അവന്തിക

രചന : അര്യ.കെ.പി ( അന്നു )

അവന്തിക!! പൂപ്പുഞ്ചിരിയുടെ നിറകുടവും അഴകിന്റെ പര്യായവുമായിരുന്നു അവൾ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുതുശ്ശേരി ഇല്ലത്തിനു നിലവിളക്കായി ആയില്യം നാളിൽ ജന്മം കൊണ്ടവൾ. അതും തോരാക്കണ്ണിരുമായ് കാവിലെ

നാഗങ്ങൾക്കു അവളുടെ അച്ഛനമ്മമാർ കൊട്ടഞ്ഞ്ഞ്ചലി നടത്തിയപ്പോൾ നാഗരാജാവും നാഗയക്ഷിയും അവർക്കു കനിഞ്ഞു നൽകിയ വരദാനം….” അവന്തിക.”

കിലുങ്ങിച്ചിരിക്കുന്ന വെള്ളിമണിക്കൊലുസിട്ട് മുത്തശ്ശിയുടെ കൈയ്യും പിടിച്ച് അവൾ നടന്നു. ഏഴിലംപാലയും പുത്തിലഞ്ഞിയും പൂവരശ്ശും പവിഴമല്ലിയും പൂത്തുലഞ്ഞു നടമാടുന്ന ലതകളാൽ അലംകൃതമായ സർപ്പക്കാവും

താമരപ്പൂക്കൾ താലോലിക്കുന്ന ക്ഷേത്രക്കുളവും അവന്തികയുടെ പ്രിയ ഇടങ്ങളായ് മാറി… നാളുകൾ പൂവിതൾ പോൽ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.

ചെമ്പനീർപ്പൂവു വിരിയുന്ന ഏതോ ഒരു രാവിൽ അവന്തികഋതുമതിയായ് ബാല്യം വിട്ടു കൗമാരത്തിലേക്കു കടന്നു. കൺപീലിക്കോണിൽ കൺമഷിയുടെ കറുപ്പു നിറം വർദ്ധിച്ചു, കേശഭാരത്തിൽ കുടമുല്ലപ്പൂക്കൾ ഏറെ സ്ഥാനം പിടിച്ചു.

കൈകളിൽ കരിവളകൾ മാറി കുപ്പിവളകൾ പ്രത്യക്ഷപ്പെട്ടു. അഴകു കൊണ്ടും അംഗലാവണ്യം കൊണ്ടും ആരേയും അതിശയിപ്പിക്കുന്ന ദേവാംഗനയായ് മാറിയ അവന്തിക ചെമ്പട്ടു മാനം പൂത്തിറങ്ങിയ ഒരു നിശാ സന്ധ്യയിൽ സർപ്പക്കാവിൽ

തിരി തെളിയിച്ചു മടങ്ങവെ നീലിച്ച നിറമുള്ള രണ്ടു കണ്ണുകൾ അവളെ പിന്തുടർന്നു ….
ദീപപ്രഭപോൽ അവന്റെ മുഖവും ശോഭിച്ചിരുന്നുവെങ്കിലും അവൾ അവനെ നിത്യവും അവഗണിച്ചു പോന്നു.പവിഴമല്ലിച്ചു

വട്ടിലും പാടത്തും എല്ലാം തന്നെ പിന്തുടരുന്ന ആ നീലകണ്ണുകളെ എപ്പോഴോ അവന്തികയും ശ്രദ്ധിച്ചുതുടങ്ങി. “സൂര്യരശ്മി പോൽ തിളങ്ങുന്ന കാന്തിയോടുകൂടിയവൻ, നീലിച്ച കണ്ണുകൾ, വയലറ്റ് നിറമുള്ള അധരമുള്ളവൻ സൂര്യപ്രഭാ ധൂളിപോൽ

മുടിയിഴകൾ, ചന്ദനവും മഞ്ഞളും ചാലിച്ചെഴുതിയ തിരുനെറ്റി, വെളുത്ത് സ്വർണ നിറമുള്ള മാറത്തു പറ്റിച്ചേർന്നു കിടക്കുന്ന ഏഴ് നൂലുകൾ പിരിച്ചുകെട്ടിയ പൂണുനൂൽ … സ്വർണക്കസവുള്ള ചന്ദന നിറത്തോടു കൂടിയ മുണ്ടും നേര്യതും “…..

അവന്തികയുടെ മനസ്സിൽ മോവുവിടരുന്ന പോൽ അവനോടുള്ള പ്രണയവും വിടർന്നു. ഇലഞ്ഞിപ്പൂമണം രൂക്ഷമാവുന്ന വേളയിൽ അവൾ നാഗക്കാവിൽ തിരി തെളിയിക്കുമ്പോൾ അവനും അവൾക്കൊപ്പം ചിരാത് തെളിയിച്ചു….

അകതാരിൽ ആരോരുമറിയാതെ അലിയിച്ച പ്രണയം പുതുശ്ശേരി ഇല്ലത്ത് ഒരു നാൾ കൊടുങ്കാറ്റായി പടർന്നു … ഇല്ലത്തെ കന്യക തന്നിഷ്ടം കാണിച്ചു പിഴച്ചു പോയാൽ ഉണ്ടാവുന്ന അപമാനമോർത്തപ്പോൾ അച്ഛന്റെ കൈകൾ അന്നാദ്യമായ്

അവന്തികയുടെ കരണത്ത് പതിഞ്ഞു … കരഞ്ഞു കലങ്ങിയ കണ്ണുകളും കൈവിരൽപ്പാടുകളേറ്റു നീലിച്ച കവിൾത്തടങ്ങളും ഒന്നും അവന്തികയുടെ ആത്മാർത്ഥ പ്രണയത്തിന് വിഘ്നമായിരുന്നില്ല …. വരുന്ന ആയില്യം നാളിനു

സർപ്പബലി നടത്തി ഉടൻ തന്നെ മാംഗല്യവും നിശ്ചയിക്കും എന്ന അച്ഛന്റെ വാക്കുകൾ കേട്ടു തളർന്ന അവന്തികയെ അവൻ ” എല്ലാറ്റിനും സമയമായി ” എന്നു പറഞ്ഞു ആശ്വസിപ്പിച്ചു.പ്രിയതമന്റെ തീരുമാനം അറിഞ്ഞ അവന്തിക മനമുരുകി

നാഗരാജാവിനെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു……

ആയില്യം നാളെത്തി. പുതുശ്ശേരി ഇല്ലവും കാവും സർപ്പബലിക്കായി ഒരുങ്ങി … കുരുത്തോലക്കീറും പൂക്കുലയും പുഷ്പങ്ങളും നിറദീപങ്ങളുമായ് കാവ് പ്രശോഭിച്ചപ്പോൾ കുളിച്ചീറനോടെ അവന്തിക കസവു പുടവയുടുത്തു മിഴികളിൽ കരിയെഴുതി

പൊട്ടു തൊട്ട് വളകളും മറ്റുമണിഞ്ഞ് ഈറൻ കാർകൂന്തലിൽ മുല്ലപ്പൂക്കൾ തിരുകി കൈകളിൽ കത്തിച്ചു ചിരാതുമായ് പടി കടന്നെത്തി.അവളുടെ അതിരുകവിഞ്ഞ ആഹ്ളാദം അന്നവിടെ ആരും ശ്രദ്ധിച്ചിരുന്നില്ല ഒരുവേള ശ്രദ്ധിപ്പിച്ചിരുന്നില്ല ..

തുളസിത്തറക്കു മുന്നിൽ ദീപം പകർന്നിട്ടു അവന്തിക അച്ഛനമ്മമാരോടും മുത്തശ്ശിയോടും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയപ്പോൾ മുത്തശ്ശിയുടെ പഴമനസ്സിൽ മാത്രംഎന്തൊക്കെയോ അരുതാഴികകൾ മിന്നിമറഞ്ഞു … എങ്കിലും അതു

പുറത്തു കാണിക്കുവാൻ മാത്രം അവർക്കു കഴിഞ്ഞില്ല … തിരികെ ദീപം കൈയ്യിലെടുത്ത അവൾ വേഗം നഗക്കാവിനെ ലക്ഷ്യമാക്കി നടന്നു… നാഗങ്ങൾക്കു ദീപം തെളിയിച്ച് ആഗ്രഹസാഫല്യത്തിനായി കൈവെള്ളയിൽ വെറ്റില വെച്ച് അതിൽ

മഞ്ഞൾപ്പൊടിയും കദളിപ്പഴവും നാണയവും വെച്ച് കൊട്ടഞ്ഞ്ചലി നടത്തി പ്രാർത്ഥിക്കുമ്പോൾ കൂട്ടമണിയടികേട്ടവൾ തിരിഞ്ഞു നോക്കി….. ചുറ്റിലും ഇലഞ്ഞിപ്പൂമണം പരന്നു: … പ്രസന്നവദനനായി അവൻ! തന്റെ പ്രിയതമൻ … അവൾ

മന്ത്രിച്ചു. പടി കടന്നെത്തിയ അവൻ നാഗവിഗ്രഹങ്ങൾക്ക് നടുവിൽ അഭിഷേകം നടത്തിയ മഞ്ഞൾപ്പൊടിനീരിൽ പുതഞ്ഞ ചരടിൽ കോർത്ത “നാഗത്താലി “പുറത്തെടുത്തു അവന്തികയുടെ അരികിലായ് നിന്നു ‘മനസ്സിൽ നാഗദൈവങ്ങളെ

ധ്യാനിച്ചു ആകാശത്തേക്കു നോക്കി. ചന്ദ്രന്റെ പ്രഭയേറ്റു താലി തിളങ്ങി, പ്രകൃതി അവർക്കായ് കാത്തു നിന്നു, പാലപ്പൂവിന്റെയും പുത്തിലഞ്ഞിയുടേയും ഗന്ധമാനകം പരന്നപ്പോൾ കളത്തിൽ നിന്നും പുള്ളുവൻ പാട്ടിന്റെ ഈരടികൾ

അന്തരീക്ഷത്തിൽ അലയടിച്ചപ്പോൾ അവൻ നാഗങ്ങൾ സാക്ഷിയായി അവന്തികയുടെ കഴുത്തിൽ താലി അണിയിച്ചു. നെറുകയിൽ മഞ്ഞൾപ്പൊടിയും സിന്ദൂരവും ചാർത്തിയപ്പോൾ അവന്തിക അന്നാദ്യമായ് അവന്റെ മാറിലേക്കു ചാഞ്ഞു

മിഴിനീരിൽ സന്തോഷത്തിളക്കവുമായ്.. അന്നേരം അവിടമാകെ കുരവയിടിൽ ചടങ്ങു മാറ്റൊലി കൊണ്ടു…

മനസ്സിൽ വെമ്പുന്ന ഭയവുമായി മുത്തശ്ശി അവിടമാകെ അവന്തിയെ തിരഞ്ഞു. ഇല്ല……. ഇല്ലത്തിന്റെ ഒരു കോണിൽ പോലും അവന്തിക ഇല്ല ….. അവളുടെ അച്ഛനോടു പറയുമ്പോൾ കാണിച്ചു തരുന്നത് കളത്തിലിരുന്നു പൂക്കുലയേന്തി

ആടുന്ന അവന്തികയെ !!! അതു തന്റെ കൊച്ചുമോൾ അല്ലെന്നു മനസ്സിലാക്കിയ മുത്തശ്ശി എന്തോ ഓർത്തിട്ടെന്ന പോൽ നാഗക്കാവിലേക്കു നടന്നു പക്ഷെ സർപ്പപ്രീതിയിൽ ആർത്തലച്ചു പെയ്ത മഴ അവർക്കു മുന്നിൽ തടസ്സമായി നിന്നു.-….

പ്രഭാത കിരണങ്ങൾ പുൽക്കൊടിത്തുമ്പുകളെ തൊട്ടുണർത്തിയപ്പോൾ പുതുശ്ശേരി ഇല്ലത്തു കരിനിഴൽ അലയടിച്ചു…. അവന്തികയെ കാൺമാനില്ല !!!

തേടിയിറങ്ങിയ അവർ അവസാനം കണ്ടു നാഗക്കാവിൽ പവിഴമല്ലിയുടെ ചുവട്ടിൽ വേരറ്റ വെള്ളാമ്പൽ കണക്കെ വീണു കിടക്കുന്ന അവന്തികയെ …..ഞെട്ടിത്തരിച്ചു പോയ അവർ ഒന്നൂടെ കണ്ടു അവന്തികയുടെ കഴുത്തിൽ ആരോ അണിയിച്ച

ഒരു നാഗത്താലി ഒപ്പം നെറുകയിലെ മഴവെള്ളത്തിൽ ഒഴുകിപ്പടർന്ന സിന്ദൂര ചുവപ്പും.പക്ഷെ അവളുടെ പ്രിയതമനെ മാത്രം ആരും അവിടെ കണ്ടിരുന്നില്ല …. പ്രകാശം അസ്തമിച്ചു പോയ അവന്തികയെ വാരിയെടുക്കുമ്പോൾ അവർ വീണ്ടും നടുങ്ങി

അവളുടെ ചൊടികളിൽ നിന്നും ഊറിയിറങ്ങുന്ന “നീലിച്ച നിറമുള്ള രക്തം”…….. എല്ലാം മനസ്സിലാക്കിയ ഇല്ലത്തുകാർ അവന്തികയെ വാരിയെടുത്തു നാഗക്കാവു കടന്നപ്പോൾ ഇലഞ്ഞിപ്പൂമണം ഒഴുകിപ്പടർന്നു, അവളുടെ താലിയഴിഞ്ഞു

പവിഴമല്ലിത്തറയിൽ വീണു.നാഗത്തറ കടന്നതും മുത്തശ്ശി …. എന്നുള്ള വിളി കേട്ടു അവർ തിരിഞ്ഞു നോക്കി പക്ഷെ അഭിഷേകം കഴിഞ്ഞ നാഗത്താൻമാരും പാലപ്പൂക്കളും ഇലഞ്ഞിയും പവിഴമല്ലിച്ചെടികളുമല്ലാതെ അവിടെങ്ങും

ആരുമുണ്ടായിരുന്നില്ല …. നിറകണ്ണുകളുമായ് അവന്തികയുടെ ശരീരവുമായ് അവർ ഇല്ലത്തേക്കു മടങ്ങിയപ്പോൾ നാഗക്കാവിലെ പവിഴമല്ലിച്ചുവട്ടിൽ അവന്തികയുടെ നാഗത്താലിയും സിന്ദൂര ചുവപ്പും മാത്രമായ്….

അന്നേരം എങ്ങുനിന്നോ ഒരു പുള്ളുവൻപാട്ട് അന്തരീക്ഷത്തിലുടെ ഒഴുകി വന്നു കാവിനെ വലയം ചെയ്ത കാറ്റിലലിഞ്ഞലിഞ്ഞു നേർത്തു പൊയ്ക്കൊണ്ടിരുന്നു…..

രചന : അര്യ.കെ.പി ( അന്നു )

Leave a Reply

Your email address will not be published. Required fields are marked *