ഇഷ്ടമായിരുന്നോ എന്നെ??? തുടർകഥയാണ്

ഭാഗം 1

രചന : ശാരിക

കോരിച്ചൊരിയുന്ന മഴയിൽ സ്കൂട്ടി പാർക്ക് ചെയ്ത് ഹെൽമറ്റും കയ്യിലേന്തി ഓടി കിതച്ചു സ്കൂൾ വരാന്തയിൽ

എത്തിയപ്പോഴേക്കും വേദിക വല്ലാതെ കിതച്ചു പോയിരുന്നു. പത്തു വർഷങ്ങൾക്ക് ശേഷം പഴയ പത്താം തരത്തിലെ

കുട്ടികളുടെ ഒരു കൂടിച്ചേരൽ. അതിനാണ് വേദിക ഡൽഹിയിൽ നിന്നും നാട്ടിലേക്ക് എത്തിയത്. ഡൽഹി

ഐഐടിയിൽ ഫിസിക്സിൽ ഗവേഷണം നടത്തുകയായിരുന്നു വേദിക. ഈ അടുത്താണ് നാട്ടിലെത്തിയത്.

പലരെയും പോലെ പത്തു വർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാൻ ഉള്ള ഒരവസരം വന്നപ്പോൾ വേദികയ്ക്കും

പാഴാക്കാൻ തോന്നിയില്ല. പുറത്തു “പത്തു എ” എന്നു രേഖപ്പെടുത്തിയ ക്ലാസ്റൂമിൽ വേദിക കയറിയിരുന്നു. ആരും എത്തി തുടങ്ങീട്ടില്ല.

എല്ലാർക്കും കുഞ്ഞു കുട്ടി പരാധീനതകൾ ഓക്കെ ആയി താൻ മാത്രം ഇങ്ങനെ ഒറ്റത്തടി ആയത് കൊണ്ട് എപ്പോളും

എവിടേം പോകാമല്ലോ എന്നു വേദിക മനസ്സിലോർത്തു. ഗവേഷണം കഴിഞ്ഞ ശേഷം കല്യാണ കാര്യവും പറഞ്ഞു

കൊണ്ട് അച്ഛനും അമ്മയും പിന്നാലെ നടപ്പുണ്ട്. ക്ലാസ്സിലെ ഏറ്റവും പിറകിൽ ഉള്ള ബെഞ്ചിൽ പോയിരുന്നു വേദിക എല്ലായിടവും നോക്കി. പഴയ ഓടിട്ട

കെട്ടിടത്തിന്റെ ഭംഗിയും സുഖവും ഒന്നും ഇപ്പോൾ അനുഭവിക്കാൻ പറ്റുന്നില്ല. മഴ ചാറ്റലും പൊട്ടിയ ഓടിന്റെ

ഇടയിലൂടെ ക്ലാസ്‌റൂമിൽ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ നനുത്ത സംഗീതവും ഒന്നും.

“ഡീ നീ നേരത്തെ ഇങ്ങു പോന്നൊ?” അനുജ ആണ്. അനു എന്നു വിളിക്കുന്ന അനുജ. ഒരു പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ് ആണ്. പണ്ട് ക്ലാസ്സിലെ ലീഡർ

ആയിരുന്നു അനു. അനുന്റെ ഫ്രണ്ട് ആയത് കൊണ്ട് ഒപ്പിച്ച തരികിടക്കൊന്നും കയ്യും കണക്കുമില്ല. അനു കുറെ

മാറിപ്പോയിരിക്കുന്നു. കല്യാണം കഴിഞ്ഞു ഒരു കുഞ്ഞോക്കെ ആയാൽ പിന്നെ ആരായാലും മാറിപ്പോവില്ലേ.

