ചില_ഫ്രീക്കൻമാർ_അങ്ങനെയാണ്

രചന : ഉനൈസ്

ഉമ്മാ… ഇനി ഞാൻ സ്കൂളിൽ പോണില്ല.. സ്കൂളിൽ നിന്നും വന്ന കുഞ്ഞോൾ ദേഷ്യം പിടിച്ചോണ്ട് ബാഗ് വലിച്ചെറിഞ്ഞു അകത്തേക്കുപോയത് കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി.

അവൾക്കിത് ഇടക്കുണ്ടാവുന്ന സൂക്കേടാ. ഒപ്പം പഠിക്കുന്ന കുട്ടികൾ കളിയാക്കി, ടീച്ചർ അടിച്ചു എന്നൊക്കെ കാരണം പറഞ്ഞു ഇനി മേലിൽ ഞാൻ സ്കൂളിൽ പോകില്ലാന്നുപറഞ്ഞോണ്ടുള്ള ഈ വരവ്. പ്ലസ്ടു ന് പഠിക്കുന്ന പെണ്ണാണെന്ന്പറഞ്ഞിട്ടെന്താ കാര്യം ഇപ്പോഴും ആയ വയസ്സിന്റെ കാര്യപ്രാപ്തിയും തന്റേടമൊന്നും വന്നിട്ടില്ല പെണ്ണിന്.

കയ്യിലൊരു ഗ്ലാസ് ചായയുമായി ഞാൻ അവളുടെ റൂമിലേക്ക്ചെന്നു. എന്താ കുഞ്ഞോളെ.. ഇന്നും ഏതേലും കുട്ടി കളിയാക്കിയോ അന്നേ. അതോ ടീച്ചർ വീണ്ടും അടിച്ചോ.. തലതാഴ്തിത്തിയിരിക്കുന്ന അവൾക്ക് ചായനീട്ടി ഞാൻ ചോദിച്ചു.

അതൊന്നല്ല.. സ്കൂൾ പോകുമ്പോഴും വരുമ്പോഴും ആ പാലത്തിൽ ഉണ്ടാവുന്ന ആ വായിനോക്കികളില്ലേ.. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത തെണ്ടികൾ.. അവരാ കാരണം.

എന്റെ ഉള്ളൊന്നു കാളി. അവളുടെ ദേഷ്യത്തിനുപിന്നിലെ ഗൗരവം എന്റെയുള്ളിലെ ഭീതി കൂട്ടി. അത് പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു. അവർ മോളെ എന്തേലും ചെയ്‌തോ..

ഇല്യാ പക്ഷെ ഓലെ നോട്ടവും, അർത്ഥംവെച്ചുള്ള സംസാരവും, കളിയാക്കലും.. ക്ഷമിക്കുന്നതിലും ഒരു പരിധിയുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞിട്ടാ.. ഉണ്ടേൽ ഓരോന്നും വാതുറക്കില്ല. ഞാൻ അനാഥയാണല്ലോ. ധൈര്യം തരാൻ ഇക്കാക്കപോലുമില്ല. അതും പറഞ് അവൾ കരയാൻ തുടങ്ങി..

അയ്യേ ഇതെന്താ ഇത്രേം വലിയകുട്ടി കരയുന്നേ.. പെണ്കുട്ടികളാണെലും നമുക്ക് ഇച്ചിരിയൊക്കെ ധൈര്യം വേണ്ടേ.. എന്തായാലും നാളെ നിന്റെ കൂടെ ഞാനും വരാം. ന്റെ മോളെ ശല്യം ചെയ്യുന്നോരെ എനിക്കൊന്ന് കാണണല്ലോ.. നീയിപ്പം ഈ ചായ കുടിക്ക്. അവളെന്നെ പ്രതീക്ഷയോടെ നോക്കിയിട്ട് ചായ വാങ്ങിക്കുടിച്ചു.

വൈകുന്നേരം കൂട്ടികൊണ്ടുവരാൻ ഞാൻ വന്നോളാം എന്ന ഉറപ്പുപറഞ്ഞു ഞാൻ അവളെ രാവിലെ തനിയെ സ്കൂളിലേക്ക് വിട്ടു. ഉമ്മാ എന്തായാലും വരണം ട്ടോ. എന്നവൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. പാവം അവൾ നന്നായി പേടിച്ചിട്ടുണ്ടെന്ന് അവളുടെ കണ്ണിൽ നിന്നും തന്നെ വായിച്ചെടുക്കാം. പോകണം. എന്റെ മോളെ സകല കഴുകൻ കണ്ണിൽ നിന്നും എനിക്ക് സംരക്ഷണം നൽകണം. അവളെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുന്നത് വരെ എന്റെ നെഞ്ചിൽ തീയാണ്. അതൂടെ ഇനി ആഗ്രഹമായൊള്ളു.

