അന്ന് രാത്രി രാധുവിനോട് ചേർന്നു കിടക്കുമ്പോൾ അവൾക്ക് അറിയാതെ കരച്ചില് വന്നു….

രചന: ഭദ്ര മനു

ഇനിയിപ്പോ ഈ പെങ്കുട്ട്യോളെ ആരാ നോക്കുക….. എന്തായാലും കഷ്ട്ടം തന്നെ…അച്ഛനും അമ്മയും ഒരു ദിവസം തന്നെ മരിക്കുകയെന്നു വെച്ചാൽ….

ആളുകൾ ചുറ്റും നിന്ന് തങ്ങളെ കുറിച്ചോർത്തു സഹതപിക്കുന്നതൊന്നും ഭാമ അറിയുന്നുണ്ടായിരുന്നില്ല…..

4വയസ് മാത്രമുള്ള രാധുവിനെയും കെട്ടിപിടിച്ചു അച്ഛന്റെയും അമ്മയുടെയും ചിതയ്ക്ക് മുൻപിൽ അവൾ വിറങ്ങലിച്ചു നിന്നു

എന്തിനാവും അച്ഛനും അമ്മയും ആത്മഹത്യാ ചെയ്യ്തത്….എന്ത്കൊണ്ടാവും അവർ ഞങ്ങളെയും കൊണ്ട് പോവാഞ്ഞത്….

എന്തേ അവർ ഞങ്ങളെ കുറിച്ച് ആലോചിക്കാതെയിരുന്നത്??

ഓരോന്നും ഓർത്ത് ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

വാ…..ഇനി നിങ്ങൾ ഞങ്ങളുടെ വീട്ടില് നിന്നാ മതി

വെളുത്തു തടിച്ചൊരു സ്ത്രീ വന്ന് ഭാമയുടെ കയ്യിൽ നിന്നും രാധുവിനെ എടുത്തു

അച്ഛന്റെ പെങ്ങളാണ്…. സുധ….. അവരുടെ വീട്ടിലാണ് ഭാമയുടെയും അനിയത്തി രാധുവിന്റേയും ഇനിയുള്ള ജീവിതം…..

കണ്ണുകൾ തുടച്ചു കൊണ്ട് ഭാമ അവരെ അനുഗമിച്ചു

*****

ദാ അതാണ് നിങ്ങളുടെ മുറി

അടുക്കയോട് ചേർന്ന മുറി ഭാമയ്ക്ക് കാണിച്ചു കൊടുത്തു കൊണ്ട് സുധ പറഞ്ഞു

പിന്നെ നീ ഇത്രയൊക്കെ പഠിച്ചത് മതി….അടുക്കളയിൽ എന്നെ സഹായിക്കാൻ

കൂടിക്കോ….നിന്നെയൊക്കെ പഠിപ്പിച്ചു ജോലി വാങ്ങി തരാനും മാത്രം നിന്റെ തള്ളയും തന്തയും എന്നെയൊന്നും ഏല്പിച്ചു തന്നിട്ടല്ല പോയത്….. കേട്ടോ… സുധ ഭാമയോട് പറഞ്ഞു

മ്മ്…. ഭാമ മൂളി

അവിടെ തുടങ്ങുകയായിരുന്നു ഭാമയെന്ന പതിനാറുകാരിയുടെ നരക ജീവിതം……

*****

ആ വീട്ടിലെ കൂലിയില്ല ജോലിക്കാരിയായി ഭാമ ജീവിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു ആദ്യമൊക്കെ വീട്പണികളിൽ സുധയും അവളെ സഹായിച്ചിരുന്നു…..

പിന്നീട് എപ്പോഴോ അവരും അടുക്കള വിട്ടു…ആ വീട്ടിൽ എണ്ണയിട്ട യന്ത്രം പോലെ പണിയെടുക്കുമ്പോഴും രാധു പഠിക്കാൻ പോവുന്നുണ്ട് എന്നുള്ളതായിരുന്നു അവൾക്ക് ഏക ആശ്വാസം….

പതിവ് പോലെ ഒരിക്കൽ രാത്രി കുളി കഴിഞ്ഞെറങ്ങിയ ഭാമയെ ഇരുട്ടിൽ വെച്ചാരോ കടന്നു പിടിച്ചു….തനിക്ക് പരിചിതമായ സിഗരറ്റിന്റെ ഗന്ധത്തിൽ നിന്നും അത് അമ്മായിയുടെ ഭർത്താവ് ആണെന്ന് അവൾക്ക് മനസിലായി……

അന്ന് രാത്രി രാധുവിനോട് ചേർന്നു കിടക്കുമ്പോൾ അവൾക്ക് അറിയാതെ കരച്ചില് വന്നു

മോളെ…. രാധൂ…. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോയാലോ….ഇവിടെ നിന്നാൽ എന്റെ രാധുമോളുടെയും ജീവിതം നശിക്കും

