കേൾക്കാനുള്ള സുഖത്തെ പറ്റിയായിരുന്നു .

അതിന്റെ ഭാഗമായി തനിക്ക് കിട്ടാൻ പോകുന്ന പാർട്ടിയെ കുറിച്ചായിരുന്നു ..

ശുഭം രചന : ആരിഫ് ഇ വി ആനക്കര

Leave a Reply

Your email address will not be published. Required fields are marked *