ക്ലാസ് കഴിയുന്നതിന് അരമണിക്കൂർ മുന്നേതന്നെ ഞാൻ അവളുടെ സ്കൂളിലെത്തി. എന്നെ കണ്ടതും അവളുടെ മുഖം വിടർന്നു. ഏറെ പ്രതീക്ഷിച്ച എന്തോ വന്നുചേർന്ന പോലെ.

നീട്ടിയുള്ള ബെല്ലടിച്ചപ്പോൾ ഞാൻ അവളെയും കൂട്ടി വീട്ടിലേക്കുതന്നെ തിരിച്ചു. അവൾ പറഞ്ഞത് ശരിയാണ്. ആ പാലത്തിന്റെ കൈവരിയിൽ മുന്നിലൂടെ പോകുന്ന സ്കൂൾ കുട്ടികളെ കളിയാക്കിയും സൊറപറഞ്ഞും പൊട്ടിച്ചിരിച്ചും അങ്ങനെ അഞ്ചെട്ടുപേർ വരിവരിയായിരിക്കുന്നുണ്ട്. എല്ലാം കണ്ടാൽ പത്തിരുപത്തഞ്ചു വയസ്സ് താഴെ മാത്രം പ്രായമുള്ള കുട്ടികൾ. ഷോക്കടിച്ചപോലുള്ള മുടിയും ചന്തിക്ക് താഴെയുടുത്ത പാന്റും…

മോളെ കൈമുറുകെ പിടിച്ചുഞാൻ അവർക്കരികിലേക്ക് ദേഷ്യത്തോടെ നടന്നു. എന്റെ വരവ് അവർ കണ്ടെന്നു തോന്നുന്നു. എല്ലാം നിന്ന് പരുങ്ങുന്നുണ്ട്. നിങ്ങൾക്കാർക്കേലും ഇവളോട് എന്തേലും പറയാനുണ്ടോ. ഞാൻ അൽപ്പം ശബ്ദം ഉയർത്തിയാണ് ചോദിച്ചത്. ചുറ്റും ആൾ കൂടിയപ്പോൾ എല്ലാരും ഒന്നും മിണ്ടാതെ തലതാഴ്ത്തി.. അപ്പൊ നിങ്ങൾക്കാർക്കും എന്റെ മോളോട് ഒന്നും പറയാനില്ല അല്ലെ.. എന്നാൽ ഇനി ഞാനില്ലാത്ത സമയത്തും ഇവളോടൊന്നും പറയാൻ നിക്കരുത്..

ഓരോന്നിന്റെ കോലം കണ്ടീലെ.. താടിയും മുടിയും വളർത്തി കൂത്താടി നാട്ടുക്കാരെക്കൊണ്ടും വീട്ടുകാരെക്കൊണ്ടും പറയിപ്പിച്ചു നടക്കാ.. മേലാൽ ഇതുപോലെ എന്തേലും ഉണ്ടായി എന്നുഞാനറിഞ്ഞാൽ ഉറപ്പായും പോലിസിൽ പരാതിപ്പെടും പറഞ്ഞേക്കാം.. ഇതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

ചുറ്റിലും കൂടിയ ആളുകളെ കണ്ടാണെന്നു തോന്നുന്നു. മഹാന്മാരുടെ ശിരസിപ്പോഴും താഴ്ന്നുതന്നെയാണ്. ഉമ്മാ.. ഇങ്ങള് പൊളിച്ചു.. എന്റെ കയ്യിൽ തൂങ്ങി അവൾപറഞ്ഞപ്പോൾ ഞാൻ അവളെ ചേർത്തുപിടിച്ചു നടന്നു. ഈ സംഭവത്തിനു ശേഷം അവരുടെ ശല്യമുണ്ടായിട്ടില്ല. ഇടക്കിടക്ക് ഞാൻ കുഞ്ഞോളോട് അവരുടെ കാര്യം ചോദിക്കാറുണ്ട്. എന്നാൽ പിന്നീട് ശല്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അവൾ തീർത്തുപറഞ്ഞു. മാത്രമല്ല പതിവിലും ഉന്മേഷത്തോടെ കുഞ്ഞോൾ ക്ലാസ്സിൽ പോകാനും തുടങ്ങി.

നേരം ഇരുട്ട് വീണുതുടങ്ങി. എന്നിട്ടും ക്ലാസ് കഴിഞ്ഞു കുഞ്ഞോൾ വീട്ടിലെത്തിയിട്ടില്ല. എന്റെ നെഞ്ചു കത്താൻ തുടങ്ങി. നേരം വൈകുന്ന കാര്യമൊന്നും അവൾ രാവിലെ പറഞ്ഞിട്ടില്ലല്ലോ.. ഇനി ഏതേലും കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയതാണോ.. ചിന്തകൾ മാറിമറിഞ്ഞുകൊണ്ടിരുന്നു, ഹും ഇങ്ങുവരട്ടെ കൊടുക്കുന്നുണ്ട് ഞാൻ. ഇനി അന്നത്തെ വൈരാഗ്യം വെച്ചുകൊണ്ട് ആ തലതെറിച്ചപിള്ളേരെങ്ങാനും.. എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. റബ്ബേ ഇന്റെ കുട്ടിയെ യ്യ് കാക്കണേ അള്ളാ..

പെട്ടെന്നാണ് ലേൺഫോൺ ബെല്ലടിച്ചത്. ചിലപ്പോൾ അവളാവും. ഓടിച്ചെന്ന് ഫോണെടുത്തു. ഹെലോ. ഹെലോ ഐശുതാ ഇത് ഞാനാണ് നസീം.. ( അവൻ ഞങ്ങളുടെ അകന്ന ഒരു ബന്ധുവാണ് കുഞ്ഞോളെ ഉപ്പ മരിച്ചതിൽ പിന്നെ ഞങ്ങൾക്ക് ചെറിയ ഒരു ആശ്വാസം അവനാണ്.)

മോനെ നസീ.. കുഞ്ഞോളിതുവരെ വന്നീല്ല. ഹ അതുപറയാനാ ഞാൻ വിളിച്ചത്. കുഞ്ഞോൾക്ക് ചെറിയൊരു ആക്സിഡന്റ്. ന്റെ റബ്ബേ എന്റെ മോൾ.. പേടിക്കാനൊന്നുല്ല ഇത്താ.. ഒന്നും പറ്റിട്ടില്ല. ഞാനിവിടെ അവളുടെ കൂടെ ഹോസ്പിറ്റലിൽ ഉണ്ട്. ഇങ്ങള് ഒരു വണ്ടിപിടിച്ചു പെട്ടന്നുതന്നെ ഇങ്ങോട്ടുപോന്നൊളി. ഇന്ന് തന്നെ കുഞ്ഞോളേം കൊണ്ടുപോവാം.

ഫോൺ വെച്ച് ഒരോട്ടമായിരുന്നു ആശുപത്രിയിലേക്ക്. വരാന്തയിൽ നസീമിനെ കണ്ടപ്പോൾ ഞാൻ വേഗം അവനരികിലേക്ക് പാഞ്ഞു, എന്താ.. എന്താ ന്റെ മോൾക്ക് പറ്റിയെ. ന്റെ കുട്ടിയെവിടെ.. ഒന്നും സംഭവിച്ചിട്ടില്ല. ഇങ്ങള് ബേജാറാവല്ലി. റോഡ് ക്രോസ്സ് ചെയ്തപ്പോൾ ശ്രദ്ധിച്ചീല ഓൾ. ഒരു ബൈക്ക് വന്നു തട്ടി. കാലിന് ചെറിയ ഒരു പൊട്ടുണ്ട്. അവരാണ് അവളെ ഇവിടെ എത്തിച്ചത്.

അവൻ ഒരു മൂലയിലേക്ക് ചൂണ്ടി. അവരെ കണ്ടതും വിശ്വാസം വരാതെ ഞാൻ പകച്ചു നിന്നു. ഇതവരല്ലേ.. അന്ന് അത്രേം ആൾക്കാരുടെ മുന്നിൽവെച്ചു ഞാൻ പരിഹസിച്ച ആ തലതെറിച്ച പിള്ളേർ..

