കണ്ണേട്ടാ, ശരിക്കും ഇഷ്ടമായിട്ടല്ലേ എന്നെ കെട്ടിയത്…

രചന: Vidhun chowalloor

കണ്ണേട്ടാ……….. കണ്ണേട്ടാ കേൾക്ക്…… സഹതാപം തോന്നിയിട്ട് ആണോ കണ്ണേട്ടൻ എന്നെ വിവാഹം കഴിച്ചത്…..

ഉറങ്ങു അമ്മു…… ഈ നട്ടപ്പാതിരയ്ക്ക് ആണോ നിനക്ക് ഓരോ സംശയങ്ങൾ…..

അല്ല കണ്ണേട്ടാ പറ……. ശരിക്കും ഇഷ്ടമായിട്ടല്ലേ എന്നെ കെട്ടിയത്

ആ ശരിക്കും ഇഷ്ടായി തന്നെയാണ് കെട്ടിയത്

എത്രക്ക് ഇഷ്ടമുണ്ട് എന്നോട്…..

ഒരെണ്ണം തന്നാൽ ഉണ്ടല്ലോ…… മര്യാദയ്ക്ക് കിടന്നുറങ്ങിക്കോ നിന്റെ ഓരോ നട്ടപ്രാന്ത്…..

പിറ്റേന്ന് രാവിലെ ചായ കിട്ടി പതിവുപോലെ കിട്ടാറുള്ള ആ പുഞ്ചിരി മുഖത്തില്ല കാരണം എനിക്കും അവൾക്കും നന്നായിട്ട് അറിയാം……

വേഗം തന്നെ അവളുടെ പിന്നാലെ അടുക്കളയിലേക്ക് പോയി….

അതെ അമ്മു….. ഇന്ന് കിട്ടിയില്ല കേട്ടോ…..

ചായ മേശപ്പുറത്ത് വച്ചിരുന്നല്ലോ കണ്ണേട്ടൻ കണ്ടില്ലേ…..

അത് കണ്ടു കൂടെ ഒരു ചിരി ഇല്ലേ അതാ ഇന്ന് കിട്ടാതെ പോയത്…..

കണ്ണേട്ടാ….. അത് ഇന്ന് സ്റ്റോക്കില്ല തീർന്നുപോയി

ഒന്ന് നോക്കി നോക്ക്…. ഓൾഡ് സ്റ്റോക്ക് വല്ലതുമുണ്ടാവും…. അതല്ലെങ്കിൽ ഒരു ഉഷാർ ഇല്ല……

ഉള്ള ഉഷാർ ഒക്കെ മതി……….

കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൂടെ ഒരു സോറിയും പറഞ്ഞു……

അതിനിടയിൽ അമ്മ കയറിവരുന്നത് ഞാൻ കണ്ടില്ല

അവിടെ ഇവിടെ തട്ടിത്തടഞ്ഞു ഞാൻ മെല്ലെ അടുക്കളയിൽനിന്ന് വലിഞ്ഞു ഉമ്മറത്ത് പോയിരുന്നു…..

പെട്ടെന്നൊരു കുത്ത് കിട്ടി വയറ്റിൽ….

എന്താടി നിനക്ക് വട്ടായോ…..

അമ്മ കണ്ടു…… എന്നെ നാണം കെടുത്താൻ ഓരോന്ന് ഒപ്പിച്ചു വെക്കും എന്നിട്ട് എന്താണെന്ന്……

അത് പിന്നെ എന്റെ ഭാര്യയോട് അല്ലേ ഒരു നാണക്കേട് വിചാരിക്കണ്ട……

എന്നിട്ട് പിന്നെ എന്തിനാ അവിടെ നിന്നും മുങ്ങിയത് എന്നെ ഒറ്റയ്ക്കാക്കി ഇവിടെ വന്നിരിക്കുന്നു ഭയങ്കര ധൈര്യം തന്നെ

അത് പിന്നെ…….

കിടന്നു ഉരുളണ്ട………

അതെന്താടോ നട്ടപ്പാതിരയ്ക്ക് സ്നേഹം കുറയുമോ……….

എന്തേ……

ഇന്നലെ നീ എന്നെ ഉറക്കിയിട്ടില്ല

അത് പിന്നെ നിങ്ങളുടെ വായിൽ നിന്നു തന്നെ അത് കേൾക്കുമ്പോൾ ഒരു രസമാണ് അതാ ഞാൻ സോറി……

സ്വപ്നം വല്ലതും കണ്ടോ നീ…..

മ്മ്….. കണ്ടു തറവാട്ടിൽ മറ്റന്നാൾ ഉത്സവം തുടങ്ങും ചെറിയ അമ്മയും മക്കളും എല്ലാവരും ഉണ്ടാവും എന്നെ കളിയാക്കാൻ…… എന്ത് ചെയ്താലും കുറ്റം ആവും ഇനി ഇനിയുള്ള മൂന്നു ദിവസം കഴിയാതെ എനിക്ക് ഒരു സമാധാനവുമില്ല ഞാൻ കാരണം കഴിഞ്ഞപ്രാവശ്യം ഏട്ടനും നാണംകെട്ടു

അയ്യോ……. അതാണോ ഇത്ര വലിയ ആനത്തല കാര്യം ഇപ്രാവശ്യം എല്ലാത്തിനും നല്ലൊരു പണി കൊടുക്കാം നീ പേടിക്കേണ്ട……

വേണ്ടട്ടോ…. പിന്നെ കൊഞ്ചി നിൽക്കാൻ എനിക്ക് ഇപ്പോൾ സമയമില്ല ഡ്രസ്സ് എല്ലാം പാക്ക് ചെയ്യണം പിന്നെ അത്യാവശ്യത്തിനുള്ള എല്ലാം എടുത്തു വയ്ക്കണം ഇന്ന് ഉച്ചയ്ക്ക് തന്നെ പോകേണ്ടി വരും രാത്രിയിക്ക് മുന്നേ അവിടെ എത്തണം അതാ നല്ലത്………

ശരി…… ഇതിനാണ് പാവം ഇന്നലെ മുഴുവൻ ഉറക്കം കളഞ്ഞത്…..

കുറച്ചു പ്രശ്നമുള്ള ജാതകം ആയിരുന്നു എന്റെ പക്ഷേ അമ്മുവിന്റെ ജാതകത്തിനോട്‌ നല്ല ചേർച്ച ആയിരുന്നു അതിലുപരി അമ്മൂന് സ്വന്തമായി ആരുമില്ല ചെറുപ്പത്തിൽത്തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ടു വളർന്നത് തറവാട്ടിൽ ചെറിയമ്മയുടെയും അവരുടെ മക്കളുടെയും പരിഹാസത്തിനും കുത്തിനോവിപ്പിക്കലിനും ഇടയിലാണ് അമ്മു വളർന്നതും വലുതായതും അവൾക്കെന്തോ കുറവുകൾ ഉള്ള പോലെയാണ് അവരുടെ സംസാരം അത് അവളെവിശ്വസിപ്പിക്കുന്നതിൽ അവർ പരമാവധി വിജയിക്കാറുമുണ്ട് എന്തുപറഞ്ഞാലും വിശ്വസിക്കുന്ന ഒരു സ്വഭാമാണ്‌ അമ്മുവിന്റെ ഒരു പാവം പൊട്ടിപ്പെണ്ണ്……. മറ്റുള്ളവർ വിഷമിക്കുന്നത് അവൾക്ക് തീരെ ഇഷ്ടമില്ല അതിന് കാരണക്കാരി ആവാതിരിക്കാൻ അവൾ പരമാവധി ശ്രമിക്കാറുണ്ട് അതുതന്നെയാണ് ആളുടെ ഏറ്റവും വലിയ പോരായ്മയും….. ഒന്നും എതിർത്തു പറയാൻ അവളിതുവരെ പഠിച്ചിട്ടില്ല……….

ഞാൻ കാർ കഴുകി കുട്ടപ്പനാക്കി…… എല്ലാം റെഡിയാക്കി വെച്ചു

ഡ്രസ്സ് ചെയ്തു…… അമ്മുവിന് മാത്രം കാണുന്നില്ല…

ടാബ്ലെറ്റ്സും മരുന്ന് കുപ്പിയുമായി അവൾ അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് പോകുന്നുണ്ട് അവൾക്ക് പിന്നാലെ ഞാനും കൂടി മരുന്ന് എല്ലാം മേശപ്പുറത്തേക്ക് വെച്ചു

ഇതൊക്കെ രാത്രിക്കുള്ള മരുന്ന് അല്ലേ പിന്നെ എന്തിനാ ഇതൊക്കെ ഇപ്പോൾ എവിടെ കൊണ്ടുവന്നിരിക്കുന്നത്……

അത് ചിലപ്പോൾ ഷെൽഫിൽ വെച്ചാൽ അമ്മ മറക്കും…..

വാ റെഡിയായോ….. പോവണ്ടേ ഇപ്പോൾ ഇറങ്ങിയിലെങ്കിൽ സമയത്ത് അവിടെ എത്തില്ല ….. വേഗം വാ

കണ്ണേട്ടാ രണ്ടുമിനിറ്റ് ദേ വന്നു……

ഞാനൊന്നു ചിരിച്ചു കാരണം രണ്ടു മിനിറ്റ് കൊണ്ട് റെഡി ആവുന്ന ഒരു പെണ്ണും ഈ ലോകത്തില്ല…..

ഇരുട്ടും മുമ്പ് തന്നെ തറവാട്ടിലെത്തി കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ ഒരുപാട് പേരുണ്ട് ചെന്നു കയറിയത് മുതൽ അമ്മു ജോലിത്തിരക്കിലാണ് ഇടയ്ക്ക് വന്നു എന്നോട് എന്തെങ്കിലും വേണമെന്നൊക്കെ അന്വേഷിക്കും

ചിലർക്കൊക്കെ സ്നേഹത്തെക്കാൾ വില ഇന്നും പൊന്നിനും പണത്തിനും തന്നെയാണ് അതെല്ലാം ചെന്നെത്തുന്നത് വലിയ ദുരന്തങ്ങളിലും എല്ലാം മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടായിട്ടും മനസ്സിലായില്ല എന്ന് നടിക്കുന്നവരെ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ് പക്ഷേ കാലം അവർക്കുവേണ്ടി നീക്കി വയ്ക്കാറുണ്ട് എന്തെങ്കിലുമൊക്കെ

ഭക്ഷണം കഴിക്കാൻ എല്ലാവരും ഒത്തുകൂടിയപ്പോൾ ഞാനും അമ്മുവും ഒരുമിച്ചായിരുന്നു ഇരുന്നത് വിളമ്പാൻ ആളില്ല എന്ന് പറഞ്ഞപ്പോൾ ആദ്യം എഴുന്നേറ്റതും അമ്മു തന്നെയായിരുന്നു…..

കാറിൽ തന്നെയാണ് ചാവിയിരിക്കുന്നത് എന്ന് പറഞ്ഞു ഞാൻ മുറ്റത്തേക്കു നടന്നു….

പുതുമോഡിയാണ് അതാ….. കളിയാക്കി ചിരിക്കലും ഞാൻ പുറകിൽ നിന്ന് കേട്ടു മുറ്റത്ത് ഒക്കെ ഒന്ന് കറങ്ങി നടന്നു

ശു….. ശു….

പണ്ടാരം പാമ്പാണോ ഇനി ചെറിയൊരു പേടിയോടെ ഞാൻ താഴെ നോക്കി

നല്ല ധൈര്യം…… കണ്ണേട്ടാ ഞാനാ……

പേടിയൊന്നും അല്ല അമ്മു…. ഇന്ന് കേരളത്തിൽ അവനാണ് ഹീറോ

വാ മതി എല്ലാവരും കഴിച്ചു നമുക്ക് കഴിക്കാംവാ…….

ഭക്ഷണം കഴിച്ചതിനു ശേഷവും മൂപ്പര് ബിസിയാ പാത്രം കഴുകലും സാധനങ്ങൾ ഒതുക്കുന്നതിലും എല്ലാം അവളുടെ കൈ തന്നെ എത്തുന്നുണ്ടായിരുന്നു…..

ഞാൻ സഹായിക്കാണോ എന്ന ചോദ്യത്തിന്

പോയി കിടന്നോ എന്നായിരുന്നു ഉത്തരം

എല്ലാം കഴിഞ്ഞു എന്റെ അടുത്ത് വന്നു

ഉറങ്ങിയില്ലേ സമയം ഒരുപാടായി….

ഏയ് ഉറക്കം വന്നില്ല…..

നാളെ എന്നെ അമ്പലത്തിൽ കൊണ്ട് പോവുമോ തേവരെ തൊഴാൻ

അതിനെന്താ…… കാലത്തു കൊണ്ടുപോവാം പക്ഷേ നിനക്ക് സമയം ഉണ്ടാവുമോ നീ ഫുൾടൈം ബിസി അല്ലേ

അത് പിന്നെ ആരെങ്കിലും വേണ്ടേ ഇതൊക്കെ നോക്കി ചെയ്യാൻ പിന്നെ ഇനി ഞാൻ ചോദിക്കില്ല

എന്ത്……

എന്നെ ഇഷ്ടമാണോ എന്ന്…..

എത്ര പെട്ടെന്ന് ഡൗട്ട് തീർന്നോ….. അതെന്തു പറ്റിയെടാ

ചാവി എവിടെ വച്ച് മറന്നു എന്ന് പറഞ്ഞത് കണ്ണേട്ടൻ മേശപ്പുറത്ത് വെച്ചത് ഞാനാ എടുത്ത് അലമാരയിൽ വെച്ചത്…….

ആണോ……. ഈയിടെയായി മറവി ഇച്ചിരി കൂടുന്നുണ്ട്

മ്മ്….. മനസ്സിലായി എല്ലാം

അമ്മു ഇന്നത്തെ ഈ ലോകത്ത് പഠിപ്പും വിവരവും ഉള്ളവരെ ഒരുപാട് കിട്ടും പക്ഷേ നല്ല മനസ്സുള്ള വരെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് പറഞ്ഞ് അറിയുന്നവരെക്കാൾ അറിഞ്ഞു ചെയ്യുന്നവരെ എല്ലാവരും ബഹുമാനിക്കും ഇഷ്ടപ്പെടും…..

മതി മതി സിദ്ധാന്തം ഒന്നും നിർത്തിക്കോ എനിക്ക് ഒന്നും മനസ്സിലായില്ല ഉറങ്ങിക്കോ…. എല്ലാം മനസ്സിലായെന്ന് ഭാവത്തിൽ ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ……..

ബുദ്ധികൊണ്ട് സ്നേഹിക്കുന്നവരെക്കാളും ഉള്ളുകൊണ്ട് സ്നേഹിക്കുന്നവരെ വിശ്വസിക്കാം പക്ഷേ വാക്കുകളിലൊതുങ്ങി പോകരുതെന്ന് മാത്രം സ്നേഹം ♥️

രചന: Vidhun chowalloor

Leave a Reply

Your email address will not be published. Required fields are marked *