ഇരുളിന്റെ മറവിൽ നിക്കുമ്പോഴും കണ്മുന്നിൽ നടക്കുന്നതൊന്നും പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

രചന: നിമിഷ സി എം, ജാനി

“എനിക്കീ കുഞ്ഞിനെ വേണം ജോൺ.. നിങ്ങളെന്തു പറഞ്ഞാലും എനിക്കെന്റെ കുഞ്ഞിനെ വേണം !!” ഇത്രയും പറഞ്ഞു ബാൽക്കണിയിൽ റോഡിലേക്ക് നോക്കി നിന്ന് സിഗരറ്റിന്റെ

അവസാനപുകയും ആഞ്ഞു വലിക്കുന്ന ജോണിന്റെ പുതുമയില്ലാത്ത മുട്ടുന്യായങ്ങൾക്ക് കാത്തുനിൽക്കാതെ ഫ്ലാറ്റിൽ നിന്നിറങ്ങി സ്ട്രീറ്റ്ലൈറ്റിന്റെ അരണ്ടവെളിച്ചത്തിൽ റോഡിലൂടെ

തനിച്ചു നടക്കുമ്പോഴും ഭയം തെല്ലുപോലും എന്നെയലട്ടിയില്ല… മനസ്സിലാർജ്ജിച്ച ധൈര്യത്തിനും ദൃഡനിശ്ചയത്തിനും പിറകിൽ എന്റെ അമ്മച്ചിയുടെ മുഖമായിരുന്നു… അന്നത്തെ ആ

ദിവസമായിരുന്നു.. അതുവരെയും കാണാത്ത കാഴ്ചകൾക്കു മുന്നിലെ ഒരു പതിനാറുകാരിയുടെ പകപ്പായിരുന്നു…

അന്നൊരു വെള്ളിയാഴ്ച്ച ദിവസം പള്ളിക്കൂടം വിട്ടു വന്നപ്പോൾ പതിവില്ലാതെ അമ്മച്ചി വട്ടയപ്പം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.. മരംവെട്ടുകാരനായിരുന്ന അപ്പച്ചന്റെ മാത്രം വരുമാനത്തിൽ

കഴിഞ്ഞു പോന്ന ഞങ്ങൾക്ക് അന്നതൊക്കെ വീട്ടിൽ വിരുന്നുകാരുള്ളപ്പോഴോ അല്ലെങ്കിൽ പെരുന്നാളിനോ മാത്രം തീൻമേശയിൽ കിട്ടിയിരുന്ന വിശിഷ്ട വിഭവങ്ങൾ ആയിരുന്നു.. അത്ഭുതം

കൂറിയ മിഴികളോടെ അടുക്കളവാതിൽപ്പടിയിൽ നോക്കിനിന്ന ഞങ്ങൾ മൂന്നു പെൺമക്കളെയും അടുത്ത് വിളിച്ചിരുത്തി ചൂടുള്ള വട്ടയപ്പം പകുത്തു നൽകുന്നതിനിടയിൽ അമ്മച്ചി പറഞ്ഞു :

“കുറച്ചു നാളു കഴിഞ്ഞേ.. നമ്മുടെ വീട്ടില് പുതിയൊരു ആളൂടെ വരാൻ പൂവ്വാ.. ന്റെ ചുന്ദരിമക്കൾടൂടെ കളിക്കാൻ ഒരു അനിയൻ ചെറുക്കൻ.. ”

കേട്ടപാതി പൂത്തിരി കത്തിയപോലുള്ള മുഖവുമായി ചട്ടയുടെ ഇടയിൽകൂടെ കാണുന്ന അമ്മച്ചിയുടെ ഇത്തിരിവയറിൽ മുത്തം വച്ചും പതുക്കെ കൈ ചേർത്തും ഞങ്ങൾ സന്തോഷം

പ്രകടിപ്പിച്ചു.. വൈകിട്ട് കളപ്പുരക്കാരുടെ കശുമാവിൻ തോട്ടത്തിൽ കളിക്കാൻ പോയപ്പോഴും എല്ലാവരോടും വരാൻ പോകുന്ന ഞങ്ങളുടെ അനിയൻകുട്ടനെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നു ഞങ്ങൾ മൂവരും..