ഐഷുത്ത… അവർ അന്നത്തെ സംഭവമൊക്കെ എന്നോട് പറഞ്ഞു. അവർക്കാർക്കും ഇങ്ങളോട് ദേഷ്യമൊന്നുല്ല. പിന്നെ അരമണിക്കൂറോളവും കുഞ്ഞോൾ റോഡിൽ പിടഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കീല്ല. അവസാനം ഇവരാ എടുത്ത് ഇവിടെ എത്തിച്ചത്. മരുന്നും പൈസയുമൊക്കെ അവരെന്നാ ചെലവാക്കിയതും.

വിശ്വാസം വരാതെ ഞാൻ ഒന്നൂടെ അവരെ നോക്കി. എല്ലാവരിലും ഒരു ചെറിയ ചിരിയുണ്ടായിരുന്നു. ആരെയും തോൽപ്പിക്കാൻപോന്ന ചിരി.

പാവങ്ങളെ ഐഷുത്താ. പുറമെ കാണുന്ന കൊലമല്ല.. മനസ്സിൽ നന്മയുള്ളവരാ. നമ്മളൊക്കെ ചാർത്തിക്കൊടുത്ത തെമ്മാടിക്കൂട്ടമെന്ന ഓമനപ്പേരില്ലെ അത് കൂടെകൊണ്ട് നടക്കുന്നുണ്ടന്നേയൊള്ളൂ. ഉള്ളിൽ ഒട്ടും കളങ്കമുണ്ടാവില്ല.

അതുകൊണ്ടല്ലേ റോഡിൽ പിടയുന്നത് ഒരിക്കൽ അവരെ അപമാനിച്ച നമ്മുടെ കുഞ്ഞോളാണെന്നറിഞ്ഞിട്ടും അതൊന്നും ഓർക്കാതെ അവളെ ഇവിടെയെത്തിച്ചത്.

നമ്മുടെ നാട്ടിലെ കല്യാണവീടുകളിലും മരണവീടുകളിലും ദൈന്യതയോടെ രാവും പകലും വകവെക്കാതെ ഓടിനടക്കാൻ ഇവരെ ഉണ്ടാവാറുള്ളു. നാട്ടിലൊരു പ്രശ്നം നടന്നാൽ ഓടിയെത്താനും, അസമയത്തു നാട്ടിൽ അറിയാത്തൊരാളെ കണ്ടാൽ

ചോദ്യം ചെയ്യാനും വഴിയറിയാത്തവർക്ക് വഴികാണിക്കാനും ഇവരുണ്ടാവും. തോളിൽ കയ്യിട്ടുനടക്കുന്നവന് ഹൃദയത്തിൽ സ്ഥാനം കൊടുക്കുന്ന ഈ നിറങ്ങളുടെ നിറകുടങ്ങൾ..

നസീമിന്റെ വാക്കുകൾ ഉള്ളിലൊരു കുറ്റബോധം തീർത്തു. നിറകണ്ണുകളോടെ ഞാൻ ആ തെമ്മാടിക്കൂട്ടങ്ങളുടെ അടുത്തേക്ക് പോയി.

മാപ്പ്.. അന്ന് ഞാൻ.. പറഞ്ഞുമുഴുവിപ്പിക്കും മുന്നേ അവരിലൊരാൾ ഇടയിൽ കയറി. അതൊന്നും സാരല്ല ഉമ്മാ.. ആരായാലും അന്ന് അങ്ങനെയൊക്കെത്തന്നെ പറയൂ. പിന്നെ തെറ്റ് ഞങ്ങളെ ഭാഗത്തും ഇല്ലേ.. അവളുടെ ബാഗും കുറച്ചുസദനങ്ങളും അവിടെ വെച്ചിട്ടുണ്ട്..

അവൾക്ക് ഒന്നും സംഭവിക്കൂല. ഇങ്ങള് പേടിക്കണ്ട. എന്നാൽ ഞങ്ങൾ പോവാണ്.

അല്ല നിക്കി.. നിങ്ങക്ക് കുറച്ചു പൈസ ചിലവായില്ലേ ഞാൻ അത് തരാം.. വാങ്ങിക്കൂല ഇത്താ ഈ തെമ്മാടിക്കൂട്ടങ്ങൾ.. പിന്നിൽ നിന്നും നസിയാണ്.

ഇതും കേട്ട് ചിരിച്ചോണ്ട് ഇറങ്ങിപ്പോകുന്ന അവരെ നോക്കി ചിരിക്കാനേ എനിക്കപ്പോൾ കഴിഞ്ഞൊള്ളു…

രചന : ഉനൈസ്

Leave a Reply

Your email address will not be published. Required fields are marked *