ചാരുലത weds അനീഷ്

രചന : പ്രജിത് സുരേന്ദ്രബാബു

ആഡിറ്റോറിയത്തിനു മുന്നിലെ ആർച്ചിൽ നോക്കിയപ്പോൾ മനസിലെവിടെയോ നഷ്ടബോധത്തിന്റെ നീറ്റൽ അനുഭവപ്പെട്ടു ആനന്ദിന്.

തന്റെ ചാരു….. തന്റേതെന്ന് പരസ്പരം വിശ്വസിച്ച് പ്രണയിച്ച 3 വർഷങ്ങൾ…. ഒടുവിൽ മനസിന്റെ കോണിലെ ഓർമ്മകളുടെ കൂമ്പാരത്തിൽ ആ ദിനങ്ങളും വലിച്ചെറിയപ്പെട്ടു.

കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു പോകുമ്പോഴും ആനന്ദിന്റെ മനസ് അസ്വസ്തമായി കൊണ്ടിരുന്നു. ചതിച്ചത് താനാണ് അവളെ… കടപ്പാടുകൾക്കും സ്നേഹ ബന്ധങ്ങൾക്കും ബലിയാടായി ചിപ്പിയുടെ കഴുത്തിൽ താലി കെട്ടിയപ്പോഴും വിഷമങ്ങൾ ഉളളിലൊതുക്കി പുഞ്ചിരിച്ചു ചാരു.

“എനിക്ക് വിഷമമില്ല നന്ദേട്ടാ…. സംസാരശേഷിയില്ലാത്ത പാവം കുട്ടിയല്ലെ ചിപ്പി.മറ്റുള്ളോരുടെ പരിഹാസത്തിനു വിട്ടുകൊടുക്കാതെ ആ പാവത്തിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് തന്നാ ഏറ്റവും വലിയ പുണ്യം…..”

ഉള്ളിൽ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞ ആ വാക്കുകളാണ് തന്നെ ഏറെ വേദനിപ്പിച്ചത്….

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ ആനന്ദ് കാറ് സൈഡാക്കി നിർത്തി. അമ്മയാണ്.

“മോനെ നീ വേഗം ഒന്ന് മിഷൻ ഹോസ്പിറ്റൽ വരെ വാ ചിപ്പിക്ക് ഒരാക്സിഡന്റ് പേടിക്കാനൊന്നുമില്ല. നീ വേഗം വാ. ” ശാരദയുടെ തൊണ്ടയിടറുന്നത് അവൻ അറിഞ്ഞു.

“എന്താ അവൾക്ക് എന്താ പറ്റിയെ… ” മനസുകൊണ്ട് ചോദിച്ചു എങ്കിലും നാവു പൊങ്ങിയില്ല.

” ഞാനിപ്പോൾ വരാം അമ്മെ.” ഇത്രയും പറഞ്ഞ് അവൻ കാൾ കട്ട് ആക്കി.

ചിപ്പി…..ആഗ്രഹിക്കാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന,.ജന്മനാ സംസാര ശേഷിയില്ലാത്ത ഒരു പാവം നാട്ടിൻ പുറത്തുകാരി. പക്ഷെ ചാരുരുവിന്റെ ഓർമ്മകൾ മരിക്കാത്തിടത്തോളം കാലം ഭാര്യ എന്ന സ്ഥാനത്ത് തനിക്കവളെ കാണാൻ പറ്റിയിട്ടില്ല ഇതുവരെയും കാണാൻ ശ്രമിച്ചിട്ടുമില്ല. ഒഴിഞ്ഞു പോകുന്നേൽ പോട്ടെ എന്നു കരുതി പലപ്പോഴും കുത്തുവാക്കുകൾ കൊണ്ടും ഇഷ്ടക്കേട് അഭിനയിച്ചും വേദനിപ്പിച്ചു അവളെ ഒരു ഭർത്താവിന്റേതായ യാതൊരു സംരക്ഷണവും സ്നേഹവും നൽകിയിട്ടില്ല ഇതുവരെ.പക്ഷെ അതെല്ലാം സഹിച്ച് പുഞ്ചിരി തൂകി ഇന്നും തനിക്കൊപ്പം ഉണ്ട് അവൾ…. ഹോസ്പിറ്റലി ലേക്കു പോകുമ്പോൾ ചിപ്പി ക്ക് എന്താ പറ്റിയത് എന്നറിയാനുള്ള ആകാംഷ അറിയാതെ തന്നെ അവന്റെ മനസിൽ ഏറി വന്നു…..

ഹോസ്പിറ്റലിൽ എത്തുമ്പോൾ കവാടത്തിൽ തന്നെ ശാരദയെ കണ്ടു ആനന്ദിനെ കണ്ടപ്പോൾ അവർ ഓടി അടുത്തുവന്നു.

“മോനെ എന്താ ഇത്ര വൈകിയത് … എത്ര നേരമായി ഞാൻ വിളിച്ചിട്ട്……”

അമ്മയുടെ ചോദ്യം കേട്ടിട്ടും ആനന്ദിൽ ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല…. വാർഡിലെത്തിയപ്പോൾ അവൻ കണ്ടു ബെഡിൽ വാടിയ പൂമൊട്ടു പോൽ ചിപ്പിയെ…നെറ്റിയിലും വലതു കയ്യിലും മുറിവ് പറ്റിയിട്ടുണ്ട്. ആ കിടപ്പുകണ്ടപ്പോൾ അവന്റെ മനസിൽ ഒരു നോവു പടർന്നു. ആനന്ദിനെ അടുത്ത് കണ്ടതും ചിപ്പി പെട്ടെന്ന് എഴുന്നേൽകാനൊരുങ്ങി. കിടന്നോ… എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി അവൻ.

“ഇവൾക്ക് എന്താ പറ്റിയെ…’?”

“മോനേ ഏതൊ കള്ളൻമാർ ഉപദ്രവിച്ചതാ… ഒന്ന് ഒച്ചയിട്ട് ആളെ കൂട്ടാൻ പോലും പറ്റില്ലല്ലോ പാവത്തിന് ” ശാരദകണ്ണു തുടച്ചു.

“മോളെ ഒന്ന് അവൾടെ വീട്ടിൽ കൊണ്ടാക്കാൻ ഞാൻ പറഞ്ഞതല്ലെ നിന്നോട് എന്നിട്ട് കേട്ടില്ലല്ലോ… ഒറ്റയ്ക്ക് പോയതാ പാവം ആളൊഴിഞ്ഞ ഭാഗത്തെവിടെയോ വച്ച് ദുഷ്ടൻമാർ…..”

അമ്മ പറഞ്ഞു നിർത്തുമ്പോൾ ചിപ്പിയുടെ മുഖത്തേക്കൊന്നു നോക്കി അവൻ വേദനയിലും തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മുഖം കണ്ടപ്പോൾ മനസിലെവിടെയോ നേരിയ കുറ്റബോധം തോന്നി ആനന്ദിന്….

” മിണ്ടാപ്രാണി അല്ലേ ഇവൾ .അവർ അവസരം മുതലാക്കി പേടിപ്പിച്ച് കയ്യിലെ കാശും വളയും ഒക്കെ ഊരി വാങ്ങി. അവസാനം താലിമാലയിൽ പിടിച്ചപ്പോൾ എന്റെ മോള് എതിർത്തു. അവൻമാർ കത്തികാട്ടി പക്ഷെമോള് സമ്മതിച്ചില്ല അവസാനം കയ്യിൽ മുറിവേൽപ്പിച്ചു. എന്നിട്ടും പിടിവിടാണ്ട് വന്നപ്പോൾ പിടിച്ച് തള്ളിയിട്ടിട്ട് കിട്ടിയതുമായി കടന്നു കളഞ്ഞു ദുഷ്ടൻമാർ.. ”

“എന്തിനാ ഇത്രക്കും വരുത്തി വച്ചെ ആ മാല കൂടി അങ്ങ് പോട്ടെ എന്നു വയ്ച്ചൂടാരുന്നോ സ്വന്തം ജീവനെക്കാൾ വലുതല്ലല്ലോ ഒരു മാല.” അൽപം ദേഷ്യത്തോണ്ട ആനന്ദ് ചപ്പിയെ നോക്കി…..

ചിപ്പിയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. എന്തൊക്കെയോ പറയാൻ ശ്രമിച്ചു എങ്കിലും നിസഹായയായി അവൾ അമ്മയെ നോക്കി.

” കരയണ്ട ഇനി….. ഞാൻ പുറത്തുണ്ടാകും” അമ്മയെ നോക്കി പറഞ്ഞ് ആനന്ദ് തിരിഞ്ഞു .പുറത്തിരങ്ങി നടക്കുമ്പോൾ മനസിൽ ഒരു ഭാരം അനുഭവപ്പെട്ടു അവന്. അവൾക്കരികിൽ ഇരുന്നു അൽപ നേരമെങ്കിലും ആശ്വസിപ്പിക്കണമായിരുന്നു. ആ മുഖം കാണുമ്പോൾ അറിയാം അവൾ അത് ആഗ്രഹിച്ചിരുന്നു.പക്ഷെ എന്തോ ഒരു അകൽച്ച…. അതിപ്പോഴും അവന് അനുഭവപ്പെട്ടു….. ആ എന്തായാലും വീട്ടിൽ ചെല്ലട്ടെ …. ആത്മഗതം പറഞ്ഞ് പുറത്തേക്ക് നടന്നു.

കാറിൽ ചാരി നിന്ന് ഒരു സിഗററ്റ് കത്തിച്ചപ്പോഴേക്കും അമ്മ തന്റെ അരികിലേക്ക് വരുന്നത് അവൻ കണ്ടു.ആ വരവ് ആനന്ദ് പ്രതീക്ഷിച്ചിരുന്നു. സിഗററ്റ് കുത്തി അണച്ച് തറയിലേക്കിട്ടപ്പോഴേക്കും അമ്മ അടുത്തെത്തി. ശാരദ സംസാരിക്കാൻ ആഞ്ഞപ്പോഴേക്കും ആനന്ദ് ഇടയ്ക്ക് കയറി.

” അമ്മ പറയാൻ വരുന്നത് അറിയാം.തെറ്റ് തന്നെയാണ് ഞാൻ ചെയ്യുന്നത് അവൾക്കരികിൽ ഇരിക്കണമെന്നും സമാധാനിപ്പിക്കണമെന്നുമൊക്കെ തോന്നാറുണ്ട് … പക്ഷെ ….” മകന്റെ നിസഹായത കണ്ടപ്പോൾ ശാരദക്ക് പുശ്ചമാണ് തോന്നിയത്

“നീ ഒന്നും പറയണ്ട തെറ്റ് എന്റേതാ മോനെ.. അവളുടെ കുറവുകൾ പോലും മറന്ന് കടപ്പാടിന്റെയും സ്നേഹ ബന്ധങ്ങളുടെയുമൊക്കെ പേരിൽ അവളെ മരുമകളാക്കാൻ ആഗ്രഹിച്ചപ്പോൾ അറിഞ്ഞില്ല നിന്റെ മനസിൽ മറ്റൊരു പെൺകുട്ടി ഉണ്ട് എന്ന്… വിവാഹം മുടങ്ങി കുത്തുവാക്കുകളാലും ദുഖത്താലും തകർന്ന ആ കുടുംബത്തെയും അവളെയും കരകയറ്റാൻ ആഗ്രഹിച്ചപ്പോൾ ആ പാവത്തിനു കിട്ടിയത് അതിനേക്കാൾ ദുഃഖമാണ് …. എന്നെങ്കിലും എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചു ഞാൻ – പക്ഷെ ശരീരത്തിനും മനസിനും മുറിവേറ്റ് കിടന്ന അവളെ ഒരു നോട്ടം കൊണ്ടു പോലും ആശ്വസിപ്പിക്കാതെ നീ പിൻതിരിഞ്ഞപ്പോൾ ആ മനസ് എത്രത്തോളംനൊന്തു കാണും എന്നു നീ ഊഹിച്ചോ…. ഇപ്പോൾ എനിക്കു മനസിലായി നിന്റെ മനസാക്ഷി മുരടിച്ചിരിക്കുന്നു. ഒരിക്കലും നിനക്ക് അവളെ സ്നേഹിക്കാൻ ആകില്ല. അങ്ങനല്ല ആ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എന്റെ മകനില്ല.”

അമ്മയുടെ വാക്കുകൾ ആനന്ദിന്റെ മനസിൽ ആഴത്തിൽ തറച്ചു കയറി.

” അമ്മ പ്ലീസ്….. ” ആനന്ദ് കെെകൾ കൂപ്പി തൊഴുതു ഇന്നേ വരെ ഒരു ഭാര്യ എന്ന പരിഗണന കൊടുത്തിട്ടില്ല ഞാൻ അവൾടെ മനസ് നോവുന്നുണ്ട്അറിയാം പക്ഷെ അടുക്കാൻ ശ്രമിക്കുമ്പോൾ എല്ലാം മനസിൽ ചാരുവിന്റെ ഓർമ്മകൾ കടന്നു വരുന്നു. അപ്പോൾ ചിപ്പിയുമായി അറിയാണ്ട് അകന്നു പോകുന്നു ഞാൻ.

“കൊള്ളാം മോനെ.. നന്നായി….. ” ശാരദ ആനന്ദിന്റെ അരികിലേക്ക് ചെന്നു.

“ഇന്നു നീ അവളോട് ചോദിച്ചില്ലെ ജീവനെക്കാൾ വലുതല്ലല്ലോ ആ മാല എന്ന് .നീ ഒരു കാര്യം ശ്രദ്ധിച്ചോ കയ്യിലുള്ള കാശും മറ്റു സ്വർണ്ണവുമെല്ലാം അവൾ പേടിച്ച് കൊടുത്തു. പക്ഷെ നീ കെട്ടിയ താലി.അതവൾ വിട്ടുകൊടുത്തില്ല. അതവളുടെ ജീവനാണ് .കയ്യിൽ കത്തി കുത്തിയിറക്കി വേദനിപ്പിച്ചപ്പോൾ പോലും അവൾ ആ താലിമാല നെഞ്ചോട് ചേർത്തു പിടിച്ചു.കിട്ടില്ല എന്ന് ഉറപ്പായോണ്ടാ ദേഷ്യത്തിൽ അവർ മോളെ ഉപദ്രവിച്ചത്. ഒടുവിൽ രക്തം വാർന്ന് അബോധാവസ്ഥയിൽ ആരോ ഇവിടെ കൊണ്ടു വരുമ്പോഴും മാലയിൽ നിന്നു അവളുടെ പിടി അയഞ്ഞിരുന്നില്ല. നീ അവളെ അവഗണിക്കുമ്പോഴും അവൾ ദൈവത്തെ പോലെ കരുതുവാ നിന്നെ. സങ്കടങ്ങൾ പറഞ്ഞ് ഒന്ന് കരയാൻ പോലും പറ്റില്ല അതിന് …എല്ലാം മനസിലൊതുക്കുവാ പാവം…”

ഒന്നു നിർത്തി ആനന്ദിനു നേരെ തിരിഞ്ഞു ശാരദ.

“ആരില്ലെങ്കിലും മരണം വരെ ഞാനുണ്ടാകും അവൾക്ക്.. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിൽ ” എല്ലാം കേട്ട് നിശ്ചലനായി നിന്നു ആനന്ദ്…..

“മോൾ ഡിസ്ചാർജ്ജ് ആയി ബില്ല് അടയ്ക്കണം ഞാനല്ലെ ഉള്ളൂ അവൾക്ക് എല്ലാത്തിനും….”

അമ്മ നടന്നകലുമ്പോൾ ആനന്ദിന്റെ മനസ് കുറ്റബോധത്താൽ നീറി ….

ബാത്ത് റൂമിൽ പോയി തിരികെ വരുമ്പോൾ ബെഡിൽ ഇരിക്കുന്ന ആനന്ദിനെ കണ്ട് ചിപ്പി ഒന്ന് അമ്പരന്നു. അരികിലെത്തിയപ്പോൾ ആനന്ദ് ഒന്നു പുഞ്ചിരിച്ചു.

“വാടോ… ഇവിടിരിക്ക്…”

അരികിലായിരിക്കാൻ അവൻ ആംഗ്യം കാട്ടി. സ്വപനമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ അൽപസമയം. അനങ്ങാണ്ട് നിന്നു പിന്നെ പതിയെ അവ നരികിൽ ഇരുന്നു ചിപ്പി .

ആനന്ദ് പതുക്കെ അവളുടെ ചുമരിൽ കയ്യിട്ട് തന്നോട് അടുപ്പിച്ചു.

“വേദന കുറവുണ്ടോ തനിക്ക് .”

ചോദ്യം കേട്ടപ്പോൾ കണ്ണിമവെട്ടാണ്ട് കുറച്ചു നേരം ആനന്ദിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു പോയി അവൾ…ഇത്രയും മതിയായിരുന്നു അവൾക്ക് ജീവിതത്തിൽ ആദ്യമായിട്ട്…. ആനന്ദിൽ നിന്നും സ്നേഹത്തോടെ ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷത്താൽ മതിമറന്ന് പൊട്ടിക്കരഞ്ഞു അവൾ ആനന്ദിന്റെയും കണ്ണുകൾ നിറഞ്ഞു.

ചിപ്പി യെ നെഞ്ചോടു ചേർത്തു പിടിച്ചു അവൻ.

” കഴിഞ്ഞതെല്ലാം മറക്കാം നമുക്ക് ഞാനീ കെട്ടിയ താലിയുടെ മഹത്വം എന്താ എന്ന് ഇന്നു നിന്നിലൂടെ ഞാൻ തിരിച്ചറിഞ്ഞു. ഇനി മുതൽ പുതിയൊരു ജീവിതമാണ് ഇതുവരെ തനിക്ക് കിട്ടാതെ പോയ സന്തോഷവും സ്റ്റേഹവു ഇനിയെന്നും ഉണ്ടാകും. ഇന്നു മുതൽ നമുക്ക് സ്നേഹിച്ചു തുടങ്ങാം ഇനി ഈ കണ്ണു നനയിക്കില്ല ഞാൻ.”

അവളുടെ നെറുകയിൽ ഒരു മുത്തം നൽകി ആനന്ദ് സന്തോഷത്താൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചു ചിപ്പി പക്ഷെ കണ്ണുനീരിൽ അലിഞ്ഞു എല്ലാം. ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവൾ.

പെട്ടെന്ന് ഓർത്തിട്ടെന്നോണം അവൾ തലയുയർത്തി. കൈക്കൂ ളളിലെ താലിമാല അവനെ കാട്ടി ആംഗ്യ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു.അന്നാദ്യമായി ആനന്ദ് അവളുടെ ഭാഷ മനസിലാക്കി. ചിപ്പിയുടെ മുടിയിൽ തലോടി അവൻ.

“വിഷമിക്കണ്ട നാളെ തന്നെ നമുക്ക് പോയി പൊട്ടിപ്പോയ മാല ശരിയാക്കാം. ഈ താലിയുടെ പവിത്രത നിന്റെ മനസിലാണ്. അതിപ്പോഴും കളങ്ക മറ്റ് നിലനിൽക്കുന്നുണ്ട് വിഷമിക്കണ്ട…….”

സന്തോഷത്താൽ ചിപ്പിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.ഒപ്പം വാതിലിനു പിന്നിൽ ഇതെല്ലാം കണ്ടു നിന്ന ശാരദയുടെ മുഖവും തിളങ്ങി……. പിള്ളേർക്ക് ഒരു ബോധവുമില്ല മറ്റുള്ളോർ നോക്കി നിൽക്കുമ്പോഴാ കെട്ടിപ്പിടിക്കലും ഉമ്മ വയ്ക്കലുമൊക്കെ…….. സന്തോഷത്താൽ അവർ പിറുപിറുത്തു

രചന : പ്രജിത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *