ദോസ്ത്

രചന : നവാസ് ആമണ്ടൂർ

“എന്നെ സഹായിക്കാൻ നിനക്ക് കഴിയോ. നിനക്കും കഴിഞ്ഞില്ലെങ്കിൽ ഞാൻ നാളെ ജീവനോടെ ഉണ്ടാവില്ല. ”

“എന്താണ് നീ പറയുന്നത്. തെളിയിച്ചു പറ മനു ”

“നാളെ എനിക്ക് കുറച്ച് ക്യാഷ് വേണം. റെഡിയായില്ലങ്കിൽ എനിക്ക് മുൻപിൽ മരണമല്ലാതെ വേറെ വഴിയില്ല. ”

“ഞാനിപ്പോ എന്താ ചെയ്യാ.. ”

“എനിക്ക് രണ്ടര ലക്ഷം രൂപ എങ്ങനെയെങ്കിലും തരണം. ഏഴ് ദിവസത്തിനുള്ളിൽ തിരിച്ചു തരും സത്യം. ”

അവനോട് ഞാൻ എന്താണ് പറയുക. എനിക്ക് അവനെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൻ മരിക്കുമെന്നു പറയുന്നു. അവനെ മരണത്തിന് വിട്ട് കൊടുത്താൽ ഞാൻ വീണ്ടും തനിച്ചാകും. വാടിയ താമരതണ്ട് പോലെ വീണ്ടും.

മക്കൾ രണ്ടാളും സ്കൂളിൽ പോകും. ഇക്കാ കടയിലും.പിന്നെ സൂര്യൻ അസ്തമിക്കും വരെ ഈ വീട്ടിൽ ഞാൻ തനിച്ച്. മക്കൾ വന്നാൽ അവർ അവരുടെ മുറിയിൽ പഠിത്തവും മൊബൈലുമായി. ഇക്കാക്കു എപ്പോഴും തിരക്കാണ്. ഒന്നിനും നേരമില്ല. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനോ.. സംസാരിക്കാനോ.. ഒന്നിനും ഇക്കാക്ക് സമയമില്ല. ഞാൻ ടീവീ കണ്ടും ഉറങ്ങിയും സമയം കളയും.വല്ലാത്ത ഒറ്റപ്പെടൽ.

കുറച്ച് നാളുകൾ ആയിട്ടുള്ളു ഈ മൊബൈൽ വാങ്ങിയിട്ടും fb യിൽ ഐഡി എടുത്തും. അത്ര തന്നെ നാളുകളുടെ പരിചയമുള്ളൂ മനുവുമായി. പുതിയ അറിവുകൾ. നല്ല കോമഡി വീഡിയോകൾ. കഥ കൾ. ഒരു വലിയ മായ ലോകം തന്നെയാണെല്ലേ മുഖപുസ്തകം.

മനു എന്റെ ഫ്രണ്ട് ആയപ്പോൾ അവന്റെ ഫോട്ടോ കണ്ടപ്പോൾ മുതൽ എവിടെയോ വെച്ചു അവനെ കണ്ടത് പോലെ തോന്നി. മനസ്സിന്റെ വെറും തോന്നലായിട്ടും അവന്റെ ഇൻബോക്സിൽ ഞാൻ വിരുന്ന് ചെന്നു.

“നല്ല രസമാണ് മനുവിനോടു സംസാരിക്കാൻ. അവൻ പാടും തമാശ പറയും.. പിന്നെ അവനൊരു കോഴിയായി തോന്നിയിട്ടില്ല ഇത്‌ വരെ.”

എന്റെ വേറെ ഒരു ഫ്രണ്ട് പവിത്ര ഒരിക്കൽ അവനെ പറ്റി പറഞ്ഞത് ഓർത്തിട്ടാണ് ഞാൻ ഹായ്‌ അയച്ചതും അവനോട് സംസാരിക്കാൻ തുടങ്ങിയതും. പവിത്ര പറഞ്ഞത് സത്യമാണ്. മനു മനസ്സിന്റെ വിഷമം മാറ്റാൻ കഴിവുള്ള മജീഷ്യനാണ്.

“തനിക്ക് എന്താ ഇത്രയും വിഷമം. പണമുണ്ട്. കെട്ടിയോനും മക്കളുമുണ്ട്., വലിയ വീടും കാറും.. എല്ലാം ഉണ്ട്. ”

“ശരിയാ മനു എനിക്ക് എല്ലാം ഉണ്ട്. പക്ഷെ എന്നെ സ്‌നേഹിക്കാൻ ആരുമില്ല. ”

“ഇക്കാ റൊമാന്റിക് അല്ലേ… ?”

“ഇക്കാക്ക് അതിനൊക്കെ എവിടുന്നാ സമയം. രാത്രി വരും രാവിലെ പോകും. ഉറങ്ങാൻ മാത്രം വീട്ടിൽ വരും.. ”

“അതൊന്നും സാരമില്ല ഡോ.. പലവിധ ടെൻഷൻ കൊണ്ടാണ്.. ഇക്കാ അങ്ങിനെ. നീ അതൊന്നും കാര്യമാക്കണ്ട. ഇക്കാ നിന്റെ ഭാഗ്യമാണ്. ”

ഒരിക്കലും അവൻ എന്റെ ഇക്കയെ കുറ്റം പറഞ്ഞിട്ടില്ല. എന്നോട്‌ ക്ഷമിക്കാൻ പറയും. എന്നിട്ട് ഓരോന്നു പറഞ്ഞു എന്നെ സന്തോഷിപ്പിക്കും. നല്ല പാട്ടുകൾ പാടി അയക്കും. ഒരു വരി പോലും പാടാൻ അറിയാത്ത എന്നെ കൊണ്ട് അവൻ പാട്ട് പാടിപ്പിച്ചു.

എന്റെ എല്ലാ കാര്യങ്ങളും ചോദിക്കും. അകലെയാണെങ്കിലും നേരിൽ കാണുന്ന പോലെ എന്റെ മുഖം വാടിയാൽ അവന് അറിയും.

പ്രണയമല്ല. പ്രണയത്തിനെക്കാൾ വലുത്. ഇപ്പോ ഞാൻ ചിരിച്ചു കാണുന്നുണ്ടെങ്കിൽ അതിന്‌ കാരണം അവനാണ്. അങ്ങിനെയുള്ള അവൻ ഒരു സഹായം ചോദിച്ചിട്ട് ചെയ്യാൻ കഴിഞ്ഞില്ലങ്കിൽ അവൻ എനിക്ക് തന്ന സ്‌നേഹത്തിന് എന്ത് വില.

ഇക്ക ഒപ്പിട്ടു വെച്ച ചെക്ക് സെൽഫിൽ നിന്നും എടുത്തു തുക എഴുതി പിറ്റേന്ന് ഞാൻ തന്നെ ബാങ്കിൽ പോയി പണം എടുത്തു.

അവിടെയുള്ള ഒരു കോഫി ഷോപ്പിൽ അവൻ എനിക്ക് വേണ്ടി കാത്ത് നിന്നു . ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ. അന്ന് അവൻ ഒരുപാട് നിർബന്ധിച്ചു ഒരു ജ്യൂസ് കുടിക്കാൻ . ഞാൻ നിന്നില്ല.

“,നീ പേടിക്കണ്ട. ഞാൻ ക്യാഷ് എത്രയും പെട്ടെന്ന് ഇക്ക അറിയുന്നതിന് മുൻപ് തിരിച്ചു തരും. ഞാൻ കാരണം ഒരിക്കലും നീ വിഷമിക്കണ്ട വരില്ല. ”

“,എനിക്ക് നിന്നെ വിശ്വാസമാണ്. നീ ഇത്‌ കൊണ്ടുപോയി നിന്റെ പ്രശ്നങ്ങൾ തീർക്കു.”

ഞാൻ പെട്ടെന്ന് തന്നെ അവനോട് യാത്ര പറഞ്ഞു പിരിഞ്ഞു. ഈ നിമിഷം വരെ മോശമായി ഒരു വാക്ക് പോലും പറയാത്ത അവനെ പേടിച്ചിട്ടല്ല. ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി.

രണ്ടര ലക്ഷം പോയ വഴി ഒരു കഥ പോലെ മുംതാസ് ഇക്കയോട് പറഞ്ഞു. അയാൾക്ക്‌ ദേഷ്യം വന്നില്ല. അവൾ പറഞ്ഞതെല്ലാം സമാധാനത്തോടെ കേട്ടിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ക്യാഷ് തിരികെ കിട്ടിയില്ല. മെസ്സേജിന് മറുപടിയില്ല. ബാങ്കിൽ നിന്നും പണം പിൻവലിച്ചത് അറിഞ്ഞു കലി തുള്ളി വന്ന ഇക്കയാണു അവൾ പറയുന്നത് കേട്ടു തല കുനിച്ചു ഇരിക്കുന്നത്.