അല്ലെങ്കിലും രണ്ടു ഭാഗത്തും മുടി പിന്നിക്കെട്ടിയിരുന്ന പഴയ സ്കൂൾ കുട്ടിയിൽ നിന്നു താനും എത്രയോ മാറിപ്പോയി

എന്നു വേദിക ഓർത്തു. എണ്ണമയമുള്ള കറുത്ത മുടിക്ക് പകരം ഷാംപൂ ഇട്ടു പറപ്പിച്ച മുടിയായി ഇന്ന്. പിന്നെ

നാട്ടിന്പുറത്തു നിന്നു ഡൽഹിയിൽ എത്തിയതിന്റെ എല്ലാ മാറ്റങ്ങളും വേദികയിൽ കാണാൻ ഉണ്ടായിരുന്നു.

“ഉവ്വ്…വേറെ പണിയൊന്നും ഇല്ലല്ലോ എനിക്കും” വേദിക ചിരിച്ചു കൊണ്ട് പറഞ്ഞു.

“നിമ്മിയെ കണ്ടില്ലല്ലോ വേദു” അനുജ അന്വേഷിച്ചു.

ബാക് ബെഞ്ചിൽ മൂന്നാമതായി ഇരുന്ന അടുത്ത തരികിട പാർട്ടി, നിമിഷ.

“വരാൻ സാധ്യത കുറവാണ്. രണ്ടു പിള്ളേരായില്ലേ” വേദിക പറഞ്ഞു.

പിന്നെയും ക്ലാസ് മുറിയിൽ പഴയ സഹപാഠികൾ എത്തിക്കൊണ്ടിരുന്നു. വേദികയും അനുജയും എല്ലാവരോടും

സംസാരിച്ചു കൊണ്ട് വിശേഷങ്ങൾ പങ്കു വെച്ചു. അപ്പോളും വേദികയുടെ കണ്ണുകൾ മുറിയുടെ വാതിൽക്കൽ തന്നെ

ആയിരുന്നു. അവൾ ആരെയോ തിരയുന്നത് കണ്ടു ക്ലാസ്സിലുള്ള കുട്ടികൾ അടക്കി ചിരിച്ചു…

ഇവൾ ഇനിം ഇതൊന്നും വിട്ടില്ലേ എന്നാരോ അനുജയോട് ചോദിക്കുന്നുണ്ടായിരുന്നു. ക്ലാസ്സ് മുറിയുടെ വാതിൽക്കൽ

ഒരു മുഖം കണ്ടതും വേദികയുടെ കണ്ണുകൾ തിളങ്ങി, മുഖം തുടുത്തു.

അതേ, പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടിരിക്കുന്നു. വേദികയുടെ സന്തോഷം അശ്രുകണങ്ങളായി

പുറത്തേക്കൊഴുകി.

വിറക്കുന്ന ചുണ്ടുകളോടെ വേദിക ആ പേര് ഉരുവിട്ടു.

” റിച്ചാർഡ്….”

റിച്ചാർഡ് ക്ലാസ്സിൽ എത്തിയതും റിച്ചൂ എന്നു വിളിച്ചു അവന്റെ സുഹൃത്തുക്കൾ കെട്ടിപിടിച്ചു. വേദികയ്ക്ക് ഒരു

ആക്കിയ ചിരി സമ്മാനിച്ചു. വേദിക അവരുടെ ചിരി കണ്ടില്ലെന്നു നടിച്ചു എന്നിട്ട് റിച്ചുവിനെ ആകെ ഒന്നു നോക്കി.

ഇത്തിരി നിറം മങ്ങിയോ എന്നൊരു സംശയം, പക്ഷെ താടിയിലെ ആ കുഞ്ഞു മറുക് ഇപ്പോളും തെളിഞ്ഞു

കാണുന്നുണ്ട്. പഴയ പത്താം ക്ലാസ്സുകാരനിൽ നിന്നു ഇപ്പോൾ ഒരു ഡോക്ടർ ആയി റിച്ചു മാറിയിരിക്കുന്നു.

എംബിബിഎസ് ഡൽഹിയിൽ നിന്നും കഴിഞ്ഞു പിജിക്ക് വേണ്ടി പഠിച്ചോണ്ടിരിക്കുന്നു.

ഇവന്റെ പഠിത്തം ഈ ജന്മം ഒന്നും തീരില്ല എന്നും പിറുപിറുത്തു കൊണ്ട് വേദിക റിച്ചാർഡിനെ നോക്കി ചിരിച്ചു.

” എന്തൊക്കെ ഉണ്ട് റിച്ചൂ വിശേഷങ്ങൾ”

“നല്ല വിശേഷം തന്നെ” റിച്ചാർഡ് ചെറുതായി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“വേദു ഇങ്ങ് വാ” എന്നും പറഞ്ഞു അനു കൈ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. അവിടെ നിമ്മി

ഉണ്ടായിരുന്നു. അവളുടെ രണ്ടു കുഞ്ഞു മാലാഖമാരെയും കൂട്ടിക്കൊണ്ട്. വേദിക കുഞ്ഞുങ്ങളെ താലോലിച്ചു,

നിമ്മിയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

അവൾ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെങ്കിലും ഭർത്താവ് പങ്കു വെക്കുന്ന ചിത്രങ്ങളൊക്കെ

കാണാറുണ്ടെന്നു വേദിക നിമ്മിയോട് പറഞ്ഞു.

” ഹലോ, ഇനി ക്ലാസ്സിലേക്ക് കയറാം, പരദൂഷണങ്ങൾ പിന്നെ പറയാം” ആസിഫ് ആണ്. റിച്ചുവിനെ ഉറ്റ സുഹൃത്ത്.

ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ആണ്.

നിമ്മി അവനെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ട് ക്ലാസ്സിൽ കയറി.

” രണ്ടു പിള്ളേരായിട്ടും ഇവളുടെ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലോ ഡീ” അനു തലയിൽ കൈ വെച്ചു.

പുഞ്ചിരി ആയിരുന്നു വേദികയുടെ മറുപടി. ക്ലാസ്സിലേക്ക് കയറുമ്പോളും വേദികയുടെ കണ്ണുകൾ റിച്ചാർഡിനെ

തിരയുകയായിരുന്നു. എപ്പോളോ അവന്റെ നോട്ടവും തന്നിലാണെന്നു തിരിച്ചെറിഞ്ഞപ്പോൾ വേദിക ഒരു

പുളകത്തോടെ കണ്ണുകൾ മാറ്റി. മുഖത്തു അറിയാതെ നാണത്തിന്റെ അരുണ ശോഭ തെളിഞ്ഞു.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ നോട്ടം നേരിടാൻ പറ്റുന്നില്ല. വീണ്ടും വീണ്ടും വീണ്ടുംആ പഴയ പത്താം

ക്ലാസുകാരി ആകുന്നത് പോലെ. മനസിലേക്ക് വീണ്ടും ഓർമകളുടെ വസന്തം വിരുന്നെത്തിയപ്പോൾ വേദിക

പതുക്കെ കണ്ണുകൾ അടച്ചു.

പത്താം തരത്തിലെ ആദ്യ ദിവസം…

അന്നോളം കാണാത്ത കുട്ടികൾ, കോരിച്ചൊരിയുന്ന മഴ .

ഒമ്പതാം തരത്തിലെ ടോപ്പർ എണീറ്റ് നിക്കൂ എന്നു ടീച്ചർ പറയുന്നത് കേട്ടു വേദിക അശ്രദ്ധമായി നോക്കിയപ്പോളാണ്

ആദ്യമായി റിച്ചാർഡിനെ കണ്ടത്.

അത് ഒരു തുടക്കമായിരുന്നു. എന്തിന്റെയൊക്കെയോ തുടക്കം….

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

Leave a Reply

Your email address will not be published. Required fields are marked *