കഴിഞ്ഞ മാസമാണ് ഞങ്ങൾ രണ്ടാളും നിയമപരമായി വേർപിരിഞ്ഞത്…

രചന: Nimisha Chandrika Thilakan

“സിന്ധു… നീയറിഞ്ഞോ അടുത്തയാഴ്ച നമ്മുടെ ആനന്ദിന്റെ വിവാഹം ആണെന്ന്.. എന്നെയിപ്പോ ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞതാ… ”

കൂടെ വർക്ക് ചെയുന്ന മഞ്ജു പരിഹാസ്യ സ്വരത്തിൽ ആ വാർത്ത ചെവിയിലെത്തിച്ചപ്പോൾ ഒരു നിമിഷത്തിലൊന്ന് അമ്പരന്നു.. പിന്നെ അയാളുടെ സ്വഭാവം ഏറ്റവുമടുത്ത് അറിഞ്ഞ വ്യക്തി എന്ന നിലക്ക് ഒരു ദീർഘനിശ്വാസമെടുത്തു.

മഞ്ജുവിന് മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനെന്റെ ജോലി തുടർന്നു.

കഴിഞ്ഞ മാസമാണ് ഞങ്ങൾ രണ്ടാളും നിയമപരമായി വേർപിരിഞ്ഞത്. ഒരു വർഷം ഒരുമിച്ച് കഴിഞ്ഞെങ്കിലും മനസ് കൊണ്ട് എന്നേ ഞാനയാളിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നു. ഞാനുമായുള്ള ബന്ധം വേർപെടുത്തി ഉടനെ തന്നെ അയാൾ മറ്റൊരാളെ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.. ഇപ്പോഴാണ് അയാളുടെ ജീവിതത്തിൽ എനിക്കുണ്ടായിരുന്ന സ്ഥാനം ശെരിക്കും മനസിലാവുന്നത്.. കേവലം കിടക്ക പങ്കിടാൻ ഒരു പെൺശരീരം മാത്രം.. ഓരോന്ന് ഓർക്കും തോറും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി…

ഓവർ ടൈം ജോലിയുണ്ടായിരുന്നത് കൊണ്ട് തന്നെ കുറച്ചു വൈകിയാണ് വീട്ടിലെത്തിയത്… ആരും കാത്തിരിക്കാൻ ഇല്ലാത്തവൾക്ക് നേരം വൈകിയാൽ എന്ത്‌ ഇല്ലെങ്കിൽ എന്ത്‌??

ആഹാരമൊന്നും ഉണ്ടാക്കാൻ മനസ് പാകപ്പെടാത്തതിനാൽ പുറത്തു നിന്ന് ഒരു പാക്കറ്റ് ബ്രഡ് വാങ്ങി കൈയിൽ കരുതിയിരുന്നു.. നേരെ ചെന്ന് ബെഡിൽ അലച്ചു വീണു.ശൂന്യതയിലേക്ക് കണ്ണും തുറന്നു കിടന്നു.

ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നേരം കൂടെ നിന്നവർ എല്ലാം എന്നെ കുറ്റപ്പെടുത്തിയിരുന്നു. എന്തിനേറെ പറയുന്നു ജന്മം നൽകിയ അമ്മയ്ക്ക് പോലും മുഖം മൂടിയണിഞ്ഞ അയാളെ മാത്രമായിരുന്നു വിശ്വാസം.. എന്റെ ദുർനടത്തിപ്പ് കാരണമാണ് ബന്ധം പിരിയുന്നതെന്ന് അയാൾ എല്ലാവരോടും പറഞ്ഞു നടന്നപ്പോഴും ഞാൻ തിരുത്തിയില്ല.

ഹ്മ്മ്മ്…..

ഒരു വർഷം…. അയാളോടൊപ്പമുള്ള ഒരു വർഷം ശരിക്കും ഒരു യുഗം തന്നെ ആയിരുന്നു… കിടപ്പറക്കുള്ളിൽ അയാൾ കാണിച്ചിരുന്ന പരാക്രമകൾ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ ഒരു നടുങ്ങലാണ്. ഓരോ രാത്രി കഴിയുമ്പോഴും അയാൾ ശരീരത്തിൽ സമ്മാനിച്ച മുറിവുകൾ…. അതിന്നും ഉണങ്ങാതെ എന്റെ മനസ്സിൽ തിണർപ്പുകളായി കിടപ്പുണ്ട്. ഒരു വേട്ട മൃഗത്തെ കിട്ടിയ കണക്കെ അയാൾ എന്റെ ശരീരത്തെ ഭോഗം ചെയ്യുമ്പോഴും ഒന്ന് ശ്വാസം വിടാൻ പോലും കഴിയാതെ ഞാൻ വീർപ്പുമുട്ടിയിട്ടുണ്ട്. കാമത്തിന്റെ മൂര്ധന്യാവസ്ഥയിൽ എത്തി നിർവൃതിയണഞ്ഞു കൊണ്ട് അയാൾ ശരീരത്തിൽ നിന്ന് വേർപെട്ട് പോകുമ്പോഴാണ് ഞാൻ ജീവനോടെ ഉണ്ട് എന്ന് തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നത്.

പേടിയായിരുന്നു എനിക്കയാളെ…. അയാൾ അടുത്ത് വരുമ്പോൾ വേണ്ടാ എന്ന് പറയാൻ പലകുറി മനസ് കൊതിച്ചിട്ടും ഭ്രാന്തമായ അയാളുടെ പരാക്രമങ്ങൾക്ക് മുന്നിൽ ഞാൻ നിസ്സഹായയായി നിന്നു.

ഒരിക്കൽ സർവ നിയന്ത്രണവും വിട്ട് ഞാൻ അലറി വിളിച്ചു . ഫിസിക്കലി സാറ്റിസ്‌ഫൈഡ് ആകാൻ കഴിയുനില്ല എന്ന് കരഞ്ഞു പറഞ്ഞതും അയാൾ എന്റെ കരണം നോക്കി ആഞ്ഞടിച്ചു… ആ അടിയിൽ തന്നെ ഞാൻ താഴെ വീണു കഴിഞ്ഞിരുന്നു… അബോധ അവസ്ഥയിലും ശരീരത്തിലൂടെ അയാൾ ഇഴഞ്ഞു നീങ്ങുന്നത് ഞാനറിഞ്ഞു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നികൃഷ്ടമായ മനുഷ്യ ജന്മം!.

പിറ്റേന്ന് രണ്ടും കല്പിച്ചു ഞാനവിടെ നിന്ന് പടിയിറങ്ങി… അയാൾ ആ അവസരം മുതലെടുത്തു കാരണം എന്റെ ശരീരത്തെ അയാൾക്ക് മടുത്തു തുടങ്ങിയിരുന്നു.

എന്റെ ജീവിതം കൊണ്ട് ഞാൻ പഠിച്ച ചില പാഠങ്ങൾ ഉണ്ട്. ഏതൊരു പെണ്ണും ആദ്യം ശീലിക്കേണ്ടത് നോ പറയേണ്ടിടത്ത് നോ പറയാൻ തന്നെയാണ്.. അതിപ്പോ ജന്മം നൽകിയ പിതാവായാലും പാതി ജീവനായ പതിയായാലും… അല്ലെങ്കിൽ ഒരു നാൾ നിന്റെ ജീവിതവും ചവറ്റുകുട്ടയിലേക്ക് ചുരുട്ടി എറിയപെട്ട കടലാസ് തുണ്ടുകൾക്ക് സമമാകും… എത്ര നിവർത്തിയാലും പഴയ പടി ആകാത്ത വിധം.

രചന: Nimisha Chandrika Thilakan

Leave a Reply

Your email address will not be published. Required fields are marked *