കോളേജിൽ വെച്ച് കണ്ടപ്പോൾ മുതൽ തുടങ്ങിയ പ്രണയമാണ്…

രചന: മഹാ ദേവൻ

“നിനക്കീ ചട്ടുകാലിയെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളൂ ” എന്ന് പലരും ചോദിച്ചപ്പോഴും ” അവളുടെ കാലിനാണ് കുഴപ്പമെങ്കിൽ നിന്റെ ഒക്കെ മനസ്സിനാണ് കുഴപ്പം ” എന്ന് പറഞ്ഞ് വായടിപ്പിക്കുമായിരുന്നു അവരുടെയൊക്കെ.

ട്രീസ.. . കോളേജിൽ വെച്ച് കണ്ടപ്പോൾ മുതൽ തുടങ്ങിയ പ്രണയമാണ്. ഇപ്പോൾ ഏകദേശം പത്തു വർഷമായി. ജോലി ഇല്ലാതെ നടന്നിരുന്ന കാലത്ത് ” ജോലിയില്ലാത്തവന് പെണ്ണ് കെട്ടികൊടുത്തിട്ട് അതിനെ കൂടി ഞങ്ങൾ നോക്കേണ്ടി വരില്ലേ ” എന്ന

അമ്മയുടെയും അച്ഛന്റെയും ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽകുമ്പോൾ മുന്നിൽ ലക്ഷ്യം രണ്ടായിരുന്നു. ജോലിയും ട്രീസയും.

ജോലി ആയാലും അന്യമതത്തിൽ നിന്നൊരു പെണ്ണിനെ ഈ കുടുംബത്തിൽ കേറ്റില്ല എന്ന മുത്തശ്ശിയുടെ വാശിയും വിലങ്ങുതടി ആയിരുന്നു. പഴയ ആളായത് കൊണ്ട് എതിർത്തൊന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ ദൈവം

മുത്തശ്ശിയെ തിരികെ വിളിച്ച് മതത്തിന്റ അതിർവരമ്പ് വെട്ടി വഴി തുറന്ന് തന്നെങ്കിലും നല്ലൊരു ജോലിയിലേക്കെത്താൻ സമയമെടുത്തു.

ജോലി ആയ സമയത്തായിരുന്നു വിധി പിന്നെയും ആക്സിഡന്റിന്റെ രൂപത്തിൽ വില്ലനായി വന്നത്. അപകടത്തിൽ കാൽപത്തി നഷ്ട്ടമായ ട്രീസയെ വിവാഹം കഴിക്കുന്നതിൽ എതിർക്കാൻ മുന്നിൽ ബന്ധുക്കളടക്കം പലരുമുണ്ടായിരുന്നു, ” ഇതിപ്പോ നടക്കാൻ പോലും ബിദ്ധിമുട്ടുന്ന അവളെ നീ കെട്ടിയാൽ പിന്നെ നിനക്ക് അതൊരു ബുദ്ധിമുട്ടാകും, പിന്നീട് അതാലോചിച്ചു വിഷമിച്ചിട്ടു കാര്യമില്ല ” എന്ന് പറഞ്ഞവരോട്

” ഇത്ര കാലം എന്റെ കാര്യത്തിൽ ഈ വിഷമവും ശുഷ്‌ക്കാന്തിയും ഒന്നും കാണിക്കാത്ത ബന്ധുക്കളുടെ അഭിപ്രായങ്ങൾക്ക് OMKV” എന്ന് ചെറിയ വാക്കിൽ കാര്യം മനസ്സിലാക്കി അവരെ സന്തോഷത്തോടെ യാത്രയാക്കിയപ്പോൾ മനസ്സിനൊരു സന്തോഷം തോന്നി.

അല്ലേലും ഉപകാരങ്ങൾക്ക് ഒന്നും കാണാത്ത കുറെ ബന്ധുക്കൾ ഉണ്ടാകും ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാനും കുത്തിത്തിരിപ്പ് ഉണ്ടാക്കാനും.

അതുപോലുള്ളവരുടെ ഉപദേശം കേട്ടപ്പോൾ ഒന്നുകൂടി ഉറപ്പിച്ചതാണ് ‘ ഇനി അവർ പറഞ്ഞ പോലെ ബുദ്ധിമുട്ടേണ്ടി വന്നാലും വേണ്ടില്ല, ട്രീസയെ തന്നെ കെട്ടൂ ‘ എന്ന്.

വിവാഹത്തെ കുറിച്ച് പറയുമ്പോഴെല്ലാം ട്രീസ്സക്കും ഇപ്പോൾ ഒരു ഒഴുക്കൻ മട്ടാണ്. ” എന്നെക്കാൾ നല്ലൊരു കുട്ടിയെ ഇപ്പോൾ മനുവിന് കിട്ടും ” എന്ന് പറഞ്ഞ് പലപ്പോഴും അവൾ സ്വയം ഒഴിഞ്ഞുമാറാൻ

ശ്രമിക്കുമ്പോഴും ” നിന്നെക്കാൾ നല്ല കുട്ടികളെ കാണാഞ്ഞിട്ടല്ല, നിന്നെ പോലെ ഒരാളല്ലേ ഉണ്ടാകൂ ” എന്ന് പറഞ്ഞ് പുഞ്ചിരിക്കുമ്പോൾ അവൾ മറുതലക്കൽ കരയുകയായിരിക്കും. “മോനെ… നീ ആ കുട്ടിയെ കെട്ടുന്നതിൽ ഞങ്ങൾക്ക് വിരോധമൊന്നും ഇല്ല. നിന്റെ ജീവിതം ആണ്. നിനക്ക് ശരിയെന്നു തോന്നുന്നത് തീരുമാനിക്കാനുള്ള ബുദ്ധിയും വിവേകവും നിനക്കുണ്ട്. പക്ഷേ, പിന്നീട് ഒരിക്കലും ആ

പെൺകുട്ടിയുടെ കണ്ണുനീർ ഇവിടെ വീഴരുത്. പ്രണയത്തേക്കാൾ ഇപ്പോൾ തോന്നുന്നത് സിമ്പതി ആണെങ്കിൽ പിന്നീട് നിനക്കത് വേണ്ടായിരുന്നു എന്ന് തോന്നിയാൽ ഇന്ന് നീ ചെയ്യാൻ പോകുന്ന ശരിയെക്കൾ, അന്ന് നീ ചെയ്യുന്നത് ഏറ്റവും

വലിയ തെറ്റായിരിക്കും. അങ്ങനെ ഒരു പെണ്ണിന്റെ കണ്ണുനീരും ശാപവും ഈ വീട്ടിൽ വീഴാൻ പറ്റില്ല… അതുകൊണ്ട് ജീവിതകാലം മുഴുവൻ കൂടെ ജീവിക്കേണ്ടവൾ ആണ്, അവളെ ഒരിക്കലും കരയിപ്പിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം

നിനക്ക് മുന്നോട്ട് പോകാം.. ” അച്ഛന്റെ വാക്കുകൾ വലിയ ഒരു പ്രചോദനവും കരുതലും ആയിരുന്നു. തന്നെക്കാൾ കൂടുതൽ അവളുടെ ജീവിതത്തെ കുറിച്ചുള്ള ഉത്കണ്ഠ മനുവിനെ ഒരുപാട് സന്തോഷിപ്പിച്ചു.

” ഇല്ല അച്ഛാ, പത്തു വർഷം ഞാൻ പ്രണയിച്ചത് അവളെ ആണ്. ആ അവളിൽ എന്ത് കുറവുകൾ ഉണ്ടെങ്കിലും അത് ഒരിക്കലും എന്റെ ജീവിതത്തിൽ ഒരു കുറവാകില്ല. സ്നേഹിച്ചത് മനസ്സുകൾ തമ്മിലാണ്.. ഒന്നാകുമ്പോഴും അത് അങ്ങനെ

തന്നെ ആയിരിക്കും. പിന്നെ ഇപ്പോൾ ഉള്ള കുറവ് കൊണ്ട് ഞാൻ അവളെ ഉപേക്ഷിച്ചാൽ എന്റെ ജീവിതത്തിനു എന്ത് അർത്ഥമാണുള്ളത്. ദൈവം അങ്ങനെ ഒരു വിധി അവൾക്ക് നൽകിയെങ്കിൽ ആ വിധിക്കെതിരെ പോരാടാൻ കൂടെ

നിൽക്കുന്ന ഒരാൾ ആകാനാണ് എനിക്കിഷ്ടം. നാളെ ഇത് ആർക്കും സംഭവിക്കാം. ഒറ്റപ്പെട്ടവളേ ഉപേക്ഷിക്കുന്നതിലല്ലല്ലോ, ചേർത്തിപിടിക്കുന്നതല്ലേ ആണത്തം. ഞാൻ തീരുമാനിച്ചത് പത്തു വർഷം മുന്നേ ആണ്… ആ തീരുമാനം എന്റെ അവസാനം വരെയും ഉണ്ടാകും. അവളെ മതി എനിക്ക് “.

അവന്റെ വാക്കുകളിലെ ഉറപ്പ് തന്നെ ആയിരുന്നു വീട്ടുകാരുടെ സന്തോഷം. ഒരു പ്രണയത്തിനു ഇത്രയേറെ ശക്തിയുണ്ട് ജീവിതത്തിൽ എന്ന് മനസ്സിലാക്കി തന്ന മകന്റെ വാക്കുകളോട് ഒരുപാട് സ്നേഹം തോന്നിയ നിമിഷം.

അത് ഒരു വിവാഹത്തിലേക്ക് എത്തുമ്പോഴും ബന്ധുക്കൾക്ക് പറയാൻ ഉണ്ടായുന്നത് ചട്ടുകാലിയെ കെട്ടിയ സിമ്പതിയെ കുറിച്ചായിരുന്നു.

എന്നാൽ മനുവിന്റെ അച്ഛനും അമ്മയ്ക്കും പറയാൻ ഉണ്ടായിരുന്നത് ” രണ്ട് മനസ്സുകളുടെ സ്നേഹത്തെ കുറിച്ചായിരുന്നു. സ്നേഹത്തെ വിലയെ തിരിച്ചറിഞ്ഞ നിമിഷങ്ങളെ കുറിച്ചായിരുന്നു. ”

രചന: മഹാ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *