നല്ലപാതി

രചന: ആതിര ചന്ദ്രൻ-

“നമ്മൾ ശെരിക്കും ലക്കിയാണ് ഏട്ടാ. ഇപ്പോ പെട്ടെന്നൊരു ആക്സിഡന്റിലാണ് ഞാൻ അങ് പോകുന്നേ എങ്കിൽ പെട്ടെന്ന് ഉള്ള ആ പോക്ക് അക്സെപ്റ്റ് ചെയ്യാൻ ഏട്ടന് പറ്റുമായിരുന്നോ. ഇതിപ്പോ കാൻസർ ആയത് കൊണ്ട് ഞാൻ എപ്പോഴാ പോകുന്നേന്ന് ഒരു ധാരണയൊക്കെ കിട്ടി. മനസിനെ പറഞ്ഞു മനസിലാക്കാൻ.”

മറുപടിയൊന്നും കൊടുക്കാതെ അയാൾ അവൾ പറയുന്നത് കേട്ട് അവൾക്കുള്ള കഞ്ഞി പതിയെ കോരി കൊടുത്തു. കണ്ണ് നിറയുന്നത് അവൾ കാണാതിരിക്കാൻ അയാൾ പാട് പെട്ട് ഇമകൾ തുടരെ തുടരെ കൂട്ടിയടച്ചു തുറന്ന് കൊണ്ടിരുന്നു.

“എട്ടനൊന്നാലോചിച്ചു നോക്കിയേ ഇന്നലെ നമ്മൾ പേപ്പറിൽ കണ്ട വാർത്ത, ആ തമിഴ്‌നാട്ടിൽ ബസ് ആക്സിഡന്റിൽ മരിച്ച മലയാളി പെണ്കുട്ടിടെ. അവളുടെ ഹസ്ബൻഡിന് അത് എത്രക്ക് ഷോക്ക് ആയി എന്നു നമ്മൾ വായിച്ചതല്ലേ. അയാളെ അപക്ഷിച്ചു നോക്കുമ്പോ എന്റെ ഏട്ടന് സമയം ഉണ്ട്. കുറച്ചു നാൾ കഴിഞ്ഞാൽ ഞാനില്ല എന്ന സത്യം അക്സെപ്റ്റ് ചെയ്യാൻ. ഒരു കണക്കിന് അതൊരു ഭാഗ്യല്ലേ.. ഏട്ടൻ എന്താ ഒന്നും മിണ്ടാത്തെ..”

“ഉം” അയാൾ പതിയെ മൂളി. അവൾ അയാളുടെ കയ്യിൽ പിടിച്ചു.

“നമ്മുടെ കുട്ടാപ്പി ഇപ്പോ കുഞ്ഞല്ലേ. ഞാൻ പോയി കഴിഞ്ഞാൽ അവനെ നോക്കാൻ ഏട്ടൻ കൊറേ പാട് പെടും.”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം”

അവളുടെ കൈ തന്റെ കൈക്കുള്ളിൽ അമർത്തി പിടിച്ചു കൊണ്ട് അയാൾ മൂളി.

“നമുക്ക് നാളെ ഒരു യാത്ര പോയാലോ ഏട്ടാ. എനിക്ക് മടുത്തു ഈ ആശുപത്രിയും മരുന്നും എല്ലാം ആയിട്ട്. കുട്ടാപ്പിടെ കൂടെ കൊറേ ഫോട്ടോയും വീഡിയോയും എടുക്കണം. അവൻ വലുതാകുമ്പോ കാണിച്ചു കൊടുക്കണ്ടേ.”

“ഉം”

“എന്താ ഏട്ടാ ഇങ്ങനെ മോന്തേം വീർപ്പിച്ചു കും കും ന്ന് മൂളിക്കൊണ്ടിരിക്കുന്നെ. എന്റെ എല്ലാ ആഗ്രഹോം നടത്തി തരാന്ന് പറഞ്ഞു പറ്റിച്ചല്ലേ മനുഷ്യാ നിങ്ങളെന്നെ കെട്ടീത്”

“കൊണ്ട് പോകാടാ”.

അതും പറഞ്ഞു അയാൾ അവളെ നോക്കി പതിയെ ഒന്ന് ചിരിച്ചു. അവൾ അയാളുടെ തോളിൽ ചാഞ്ഞു. അനുസരണയില്ലാത്ത കുട്ടിയെ പോലെ അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വാർന്നു. ************ “അച്ഛാ… അച്ഛൻ ഇവിടെ വന്നിരിക്കായിരുന്നോ. ഇന്ന് അമ്മേടെ ഓർമ്മ ദിവസം അല്ലെ ദേ സ്വാതി എല്ലാം ഒരുക്കിയിട്ടുണ്ട്. അമ്മക്കിഷ്ടമുള്ള സേമിയ പായസവും”

അയാൾ ഓർമ്മകളിൽ നിന്നെണീറ്റു. അവസാനമായി അവൾ ധരിച്ച അവളുടെ ഗന്ധം പേറുന്ന ആ പഴകിയ ചുരിദാർ ടോപ്പ് അയാൾ ഒന്നുകൂടെ നെഞ്ചോടു ചേർത്തു.

രചന: ആതിര ചന്ദ്രൻ-

Leave a Reply

Your email address will not be published. Required fields are marked *