അവകാശികൾ.. [കഥ]

രചന :Nizar Vh

“ഏട്ടാ,.. ഈ ബാക്കി വന്ന ബിരിയാണി കുഴിവെട്ടി മൂടിയേക്കട്ടെ…” മുന്നിൽ അനിയൻകുട്ടൻ .അവന്റെ മുഖം ഇരുണ്ടിരുന്നു. ഒരു ചെമ്പ് ബിരിയാണി ബാക്കിയായതിന്റെ ദേഷ്യമാണ് .

തന്റെ അനുജന്റെമോളുടെ വിവാഹം ആർഭാഢമായി ഇന്ന് കഴിഞ്ഞിരിക്കുന്നു. ക്ഷണിക്കപ്പെട്ടവരിൽ ഏറെയും കോരിച്ചൊരിയുന്ന മഴയായതിനാലാവാം എത്തിച്ചേരാനാവാതിരുന്നത്.. മുഖമുയർത്തി നോക്കിയപ്പോൾ തന്നെ നോക്കുന്ന അമ്മയെ ആണ് കണ്ടത് . ആ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു.. ആ ചിരിയിൽ ഇന്നും ക്ലാവ് പിടിക്കാത്ത കുറെ ഓർമ്മകളുണ്ടായിരുന്നു.

“അനിയൻ കുട്ടാ, നീ ആ ഉപ്പ് ഇങ്ങെടുത്തെ… ” കഞ്ഞിക്കുള്ള വെള്ളംതിളച്ച് മറിയുന്നു. തൊടിയിലെ കശുമാവിൽ വലിഞ്ഞ് കയറി ഉണങ്ങിയ ചില്ലകൾപൊട്ടിച്ച് ,അത് അടുപ്പിൽ വച്ച് കരിയും പുകയിലും ഊതിയൂതി തലചുറ്റുന്നു. എഴുന്നേൽക്കാൻ വയ്യ.

“എനിക്ക് വിശന്നിട്ട് വയ്യ..ഏട്ടൻ വന്ന് എട്…” അവന്റെ ശബ്ദം നേർത്തിരുന്നു. അനിയൻകുട്ടൻ കീറിയ പുല്ല് പായയിൽ കമഴ്ന്ന് കിടക്കുകയാണ്. വിശപ്പ് സഹിക്കാൻ പറ്റാത്ത കൊണ്ടായിരിക്കും.. പാവം. രാവിലെയൊന്നും കഴിച്ചിട്ടില്ല. അമ്മ പാടത്ത് പണിക്ക് പോയിരിക്കുകയാണ്. ഇന്നലെ മഴ പെയ്തതിനാൽ അമ്മയ്ക്ക് പണിയില്ലായിരുന്നു. അതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. അച്ഛന്റെ മരണംശേഷം വിശപ്പ് എന്താന്ന് നല്ലത് പോലെ അറിയുന്നുണ്ട്.. പത്ത് വയസ്സെ ആയുള്ളുവെങ്കിലും കഞ്ഞി വയ്ക്കാനൊക്കെ ഇതിനകം പഠിച്ചിരുന്നു. അനിയൻകുട്ടന് എട്ട് വയസ്സായെങ്കിലും എനിക്കെന്നും ചെറിയ കുട്ടിയാ അവൻ. ഏങ്ങി ഏങ്ങി കരയുന്നത് കണ്ടാണ് കാര്യം തിരക്കിയത്.

” ഏട്ടാ വിശക്കുന്നു…. ” അവന്റെ കണ്ണുനീര് കണ്ട് സഹിക്കാൻ പറ്റിയില്ല.

നേരെ അമ്മാവന്റെ വീട്ടിലേക്ക് ചെന്നു. അവിടെ മുറ്റത്ത് തന്നെ അമ്മായി നിൽക്കുന്നുണ്ട്. ” പട്ടിണി കിടന്ന് ചത്താലും നമ്മുടെ ആൾക്കാരുടെ മുന്നിൽ കൈ നീട്ടരുത്…” അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി.

“എന്താടാ ചെക്കാ..??”

അമ്മായിയുടെ പുച്ഛം കലർന്ന ശബ്ദം. ചുമൽ കുലുക്കി കൊണ്ട് പറഞ്ഞു

” ഒന്നൂല്ല…”

എന്താന്നറിയില്ല അമ്മായിക്ക് ഞങ്ങളെ കാണുമ്പോഴെ ദേഷ്യം വരും. പക്ഷെ എന്തെങ്കിലും പണി ചെയ്യാനുണ്ടെങ്കിൽ ഭയങ്കര സ്നേഹമായിരിക്കും. കുറച്ച് നേരം അവിടെ ചുറ്റിപറ്റി നിന്നു.. അപ്പോഴാണ് അമ്മാവന്റെ മകൻ ചന്തു പുറത്തേയ്ക്ക് വന്നത്. എന്റെ അതേ പ്രായമാണ് അവനും.

“ഹരി … വാ കളിക്കാം.. ” ചന്തു ചെസ്സ് ബോർഡ് എടുത്തു കായ്കൾ നിരത്തി.. ഉള്ളിൽ ചിരിക്കാൻ തോന്നി. വിശന്ന് വയറ് കത്തിനിൽക്കുമ്പോൾ എങ്ങിനെയാണ് കളിക്കുക. അമ്മായി അകത്തേയ്ക്ക് പോയ തക്കം നോക്കി ചന്തുവിനോട് കാര്യം അവതരിപ്പിച്ചു.

“ചന്തു ..അനിയൻകുട്ടൻ അവിടെ വിശന്ന് കരയുവാ.. നീ അമ്മായി അറിയാതെ കുറച്ച് അരി എടുത്ത് തരാമോ.??”

അവൻ അത് കേട്ടു കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് അകത്തേയ്ക്ക്പോയി… കുറച്ച് കഴിഞ്ഞ് പുറത്ത് വരുമ്പോൾ ചന്തുവിന്റെ നിക്കറിന്റെ രണ്ട് പോക്കറ്റിലും കുത്തിനിറച്ച അരിയുണ്ടായിരുന്നു.. അതു കൊണ്ട് ഒരു വിധത്തിൽ കഞ്ഞി തയ്യാറാക്കി. പാത്രത്തിലാക്കി അനിയൻ കുട്ടന് കൊടുത്തു. ചൂടൊന്നും വകവയ്ക്കാതെ അനിയൻകുട്ടൻ കഞ്ഞി വലിച്ച്കുടിക്കുന്നത് കണ്ടപ്പോൾ അനുവാദമില്ലാതെ ഒരു തുള്ളി കണ്ണുനീർ താഴെ വീണുടഞ്ഞു..

“ഏട്ടാ .. ഈ കഞ്ഞിക്ക് നല്ല സ്വാദുണ്ട്.. ” അനിയൻ കുട്ടൻ ചുണ്ടുകൾ തുടച്ച് കൊണ്ട് പറഞ്ഞു. പാവം അവനറിയില്ലല്ലോ കഞ്ഞിക്കല്ല സ്വാദ് അവന്റെ വിശപ്പിനായിരുന്നു എന്ന്..

” മക്കളെ ഉറങ്ങുവാണോ..??” അമ്മയുടെ ശബ്ദം. അമ്മ പണി കഴിഞ്ഞ് വന്നിരിക്കുന്നു. “എന്റെ മക്കൾക്ക് ഇപ്പം കഞ്ഞിയാക്കിത്തരാം ട്ടോ…”

നെറ്റിയിലെയും കഴുത്തിലെയും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുവർത്ത് കൊണ്ട് ഒപ്പി അമ്മ ആയാസപ്പെട്ട് അകത്തേയ്ക്ക് വന്നു. കഞ്ഞി കുടിച്ചിരിക്കുന്ന അനിയൻകുട്ടനെ കണ്ട് അമ്മയ്ക്ക് അതിശയം തോന്നി..

“കലത്തിൽ ഒരു മണി അരി പോലുമില്ലായിരുന്നല്ലോ .ഇത് പിന്നെ എവിടുന്നാ..?? അമ്മ ചുറ്റിനും നോക്കി.

” അത് അമ്മെ ,അനിയൻകുട്ടൻ വിശന്ന് കരഞ്ഞപ്പോൾ… അമ്മായിയുടെ വീട്ടിൽ നിന്നും…”

പറഞ്ഞ് മുഴുമിച്ചില്ല .. അമ്മയുടെ മുഖം ചുവന്നു വന്നു. വേലിപത്തൽ ഒടിക്കുന്ന ശബ്ദംകേട്ടു. അമ്മയുടെ ദേഷ്യം തീരും വരെഅടിച്ചു. എന്റെ നിലവിളിയെക്കാൾ അടിയുടെ ശബ്ദമാണ് കൂടുതൽ ഉയർന്നത്. ഞാൻ പൊട്ടിക്കരഞ്ഞു. എന്തിനെന്നറിയാതെ അമ്മയും കൂടെഅനിയൻകുട്ടനും…. സവാധാനം അമ്മയുടെ ദേഷ്യംഅടങ്ങി. എന്റെ കരച്ചിലും. ഉണ്ടായ കാര്യങ്ങൾ വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞു. അത് കേട്ട് അമ്മ പിന്നെയും കരഞ്ഞു. ഞങ്ങളെ രണ്ട് പേരെയും ചേർത്ത്നിർത്തി കണ്ണീരോടെ പരിതപിച്ചു… “എന്റെ കുഞ്ഞുങ്ങൾക്കീ ഗതിവന്നല്ലോ ദൈവമെ.. ” അമ്മയുടെ കൈകൾ അടി കൊണ്ട് തിണർത്ത എന്റെ കാലുകളെ തഴുകിക്കൊണ്ടിരുന്നു.

“എട്ടാ .. മൂടാം അല്ലെ…??” അനിയൻകുട്ടന്റെ ശബ്ദം ഓർമ്മകളിൽ നിന്നുണർത്തി. “അനിയൻ കുട്ടാ… ” ഒന്ന് നിർത്തി .ശബ്ദം അടഞ്ഞത് നേരെയാക്കി കൊണ്ട് തുടർന്നു. ” നിനക്ക് ഓർമ്മയുണ്ടോ..? എത്ര ദിവസം വിശപ്പ് സഹിക്കാൻ പറ്റാതെ കരഞ്ഞിട്ടുണ്ട് നീ…? ദാരിദ്ര്യം എന്താന്ന് നമ്മൾ കുറെ അറിഞ്ഞതല്ലെ..? നീ വെട്ടി മൂടാന്ന് പറഞ്ഞ ഈ ഭക്ഷണം കൊണ്ട് എത്ര പേരുടെ വിശപ്പ് അടക്കാം…? നമ്മൾ കഴിക്കുന്ന ആഹാരത്തിനും അവകാശികൾ വെറെയുണ്ട്. അത് പാഴാക്കിയാൽ കാലം പൊറുക്കൂല അനിയൻ കുട്ടാ…” മുഖം കുനിച്ചിരുന്ന അനിയൻകുട്ടൻ പതിയെ പറഞ്ഞ് തുടങ്ങി.

” ശരിയാണ് ഏട്ടാ.. നമ്മൾ എത്ര പട്ടിണി കിടന്നിട്ടുണ്ട്..? നമുക്ക് വേണ്ടി നമ്മുടെ അമ്മ..!”അവന്റെ സ്വരം ഇടറി. കണ്ണുകൾ നിറഞ്ഞു.

“ഇവിടെ അടുത്ത് ഒരു അനാഥാലയം ഉണ്ട്. അവരെ വിളിച്ച് പറഞ്ഞാൽ മാത്രം മതി. അവർ വന്ന് കൊണ്ട് പൊയ്ക്കൊള്ളും. ഫോൺനംബർ എന്റെടുത്ത് ഉണ്ട്.. ”

എല്ലാം കേട്ടുകൊണ്ട് അടുത്ത് തന്നെ ഉണ്ടായിരുന്ന ചന്തു പറഞ്ഞു.. അനിയൻകുട്ടന്റെ മുഖം തെളിഞ്ഞു. ചന്തുവുമായ് അനാഥാലയത്തിലേയ്ക്ക് ഫോൺ ചെയ്യുവാനായ് നീങ്ങി.

ഞാൻ അമ്മയെ നോക്കി.. അമ്മയവിടെ ഇല്ലായിരുന്നു. എവിടെ പോയ്…?? ഇത്ര വേഗം..? ഭിത്തിയിലെ ഫ്രെയിം ചെയ്ത ഫോട്ടോയിൽ അമ്മ അപ്പോഴും പുഞ്ചിരി തൂവുന്നുണ്ടായിരുന്നു.

ശുഭം. രചന :Nizar Vh

Leave a Reply

Your email address will not be published. Required fields are marked *