ഒരു ലോക്ക്ഡൗൺ ആദ്യരാതി

രചന: എം കെ കൈപ്പിനി

രാത്രിയാകുന്തോറും മനോജിന്റെയുള്ളിൽ ഭയം കരിനിഴൽ വീഴ്ത്തി തുടങ്ങി അഞ്ചു വർഷത്തെ പ്രണയ സാക്ഷാൽക്കരമാണ് പൊന്നുവിന്റെ കഴുത്തിൽ ചാർത്തിയ താലി…

പക്ഷെ അവളിലുണ്ടായ മൂകത നെഞ്ചിലൊരു നെരിപ്പോടുണർത്തി

ലോക്ക് ഡൗൺ കാരണം വളരെ മിതമായിട്ടായിരുന്നു വിവാഹം അവളുടെയും എൻ്റെയും വീട്ടുകാരും സുഹൃത്ത്ക്കളുമടക്കം മൊത്തം ഇരുപത്പേർ മാത്രം… ടിക്ടോക്ക്‌ വീഡിയോകൾ കാണുന്നത് പതിവാക്കിയ അവൾക്ക് താലികെട്ടുമ്പോൾ നെറ്റിയിലൊരു മുത്തം നൽകണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു വേറെയുമുണ്ടായിരുന്നു ആഗ്രഹങ്ങൾ വിവാഹദിവസം കരിമണി മാലയും നാഗപടമാലയും, അവളെ അണിയിക്കണം അതെന്റെ ഉത്തരവാദിത്വമാണെന്ന് അവൾ പല തവണ പറഞ്ഞു എങ്കിൽ മാത്രമേ അവളുടെ ചേച്ചിമാരുടെ ഭർത്താക്കന്മാരുടെ മുൻപിലും വീട്ടുകാരുടെ മുൻപിലും എന്റെ അഭിമാനം ഉയരുകയൊള്ളു… ഞങ്ങളുടെ പ്രണയത്തെ എതിർത്തവരെല്ലാം അത് കണ്ട് കണ്ണു തള്ളി നിൽക്കണം… അഞ്ചു വർഷത്തിനിടയിൽ അവൾ ഏറ്റവും കൂടുതൽ സംസാരിച്ചതും വിവാഹ കാര്യങ്ങളായിരുന്നു…

അവളുടെ സ്നേഹത്തിനു മുൻപിൽ എനിക്ക് ആ ആഗ്രഹങ്ങളെല്ലാം ചെറുതായിരുന്നു…

പക്ഷെ എല്ലാം തകിടം മാറിയാൻ ഒരു രാത്രി മതിയല്ലോ.. രാത്രി എട്ടുമണിക്ക് കിട്ടിയ എട്ടിന്റെ പണി നോട്ട് നിരോധനം അതെന്റെ ബിസിനസിനെ തകിടം മറിച്ചു കളഞ്ഞു…

ഒരു വിധത്തിൽ കൈയിലുള്ളതെല്ലാം എടുത്തു ബിസിനസ്‌ പഴയതു പോലെയാവാൻ ഒരു വർഷമെടുത്തു.. അന്നൊക്കെ എന്നെ മാനസികമായി ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് എന്റെ പൊന്നു ആയിരുന്നു… പക്ഷേ കൊറോണ കാരണമുള്ള ലോക്‌ഡൗൺ അതെന്റെ ബിസിനസിനെ പിടിച്ചുലച്ചു കളഞ്ഞു.. കൈയിലുള്ള നീക്കിയിരിപ്പെല്ലാം ബിസിനസ്സിൽ ഇറക്കി പിടിച്ചു നിൽക്കാനുളള മരണപ്പാച്ചിലിനിടയിലാണ്… അവളുടെ ഇടറുന്ന ശബ്ദം എന്നെ തേടി വന്നത് അച്ഛൻ അവൾക്ക് വേറെ കല്ല്യണം ആലോചിക്കുന്നു….

എരിചട്ടിയിൽ നിന്നും വറചട്ടിയിലേക്ക് വീണ അവസ്ഥയായി എന്റേത്…

രണ്ടാനച്ഛനായ അയാളിലെ കൂർമ്മബുദ്ധിയായായിരുന്നു അതിനു പിന്നിൽ.. ഈ സമയത്തു കല്യാണം നടത്തിയാൽ ചിലവ് ലാഭിക്കാം… അതിന് അയാളെ കുറ്റം പറയാൻ പറ്റില്ല അവളുടെ ചേച്ചിമാരെ രണ്ടു പേരെയും അന്തസ്സായിട്ട് കെട്ടിച്ചിറക്കിവിട്ടു പക്ഷെ അതിനു ശേഷം അയാൾ സാമ്പത്തികമായി തകർന്നിരുന്നു…

വീട്ടിൽ കാര്യങ്ങൾ പറഞ്ഞു.. അവളുടെ വീട്ടിൽ പോയി എല്ലാം പറഞ്ഞുറപ്പിച്ചു ഉറപ്പിച്ചു… ആ സമയങ്ങളിലവൾ ആഗ്രഹങ്ങൾ പിന്നെയും പൊടിതട്ടിയെടുത്തു പറയാൻ തുടങ്ങിയെങ്കിലും എന്തൊക്കെയോ ആലോചിച്ച് പറയാതെ പകുതിയിൽ നിറുത്തിയത് എന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് ആണ് എന്നത് എന്റെ കണ്ണിനെ ഈറനണിയിപ്പിച്ചു…

ഏട്ടന്റെ പൊന്ന് ഒന്ന് കൊണ്ടും സങ്കടപെടേണ്ട കുഞ്ഞിന്റെ ആഗ്രഹങ്ങൾ അതെല്ലാം ഏട്ടൻ നടത്തിതരും.. അത് കേട്ടിട്ടാവാം അവളെന്നിലേക്ക് ഒന്നുകൂടി ചേർന്ന് നിന്ന് എന്റെ കവിളൊത്തരുമ്മ നൽകി…

അവളോട് യാത്ര പറഞ്ഞു അമ്പലത്തിൽ നിന്നുപോരുമ്പോഴു ഒന്നിനും ഒരു രൂപമുണ്ടായിരുന്നില്ല…

ഇന്നിപ്പോ കല്യാണത്തിന്റെ അന്ന് അവളുടെ ആഗ്രഹങ്ങൾ ഒന്നു നടത്തിക്കൊടുക്കാൻ സാധിച്ചില്ല… താലികെട്ടി അവളുടെ നെറ്റിയിൽ മുത്തം നൽകി അവളെ നോക്കിയപ്പോൾ അവൾ പുഞ്ചിരി തൂകി എന്നെ നോക്കി.. പക്ഷെ അവളുടെ മുഖത്തുള്ള പുഞ്ചിരി കരിനീലക്കണ്ണുകളിൽ കാണാനില്ലായിരുന്നു. അവ രണ്ടും എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…..

ടാ മനോജേ നീ അവിടെ എന്തെടുക്കുകയ സമയം ഒൻപത് കഴിഞ്ഞു അവൾ അവിടെ ഒറ്റക്കല്ലേ നീ അങ്ങോട്ട് ചെല്ല്….

അമ്മയുടെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്…

*********

സെറ്റു സാരിയുടുത്ത് മുല്ലപ്പൂ ചൂടി പതിവിലും സുന്ദരിയായി അവൾ എന്റെ പൊന്നു….

വാതിൽ കുറ്റിയിട്ട ശബ്ദം കേട്ട് അവൾ പെട്ടന്ന് കട്ടിലിൽ നിന്നുമെണീറ്റു മുഖമുയർത്തി നോക്കി…

കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

എന്തുപറ്റി എന്റെ പൊന്നുവിന്.. എന്തിനായിപ്പോ ഈ കരയണേ…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… ആ നിമിഷം അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

എന്നോട് ക്ഷമിക്ക്‌ ഏട്ടാ… ഏട്ടൻ ബുദ്ധിമുട്ടിലുള്ള സമയത്ത്… ഏട്ടനെ മാനസികമായി താങ്ങി നിർത്തേണ്ട ഞാൻ…. ഞാൻ കാരണം ഏട്ടൻ എത്ര കഷ്ട്ടപെട്ടു… അച്ഛനിപ്പോ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല……

അവൾക്ക് വാക്കുകൾ മുറിഞ്ഞു പോകുന്നു…. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിൽ ചൂട് ലാവാപോലെ ഒലിച്ചിറങ്ങി…. അവളുടെ നെറ്റിയിൽ എന്റെ ചുണ്ടുകൾ അമർത്തി അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി…

ഏട്ടന്റെ പൊന്നു അതോർത്താണോ സങ്കടപെടുന്നത്… എങ്കിലേ ഏട്ടന്റെ കുട്ടി കേട്ടോ….. ഇപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം…. ഒരു പ്രശ്നം വന്നാൽ അത് ഇറക്കിവെക്കാൻ മോളുണ്ടല്ലോ ഏട്ടന്റെ കൂടെ…. ഇപ്പോൾ ഏട്ടന്റെ മോള് കൈ ഒന്ന് നീട്ടിക്കെ

കണ്ണ് തുടച്ചു കൊണ്ട് എന്തിനെന്നർത്ഥത്തിൽ അവളെന്നെ നോക്കി…

കൈ നീട്ട് മോളെ

അവൾ കൈകൾ നീട്ടി ഞാൻ അരയിൽ നിന്നും ഒരു ബോക്സ്‌ എടുത്തു അവൾക്ക് നീട്ടി… അത് തുറന്നു നോക്കിയ അവളുടെ കണ്ണുനിറഞ്ഞൊഴുകി…

ഏട്ടന്റെ കുട്ടി എന്തിനാ കരയുന്നെ…. ഞാനവളുടെ കണ്ണുകൾ തുടച്ചു…

ഏട്ടാ ഇത്… ഇത്.. ആരുടേലും കൈയിൽ നിന്നും കടം വാങ്ങിയിട്ട് വാങ്ങിയതാണോ…. ആണെങ്കിൽ ഏട്ടനിത് കൊടുത്തിട്ട് കടം വീട്ടിക്കൊ.. എനിക്ക് ഏട്ടനേക്കാൾ വലുതല്ല ഒന്നും

അല്ല…. മോളെ ഗൾഫിലുള്ള റസാഖിന് വിസക്ക് വേണ്ടി പൈസ കൊടുത്തിരുന്നില്ലേ… രണ്ടു കൊല്ലം മുൻപ്….. അവൻ ഇന്ന് നാട്ടിൽ വന്നിരുന്നു… കല്ല്യാണമാണെന്നറിഞ്ഞു അവൻ ഇന്ന് ഉച്ചക്ക് വന്നപ്പോൾ കൊടുത്ത ക്യാഷ് തിരിച്ചു തന്നു…

ഉറപ്പാണല്ലോ അല്ലെ….

അതേടി ഈർക്കിലി ചമ്മന്തി…

അങ്ങനെയാണേൽ ഇതെന്റെ കഴുത്തിലിട്ട് തായോ….

ഞാൻ അവളുടെ കഴുത്തിൽ അവ രണ്ടും അണിയിച്ചു…

അവളെ എന്നിലേക്ക് ചേർത്തു… ഒരിക്കലും മറക്കാൻ കഴിയാത്ത ആദ്യരാത്രിയുടെ സുവർണ്ണ നിമിഷങ്ങളിലൂടെ ആ രാവിനെ ഞങ്ങൾ വരവേറ്റു.

ശുഭം..

രചന: എം കെ കൈപ്പിനി

Leave a Reply

Your email address will not be published. Required fields are marked *