ഇഷ്ടമായിരുന്നോ എന്നെ??? അവസാനം

രചന. ശാരിക

അനുജയുടെ കൂടെ ക്ലാസ്സിനു വെളിയിലേക്ക് പോകുമ്പോൾ പഴയ ഓർമയിൽ വേദിക തിരിഞ്ഞു നോക്കി. ആ നോട്ടം പ്രതീക്ഷിച്ചെന്ന പോലെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി റിച്ചാർഡ് അവളെയും നോക്കി നിൽപ്പുണ്ടായിരുന്നു….

അവന്റെ മുഖത്തു തെളിഞ്ഞ പുഞ്ചിരി തന്നോട് തന്നെ ആണോ എന്നുറപ്പ് വരുത്തും മുന്നേ അനുജ വേദികയുടെ കൈ പിടിച്ചു മുന്നോട്ടേക്ക് നടന്നു. മനസ്സ് ആ പുഞ്ചിരിയിലേക്ക് പണയം വെച്ചിട്ട് വേദിക

അനുജയോടൊപ്പം നടന്നു നീങ്ങി. ഗേറ്റ് ടുഗതിർ കോ-ഓർഡിനേറ്റർ ആശംസപ്രസംഗം നടത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്ന സമയത്താണ് അനുജയും വേദികയും അങ്ങോട്ടെക്ക് കയറി ചെന്നത്.

” ഓഹ്, നമ്മുടെ ലീഡർ ഇവിടുണ്ടായിരുന്നോ. ആശംസ നേരാൻ ആളായി. അഖീ ദേ ഇവളുടെ പേരും കൂടി എഴുതിക്കോ”

ആദർശ് ആണ്, പരിപാടിയുടെ കോ ഓർഡിനേറ്റർ. ആശംസപ്രസംഗം നടത്താൻ കുറഞ്ഞത് 5 പേരെങ്കിലും വേണം എന്ന പക്ഷക്കാരൻ ആണ് ആദർശ്.

“പിന്നെ, എനിക്ക് വേറെ പണിയൊന്നും ഇല്ല.ഇനിപ്പോ ആശംസിക്കാത്ത കുറവേ ഉള്ളു” അനുജ വിസമ്മതിച്ചു. ” വേദിക, നീയും ആശംസിച്ചോ..ലീഡർക്ക് ഒരു കൂട്ടായിക്കോട്ടെ” ആദർശ് വിടാൻ ഭാവമില്ല.

“എന്നാൽ മോളെ അനു, ഞാൻ ക്ലാസ്സിൽ പോയേക്കാം. നീ ആശംസിച്ചോ” വേദിക തിരിഞ്ഞു നടന്നു. അവളുടെ കൂടെ നടക്കാൻ ആഞ്ഞ അനുജയെ പിടിച്ചു വെച്ചു കയ്യിൽ ഒരു കടലാസും കൊടുത്തു ആദർശ് സ്റ്റാഫ് റൂമിൽ ഇരുത്തി.

അനുജയുടെ മുഖം കണ്ടു വേദികയ്ക്ക് ചിരി പൊട്ടി. ഊറി ചിരിച്ചു കൊണ്ട് അവൾ ക്ലാസ്റൂമിലേക്ക് നടന്നു.

ക്ലാസ്സിൽ എത്തുമ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു. പിന്നീടത് കനത്തു. ആരും മിണ്ടാൻ ഇല്ലാതെ വേദിക ഒറ്റക്കിരുന്നു. നിമ്മി കുഞ്ഞുങ്ങളെ കൂട്ടി ഏതോ ഒഴിഞ്ഞ ക്ലാസ്റൂമിൽ ഉണ്ട്. അപരിചിതരെ കണ്ടാൽ കുട്ടികൾ

കരഞ്ഞാലോ എന്നു പേടിച്ചു. കുറച്ചു സമയത്തിന് ശേഷം അനുജയുടെ വിളി വന്നു. എല്ലാവരോടും ഓഡിറ്റോറിയത്തിൽ എത്താൻ. വേദിക ആ കാര്യം ഉച്ചത്തിൽ എല്ലാവരോടും പറഞ്ഞു.

ക്ലാസ്സിൽ ഉണ്ടായിരുന്ന മിക്കവാറും എല്ലാവരും കുടയുമായി ഓഡിറ്റോറിയത്തിലേക്ക് നടന്നു നീങ്ങി. താൻ മഴക്കോട്ട് മാത്രമാണ് എടുത്തതെന്നും കുട കയ്യിൽ ഇല്ല എന്നും വേദിക ഓർക്കുന്നത് പിന്നീടാണ്.

മഴ ചാറ്റൽ വീഴുന്ന വരാന്തയിൽ അതിന്റെ ശക്തി കുറയാൻ വേണ്ടി വേദിക കാത്തു നിന്നു. “എന്തേ പോകുന്നില്ലേ” കാതിൽ ഒരു മർമരം. റിച്ചാർഡ് ആണ്.

“കുട ഇല്ല” വേദിക അവനെ നോക്കി. “അനുജയെ വിളിച്ചു നോക്ക്.. അവൾ കൂട്ടാൻ വരും”

” ഇല്ല, അവൾ തിരക്കിലാണ്. ആശംസപ്രസംഗം പഠിക്കുന്നുണ്ട്.” വേദിക നിസ്സഹായവസ്ഥയിൽ തല കുലുക്കി. അത് കേട്ടതും റിച്ചാർഡ് തലയാട്ടി കൊണ്ട് കുട നിവർത്തി. ” എന്റെ കൂടെ വരുന്നോ??” വേദികയ്ക്ക് സ്വന്തം ചെവികളെ വിശ്വസിക്കാൻ ആയില്ല.

കൂടെ വരുന്നോ എന്നു!!!!!! അവൾ ഒരു നിമിഷം ശില പോലെ നിന്നു. റിച്ചാർഡ് അവളുടെ കവിളിൽ തട്ടി. “ഡോ, വരുന്നോ”

മന്ദഹസിച്ചു കൊണ്ട് വേദിക അവന്റെ കുടയിലേക്ക് കയറി. മഴ വീണ്ടും കനത്തു. കൂടെ കാറ്റും. കുടയിലേക്ക് മഴനൂലുകൾ അനുവാദമില്ലാതെ കയറി രണ്ടു പേരെയും നനയിച്ചു.

വേദിക നനയാതിരിക്കാൻ റിച്ചാർഡിന്റെ അടുത്തേക്ക് ചേർന്നു നിന്നു. പെട്ടെന്ന് തോളിൽ ഒരു കൈ വീണത് പോലെ തോന്നി വേദികയ്ക്ക്.

തോന്നലല്ല.. സത്യമാണ്. റിച്ചാർഡ് തന്നെ ചേർത്തു പിടിച്ചിരിക്കുന്നു!! അവളുടെ കാലുകൾ അനങ്ങിയില്ല. ആ പേമാരിയിൽ വേദിക നിശ്ചലയായി നിന്നു, റിച്ചാർഡിന്റെ

കണ്ണുകളിലെ ഭാവം മനസ്സിലാക്കുകയായിരുന്നു അവൾ. നനഞ്ഞു കുതിർന്ന സഹജീവിയോട് തോന്നുന്ന സഹതാപം ആണോ അതോ റിച്ചാർഡിന് വേദികയോട് തോന്നുന്ന പ്രണയമാണോ ആ കണ്ണുകളിൽ?

അവൾക്കു അത് മനസിലാക്കാൻ കഴിഞ്ഞില്ല. “വേദിക, വേഗം നടക്കു. അല്ലെങ്കിൽ ഇനിയും നനയും.” റിച്ചാർഡിന്റെ വാക്കുകൾ വേദികയെ ഉണർത്തി. രണ്ടു പേരും ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ നഖം കടിച്ചു കൊണ്ടു ആസിഫ് അവിടെ ഉണ്ടായിരുന്നു.

“ആഹാ, അപ്പോൾ ഇത് വരെ ആയി കാര്യങ്ങൾ അല്ലെ” വേദിക ഒന്നും മിണ്ടാതെ ഓഡിറ്റോറിയത്തിനകത്തേക്ക് പോയി.

പരിപാടി ആരംഭിച്ചു. കഴിഞ്ഞ പത്തു വര്ഷത്തിനിടയ്ക്ക് സംഭവിച്ചതും സംഭവിക്കാത്തതുമായ കാര്യങ്ങൾ പലരും പൊടിപ്പും തൊങ്ങലും ചേർത്തു മൈക്കിന്റെ മുന്നിൽ നിന്നു വിളമ്പുമ്പോൾ വേദികയും കഴിഞ്ഞ പത്തു വർഷത്തെ കഥകൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

————————————————————————-

പത്താം തരം കഴിഞ്ഞു ഇഷ്ടപ്പെട്ട സ്കൂളിൽ പ്ലസ്ടു അഡ്മിഷൻ ശരിയായി. പഠനത്തിന്റെ തിരക്കിലും ഒരു തീരാനോവായി റിച്ചാർഡ് ഉണ്ടായിരുന്നു. പലരുടെയും ഇഷ്ടങ്ങൾക്ക് മുന്നിൽ മുഖം കറുപ്പിച്ചു നിന്നപ്പോഴും

മനസ്സിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവൻ ഏത് സ്കൂളിൽ ആണ് ചേർന്നതെന്നറിയാൻ ഒരുപാട് ശ്രമിച്ചു.

അറിഞ്ഞില്ല. പ്ലസ്ടു അവസാനിക്കാറാകുമ്പോഴാണ് അവൻ തൃശ്ശൂരിൽ ആണ് പഠിക്കുന്നതെന്നറിഞ്ഞത്. ചേട്ടനും ചേച്ചിയും ഡോക്ടർമാർ ആണ് അവന്റെ. സ്വാഭാവികമായും അവനും അതേ ആവൂ..

അവനെകാണാനായി വേദികയും തൃശ്ശൂരിൽ എൻട്രൻസ് കോച്ചിങ്നു ചേർന്നു. പക്ഷെ അവിടെയും നിരാശ ആയിരുന്നു ഫലം. കണ്ടെത്താനായില്ല റിച്ചാർഡിനെ.

എൻട്രൻസ് എഴുതി കിട്ടാതെ ആയപ്പോൾ വേദിക അടുത്ത പരിപാടി നോക്കി. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി. അവൾ അവിടെ ചേർന്നു കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്കിൽ ആക്റ്റീവ് ആയത്. വേദിക ആദ്യം

അന്വേഷിച്ചതും റിച്ചാർഡിനെ ആയിരുന്നു. “റിച്ചാർഡ് സാമുവേൽ, എ ഐ ഐ എം എസ് (AIIMS) ഡൽഹി എന്നു ഫേസ്ബുക്കിൽ കണ്ടതും അവൾ ഞെട്ടിപ്പോയി.

അവനുണ്ട് അടുത്ത്… തൊട്ടടുത്തു…..

അവൾ അവിടെ ചേർന്നു കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്കിൽ ആക്റ്റീവ് ആയത്. വേദിക ആദ്യം അന്വേഷിച്ചതും റിച്ചാർഡിനെ ആയിരുന്നു.

“റിച്ചാർഡ് സാമുവേൽ, എ ഐ ഐ എം എസ് (AIIMS) ഡൽഹി എന്നു ഫേസ്ബുക്കിൽ കണ്ടതും അവൾ ഞെട്ടിപ്പോയി. അവനുണ്ട് അടുത്ത്… തൊട്ടടുത്തു…..

തൊട്ടടുത്ത്‌ റിച്ചാർഡ് ഉണ്ട്.. ആ ചിന്ത പോലും വേദികയുടെ മനസ്സ് കുളിർപ്പിച്ചു. കാണാൻ കഴിയില്ല, മിണ്ടാൻ കഴിയില്ല എന്നാലും കൈ എത്തും ദൂരത്തു അവനുണ്ടല്ലോ..

അത് മതി. വേദിക ആരോടെന്നില്ലാതെ പറഞ്ഞു.

ആ കാരണം കൊണ്ട് പി ജി യും വേദിക ഡൽഹിയിൽ തന്നെ ചെയ്തു. ഇതിനിടയിൽ പലപ്പോഴും പല കാരണങ്ങൾ ഉണ്ടാക്കി എയിമിംസ് ആശുപത്രിയിൽ പോയെങ്കിലും ഒരു തവണ പോലും വേദികയ്ക്ക്

റിച്ചാർഡിനെ കാണാൻ കഴിഞ്ഞില്ല. ഫേസ്ബുക്കിൽ അവൾ അയക്കുന്ന മെസ്സേജുകൾക്കും മറുപടി ഉണ്ടായിരുന്നില്ല.. പി ജി ക്ക് ശേഷം ഗവേഷണം. അതും ഡൽഹിയിൽ തന്നെ.

————————–

നേരം ഉച്ചയോടടുത്തിരിക്കുന്നു. പരിപാടി ഉദ്ദേശിച്ച പോലെ തീരാത്തതിന്റെ ടെന്ഷന് ആദർശിന്റെ മുഖത്തു കാണാം.

“ഇനി സ്വന്തം വിശേഷങ്ങൾ ഷെയർ ചെയ്യാൻ താത്പര്യമുള്ളവർ മാത്രം സ്റ്റേജിലേക്ക് വരാം. അതും അഞ്ചു മിനിറ്റ് മാത്രം”

ആദർശ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. വേദികയ്ക്ക് താല്പര്യം തോന്നിയില്ല. ഫേസ്ബുക്കിലൂടെ എല്ലാവരോടും എല്ലാം പറഞ്ഞിട്ടുണ്ട്.

ഒരാളോടൊഴിച്ചു…..

ഉച്ചഭക്ഷണത്തിന് ശേഷം വേദിക പുറത്തിറങ്ങി. മഴ തോർന്നിരിക്കുന്നു. ക്ലാസ്റൂമിന്റെ കുറച്ചകലെയായി ഉള്ള മാവിൻ ചുവട്ടിൽ അവൾ പോയിരുന്നു. മണ്ണ് നീക്കിയത് കാരണം വേരൊക്കെ പുറത്തേക്ക് കാണാം. മഴ നനഞ്ഞു

കുതിർന്ന വേരുകളൊന്നിൽ അവൾ ഇരിപ്പുറപ്പിച്ചു. മാവിന്റെ തടിയിലേക്ക് ചാരി. അനുജ ക്ലാസ്സിൽ ഇല്ല. ഒരു പേജ് മാത്രം വരുന്ന ആശംസപ്രസംഗം പഠിക്കാൻ ഇവൾക്ക് ഇത്ര സമയം വേണോ എന്നാലോചിച്ചു കൊണ്ട്

വേദിക കണ്ണുകളടച്ചു.

ആരുടെയോ ചുടുനിശ്വാസം കവിളിൽ തട്ടിയപ്പോൾ ആണ് വേദിക കണ്ണു തുറന്നത്. നോക്കിയപ്പോളോ… ഒരു ശ്വാസത്തിനപ്പുറം റിച്ചാർഡ്!!!

അവളുടെ തൊട്ടടുത്തു ഇരുന്നു അവളെ ഉറ്റു നോക്കി കൊണ്ടിരുന്ന റിച്ചാർഡ്!! ” എന്തുറക്കം ആണിത്.. ഞാൻ എത്ര നേരായി ഇവിടെ വന്നിട്ട്!!” അവൻ കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു. വേദിക വാ പൊളിച്ചു നിന്നതെ ഉള്ളു. അവർക്കൊന്നും മനസിലായില്ല.

“റിച്ചാർഡ് എന്താ ഇവിടെ?” അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. റിച്ചാർഡ് പതുക്കെ അവളുടെ വലം കൈ തന്റെ ഇടം കയ്യിൽ ഒതുക്കി എന്നിട്ട് വേദികയെ വീണ്ടും ഉറ്റു നോക്കി. “ന്താ ഇങ്ങനെ നോക്കുന്നെ?” വേദികയ്ക്ക് നാണം വന്നു തുടങ്ങിയിരുന്നു.

“ഞാൻ എത്ര നോക്കിയാലും നീ നോക്കിയത്ര എത്തില്ലല്ലോ വേദൂ.. ” റിച്ചാർഡ് അവളുടെ കയ്യിലെ പിടി മുറുക്കി. “വേദൂന്നു!!!!!!” വേദിക എന്നല്ലാതെ ഇത് വരെയും വിളിച്ചിട്ടില്ല. എന്നിട്ടിപ്പൊ..

അവളുടെ കണ്ണിൽ നിന്നും ആനന്ദബാഷ്പങ്ങൾ ഉതിർന്നു തുടങ്ങി. ” നീ എന്തിനാ കരയുന്നേ.. പത്തു വർഷം കഴിഞ്ഞു കാണുമ്പോൾ നീ എന്തെങ്കിലുമൊക്കെ ചോദിക്കുമെന്നു ഞാൻ കരുതി. എന്തേ ഒന്നും മിണ്ടാഞ്ഞേ?? ”

അതിനും വേദിക മറുപടി പറയാത്തത് കൊണ്ട് റിച്ചാർഡ് തുടർന്നു. ” നീ എന്നെ ഇഷ്ടമാണെന്ന് ആസിഫിനോട് പറയും മുന്നേ തന്നെ എനിക്കറിയാമായിരുന്നു നിന്റെ മനസ്സ്. നിന്റെ കണ്ണുകളിൽ അത് ഞാൻ കണ്ടിരുന്നു.

പത്താം ക്ലാസ് ആയത് കൊണ്ട് പഠിത്തത്തിൽ ഉഴപ്പണ്ട എന്നു കരുതി ഞാൻ എൻറെ ഇഷ്ടം മറച്ചു വെച്ചു. അന്ന് നിനക്ക് അടി കിട്ടിയപ്പോൾ എന്റെ മനസ്സ് എത്ര പിടച്ചു എന്നറിയാമോ” വേദിക അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന് റിച്ചാർഡ് വേദികയുടെ മുഖം അവന്റെ കൈ കുമ്പിളിൽ ഒതുക്കി. ” അന്ന് അവസാനമായി കാണുമ്പോളും നിന്നോട് പറയണം എന്നുണ്ടായിരുന്നു, പക്ഷെ ആസിഫ് കൂടെ ഉള്ളത് കൊണ്ട് നടന്നില്ല. ഡൽഹിയിൽ വെച്ചു നിന്റെ മെസേജ് കണ്ടപ്പോളും ഓടി വന്നു നിന്നെ കാണാൻ മനസ്സ്

ഒരുപാട് വട്ടം കൊതിച്ചതാണ്. പക്ഷെ അന്നും എന്താണെന്നറിയില്ല എനിക്ക് കഴിഞ്ഞില്ല. ഇപ്പോ എനിക്ക് ധൈര്യം വന്നു വേദൂ… എനിക്കിഷ്ടമാണ് നിന്നെ ഒരുപാട് ഒരുപാട്…”

റിച്ചാർഡ് അവന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു. നെറ്റിയിൽ പതിയെ ചുണ്ടമർത്തി.. പ്രണയത്തിന്റെ ആദ്യ രേഖ…ആദ്യ ചുംബനം….

വേദികയ്ക്ക് സന്തോഷം സഹിക്കാൻ ആയില്ല.. കഴിഞ്ഞ പത്തു വർഷമായി നെഞ്ചിൽ അടക്കി വെച്ചതൊക്കെ ഒരു തേങ്ങലായി പുറത്തേക്ക് വന്നു. റിച്ചാർഡിന്റെ നെഞ്ചിൽ മുഖം ചേർത്തു അവൾ വിങ്ങി വിങ്ങി കരഞ്ഞു.

മനസ്സിലെ കാർമേഘങ്ങൾ പെയ്തു തോർന്നിരിക്കുന്നു.

വേദികയുടെ മനസ്സിൽ ഇപ്പോൾ വേറൊന്നും ഇല്ല. റിച്ചാർഡ് അല്ലാതെ. പതിയെ അവൾ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി എന്നിട്ട് എണീറ്റു നിന്നു.

“പോകാം” “എങ്ങോട്ട്” റിച്ചാർഡ് ചോദ്യഭാവത്തിൽ അവളെ നോക്കി. “ഓഡിറ്റോറിയത്തിൽ.. ബാക്കി പരിപാടി കാണണ്ടേ”

“വേണോ? ” എന്നും പറഞ്ഞു റിച്ചാർഡ് എണീച്ചു. വേദികയുടെ മുന്നിൽ പോയി നിന്നു. അവളുടെ ഹൃദയം പുറത്തേക്ക് ചാടുമെന്ന പോലെ തോന്നി. മുഖം നാണത്താൽ ചുവന്നു വന്നു.

റിച്ചാർഡ് അവളുടെ അരക്കെട്ടിലൂടെ കൈ ചേർത്ത് വേദികയെ തന്നോട്‌ അടുപ്പിച്ചു. ഇടം കൈ കൊണ്ട് അവളുടെ നാണത്താൽ കുനിഞ്ഞു പോയ മുഖം ഉയർത്തി.

പത്തു വർഷത്തിന് മുൻപ് കണ്ട റിച്ചാർഡ് തന്നെ ആണോ ഇതെന്ന് വേദികയ്ക്ക് തോന്നിപ്പോയി. ആകെ മാറിപ്പോയിരിക്കുന്നു. ഇത്രയും ധൈര്യം, ഈ പ്രണയമൊക്കെ ഇവൻ ഇതെവിടെ കൊണ്ടു ഒളിപ്പിച്ചു വെച്ചു. ചിന്തിച്ചു നിൽക്കേ വേദികയുടെ കവിളിൽ റിച്ചാർഡിന്റെ ചുണ്ടുകൾ ചുംബനപ്പൂമാല കൊരുത്തു.

വേദിക ഒരു പിടച്ചിലോടെ അവനെ തള്ളി മാറ്റാൻ നോക്കി. റിച്ചാർഡ് ഒരു ചിരിയോടെ അവളുടെ അരക്കെട്ടിലെ പിടി ഒന്നു കൂടി മുറുക്കി.

“ആരെങ്കിലും കാണും” വേദിക അവനെ ദയനീയമായി നോക്കി. ഒത്തിരി പ്രാവശ്യം കൊതിച്ചിട്ടുണ്ട് ഇങ്ങനെ ഒരു മുഹൂർത്തിന്. പക്ഷെ സമയവും സന്ദർഭവും ഇതല്ല. വേദിക പിന്നെയും കുതറി. പക്ഷെ അവൾക്ക് ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല.

റിച്ചാർഡിന്റെ മുഖം കുനിഞ്ഞു തന്നിലേക്ക് വരുന്നത് കിതപ്പോടെ വേദിക അറിഞ്ഞു.

ഒരു പുളകത്തിനായി അവളുടെ കണ്ണുകൾ കൂമ്പി… എത്രയോ വർഷങ്ങളായി കാത്തിരുന്ന പുളകം….

റിച്ചാർഡ് ഒരു ചിരിയോടെ അവളുടെ അരക്കെട്ടിലെ പിടി ഒന്നു കൂടി മുറുക്കി.

“ആരെങ്കിലും കാണും” വേദിക അവനെ ദയനീയമായി നോക്കി. ഒത്തിരി പ്രാവശ്യം കൊതിച്ചിട്ടുണ്ട് ഇങ്ങനെ ഒരു മുഹൂർത്തിന്. പക്ഷെ സമയവും സന്ദർഭവും ഇതല്ല. വേദിക പിന്നെയും കുതറി. പക്ഷെ അവൾക്ക് ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല.

റിച്ചാർഡിന്റെ മുഖം കുനിഞ്ഞു തന്നിലേക്ക് വരുന്നത് കിതപ്പോടെ വേദിക അറിഞ്ഞു.

ഒരു പുളകത്തിനായി അവളുടെ കണ്ണുകൾ കൂമ്പി… എത്രയോ വർഷങ്ങളായി കാത്തിരുന്ന പുളകം….

” ഡീ എന്തുറക്കാ ഇത്.. ” അനുജ തട്ടി വിളിച്ചപ്പോഴാണ് വേദിക കണ്ണു തുറന്നത്. അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. റിച്ചാർഡ് കെട്ടിപ്പിടിച്ചതും ചുംബിച്ചതുമൊക്കെ അവൾ കണ്ടോ എന്തോ. പക്ഷെ എവിടെയും

റിച്ചാർഡിനെ കാണുന്നില്ല. അവൻ എവിടെ? വേദിക മിഴിഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കി. “ഡീ, അവളെ നോക്കണ്ട.. നിമ്മി പോയി. മോളൂട്ടി കരച്ചിലായിരുന്നു. നിന്നെ കുറെ വിളിച്ചു എന്ന് പറഞ്ഞു. ന്തേ ഫോൺ എടുക്കാഞ്ഞെ?”

വേദിക ഒന്നും മിണ്ടാതെ ഫോൺ എടുത്തു നോക്കി. എട്ട് മിസ്ഡ് കോളുകൾ. അനുജയും നിമിഷയും നാലു തവണ വീതം വിളിച്ചിട്ടുണ്ട്.

അപ്പോ റിച്ചാർഡ് വന്നതും മിണ്ടിയതുമൊക്കെ കേവലം സ്വപ്നമായിരുന്നു!!!!! അവൾ എഴുന്നേറ്റ് നിന്നു. അനുജയുടെ കൂടെ ഓഡിറ്റോറിയത്തിലേക്ക് നടന്നു. പഴയ കലാകാരികൾ സ്റ്റേജിൽ പാട്ടു പാടിക്കൊണ്ടിരിക്കുന്നു. വേദികയുടെ മനസ്സ് അവിടെങ്ങും ആയിരുന്നില്ല.

പരിപാടികൾ കഴിഞ്ഞതും ഓഡിറ്റോറിയത്തിൽ നിന്നു ആരവങ്ങളൊഴിഞ്ഞതും അവൾ അറിഞ്ഞില്ല. “ഇങ്ങനെ ഉറക്കം തൂങ്ങാൻ ആയിരുന്നെങ്കിൽ എന്തിനാ നിന്നെ ഇങ്ങോട്ട് കെട്ടി എടുത്തത്?” അനുജ ദേഷ്യത്തോടെ പറഞ്ഞതു കേട്ടു വേദിക മുഖം തുടച്ചു.

പുറത്തേക്ക് നോക്കിയപ്പോൾ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഓരോന്നായി നിരത്തിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയതവൾ കണ്ടു. ഏതോ ഉൾപ്രേരണയാൽ ഗ്രൗണ്ടിലേക്ക് അവൾ ഓടി.

അവിടെ ആസിഫിനോട് സംസാരിച്ചു കൊണ്ട് റിച്ചാർഡ് നിൽപ്പുണ്ടായിരുന്നു. ചോദിക്കാൻ വന്നതെല്ലാം അവളുടെ തൊണ്ടയിൽ കുരുങ്ങി നിന്നു.

ആസിഫിനോട് എന്തോ പറഞ്ഞു തല കുലുക്കി കൊണ്ടു റിച്ചാർഡ് കാറിലേക്ക് കയറി. വേദികയെ കണ്ടപ്പോൾ റിച്ചാർഡ് ഒരു പുഞ്ചിരി സമ്മാനിച്ചെങ്കിലും അവളുടെ കണ്ണുകളിൽ നിറഞ്ഞ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല.

“ഇഷ്ടമായിരുന്നോ എന്നെ? ഇഷ്ടമായിരുന്നോ എന്നെ? ” ഒരായിരം പ്രാവശ്യം ഈ ചോദ്യം അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു.

അവന്റെ കാറിൽ കണ്ണിൽ നിന്നു മറയുന്നത് വരെ വേദികയുടെ കണ്ണുകൾ അവനോട് ചോദിച്ചു കൊണ്ടേ ഇരുന്നു. “ഇഷ്ടമായിരുന്നോ എന്നെ?”

————————————————————-

വർഷങ്ങൾ കടന്നു പോയി.

വേദിക ഇന്നു ഡൽഹി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. കല്യാണം കഴിച്ചത് ഒരു ഐആർഎസ് ഉദ്യോഗസ്ഥനെ, രണ്ടു കുഞ്ഞുങ്ങളുമായി സന്തുഷ്ടമായ കുടുംബം. പക്ഷെ ഇടയ്ക്കൊക്കെ സ്കൂൾ ജീവിതത്തെ പറ്റി ചിന്തിക്കുമ്പോൾ റിച്ചാർഡ് ഒരു നോവാണ്.

അവനോടുണ്ടായിരുന്ന ഇഷ്ടം മനസ്സിൽ ഒരു വിങ്ങലായി ഇന്നും അവശേഷിക്കുന്നു. ഒരുപക്ഷേ അവന്റെ മറുപടിയിൽ തീരുമായിരുന്ന വിങ്ങൽ….

ഇഷ്ടമായാലും അല്ലെങ്കിലും അവന്റെ വായിൽ നിന്ന് കേട്ടിരുന്നെങ്കിൽ എന്നു ചിലപ്പോളൊക്കെ ആഗ്രഹിച്ചു പോകുന്നു. ഇടയ്ക്കൊക്കെ വേദികയുടെ മനസിൽ അവനോടുള്ള ആ ചോദ്യം ചിറകടിക്കാറുണ്ട്. ” ഇഷ്ടമായിരുന്നോ എന്നെ?”…..

അവസാനിച്ചു….

Leave a Reply

Your email address will not be published. Required fields are marked *