എന്നാൽ വൈകിട്ട് അപ്പച്ചൻ വരുന്നതുവരെ മാത്രമേ ഞങ്ങളുടെ സന്തോഷത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ.. അപ്പച്ചൻ വരുന്ന സമയമായപ്പോൾ കളിസ്ഥലത്തു നിന്നും കൊച്ചനിയനു കണ്ടു പിടിച്ച പേരുമായി സന്തോഷത്തിന്റെ ബാക്കി മധുരം പങ്കിടാൻ ഓടിക്കിതച്ചെത്തിയ ഞങ്ങൾ കണ്ടത് ഉമ്മറപ്പടിയിൽ വളഞ്ഞുകൂടി കിടക്കുന്ന അമ്മച്ചിയെയും വീണ്ടും ചവിട്ടാൻ കാലുയർത്തി നിൽക്കുന്ന അപ്പച്ചനെയുമാണ്. ഞങ്ങളെ കണ്ടതും ചവിട്ടാനുയർത്തിയ കാൽ തറയിൽ ആഞ്ഞു ചവിട്ടി അമ്മച്ചിയോട്,

“അടുത്തതും പെണ്ണാണെങ്കി ചെലവിനു കൊടുക്കാനും കെട്ടിച്ചുവിടാനുമുള്ള വക നിന്റെ ചത്തുപോയ തന്ത ഔതക്കുട്ടി കൊണ്ടുവന്നു തരുവോടീ.. “-

എന്നാക്രോശിച്ചു കൊണ്ട് പുറത്തേക്ക് പോയ അപ്പച്ചൻ തിരികെ വന്നത് നാട്ടിൽ പച്ചമരുന്നുകൾ കൊണ്ട് ചില്ലറചികിത്സകളൊക്കെ നടത്തുന്ന നാണിത്തള്ളയുമായിട്ടായിരുന്നു.. അപ്പച്ചൻ തിരികെ

വരുന്നത് വരെ അമ്മച്ചി ഉമ്മറത്തിണ്ണയിൽ അതേ ഇരുപ്പ് ഇരുന്നു.. അമ്മച്ചി കരയുന്നത് കണ്ടു പേടിച്ചു കരഞ്ഞ ഞങ്ങൾ മൂന്നുപേരെയും മാറിൽ ചേർത്തു പിടിച്ചു അമ്മച്ചി.. അപ്പച്ചന്റെ കൂടെ

വന്ന ആ സ്ത്രീ അമ്മച്ചിയെ ഞങ്ങടടുത്തൂന്ന് പിടിച്ചെഴുന്നേൽപ്പിച്ച് അടുക്കളപ്പുറത്തേക്ക് നടന്നു. അപ്പച്ചൻ അടുപ്പിലെ വിറകുകൊള്ളിയിൽ നിന്ന് ചുണ്ടിലെ ബീഡിത്തെറുപ്പിന് തീ പകർത്തി

ഉമ്മറത്തുവന്നിരുന്നു.. അനിയത്തിമാരുടെ കൈ വിടുവിച്ച് അടുക്കളപ്പുറത്തേക്കു ചെന്ന ഞാൻ കണ്ടത് ഓട്ടുഗ്ലാസിൽ എന്തോ പകർന്ന് അമ്മച്ചിയുടെ വായിലൊഴിച്ചു കൊടുക്കുന്ന

അവരെയാണ്.. എന്നെ കണ്ടതും അവർ അടുക്കളയുടെ വാതിൽ അകത്തുനിന്ന് ചേർത്തു വച്ചു. തിരികെ ഉമ്മറത്തേക്ക് നടക്കുമ്പോഴും എന്താണ് നടന്നുകൊണ്ടിരിക്കുന്നത്

എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു.. അപ്പച്ചന്റെ മുഖത്ത് എപ്പോഴുമുള്ള പരുക്കൻ ഭാവമല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല.. വേലിക്കരികിൽ വരെ ഇരുട്ട് പടർന്നെത്തിയ സമയത്ത്

ആ സ്ത്രീ പുറത്തേക്ക് വന്നു.. അപ്പച്ചനോട്‌ എന്തോ പിറുപിറുക്കുന്നതും അപ്പച്ചൻ കയ്യിലേൽപ്പിച്ച കാശ് ബ്ലൗസിനുള്ളിൽ ഭദ്രമാക്കി വേലിക്കെട്ടു കടന്ന് ധൃതിയിൽ പോകുന്നതും കണ്ടു..

കുറച്ചുനേരം കഴിഞ്ഞിട്ടും അമ്മച്ചിയെ പുറത്തേക്ക് കാണാഞ്ഞ് തേടി ചെന്ന ഞാൻ കണ്ടത് അടുക്കളത്തിണ്ണയിലാകെ ഒഴുകിപ്പടർന്ന കറുത്തരക്തമായിരുന്നു.. അതിൽ നിന്നും വമിച്ചിരുന്ന അസഹനീയമായ ഗന്ധം എന്നെ ശ്വാസം മുട്ടിച്ചു.. രൂക്ഷഗന്ധമുള്ള ഒഴുകിപ്പരന്ന ചോരക്കെട്ടിനു നടുവിൽ നനഞ്ഞുകുതിർന്ന് ഇരിക്കുകയായിരുന്നു അമ്മച്ചി.. കണ്ടമാത്രയിൽ അടുത്ത് ചെന്നിരുന്ന് അലറിക്കരയാൻ തുടങ്ങിയ എന്റെ വായ പൊത്തിപ്പിടിച്ച് അമ്മച്ചി പറഞ്ഞത്

“മിണ്ടിപ്പോകരുത്… അപ്പുറത്തെ പെരേലൊക്കെ ആളോളുള്ളതാണ്.. ” എന്നായിരുന്നു.. രണ്ടു കയ്യും വയറിൽ അമർത്തിപിടിച്ചു പല്ലുകൾ കൂട്ടി കടിച്ചു പിടിച്ച് കുറച്ചു സമയം അമ്മച്ചി അനങ്ങാതെയിരുന്നിട്ടെന്നോട് പറഞ്ഞു,

” നീ പോയി കട്ടിലിനു കീഴെ ഇരിക്കുന്ന തകരപ്പെട്ടീന്ന് അപ്പച്ചന്റെ ഒരു മുണ്ടെടുത്ത് രണ്ടാക്കി കീറിക്കൊണ്ട് വാ.. ആ പിന്നെ.. ഒച്ച വച്ച് ഇളയത്തുങ്ങളേം കൂടി അറിയിക്കാൻ നിക്കണ്ട … വേം ചെല്ല്… ”

അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നെങ്കിൽക്കൂടി ശബ്ദത്തിന് തീരെ ഇടർച്ചയില്ലായിരുന്നു.. അമ്മച്ചി പറഞ്ഞത് പോലെ ഞാൻ അപ്പച്ചന്റെ മുണ്ട് രണ്ടായിക്കീറി

കൊണ്ടുവന്നു കൊടുത്തു. പതുക്കെ തിണ്ണയിൽ നിന്നെഴുന്നേറ്റ് കൂനി നടന്നിട്ടും വേച്ചുവീഴാൻ പോവുന്ന അമ്മച്ചിയെ ഞാൻ മറപ്പുര വരെ താങ്ങി പിടിച്ചു.. അപ്പോഴെന്റെ ദേഹത്തിനും ചൂടുള്ള ചോരയുടെ കെട്ട മണമായിരുന്നു..

അമ്മച്ചി ഇറങ്ങിവരുന്നതും കാത്ത് മറപ്പുരയ്ക്ക് പുറത്ത് ഇരുളിന്റെ മറവിൽ നിക്കുമ്പോഴും കണ്മുന്നിൽ നടക്കുന്നതൊന്നും പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു

നേരത്തിനു ശേഷം രണ്ടായി പകുത്ത മുണ്ടിന്റെ ഒരു കഷണം ചുരുട്ടിപ്പിടിച്ചുകൊണ്ട് നടന്നു വന്ന അമ്മച്ചി അടുക്കളമുറ്റത്തിന്റെ തെക്കുവശത്ത് തേങ്ങ പൊതിക്കുന്ന പാര കൊണ്ട് ഒരു ചെറിയ കുഴിയെടുത്ത് കയ്യിലുണ്ടായിരുന്ന കൂട്ടിപ്പിടിച്ച മുണ്ടിൻകഷ്ണം അതിലിട്ട് മൂടുന്നത് കണ്ടു.. ഒരു മൈലാഞ്ചിക്കമ്പു പൊട്ടിച്ച് അതിനുമുകളിൽ കുത്തുന്നതും..

തിരികെ വന്ന അമ്മച്ചി എന്നെക്കെട്ടിപിടിച്ചു ശബ്ദമില്ലാതെ കരഞ്ഞു. അതെന്തിനാണെന്ന് അന്നെനിക്ക് മനസിലായിരുന്നില്ല.. സ്വന്തം ചോരയിൽ പ്രാണൻ പകുത്തു നൽകി ജന്മം നൽകേണ്ട കുഞ്ഞ് ചേതനയറ്റ് വെറുമൊരു മാംസക്കഷണമായി തുടയിടുക്കിലൂടെ ഒലിച്ചുപോകുന്നതിലെ

വേദന മനസിലാക്കാനുള്ള പ്രായവും പക്വതയും അന്നെനിക്ക് ഉണ്ടായിരുന്നില്ല.. ഒരു ആശ്വാസവാക്കെങ്കിലും പറഞ്ഞ് എന്റെ അമ്മച്ചിയെ സമാധാനിപ്പിക്കാൻ എനിക്ക് അറിയുമായിരുന്നില്ല..

