അതവരാണ് മീൻകാരി ചേച്ചി, ഒരുകൂട്ടം പ്രാരാബ്ധങ്ങൾക്കിടയിലെ പോരാളി..

രചന: ജിഷ്ണു രമേശൻ

അടുക്കളത്തിണ്ണയിലിരുന്ന് മീൻ വറുത്ത ചട്ടിയിൽ കുത്തരി ചോറും തലേന്നത്തെ പഴക്കംചെന്ന സാമ്പാറും കൂട്ടി കുഴച്ച് ഊണ് കഴിക്കുമ്പോ കുറിഞ്ഞി പൂച്ച പ്രതീക്ഷയോടെ എനിക്ക് മുന്നിലിരിക്കുന്നുണ്ട്..

എന്നും ഒരു പിടി ചോറ് എന്റെ വക കുറിഞ്ഞിക്കുള്ളതാണ്..

ചട്ടിയിലെ അവസാന പിടി ഉരുള വായിലേക്ക് തിരുകുമ്പോ പല്ല് പുളിക്കുന്നൊരു തരം ഒച്ച കേട്ടു.. അവിടെ ഉമ്മറത്തെ ചവിട്ടുപടിയിൽ മീൻകാരി ചേച്ചി അലുമിനിയത്തിന്റെ മീൻപാത്രം നിരക്കി വെച്ച ഒച്ചയായിരുന്നു..

കൈ കഴുകുന്നതിന് മുമ്പ് ചോറ് പറ്റിയ വിരലുകൾ നക്കി തുടച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്കൊന്ന് എത്തിനോക്കി…

വിയർപ്പുന്തിയ മീൻകാരി ചേച്ചി ചവിട്ടുപടിയിൽ ഇരിപ്പുറപ്പിച്ചു.. അവർക്കരുകിലായി അമ്മയും ഇരുന്നു, ഏറെ നേരത്തെ വിലപേശലും ഗുണനിലവാരവും മൊഴിഞ്ഞുകൊണ്ട് അമ്മ പറഞ്ഞു, “ഇന്നിപ്പോ മീനൊന്നും വേണ്ടാടിയെ, ചെലപ്പോ ചേട്ടൻ ടൗണീണ് വരുമ്പോ വാങ്ങ്യാലോ”

അവരോന്ന് ദീർഘ നിശ്വാസം എടുത്തതിനു ശേഷം തൂക്കു തളികയിൽ എടുത്ത ചീയലടിഞ്ഞ മീൻ കൊട്ടയിലേക്ക് തന്നെ തിരിച്ചിട്ടു.. നിസ്സഹായത നിറഞ്ഞ ചിരിയോടെ മീൻകൊട്ടയും തലയിലേറ്റി അവര് നടന്നു നീങ്ങിയപ്പോ പൊള്ളുന്ന ചൂടിലും പ്രകൃതി അവർക്കായി ഒരു ഇളംങ്കാറ്റ് സമ്മാനിച്ചിരുന്നു..

അവരിരുന്ന ചവിട്ടുപടി വിയർപ്പിൽ കുതിർന്നു.. ആദ്യമല്ല അമ്മ അവരെ നിരാശയോടെ മടക്കിയയക്കുന്നത്, വാങ്ങുന്നില്ലെങ്കിലും ഒന്ന് നോക്കാലോ എന്ന സ്ത്രീകളുടെ കൗതുക സ്വഭാവം എന്റമ്മയ്ക്കും ഉണ്ട്..

ഹംസക്കയുടെ ചായ്പ്പീടിക വരെ തൊണ്ട പൊട്ടി മീൻ വിളിച്ചു പറഞ്ഞു നടക്കുന്ന അവര് അതിനിപ്പുറം ഒച്ച നിലച്ച ക്ഷീണിതയാണ്..

ഞായറാഴ്ച കുറച്ച് ദൂരെയുള്ള പഞ്ചായത്ത് മൈതാനത്ത് മേളയിൽ പന്ത് കളി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി വണ്ടി മണ്ണിട്ട ഇടവഴിയിലേക്ക് കയറ്റി..കുറച്ച് ദൂരം ചെന്നപ്പോ മൂക്കിലേക്ക് തറച്ചു കയറിയ ദുർഗന്ധം കാരണം ഞാൻ വണ്ടി നിർത്തി..

ഒരു മൺത്തിട്ടയ്ക്ക്‌ മുകളിലായി തെങ്ങിൻ ചോട്ടിൽ അഴുകിയ മീനിന്റെ അവിശിഷ്ടം കുമിഞ്ഞു കൂടി കിടക്കുന്നു.. എന്റെ കണ്ണുകൾ ചലിച്ചത് മൺപടികൾ കയറി ചെല്ലുന്ന ഓല മേഞ്ഞ കൂരയിലേക്കായിരുന്നു..

മണ്ണ് വാരിപ്പൊത്തിയ ചുമരിൽ കുമ്മായമടിച്ച ഒരു കൊച്ചു വീട്.. ഉമ്മറത്ത് തടി കസേരയിൽ ശ്വാസം ഏന്തി വലിച്ചുകൊണ്ട് അമ്പത് വയസിനടുത്ത് പ്രായം തോന്നിക്കുന്നൊരു പുരുഷൻ.. അയാളുടെ ചങ്കിലെ എല്ലുകൾ തൊലിപ്പുറത്തേക്ക്‌ ഉന്തി നിൽക്കുന്നു……

മുറ്റത്തെ ദ്രവിച്ചു തുടങ്ങിയ ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയുടെ മൂക്കള പിഴിഞ്ഞു കളയുന്ന സ്ത്രീയുടെ കൈകൾ എനിക്ക് പരിചിതമായിരുന്നു..കൈകൾ കൊണ്ട് എന്തൊക്കെയോ ഗോഷ്ടി കാണിച്ചു കൊണ്ട് ആ പയ്യൻ അവരുടെ സാരിത്തുമ്പ്‌ പിടിച്ച് വലിക്കുന്നു.. ബുദ്ധിക്ക് വളർച്ചയില്ലാത്തൊരു പ്രകൃതം..

അതവരാണ് മീൻകാരി ചേച്ചി, ഒരുകൂട്ടം പ്രാരാബ്ധങ്ങൾക്കിടയിലെ പോരാളി.. ആ വീട്ടിലേക്ക് ഞാൻ കയറി ചെല്ലുമ്പോ, അവരുടെ മകനുള്ള റൊട്ടി കട്ടൻ ചായയിൽ കുതിരാൻ ഇട്ടിരിക്കുന്നു.. അരി ഭക്ഷണം അന്യമായെന്ന് തോന്നുന്നു..

“ചേച്ചി, ഈ മീനിന്റെ അവശിഷ്ടം ഇങ്ങനെ കിടന്നാൽ അസുഖങ്ങൾ വരില്ലേ..! ചേട്ടന്റെ വലിവ് മാറാൻ ബുദ്ധിമുട്ടാണ്..”

ഒന്ന് ചിരിച്ചു കൊണ്ട് അവര് പറഞ്ഞു,

‘ അതേ ബുദ്ധിമുട്ടാണ്, ഈ വീടിരിക്കുന്ന സ്ഥലവും, തെങ്ങിൻ ചുവടുമാണ് സമ്പാദ്യമായുള്ളു..’

“എന്തിനാണ് ഈ മീനെല്ലാം ഇങ്ങനെ കളയുന്നത്” എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി ചിരിച്ചു കൊണ്ടാണ് അവര് പറഞ്ഞത്..

” സൂര്യന് കീഴെ മീൻകൊട്ട തലയിലേറ്റി തൊണ്ട കീറി മീൻ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നു വരുന്ന മീൻകാരി പെണ്ണിന്റെ മീനെല്ലാം ചീഞ്ഞതാണത്രേ..!”

ശരിക്കും ചങ്ക് നീറി അവരുടെ മറുപടി കേട്ടിട്ട്.. എനിക്കുള്ള ഒരുപിടി സമ്പാദ്യത്തിൽ ഉള്ളതാണ് കുറച്ചു ചങ്ങാതിമാർ.. മൂന്ന് പേര് ഞാൻ പറഞ്ഞതനുസരിച്ച് അവിടെ വന്നു…കുറച്ച് സമയംകൊണ്ട് തെങ്ങിൻ ചുവട്ടിലെ മീനിന്റെ അവശിഷ്ടമെല്ലാം അവിടുന്ന് അപ്രതീക്ഷമായി..

പക്ഷേ ആ സ്ത്രീയുടെ മുഖഭാവം ഒരു വ്യത്യാസവും ഇല്ലായിരുന്നു, നിസ്സഹായത ആണെങ്കിലും മനസ്സ് കരുതുള്ളതാണ്…അധ്വാനിച്ച് ജീവിക്കുന്നവർ..!

പിറ്റേന്ന് രാവിലെ വീട്ടിൽ നിന്ന് അച്ഛൻ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു, “വരുമ്പോ മീൻ കിട്ടിയാ വാങ്ങണെ..” എന്ന്..

ഉമ്മറത്തേക്ക് ചെന്ന ഞാൻ അച്ഛനോട് പറഞ്ഞു,

“അച്ഛാ ഇന്ന് ഞാൻ മീൻ വാങ്ങിക്കോളാം..”

അച്ഛനൊന്ന് തലയാട്ടി കൊണ്ട് ഇറങ്ങി നടന്നു.. കുറച്ച് കഴിഞ്ഞ് ഞാൻ ബാഗുമെടുത്ത് ജോലിക്കായി വീട്ടിൽ നിന്നിറങ്ങാൻ നേരം അമ്മയെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു,

“അമ്മാ, ദാ ഇരുന്നൂറ് രൂപയുണ്ട്.. എന്ത് മീനാണെന്ന് വെച്ചാ വാങ്ങിക്ക്‌..നമ്മടെ വീട്ടിൽ എന്നും വരുന്ന മീൻകാരിയുടെ കയ്യിൽ നിന്ന് വാങ്ങിക്കണം.. ഒഴിഞ്ഞ മൂന്ന് വയറുകൾ നിറയാൻ ഇതൊക്കെയല്ലെ ചെയ്യാൻ കഴിയൂ..അല്ലാതെയുള്ള സഹായം, ചീത്തപ്പേരിലേക്ക്‌ എത്തിക്കും..”

മക്കളുടെ മനസറിയുന്ന അമ്മമാരെന്ന് പറയുന്നത് പോലെ, ഞാൻ പറഞ്ഞതിന്റെ പൊരുൾ അമ്മ മനസ്സിലാക്കിയിരുന്നു..

ഇന്നിപ്പോ ചങ്ങാതിമാരെന്ന കുറച്ച് നല്ല മനസ്സുള്ളവർ ഉള്ളത് കൊണ്ട് കുറച്ച് വീടുകളിൽ എങ്കിലും ഒന്നരാടമെങ്കിലും മീൻ വാങ്ങുന്നവരുണ്ട്..

ചില ദിവസങ്ങളിൽ കാലിയായ മീൻകൊട്ടയും വീശി നിറഞ്ഞ ചിരിയോടെ അവര് പോകുന്നത് കണ്ടിട്ടുണ്ട്..

രാവിലെ ജോലിക്കായി ബൈക്കിൽ പോകുമ്പോ ഹംസക്കായുടെ ചായപ്പീടികയുടെ മുന്നിലൂടെ തൊണ്ട കാറുന്ന തരത്തിൽ അവര് മീൻ വിളിച്ചു പറഞ്ഞുകൊണ്ട് പോകുന്നത് കാണാം..

“ഇന്നിപ്പോ ആ തെങ്ങിൻ ചുവട് ശൂന്യമാണ്..പതിവ് പോലെ അവരുടെ ഒച്ച അന്നാട്ടിലെ ഓരോ ദിക്കിലും തട്ടി പ്രതിഫലിച്ചുകൊണ്ടിരുന്നു…”

രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *