ഒരായിരം നക്ഷത്രങ്ങള്‍…

രചന :Ameen Azad

‘കൊല്ലാനുള്ള പകയോടെ അരുണ്‍ , രശ്മിയ്ക്ക് നേരെ അലറിയടുത്തു…

അവളെ അടിക്കാന്‍ ഓങ്ങിയ കൈ പുറകോട്ട് പിന്‍വലിച്ചിട്ട് അവൻ നിന്നലറി…..

“ഇവിടെ കിടന്ന് ചത്താല്‍ ഞാനതിന്‌ സമാധാനം പറയേണ്ടി വരും…..നാശം…എങ്ങോട്ടെങ്കിലും ഒന്നിറങ്ങി പൊയ്ക്കൂടേടി…”

കലി അടങ്ങാത്ത മനസ്സോടെ ബെഡ്റൂമിന്റെ വാതിൽ ശക്തിയായി വലിച്ചടച്ചിട്ട് അവന്‍ പുറത്തേക്ക്‌ ഇറങ്ങി നടന്നു….

വെട്ടിയിട്ട വാഴ കണക്കെ അവൾ തേങ്ങികരഞ്ഞുകൊണ്ട് കട്ടിലിലേക്ക് വീണു……

അവള്‍ക്ക് ഒരമ്മയാവാന്‍ കഴിയില്ലെന്നറിഞ്ഞ നാൾ മുതൽ….,

തീരേ പ്രതീക്ഷിക്കാതെ വീണു കിട്ടിയ ആ ഗ്യാപ്പില്‍ തന്ത്രപൂര്‍വ്വം വിഷം കുത്തി നിറയ്ക്കുകയാണ് അരുണിന്റെ മുറപ്പെണ്ണ് അനുരാധയുടെ അച്ഛൻ വര്‍മ്മ…

അയാള്‍ കാരണം, ഇന്നവന്റെ ചിന്തകള്‍ക്ക് അവളെ കൊല്ലാന്‍ പാകത്തിനുളള സൂചിമുനയോളം മൂര്‍ച്ചയുണ്ട്…..

കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ ഒരേയൊരു അവകാശി….

തന്റെ മകള്‍ അനുഭവിക്കേണ്ട സുഖ-സൗഭാഗ്യങ്ങളുടെ തലപ്പത്തേക്കാണ്‌ ആ നാശംപിടിച്ചവൾ ‘പ്രേമം’ എന്നും പറഞ്ഞ് അവന്റെ മനസ്സിലേക്ക് വലിഞ്ഞുകയറി വന്നത്…

” ഇത്രയുംകാലം ഞാൻ ക്ഷമിച്ചു…..,

“ഇനി ഞാൻ ക്ഷമിക്കില്ല…..

” അവളെ കൊല്ലേണ്ടി വന്നാൽ…ഞാൻ കൊല്ലും….

“എനിക്ക് വലുത് എന്റെ മകളുടെ ജീവിതമാണ്…

വര്‍മ്മയുടെ മനസ്സിൽ അടങ്ങാത്ത പകയുടെ കനലുകള്‍ വല്ലാതെ എരിഞ്ഞു നീറി….

*****

ശൂന്യതയില്‍ നിന്നും ഒരു വലിയ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച അരുണിന്റെ അച്ഛൻ മാധവന്റെ ഉള്ളിലെ നൊമ്പരവും അതു തന്നെയായിരുന്നു…..

“തന്റെ, ഈ കാണുന്ന സ്വത്തുക്കള്‍ക്കൊരു അനന്തരവകാശി ഇല്ലാതെ പോയല്ലോ”

അച്ഛന്റെയും, മകന്റെയും ഒരേ സങ്കടം വര്‍മ്മയുടെ മനസ്സിൽ സന്തോഷത്തിന്റെ പൂക്കാലം തീര്‍ത്തു….

“ദൈവം എന്റെ കൂടെയാണ്……

” ഇനിയൊട്ടും വെച്ച് താമസിപ്പിച്ചുക്കൂട……

എത്രയും വേഗം അവളെ മൂടോടെ പിഴുതെറിഞ്ഞിട്ടു വേണം ആ സ്ഥാനത്ത് എന്റെ മകളെ പ്രതിഷ്ഠിക്കാന്‍…..

അതിനുള്ള കുറുക്ക് വഴികളെ കുറിച്ച് തല പുകഞ്ഞ് ആലോചിച്ചിരിക്കുമ്പോഴാണ്…

തീരേ പ്രതീക്ഷിക്കാതെ, ഒരു ദിവസം മാധവന്റെ ഫോൺ കോൾ അയാളെ തേടി എത്തുന്നത്…..

“സമയം കിട്ടുമ്പോള്‍ മകളെയും കൂടി താൻ വീട്ടിലേക്ക് വാടോ…തന്റെ മോളെ ഞാനൊന്ന് കാണട്ടെ…..യൂറോപ്പിലൊക്കെ പഠിച്ച കുട്ടിയല്ലേ”

ആ നിമിഷം വര്‍മ്മയുടെ മനസ്സിൽ സന്തോഷത്തിന്റെ ഒരായിരം നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി….

പിന്നെ ഒന്നും ചിന്തിച്ചില്ല ‘പുതിയ ബന്ധം ഊട്ടി ഉറപ്പിക്കാന്‍’ കിട്ടിയ അവസരം പാഴാക്കാതെ…തൊട്ടടുത്ത ദിവസം തന്നെ മകളെയും കൂട്ടി അയാള്‍ അവിടെ എത്തി…

വിലകൂടിയ ഹോട്ടല്‍ ഭക്ഷണങ്ങൾ കഴിച്ചു മടുത്ത മാധവന്‍ അതിഥിളുടെ മനസ്സ് വായിച്ചറിഞ്ഞപ്പോലെ ഒരു പക്കാ നാടന്‍ സ്പെഷ്യല്‍ ഫുഡ് തന്നെ റെഡിയാക്കി……

ഉച്ചയോട് അടുപ്പിച്ച് ഒരു പുതുപുത്തൻ ലക്ഷ്വറി കാര്‍ ആ വീടിന്റെ പോര്‍ച്ചില്‍ വന്നു നിന്നു….

പണത്തിന്റെ ഹുങ്കും, വരാൻ പോകുന്ന സ്വപ്ന തുല്ല്യമായ പദവിയും മനസ്സിൽ കുറിച്ചിട്ടുകൊണ്ട് അധികാരത്തോടെ കാറില്‍ നിന്നും അനുരാധ ഇറങ്ങി…..

അച്ഛന്റെ കൂടെ കൊട്ടാരം പോലത്തെ ആ വീടിന്റെ വിശാലമായ ഹോളിലേക്ക് പ്രവേശിക്കുമ്പോള്‍ വേലക്കാരിയുടെ വേഷത്തിൽ അവിടെ മാറി നില്‍ക്കുന്ന രശ്മിയെ ഒരിടം കണ്ണുകൊണ്ട് അവൾ പുച്ഛത്തോടെ അളന്നു മുറിച്ച് നോക്കി….

മുന്‍കൂട്ടി പറഞ്ഞു വെച്ചിരുന്ന പോലെ അനുരാധയുടെ അരികിലായി ആഹാരം കഴിക്കാൻ നേരം അരുണ്‍ ഇരുന്നു…..

“ജീവിതത്തിൽ ആദ്യമായിട്ടാണ്‌ ഇത്രയും രുചിയുള്ള ഒരു നാടന്‍ ഭക്ഷണം ഞാൻ കഴിക്കുന്നതെന്ന് അനുരാധ അറിയാതെ മനസ്സ് തുറന്ന് പറഞ്ഞപ്പോള്‍……

” ശരിയാണ്‌,മോൾ പറഞ്ഞത്….ഞാനും അതു പറയാന്‍ വന്നതായിരുന്നു….കൊള്ളാം, അടിപൊളി ഫുഡ്. അതിരിക്കട്ടെ….താൻ, പുതിയ വേലക്കാരിയെ വെച്ചോ ,അതോ പുറത്തു നിന്നും വാങ്ങിച്ചതോ ”

മകളെ സപ്പോർട്ട് ചെയ്തു കൊണ്ട് സംസാരിക്കാതിരിക്കാന്‍ അയാള്‍ക്കും കഴിയുമായിരുന്നില്ല….കാരണം, അത്രമേല്‍ ഒരു ‘പ്രത്യേക രുചി’ ആ ഭക്ഷങ്ങൾക്ക് ഉണ്ടായിരുന്നു…

അതിഥികളുടെ ചോദ്യത്തിനുള്ള ഉത്തരമായി മാധവന്‍ ചൂണ്ടിക്കാട്ടിയ ആളെ കണ്ടപ്പോൾ അരുണ്‍ ഉള്‍പ്പടെ മൂവരും ഞെട്ടിപ്പോയി…

ഈ വീട്ടില്‍ നിന്നും, അവന്റെ ജീവിതത്തിൽ നിന്നും ഒന്നൊഴിഞ്ഞു പോകാൻ എല്ലാവരും ആഗ്രഹിക്കുന്ന…., ഇഷ്ടപ്പെടുന്ന……

രശ്മി…!!

“ഇതുപോലെ വല്ലതും ഉണ്ടാക്കാൻ എന്റെ ഭാവി മരുമകൾക്ക് അറിയാമൊ….., ഇല്ലല്ലെ”

മാധവന്റെ തീരേ പ്രതീക്ഷിക്കാതെയുളള ആ ചോദ്യത്തിന് മുന്നില്‍ വിരുന്നുകാര്‍ പരുങ്ങാന്‍ തുടങ്ങി….

അരുണ്‍ നിരാശനായി തല കുനിച്ചിരുന്നു…

മാറി നിന്ന രശ്മിയ്ക്ക് അതൊക്കെ കണ്ടപ്പോൾ പെട്ടെന്ന് ചിരി വന്നു , അവളത് പുറത്ത് കാണിക്കാതെ ചുമരും ചാരി നിന്നു….

” ഇതിനെയാണ് നമ്മൾ ‘കൈപുണ്യം’ എന്നൊക്കെ പറയുന്നത്…അത് വെറുതെ അങ്ങനെ എല്ലാവർക്കും കിട്ടുന്ന ഒന്നല്ല…..ദൈവം ചിലര്‍ക്ക്മാത്രം അനുഗ്രഹിച്ച് നല്‍ക്കുന്ന ഒന്നാണ്‌….എന്റെ മരുമകള്‍ക്ക് അത് വേണ്ടുവോളം കിട്ടിയിട്ടുണ്ട്….വിശപ്പിന്റെ വില എന്തെന്ന് ജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുളളവനാണ്‌ ഈ ഞാൻ…..അതു കൊണ്ടായിരിക്കും ഒരു പക്ഷേ…ഈ ആയുസ്സ് കാലം മുഴുവനും കൈ പുണ്യമുളള ഭക്ഷണം കഴിക്കാന്‍ ദൈവം എനിക്ക് ഈ മരുമകളെ തന്നത്….”

ആ വാക്കുകൾ ഒളിയമ്പുകള്‍ പോലെ വന്ന് പതിച്ചു…..അതിഥികളുടെ നെഞ്ചില്‍…

അവളിലെ കുറ്റവും, കുറവും കണ്ടുപിടിച്ച്…. നാല് നേരം വെട്ടിവിഴുങ്ങി ഏമ്പക്കം വിട്ടു മാത്രം ശീലമുണ്ടായിരുന്ന അവന് അച്ഛന്റെ പ്രവചനം ഒരത്ഭുതമായി തോന്നി….

വിരുന്നുകാര്‍ ഭക്ഷണം മതിയാക്കി നൈസായിട്ട് അവിടെനിന്നും എഴുന്നേറ്റു….

ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന്- വര്‍മ്മയ്ക്ക് മനസ്സിലായി.

പുലിപോലെ വന്നവര്‍ എലിപോലെ തിരിച്ച് പോകുന്നത് കണ്ടപ്പോൾ രശ്മി പുഞ്ചിരിച്ചു….

പോര്‍ച്ചില്‍ കിടന്ന കാറിലേക്ക് കയറാൻ തിടുക്കം കൂട്ടിയ വര്‍മ്മയെ സ്വകാര്യമായി ഒരല്‍പ്പം മാറ്റി നിറുത്തി മാധവന്‍ ഒരു താക്കിതിന്റെ സ്വരത്തില്‍ പറഞ്ഞു…..

“നീയൊരു ഭൂലോക ചെറ്റയാണെന്നുളള കാര്യം മറ്റാരെക്കാളും നന്നായിട്ട് എനിക്കറിയാം… പണ്ട്…,എന്റെ മകന്റെ കുട്ടിക്കാലത്ത് പണത്തിന്റെ പിന്‍ബലം കൊണ്ട്….നീ നിന്റെ മകളെ എന്റെ മകനിൽ നിന്നും അകറ്റിനിറുത്തി……അതിനുശേഷം, എന്റെ യാത്രയില്‍ പലപ്പോഴും ഒരു തടസ്സമായി നീ വട്ടം പിടിച്ചു നിന്നിട്ടുണ്ട്….അന്നും-ഇന്നും ബന്ധങ്ങൾക്ക് വലിയൊരു വില കല്പിപ്പിക്കുന്നതു കൊണ്ടാണ് ഞാനൊന്നും മിണ്ടാത്തത്…… പക്ഷെ, ഇപ്പോൾ എന്റെ മകനെയും ചേർത്തു പിടിച്ച് നീ കളിക്കുന്ന ഈ നാറിയ കളിയുണ്ടല്ലോ അത് ഇന്നത്തോടെ നിറുത്തിക്കോ. ഇല്ലെങ്കിൽ….അതുനിന്റെ ഒടുക്കത്തെ ഒരു കളിയായിരിക്കും, മറക്കണ്ട…”

ആ വാക്കുകളിലെ പൊള്ളുന്ന ചൂട്….,

വര്‍മ്മയും ,മകളും പോയ വഴിക്ക് പിന്നെയൊരു പുല്ല് പോലും കുരുത്തില്ല…..

ആട്ടും-തുപ്പും, തൊഴിയും സഹിച്ച് തൊട്ടരുകില്‍ ഉണ്ടായിരുന്നിട്ടും……

മനസ്സിലാക്കാതെ പോയ അവളിലെ ആ വലിയ മഹത്വം, തിരിച്ചറിഞ്ഞപ്പോള്‍…..

മനസ്സുകൊണ്ട്‌ ഒരായിരം വട്ടം ക്ഷമ ചോദിച്ച് ‘കൈ പുണ്യമുളള’ ആ ഭാഗ്യവതിയെ അവന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു…..

രചന :Ameen Azad

Leave a Reply

Your email address will not be published. Required fields are marked *