കുറച്ചു സമയം കഴിഞ്ഞ് എന്നെ വിട്ട് അമ്മച്ചി കിണറ്റിൻ കരയിലേക്കു നടന്നു… വക്കു പൊട്ടിയ ചുവന്ന ബക്കറ്റിൽ വെള്ളം നിറച്ചു കൊണ്ടുവന്ന് അടുക്കള കഴുകി വൃത്തിയാക്കി.. കുളിച്ചു മാറാനുള്ള തുണികളെടുത്ത് മറപ്പുരയിലേക്ക് പോയി.. തിരിച്ചു വന്ന് അപ്പച്ചനും

ഞങ്ങൾക്കും ചോറുവിളമ്പി തന്നു.. എനിക്കന്ന് എന്തുകൊണ്ടോ ഒരു വറ്റുപോലും കഴിക്കാൻ പറ്റിയില്ല.. ചോരയുടെ കടും ചുവപ്പും കെട്ട മണവും ആയിരുന്നു മനസ്സ് നിറയെ..

പിറ്റേദിവസം ഞങ്ങളുടെ വീടിന്റെ അന്തരീക്ഷം സാധാരണ ദിവസങ്ങളിലേതു പോലെ തന്നെയായിരുന്നു.. അമ്മച്ചി ഉണ്ടാക്കി കൊടുത്ത ഭക്ഷണം കഴിച്ച് അപ്പച്ചൻ പണിക്ക് പോയി.. പക്ഷെ അവർ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല.. പിന്നീട് അനിയൻകുട്ടനെക്കുറിച്ചുള്ള

അനിയത്തിമാരുടെ ചോദ്യങ്ങൾക്ക് കണ്ണീർ നനവുള്ള ഒരു പുഞ്ചിരിയായിരുന്നു അമ്മച്ചിയുടെ മറുപടി.. പിന്നീട് പതിയെ എല്ലാവരും അതു മറന്നു തുടങ്ങി.. എങ്കിലും ചിലനേരങ്ങളിൽ അടുക്കളപ്പുറത്തെ മൈലാഞ്ചിച്ചെടിക്കരികിൽ നിന്നും നിറഞ്ഞ കണ്ണുകളും നനഞ്ഞ മാറിടങ്ങളുമായി കയറി വന്നിരുന്ന അമ്മച്ചിയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ എനിക്ക് പിന്നെയും വർഷങ്ങൾ വേണ്ടി വന്നു..

അവസാനനാളുകളിൽ, ഞങ്ങൾ മക്കളെപ്പോലും തിരിച്ചറിയാൻ കഴിയാത്തവണ്ണം അമ്മച്ചിയുടെ

ഓർമ്മശക്തി നഷ്ടപ്പെട്ടിരുന്നു.. പക്ഷെ, അമ്മച്ചിയുടെ മുറിയിലേക്ക് കടന്നു ചെല്ലുന്ന നിഴലിനോടു പോലും അവർ മുറതെറ്റാതെ ആവശ്യപ്പെട്ടിരുന്നത് പിറക്കാതെ പോയ മകനെയായിരുന്നു..

എന്റെ അമ്മച്ചിയുടെ ജീവിതമാണ് ഇന്നെന്റെ കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിൽക്കില്ലെന്ന് പറയാൻ എന്നെ പ്രാപ്തയാക്കിയത്.. ഉള്ളിലുള്ള ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം ഭർത്താവിന് മുന്നിൽ

അടിയറവു വച്ചുകൊണ്ട് എനിക്കൊരു നല്ല ഭാര്യ ആവേണ്ടായിരുന്നു.. എനിക്കൊരു അമ്മ മാത്രം ആയാൽ മതിയായിരുന്നു .. അപ്പോഴെന്നെ തഴുകി കടന്നു പോയ കാറ്റിന് മൈലാഞ്ചി മണമായിരുന്നു…

രചന: നിമിഷ സി എം, ജാനി

Leave a Reply

Your email address will not be published. Required fields are marked *