ആ ആറുവയസു കാരി ഒന്നും മനസിലാവാതെ ഭാമയെ നോക്കി…. ഭാമേച്ചി എന്തിനാ കരയണേ….. അവൾ തന്റെ കുഞ്ഞ് കയ്യ്കളാൽ ഭാമയുടെ കണ്ണ് തുടച്ചു

ഒന്നുമില്ല എന്റെ മോളുറങ്ങിക്കോ

പിറ്റേന്ന് അതിരാവിലെ തന്നെ അടുക്കളപണിയെല്ലാം തീർത്തു കഴിഞ്ഞു മറ്റുള്ളവർ എണീക്കും മുൻപേ അവൾ രാധുവുമായി ആ വീടിന്റെ പടിയിറങ്ങി…

*****

കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ചീകുമ്പോൾ ഭാമ കണ്ണാടിയിൽ കണ്ട തന്റെ പ്രതിബിംബത്തിൽ വിരലോടിച്ചു…..

കൺതടങ്ങളിൽ കറുപ്പ് പടർന്നിരിക്കുന്നു….മുടിയിൽ ചെറുതായി നര വീണിട്ടുണ്ട് ഉറക്കമില്ലാതെയുള്ള ജോലിയല്ലേ… എല്ലാം എന്റെ രാധുവിനു വേണ്ടിയാണ്

അന്ന് ആ വീട് വിട്ടു പോരുമ്പോൾ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല…..രാധു സ്കൂളിൽ പോവുമ്പോൾ അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയും ഒഴിവ് സമയങ്ങളിൽ തുണി

തയ്‌ച്ചും പശുവിനെയും കോഴിയേയും ഒക്കെ വളർത്തിയും ആകെയുള്ള ഭൂമിയിൽ പലതും നട്ടും നനച്ചും ഈ ഭാമയുണ്ടാക്കിയതാണ് എല്ലാം

വയസ് നാല്പതിനോട് അടുക്കുന്നു…. ഇന്ന് വരെ ഒരു വിവാഹത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ല….എല്ലാം മറന്നു ജീവിക്കുകയായിരുന്നു തന്റെ അനിയത്തിക്ക്

വേണ്ടി……ഇനിയവളെ ആണൊരുത്തന്റെ കയ്യിൽ ഏല്പിച്ചു കൊടുത്താൽ തന്റെ കടമ ഏറെക്കുറെ പൂർത്തിയായി എന്ന് പറയാം….

ഭാമ മാലയിട്ട് വെച്ചിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി ദീർഘശ്വാസമുതിർത്തു *****

പറഞ്ഞ സ്ത്രീധനവും നൽകി രാധൂവിനെ മനുവിന്റെ കൈ പിടിച്ചു ഏല്പിയ്ക്കുമ്പോൾ ഭാമയ്ക്ക് കണ്ണുനീർ അടക്കാൻ സാധിച്ചില്ല……

അന്ന് രാത്രി ആദ്യമായി അവളാ കൊച്ച് വീട്ടിൽ തനിച്ചായി…..രാധുവിന്റെ കിടക്കയിൽ മുഖമർത്തി ഭാമ പൊട്ടികരഞ്ഞു

ദിവസങ്ങൾക്കു ശേഷം നാലാം വിരുന്നിന് വീട്ടിലെത്തിയ രാധൂവിനെ കാറിൽ നിന്നിറങ്ങിയ പാടെ ഭാമ സന്തോഷത്തോടെ കെട്ടിപിടിച്ചു

ഭാമേച്ചി ഒന്ന് മാറിക്കെ….ചേച്ചിയെ ചാണകംനാറുന്നു…. രാധൂ മൂക്ക് പൊത്തി

ഭാമ പിടച്ചിലോടെ അവളിൽ നിന്നും അടർന്നു മാറി…ഈ കാലമെത്രയും തന്റെ ചൂട് പറ്റി ഉറങ്ങിയ പെണ്ണാണവൾ…ഇന്നിപ്പോ ചേച്ചിയുടെ മണം അവളിൽ അറപ്പുണ്ടാക്കുന്നു

ശരിയാവും…. അവൾ നല്ലൊരു പട്ടുസാരിയാണ് ഉടുത്തിരുന്നത്..അവൾക്ക് നല്ല മുല്ലപ്പൂ സെന്റിന്റെ മണവും ഉണ്ടായിരുന്നു……എല്ലാം ഭർത്താവിന്റെ വീട്ടിൽ ചെന്നു

കേറിയതിന്റെ പരിഷ്കാരങ്ങളാണ്….പക്ഷെ ആ വീട്ടിൽ ചെന്നു കേറാൻ മാത്രം അവൾക്ക് യോഗ്യത ഉണ്ടാക്കി കൊടുത്തത് ഈ ചേച്ചിയുടെ വിയർപ്പിന്റെ വില കൊണ്ടാണ് എന്ന് രാധൂ മനഃപൂർവം മറന്നു

പിന്നീട് ഒരിക്കൽ പോലും ഭാമ രാധുവിന്റെ വീട്ടിൽ പോയി അവളെ കാണാൻ ശ്രമിച്ചില്ല…..അവൾക്കത് കുറവായി തോന്നുമെന്നും മനുവിന്റെ വീട്ടുകാർക്ക് മുൻപിൽ രാധൂ തല കുനിക്കേണ്ടി വരുമെന്നും ഭാമ ഭയപ്പെട്ടു

സ്വന്തം വീട്ടിൽ എത്തുമ്പോൾ പോലും രാധൂ പലതും പറഞ്ഞു ഭാമയെ അവഗണിച്ചു

ഹൃദയം പിളരുന്ന വേദനയിലും ഭാമ അതെല്ലാം സഹിച്ചു…. അവൾക്ക് ഏറ്റവും വലുത് രാധുവിന്റെ സന്തോഷമായിരുന്നു

മാസങ്ങൾക്ക് അപ്പുറം അവളൊരു അമ്മയാവാൻ പോവുന്നു എന്നറിഞ്ഞപ്പോ ഭാമ അവളെ കാണാൻ അവളുടെ വീട്ടിൽ ചെന്നു…..

ഭാമേച്ചി….. ഇനി ഇങ്ങോട്ട് വരരുത്….. എന്നെ ഇവിടുത്തെ അമ്മ നോക്കിക്കോളും…..രാധു ഭാമയുടെ മുഖത്തു നോക്കാതെ പറഞ്ഞു

ഇല്ല മോളെ…. ഇനി ചേച്ചി നിന്നെ തേടി ഇങ്ങോട്ട് വരില്ല…. നീ ചേച്ചിയോട് പൊറുക്ക്

അവൾക്ക് വേണ്ടി കൊണ്ട് വന്ന പലഹാരങ്ങൾ ആ വാതിൽക്കൽ വെച്ചു കൊണ്ട് ഭാമ തിരിച്ചു നടന്നു

*****

രാധൂ…..

എന്താ മനുവേട്ടാ

നീ നിന്റെ ചേച്ചിയെ എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്…. അവരെന്തു സ്നേഹമുള്ള സ്ത്രീയാണ്….. നിന്നെയവർക്ക് ജീവനാണ്

അറിയാം ഏട്ടാ…. പക്ഷെ ഏട്ടന്റെ വീട്ടുകാരെ വെച്ചു നോക്കുമ്പോൾ ചേച്ചി ഒരുപാട് താഴെയാണ്…. പഠിപ്പില്ല…. കാണാൻ സൗന്ദര്യമില്ല….ഒന്നുമില്ല രാധൂ പറഞ്ഞു

നിനക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു രാധു… ആ പാവത്തിന്റെ കഷ്ടപ്പാടിന്റെ ഫലമാണ് നിന്റെ എല്ലാ വിദ്യാഭ്യാസയോഗ്യതകളും ഈ ജീവിതവും…..

നിന്റെ ജീവിതം നന്നായി കാണാൻ വേണ്ടിയാണു ഇത്രയും പ്രായമായിട്ട് പോലും ഒരു വിവാഹത്തെ കുറിച്ച് അവർ ചിന്തിക്കാഞ്ഞത്……എന്റെ അച്ഛൻ പറഞ്ഞ സ്ത്രീധനം ഒരു

രൂപ കുറയാതെ നൽകി നിന്നെ എന്റേ കയ്യിൽ ഏൽപ്പിച്ചതും ആ പാവത്തിന്റെ കഷ്ടപാട് ഒന്നിന്റെ ഫലം കൊണ്ടാണ്… ഇന്നിപ്പോ നിന്റെ ജീവിതം നല്ല രീതിയിൽ ആയപ്പോൾ നീ

പാവത്തിനെ അവഗണിക്കുന്നത് എന്ത് മനുഷ്യത്വരഹിതമായ കാര്യം ആണെന്ന് നിനക്ക് അറിയാമോ മനു അവളോട് ദേഷ്യത്തോടെ ചോദിച്ചു

*****

ഇവിടെ ആരെയും കാണുന്നില്ല മനുവേട്ടാ…. ചേച്ചി ഇവിടെയില്ലെന്നു തോന്നുന്നു

ഭാമയെ തിരക്കി അവളുടെ വീട്ടിലെത്തിയതാണ് മനുവും രാധുവും

വാതിൽ പൂട്ടിയിരിക്കുവാണല്ലോ രാധൂ…. വിളിച്ചിട്ട് കിട്ടുന്നുമില്ല…. നീ വാ നമുക്ക് പിന്നെയൊരു ദിവസം വരാം

******

ഭാമേച്ചി……..പുറം തിരഞ്ഞിരുന്നു തയ്യൽമെഷീനിൽ തിരക്കിട്ടു കുഞ്ഞുടുപ്പുകൾ തുന്നുകയായിരുന്ന ഭാമ വിളി കേട്ട് തിരിഞ്ഞു നോക്കി

നഗരത്തിലെ പേര് കേട്ട ശരണാലയത്തിലെ ആ ഇരുണ്ട മുറിയിൽ വിങ്ങുന്ന മനസുമായി ഭാമയെ കാണാൻ എത്തിയതാണ് രാധൂവും മനുവും

ഭാമ പതിയെ എഴുനേറ്റ് അവരുടെ അടുത്തേക്ക് നടന്നു

രാധൂ ഒരു പൊട്ടിക്കരച്ചിലോടെ ഭാമയെ കെട്ടിപിടിച്ചു

വേണ്ട മോളെ…. ചേച്ചിയെ ചിലപ്പോ നാറും…. മോള് മാറി നിക്ക് ഭാമ വേദനയോടെ ചിരിച്ചു

ഇന്ന് വരെ അനുഭവിക്കാത്ത സുഖ സൗകര്യങ്ങൾ കിട്ടിയപ്പോ അതിൽ ഞാൻ ഒരുപാട് അഹങ്കരിച്ചു പോയി ചേച്ചി……എന്നോട് പൊറുക്ക് ചേച്ചി രാധൂ ഭാമയുടെ കാലിൽ ചുറ്റിപിടിച്ചു കുട്ടികളെ പോലെ വിതുമ്പി

ഭാമ രാധുവിനെ പിടിച്ചു എഴുനേൽപ്പിച്ചു….. ഈ സമയത്ത് നീ ഇങ്ങനെ വിഷമിക്കരുത് മോളെ…. മോളെ ഞാൻ കുറ്റം പറയില്ല…

ആരായാലും അങ്ങനെയൊക്കെ പറഞ്ഞെന്ന് വരും…. ചേച്ചിക്ക് മോളോട് ഒരു പിണക്കവുമില്ല

വാ ഭാമേച്ചി….. നമുക്ക് വീട്ടിലേക്ക് പോവാം….. മനു അവളോട് പറഞ്ഞു

ഇല്ല മോനെ…. ഇനി ഇതാണെന്റെ വീട്….ഈ മുറിക്കപ്പുറം അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാത്ത ഒരുപാട് കുരുന്ന്മക്കളുണ്ട്…..ഈ ജന്മം ഒരു കുഞ്ഞിനെ

പ്രസവിച്ചു പോറ്റാൻ എനിക്ക് യോഗം ഉണ്ടായില്ല…. പകരം ആരാരുമില്ലാത്ത ആ കുഞ്ഞിമക്കളുടെ അമ്മയായി ഇവിടെ ഭാമേച്ചി കഴിഞ്ഞോളം…. നിങ്ങള് പൊയ്ക്കോ

ഇല്ല….. ഭാമേച്ചി ഞങ്ങളുടെ കൂടെ വന്നേ പറ്റൂ….രാധു ഭാമയുടെ കയ്യിൽ പിടിച്ചു വലിച്ചു

ഇല്ല മോളെ…. രാധുമോള് ചെല്ല്…. മോൾക്ക് ഇഷ്ടം ഉള്ളപ്പോ ഒക്കെ ഇവിടെ വന്നു ഭാമേച്ചിയെ കാണാലോ…..ചേച്ചിക്ക് ഇവിടെ സന്തോഷം ആണ്….. മോള് ചെല്ല്…..

രാധുവിനെ മനുവിന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു ഭാമ മുറിയുടെ വാതിൽ ചാരി

ശരണലയത്തിന്റെ ഗേറ്റ് കടന്നു കാറിൽ കയറുന്ന രാധുവിനെ നോക്കി ഭാമ കണ്ണ് തുടച്ചു….

ഇല്ല…. ഇനി ഭാമ കരയില്ല…. കരയാനുള്ളതല്ല ഇനിയുള്ള ഭാമയുടെ ജീവിതം…..ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട്…. ഒരുപാട്

അവൾ സാരി തുമ്പാൽ മുഖം അമർത്തി തുടച്ചു കൊണ്ട് തന്നെ കാത്തിരിക്കുന്ന കുഞ്ഞി കുരുന്നുകൾക്ക് വേണ്ടി തിടുക്കത്തിൽ വീണ്ടും കുഞ്ഞുടുപ്പുകൾ തയ്‌ക്കാൻ തുടങ്ങി……

🖤🖤🖤🖤

രചന: ഭദ്ര മനു

Leave a Reply

Your email address will not be published. Required fields are marked *