ഇരട്ട മുറപ്പെണ്ണ്

രചന : അഞ്ജലി മോഹനൻ

അവൾ പടികൾ കയറി വരുന്ന ശബ്‌ദം….. എന്നെ എണീപ്പിക്കാനുള്ള വരവാണ്. കണ്ണ് തുറക്കാൻ പറ്റുന്നില്ല. എങ്കിലും കയറി വരുന്നത് അമ്മയല്ല എന്നുറപ്പിക്കാൻ ഞാൻ കഷ്ടപ്പെട്ട് മിഴകൾ പാതി തുറന്നു.

തുറന്നപ്പോൾ കണ്ടത് അവളുടെ ഒരു കാതിലെ രണ്ടു കമ്മലുകൾ. അവളുടെ വിളി കേൾക്കാൻ കാതോർത്തു കിടന്നു..

ശ്രീയേട്ടാ……എണീക്ക്… മതി ഉറങ്ങീത്.. ഓഫീസിൽ പോണ്ടേ….

എല്ലാ തിങ്കളാഴ്ച്ചതത്തെയും പോലെ ഇന്നും അവളുടെ ശബ്ദത്തിൽ ഒരു കനമുണ്ടായിരുന്നു. കാരണം അവൾക്കറിയാം ആഴ്ചയിൽ കിട്ടുന്ന ഒരേയൊരു ഒഴിവുദിവസം രാത്രി കൂട്ടുക്കാരോടൊപ്പം ചേർന്ന് ഒരു ബീറെങ്കിലും കുടിക്കാതെ ഞാൻ ഉറങ്ങില്ലാന്ന്…

വിളിച്ചിട്ടും ഞാനെണീക്കാത്തോണ്ടാവും അവൾ പറഞ്ഞു.

എന്നാ കിടന്നുറങ്ങ്… ഞാൻ പോവാ….:..

പോവാൻ പിൻതിരിഞ്ഞ അവളുടെ ഇടം കൈയ്യിലാണ് എനിക്ക് പിടി കിട്ടിയത്, അവൾടെ പരിഭവവും പിണക്കവും മാറ്റാൻ ആ കൈ പിടിച്ച് വലിച്ച് അവളെ കിടക്കയിലിട്ടു. അപ്പോഴും എന്റെ കണ്ണുകൾ പാതി ഉറക്കത്തിലായിരുന്നു. ഇന്നലത്തെ ബീറിന്റെ ഹാങ്ങോവർ……

എന്റെ കൈകൾക്കിടയിൽ കിടന്ന് കുതറുന്ന അവളെ ബലമായ് വട്ടം കെട്ടിപിടിച്ചു എന്നത്തേയും പോലെ കാതിൽ മെല്ലെയൊന്ന് കടിച്ചു..

സർവ്വ ശക്തിയുമെടുത്തവൾ എന്റെ കയ്യിൽ നിന്നും കുതറിയെണീറ്റു…. അവൾ കരഞ്ഞുകൊണ്ട് ഓടിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്….

ഈ പെണ്ണിനിതെന്ത് പറ്റി..???… സാധാരണ ഞാൻ അങ്ങനെ ചെയ്യുമ്പോൾ ശകാരവാക്കുകൾ പറയുമെങ്കിലും പിണക്കം മാറ്റി ഒരുമ്മ തന്നിട്ടേ അവൾ പോകാറുള്ളൂ…. ഇന്നെന്താ ഇങ്ങനെ ……:

ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി… മനസ്സൊന്ന് പതറി… ദൈവമേ………. ഇനി പതിവിലും വിപരീതമായി ഗോപുട്ടിയാണോ കേറി വന്നത്……. എന്റെ ഇരട്ട മുറപ്പെണ്ണ്……

ചങ്കിൽ എരിയുന്ന കനൽ ആളികത്താൻ തുടങ്ങി… എത്ര ഉറക്കത്തിലും എന്റെ ദേവൂട്ടിയെ എനിക്ക് തിരിച്ചറിയാം. പക്ഷെ ഇന്നാണെങ്കിൽ കഷ്ടക്കാലത്തിന് ഞാനവളെ നോക്കി പോലുമില്ല. ആകെ കണ്ടത് കമ്മലാണ്…

ഓർത്ത് നോക്കിയപ്പോൾ ഞാനുറപ്പിച്ചു…. ഈശ്വരാ…. അത് ഗോപു തന്നെ.. ദേവൂട്ടിക്ക് സെക്കന്റ് സ്റ്റെഡ് ഇല്ല…

വല്ലാത്ത പരിഭ്രമം… ഞാനാകെ തളർന്ന് പോയി.. തെറ്റ് പറ്റി പോയ് ഇനിയെന്താ ചെയ്യാ…. ദേവൂട്ടിയെങ്ങാനും ഇതറിഞ്ഞാ ഒരു മാസത്തേക്ക് പിന്നെ ഇതിന്റെ പേരിൽ മിണ്ടാതെ നടക്കും. ഛെ:..അവൾ കയറി വന്നപ്പൊ മുഖത്തേക്കൊന്ന് നോക്കാമായിരുന്നു…

പെട്ടെന്ന് എന്റെ കണ്ണ് ക്ലോക്കിലേക്ക് തിരിഞ്ഞു. അയ്യോ .. നേരം വൈകി. പിന്നെ ഓഫീസിലെത്താനുള്ള ഓട്ട പാച്ചിലായിരുന്നു.

ഓഫീസിലിരുന്ന് ഫയലുകൾ തിരിച്ചും മറിച്ചും നോക്കുമ്പോളും രാവിലത്തെ സംഭവം മനസ്സിനെ അലട്ടികൊണ്ടിരുന്നു. വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല. ഇപ്പൊ ഒരു ബീറ് കിട്ടിയിരുന്നെങ്കിൽ ഞാനത് ഒറ്റ വലിക്ക് കുടിച്ചേനെ…….

വൈകിയാണ് വീട്ടിൽ പോയത്. വാതിൽ തുറന്ന അമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ റൂമിൽ കേറി. ദേവൂട്ടിയെ കാണാൻ തോന്നുന്നു. ഫോൺഗ്യാലറിയെടുത്ത് അവളുടെ ഫോട്ടോ നോക്കി കിടന്നു.

മനസ്സുകൊണ്ട് എന്റെ ദേവൂനോട് മാപ്പ് പറഞ്ഞു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പാതിരാത്രിയെപ്പോഴോ കണ്ണടഞ്ഞു പോയി.

പിന്നീട് പരിചിതമായ ആ വിളിയാണ് എന്നെ എഴുന്നേൽപ്പിച്ചത്…

ശ്രീയേട്ടാ… ഒന്നെണീക്ക്…. എത്ര നേരായി ഞാൻ വിളിക്കുന്നു…

ദാ നിക്കുന്നു എന്റെ ദേവുട്ടി….

സെറ്റ് സാരിയുടുത്ത്, ചന്ദനക്കുറി വരച്ച് തലയിൽ തുളസി കതിർ വെച്ച്.. ഈയടുത്തൊന്നും എന്റെ പെണ്ണിനെ ഇത്ര സുന്ദരിയായ് ഞാൻ കണ്ടിട്ടില്ല.

ഈ പ്രാവശ്യം പരിഭവം എന്റെ മുഖത്തായിരുന്നു. ഇന്നലെ ഒരു നോക്ക് കാണാത്തതിന്റെ പരിഭവം. മിണ്ടാത്തതിന്റെ പരിഭവം.പോരാത്തേന് ദേവുട്ടിയാണെന്ന് കരുതി ഗോപുവിനെ കെട്ടിപിടിച്ചതിന്റെ വിഷമവും.

ഞാൻ ചാടിയെണീറ്റ് അല്പം വിഷമത്തോടെ അവളെ മുറുകെ കെട്ടിപിടിച്ചു.

ദേവൂട്ടി ഞാനിന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അറിയോ?:??….

അവളോട് മാപ്പ് പറയാൻ വാ തുറക്കും മുമ്പേ ഞാനവളുടെ കാതിലേക്കൊന്ന് നോക്കി.. 🙄🙄🙄 ഇതാ ഒരു കാതിൽ രണ്ട് കമ്മൽ… ‘

ദേവൂട്ടി നീയെന്നാ സെക്കൻറ്സെറ്റഡ് കുത്തിയത്. ????

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു:…. മിനിഞ്ഞാന്ന് കുത്തിയതാണ്. അതൊന്ന് കാണിക്കാൻ വന്നപ്പോളല്ലെ ശ്രീയേട്ടൻ കൃത്യമായി കാതിനിട്ട് കടിച്ചത്.. എനിക്ക് നന്നായി വേദനിച്ചൂട്ടോ….:

അത് കേട്ടപ്പൊ എന്റെ മനസ്സിനുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അവളോടുള്ള എന്റെ സ്നേഹം ഇരട്ടിച്ചു.

അയ്യേ.. ഇത്ര നാളായിട്ട് നിനക്ക് സാരിയുടുക്കാൻ അറിയില്ലേ… ഞൊറിയൊക്കെ ആകെ ചുളിഞ്ഞൂലോ.. വാ ഞാനുടുത്ത് തരാം….

നാണം കൊണ്ട് ചുവന്ന അവളുടെ കവിളിൽ ഞാനൊന്ന് ചുംബിച്ചു. അവളുടെ നാണം കണ്ട് രസിക്കാൻ ഞാനൊന്നൂടെ ചോദിച്ചു ‘..

ദേവൂട്ടീ… നിന്റെ വലത്തേ ഇടുപ്പിലെ മറു കെവിടെയാ..???? എന്റെ കൈ ബലമായ് പിടിച്ച് അവൾ പറഞ്ഞു അതൊക്കെ അവിടെ തന്നെയുണ്ട്. തൽക്കാലം കാണിക്കാൻ ഉദ്ദേശ്ശിച്ചിട്ടില്ല…

ഓ പിന്നേ… നീയെത്ര നാൾ ഒളിപ്പിക്കും….. എന്തായാലും അതൊക്കെ എനിക്കൊള്ളതല്ലേ……

ഒന്ന് പോ ശ്രീയേട്ടാ….

അയ്യോ ഞാനിറങ്ങട്ടെ ..കൂട്ടുക്കാരീടെ ചേച്ചീടെ കല്യാണത്തിന് പോവാ…. മീര ബസ്റ്റോപ്പിൽ എന്നെ കാത്ത് നിക്കുന്നുണ്ടാവും….

ഒരു വരാലിനെപോലെ ഇന്നും അവൾ വഴുതി പോയി….

അവളാ പടിയിറങ്ങുന്നത് ഞാൻ നോക്കി നിന്നൂ…..

പടികളിറങ്ങുമ്പോൾ ദേവുട്ടിയുടെ കണ്ണുകൾ കലങ്ങിയിരുന്നു. യഥാർത്ഥത്തിൽ ഇന്നലെ സoഭവിച്ചത് ഏട്ടൻ അറിയരുത് അവൾ മനസ്സിൽ പറഞ്ഞു ശ്രീയേട്ടന് പറ്റിയ അബദ്ധം ഇന്നലെ ഗോപു വന്നു പറഞ്ഞപ്പോൾ….

ശ്രീയേട്ടൻ അനുഭവിക്കുന്ന ആ മാനസികാവസ്ഥ എനിക്കല്ലാതെ മറ്റാർക്ക് മനസിലാകുവാനാണ്, ആ മുഖത്തെ വിഷമം എനിക്ക് സഹിക്കാവുന്നതിനേക്കാളും അപ്പുറത്താണ്. ആ മനസ്സിൽ ദുഷിച്ച ചിന്തകളൊന്നും

ഉണ്ടാകില്ലെന്ന് ദൈവത്തേക്കാളും ഉറപ്പായിരുന്നു എനിക്ക്…അതിനു വേണ്ടി എനിക്കിത് മൂടിവച്ചെ മതിയാകു… മനസിലെ ആ വലിയ വേദന ഇറങ്ങി പോകുമ്പോഴും ദേവൂന്റെ കാതുകളിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു…

രചന : അഞ്ജലി മോഹനൻ

Leave a Reply

Your email address will not be published. Required fields are marked *