കറുത്ത പെൺകുട്ടി… ചെറുകഥ…

രചന: Rajesh Thamarassery

ആതിര കറുത്തിട്ടാണ്, നല്ലെണ്ണയുടെ നിറമുള്ള കറുപ്പ്. അന്നുവരെ ഞാൻ കണ്ടിട്ടുളളതിൽ ഏറ്റവും നല്ല കറുത്ത സുന്ദരി.

“കറുത്തിട്ടാണെങ്കിലും ഒടുക്കത്തെ ഷെയ്പ്പാടാ”

അഭിയുടെ കമൻറ്റ് , ഒരു ഓണത്തിന്റെ പിറ്റേന്നാണ് അവൾ എന്റെ ഓഫീസിൽ ജോയിൻ ചെയ്തത്, ഞാൻ ആദ്യമായി അവളെ കാണുമ്പോൾ വാരിവിതറിയ പൂക്കൾക്കിടയിലൂടെ പാറിവരുന്ന ഒരു കറുത്ത തുമ്പി .

ആ കാഴ്ച കഴിഞ്ഞിട്ട് ഒരു വർഷത്തിന് ശേഷമാണ് എനിക്ക് അവളെക്കുറിച്ച് എഴുതണമെന്ന് തോന്നിയത്.

ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ അവൾ എപ്പോഴും സീറ്റിൽ ചടഞ്ഞിരിക്കും

“എന്തേ ഞങ്ങളുടെ കൂടെ കൂടില്ലേ”

ഒരു ദിവസം അവളുടെ പിന്നിലേക്ക് കസേര വലിച്ചിട്ട് ഇരുന്നു, പേരറിയാത്ത ഏതോ വാസന പൂക്കളുടെ ഗന്ധം അവൾക്ക് ചുറ്റും നിറഞ്ഞിരുന്നു.

“ആദി സാറെ എന്നെ വിട്ടേക്കണെ നിങ്ങൾക്ക് നല്ല വെളുത്ത ധാരാളം സുന്ദരി കുട്ടികളുണ്ടല്ലോ ”

കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും തലയെടുക്കാതെയാണ് അവൾ പറഞ്ഞത്. എനിക്കതിൽ അത്ഭുതം തോന്നിയിരുന്നില്ല , എന്റെ നോട്ടത്തിലും പ്രവർത്തിയിലും അവൾക്ക് തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഒരിഷ്ട്ടമുണ്ടായിരുന്നല്ലോ. പക്ഷേ അവളുടെ അവസാന വാക്കുകൾ എന്നെ നന്നേ അത്ഭുതപ്പെടുത്തി .

സൂര്യൻ ചെങ്കനൽ കോട്ട വിരിച്ചിട്ട കിഴക്കെ കവാടം കടന്ന് വലിയ ചീനിമരത്തിന്റെ നിഴലിലൂടെ അവൾ നടന്നു വരുന്നത് നോക്കി വഴിയോരത്ത് ഞാനിപ്പോഴും കാത്തിരിക്കാറുണ്ട് .

എണ്ണ നിറമുള്ള നെറ്റിയിൽ ചന്ദന നിറത്തിലും കുങ്കുമനിറത്തിലുമുള്ള കുറിവരച്ച് , വെളിച്ചത്തിൽ തിളങ്ങുന്ന വെളളക്കൽ മൂക്കുത്തി അണിഞ്ഞ് ,ആകാശനീല നിറമുള്ള എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ ചുരിദാർ ധരിച്ച് അവൾ നടന്നുവരുമ്പോൾ, അപ്പോത്തന്നെ ഇടതു കൈപിടിച്ച് എന്റെ ഇല്ലത്തേക്ക് കൂട്ടിപോവാനും തോന്നാറുണ്ട് .

“ഇനി മേലാൽ ആദിസാറെന്റെടുത്ത് ഇതുക്കൂട്ട് സംസാരിക്കരുത്”

ഒരിക്കൽ ഒരു സഹപ്രവർത്തകന്റെ വിവാഹത്തലേന്ന് വലിയ ഹാളിന്റെ മൂലയിൽ അടുത്തടുത്ത് ഇരുന്നപ്പോൾ എന്റെ വാക്കുകൾക്ക് ആദ്യം തന്നെ അവൾ തടയിട്ടു .

“ആതിര എന്തിനാ ഇങ്ങനെ നെഗറ്റീവ് ആവുന്നേ,ഞാൻ എത്രനാളായി പുറകെ വരുന്നു ഇനി എന്നോട് തനിക്കെന്തെങ്കിലും ഇഷ്ടക്കുറവുണ്ടോ ”

“സാറെ പ്ളീസ്”

അവൾ എഴുന്നേറ്റ് നടന്നകന്നു , അവളുടെ പിൻമുടിക്കെട്ടിൽ നിന്ന് വാടിയ തുളസിയില എവിടെയോ അടർന്നു വീണു.

പിന്നീട് എത്രയോ തവണ അകന്നു മാറി പോയി

ഇന്നു ഉച്ചക്ക് മീറ്റിങ് ഹാളിനു പിന്നിലെ നീളൻ വരാന്തയിൽ ഊണു കഴിഞ്ഞ് അവൾ നടന്നു വരുമ്പോൾ ഞാൻ ഇടതു കൈകൊണ്ട് വഴി തടഞ്ഞു.

“ആതിര എനിക്കുത്തരം കിട്ടണം അല്ലാതെ നീ പോവില്ല ”

എന്റെ വാക്കുകൾക്ക് നല്ല ശക്തിയുണ്ടായി, അവൾ തല കുമ്പിട്ടു നിന്നു, നെറ്റിയിലെ ചന്ദനപ്പൊട്ടിൽ വിയർപ്പ് കുതിർന്നു വന്നു .

“ആതിര പറയൂ”

“സാറെ സാറിനെത്ര നമ്പൂരി കുട്ടികളെ കിട്ടും പിന്നെന്തിനാ ന്നെ ഇങ്ങനെ ”

അവളുടെ കണ്ണുകൾ നിറഞ്ഞു, ചിലപ്പോളൊക്കെ അവ മതിലുകൾ ഭേതിച്ച് കവിളിലിറങ്ങി. മരപ്പലക വിരിച്ച ചുമരിൽ അവൾ ചാരി നിന്നു . സീലിങ്ങിലെ മൊട്ടുപോലുളള സ്പീക്കറിൽ നിന്ന് ഓടക്കുഴൽ നാദം ഒലിച്ചു വന്നു.

“നിങ്ങൾ ആൺകുട്ട്യോള് കറുത്ത പെൺക്കുട്ട്യോളെ പിന്നിലു നടക്കണത് നല്ല കാര്യത്തിനല്ലന്നറിയാനിക്ക് ”

അവൾ ഇടതു കൈപ്പത്തി കൊണ്ട് മിഴികളിൽ അമർത്തി തുടച്ചു.

“ഞാനൊരു പാവാ സാറെ ഒറ്റയ്ക്കു കഴിയണ കുട്ടി എന്നയിങ്ങനെ ഉപദ്രവിക്കല്ലെ”

എന്റെ കൈതട്ടി മാറ്റി അവൾ വേഗത്തിൽ നടന്നു പോയി , ഭക്ഷണശാലയിൽ പാത്രങ്ങൾ തട്ടി വീണ ശബ്ദം എന്നെ ഉണർത്തി .

ക്യാബിനിലെ തണുപ്പിൽ ലാപ്പ്ടോപ്പിനു മുന്നിൽ ഏറെ നേരം ചടഞ്ഞിരുന്നു, മനസ്സ് അവളിൽ ലയിച്ചു നിന്നു. ഇല്ലത്തെ തുളസ്സിത്തറക്കു മുന്നിൽ കൈപിടിച്ചു ചേർന്നു നിൽക്കുന്ന വേളിയായി അവളെയല്ലാതെ വെറേ ആരേയും ആലോചിക്കാൻ പറ്റുന്നില്ല.

ലെറ്റർ പാഡ് മുന്നിൽ എടുത്തിട്ട് അതിൽ തലക്കെട്ട് എഴുതി

“ഒരു കറുത്ത പെൺകുട്ടി”

അപ്പോഴാണ് അഭി വാതിൽ തുറന്നു കയറിവന്നത്

“ആതിര രാജിക്കത്ത് കൊടുത്തൂന്ന്, ജി. എം പറഞ്ഞതാ”

തോറ്റുപോയി, മുഖം പൊത്തിയിരുന്നു, നെഞ്ചിൽ കൊടുങ്കാറ്റ് നുരച്ചു വന്നു .

അഭിയെയും കൂട്ടി ആതിരയുടെ ഹോസ്റ്റലിലേക്ക് പോവുമ്പോൾ ഞാൻ മാറി നിന്നിട്ടായാലും അവളെ ഓഫീസിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന് നിനച്ചിരുന്നു .

നനഞ്ഞ രാത്രി , തണുത്ത കാറ്റ് ചെമ്പക മരച്ചില്ലകളെ ഇളക്കി. ഹോസ്റ്റലിന്റെ മുറ്റത്ത് അറുപതിന്റെ ബൾബ് നരച്ച വെളിച്ചം പരത്തി .

ഗ്രാനൈറ്റ് പതിച്ച ചെമ്പകമരത്തറയിൽ വെളുത്ത പൂച്ച ഞങ്ങളെ നോക്കി മുട്ടുകാലിലിരുന്നു.

“ആതിരയെന്താ മിണ്ടാത്തെ ”

“ഒന്നുമുണ്ടായിട്ടല്ല സാറെ, ഈ ലോകത്തെ എനിക്ക് പേടിയാ ”

“ഞാൻ കറുത്തു പോയെന്റെ പേരിലാ അച്ഛൻ അമ്മയെ കൊന്നത്”

അവൾ ഗ്രാനൈറ്റ് തറയിലിരുന്നപ്പോൾ വെളുത്ത പൂച്ച കെട്ടിടത്തിനകത്തേക്ക് ഇറങ്ങിയോടി

“അന്നെനിക്ക് ഏഴു വയസ്സാ സാറെ അമ്മയെ ആരും എന്നെ കാണിച്ചില്ല, ആ വെളുത്ത തുണി മാറ്റി ഒന്നൂടെ കാണാൻ നിക്ക് പറ്റീല്ല, അവസാന ദിവസം എന്നെ സ്കൂളിലേക്ക് വിട്ട ആ മുഖാന്റെ മനസ്സിലിപ്പഴും ”

ഞാൻ എതോ ലോകത്തിലെന്നപോലെ ഹോസ്റ്റലിന്റെ മുറ്റത്ത് നടന്നു . ആതിര ചെമ്പക മരച്ചുവട്ടിൽ തലകുമ്പിട്ടിരുന്നു , മരച്ചില്ലകളുടെ നിഴലുകൾ അവളുടെ ശരീരത്തിൽ വീണു കിടന്നു.

അമ്മയുടെ കോറത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ശവത്തിന്റെ തലക്കരികിലിരിക്കുന്ന ഒരേഴുവയസ്സുകാരി എന്റെ നെഞ്ചിൽ തെളിഞ്ഞു വന്നു .

“മൂന്നാം ദിവസം അച്ഛൻ ജയിലിൽ തൂങ്ങി മരിച്ചപ്പോ, ഈ ലോകത്ത് ഞാൻ തനിച്ചായി .”

ചുണ്ടിൽ പുഞ്ചിരി വരുത്തി അവളെന്റെ മുഖത്ത് നോക്കി, അവളുടെ മിഴികളിലെ നീർക്കണ്ണാടിയിൽ ഭൂതക്കാലത്തിന്റെ പ്രതിബിംബങ്ങൾ നിറഞ്ഞുറഞ്ഞുതുളളി .

“സാറ് പോക്കോ രാത്രി ആയില്ലേ, ഞാൻ നാളെ ഓഫീസിൽ വരാം”

അവൾ എഴുന്നേറ്റ് പൂത്തുനിന്ന സുഗന്ധമല്ലി ചെടിയുടെ അടുത്തു നിന്നു .

” ന്റെ വേളിയായി കൂട്ടണംന്നു കരുതീട്ടാ ഞാൻ പിന്നാലെ നടന്നത്, സാരല്ല്യാ ”

തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു , അഭി കാറിൽ ചാരി നിൽപ്പുണ്ട് . അവനെ കൊണ്ട് വീട്ടിലാക്കീട്ട് നേരെ ഇല്ലത്തേക്ക് പോണം, രണ്ടീസം ലീവെടുത്ത് അവിടിരിക്കണം. അമ്മ പറയുന്ന പഴംങ്കഥകൾക്ക് ഈ നോവുണക്കാൻ ഒരുപക്ഷേ കഴിയും

“ആദി സാറെ; സാറിന്റെ കൂടെ ഇല്ലത്തേക്ക് കൂട്ടാൻ മാത്രം ഭംഗിയൊന്നു നിക്കില്ല ”

“അതിന് തന്നെ ഞാൻ ക്ഷണിച്ചത് ഇല്ലത്തേക്കല്ല ന്റെ നെഞ്ചിലേക്കാ, പിന്നെ ഭംഗി, എന്റെ അമ്മ അതായത് ന്റെ അച്ഛന്റെ വേളിയും കറുത്തിട്ടാ അതൂല്ല അമ്മ നമ്പൂര്യല്ല അത് മുപ്പതു കൊല്ലായിട്ട് ഇല്ലത്തുണ്ട് ”

അവൾ പുഞ്ചിരിച്ചുവോ ,എനിക്കിപ്പോൾ മടങ്ങി പോവാൻ തോന്നുന്നില്ല. പുറത്ത് ആലുവ പുഴക്ക് കുറുകെ ഏതോ തീവണ്ടി പാഞ്ഞു പോയി.

തണുത്ത കാറ്റിൽ എനിക്ക് കുളിരുന്നു, തിരിച്ചു വീണ്ടും കാറിനടുത്തേക്ക് നടന്നു

“ആദി സാറെ”

അവളുടെ പിൻവിളി

“നാളെ എന്നേ ഒന്നൂടെ വിളിക്കോ സാറെ എനിക്കപ്പോ സാറിന്റെ ഇല്ലത്തേക്ക് വരാൻ തോന്നിയാലോ ”

അവൾ കൈപൊത്തി ചിരിക്കുന്നു. എന്റെ കണ്ണുകൾ തട്ടാതിരിക്കാൻ അവൾ മുഖം വിരലുകൾക്കുളളിൽ ഒളിപ്പിച്ചു വെച്ചു.

ഇപ്പോൾ അവളുടെ കറുത്ത നിറം മാഞ്ഞു പോവുകയാണ്‌, അത് എന്നിലേക്കും അഭിയിലേക്കും വെളുത്ത പൂച്ചയിലേക്കും, ചുറ്റുമുള്ള ആരിലേക്കുമൊക്കെയോ പടരുകയാണ് .

ഇപ്പോൾ ലോകത്ത് അവൾ ഒഴിച്ച് എല്ലാവരും കറുത്തിട്ടാണ് .

രചന: Rajesh Thamarassery

Leave a Reply

Your email address will not be published. Required fields are marked *