“ഞാൻ വിശ്വസിക്കുന്നില്ല അവൻ എന്നെ പറ്റിച്ചതാണെന്ന്. ക്യാഷ് റെഡിയാക്കാൻ കഴിഞ്ഞു കാണില്ല. അതുകൊണ്ടായിരിക്കും വിളിക്കാത്തത്. അവന് ഒരിക്കലും എന്നെ പറ്റിക്കാൻ കഴിയില്ല. ഞാൻ അത്രക്ക് അവനെ വിശ്വസിച്ചു. ”

“നീ വിഷമിക്കണ്ട.. ആ പണം പൊയ്ക്കോട്ടേ. അതിനെക്കാളും എത്രയോ വലുതാണ് എനിക്ക് നീ. എന്റെ തിരക്കുകൾ ഒരിക്കലും നിന്നോടുള്ള ഇഷ്ടം കുറച്ചിട്ടില്ല. പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. അത്‌ എന്റെ തെറ്റാണ്. നീ എപ്പോഴും ഹാപ്പിയാണെന്ന് ഞാൻ കരുതി. ”

മുംതാസിന്റെ കരയുന്ന കണ്ണുകൾ തുടച്ചു. അവളുടെ ചുമലിൽ കൈ വെച്ചു പറഞ്ഞ ഇക്കയുടെ വാക്കുകളിൽ നിന്നും അവളുടെ മനസ്സ് അറിയുന്നുണ്ട് ഇക്കാക്ക് അവളോടുള്ള ഇഷ്ടം.

അവൾ പതുക്കെ ആ നെഞ്ചിൽ തല വെച്ചു ചേർന്നു നിന്നു.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞു പവിത്രയുടെ മെസ്സേജ് കണ്ടപ്പോൾ മുംതാസിന്റെ കണ്ണ് വീണ്ടും നിറഞ്ഞു ഒഴുകി.

‘നിനക്ക് ആ മനുവിനെ പറ്റി വല്ലതും അറിയോ.. അവൻ എന്റെ അഞ്ച്‌ പവനും കൊണ്ട് പോയിട്ട് ഒരു വിവരവും… ഇല്ല.. എന്താണ് ചെയ്യുകയെന്ന് അറിയില്ല. ചേട്ടൻ അറിഞ്ഞാൽ എന്നെ കൊന്ന് കളയും… ഞാൻ വേറെ രണ്ട് മൂന്ന് പേരോടും ചോദിച്ചു.. അവരും പറയുന്നു അവൻ ചതിക്കുമെന്ന്. ഈശ്വരാ എന്താണ് ചെയ്യുകയെന്ന് അറിയില്ല. ”

മുംതാസ് പവിത്രയോട് ഒന്നും പറയാതെ മൊബൈൽ എടുത്തു വെച്ചു സോഫയിൽ കണ്ണടച്ച് കിടന്നു.

അത്രയും പണം പോയതിലല്ല വിഷമം.അവളെ മനസ്സിലാക്കി സ്‌നേഹം അഭിനയിച്ചു ചതിച്ച മനു പഠിച്ച കള്ളനാണ്. അവൻ അല്ലെങ്കിൽ അവനെ പോലെ വേറെ ഒരാൾ നിങ്ങളുടെ ഇൻബോക്സിൽ വരും. സങ്കടങ്ങളുടെയും ഒറ്റപ്പെടലിന്റെയും ഇടയിൽ സാന്ത്വനമായി. കുടുംബമാണ് എല്ലാത്തിലും വലുത്. നമ്മുടെ ജീവിതത്തിലേക്ക് അന്യർക്കു കടന്ന് വരാനുള്ള കിളിവാതിൽ ആണ് ഇൻബോക്സ്. നിയന്ത്രണങ്ങളോടെ ഫ്രണ്ട്ഷിപ് നിലനിർത്തുക.

ഇഷ്ടം ആർക്കും ആരോടും തോന്നാം. പക്ഷെ ആ ഇഷ്ടവും വിശ്വാസവും മുതലെടുത്ത്‌ വാക്കുകൾ കൊണ്ട് ചതുരംഗം കളിക്കുന്ന ചതിയന്മാരെ തിരിച്ചു അറിയാൻ കഴിയണം.

രചന : നവാസ് ആമണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *