നിന്റെ മാത്രം സ്വന്തം ഭാഗം 23

ഇരുപത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 22

ഭാഗം 23

“രണ്ടുപേരും പുറത്ത് നിൽക്കാതെ അകത്തേക്ക് കേറ്….ഇവിടെ ആരുമില്ലെന്ന് തോന്നുന്നു…..”ശേഖരൻ പൂട്ടിയിട്ടിരിക്കുന്ന വാതിലിലേക്ക് നോക്കി പറഞ്ഞു…മനുവും ആകാശും ഉമ്മറത്തേക്ക് കയറി…

“വർഷയുടെ അമ്മ അപ്പുറത്ത് തയ്ക്കാൻ പോകും ….ഞാൻ പോയി വിളിച്ചിട്ട് വരാം…”

“അത് നിനക്കെങ്ങനെ അറിയാം…..” ശേഖരൻ ചോദിച്ചത് കേട്ടു ആകാശ് അബദ്ധം പറ്റിയതു പോലെ നാക്ക് കടിച്ചു…..

“അത് …ഞാൻ അച്ചുവിനെ ഹോസ്റ്റലിൽ കൊണ്ടാക്കാൻ പോകുമ്പോൾ വർഷയെ വിളിക്കാൻ വരാറുണ്ട്…വർഷ പറഞ്ഞ് അറിയാം……”അവന്റെ മറുപടി കേട്ട് മനു അവനെ ആക്കിയൊന്നു ചിരിച്ചു……ആകാശ് അവനെ കണ്ണുരുട്ടി കാണിച്ചു….

“എന്നാൽ പോയി നോക്കിയിട്ട് വാ അക്കൂ…….”ആദി അക്ഷമനായി അക്കുവിനോട് പറഞ്ഞു……..

ആകാശ് പോകാൻ തിരിഞ്ഞതും വർഷയുടെ അമ്മ കൗസല്യ ദൂരെ നിന്നും നടന്നു വരുന്നത് കണ്ടു…..

“ദേ….അമ്മ വരുന്നുണ്ട്……”ആകാശ് ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി……

കൗസല്യ മുറ്റത്ത്‌ കാറ് കണ്ട് ഓടി വന്നു…. വീട്ടിൽ ശേഖരനെയും മക്കളെയും കണ്ട് അതിശയിച്ചു നിന്നു ….ഓടിപ്പോയി വാതിൽ തുറന്നു….

“എല്ലാവരും വരൂ..അകത്തേക്കിരിക്കാം……”കൗസല്യ അവരെ അകത്തേക്ക് ക്ഷണിച്ചു…. മനുവിനെയും ആകാശിനെയും ഇടയ്ക്ക് കാണാറുണ്ടെങ്കിലും ആദിയെ ആദ്യമായാണ് അവർ കാണുന്നത്.. എല്ലാവരും അകത്തേക്ക് കയറി…കൗസല്യ ധൃതിയിൽ കസേര വലിച്ചു മുന്നോട്ടു നീക്കിയിട്ടു…ആദിയും ശേഖരനും ആകാശും ഇരുന്നു..മനു കൗസല്യയുടെ അടുത്ത് നിന്നു… ആകാശിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു നിന്നു.. കൗസല്യയുടെ മുഖത്തുള്ള സംശയം കണ്ടിട്ട് ശേഖരൻ തുടക്കമിട്ടു…

“വളച്ചുകെട്ടാതെ കാര്യം പറയാം…ഞാനെന്റെ മകന് വേണ്ടി വർഷയെ ചോദിക്കാൻ വന്നതാണ് കൗസല്യയുടെ അഭിപ്രായം പറയണം….”

ആകാശിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുവായിരുന്നു….. ഈ സമയം വർഷ കൂടെ വേണമായിരുന്നു എന്നവന് തോന്നി…… വർഷയുടെ അമ്മ ആകെ ഞെട്ടി നിന്നു…… ആദി വളരെ പ്രതീക്ഷയോടെ കൗസല്യയെ നോക്കിയിരുപ്പുണ്ട്……ആകാശിന്റെ സന്തോഷം കണ്ടിട്ട് മനുവിന്റെ മനസ്സ് നിറഞ്ഞു……..

“ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് ഇങ്ങനൊരു ബന്ധം സ്വപ്നം കാണാൻ പറ്റാത്തതാണ്… ഞങ്ങളിങ്ങനെ കുഴപ്പമില്ലാതെ ജീവിക്കുന്നത് പോലും സാറിന്റെ കാരുണ്യത്തിലാണ്……..ആ സാറ് ചോദിച്ചാൽ പൂർണ മനസ്സോടെ ഞാനെന്റെ മോളെ തരും…..” ആദിയുടെയും ആകാശിന്റെയും മുഖം തെളിഞ്ഞു……ശേഖരൻ എഴുന്നേറ്റ് ദേവകിയുടെ അടുത്തേക്ക് പോയി …

“കൗസല്യ വിഷമിക്കണ്ട…കല്യാണത്തിന്റെ കാര്യങ്ങളൊക്കെ ഞങ്ങള് നോക്കിക്കോളാം ഉടൻ നടത്തണമെന്നാണ് എന്റെ ആഗ്രഹം….. വിവാഹം കഴിഞ്ഞായാലും വർഷയ്ക്ക് പഠിക്കാമല്ലോ……..” ശേഖരന്റെ വാക്കുകൾ കേട്ടു കൗസല്യ സന്തോഷത്തിന്റ ആനന്ദാശ്രു പൊഴിച്ചു…..

“ഒരുപാട് നന്ദിയുണ്ട്… സാർ….”

“മോളോട് സമ്മതം ചോദിച്ചിട്ട് എന്നെ വിളിച്ച് അറിയിക്കണം….എന്നാൽ ഞങ്ങളിറങ്ങട്ടെ….” ആകാശും ആദിയും പോകാനായി എഴുന്നേറ്റു..

“ഞാൻ ചായയെടുക്കാം….”കൗസല്യ പറഞ്ഞു…

“വേണ്ട…പോയിട്ട് ഒരുപാട് തിരക്കുണ്ട്………….” ശേഖരൻ സ്നേഹപൂർവ്വം നിരസിച്ചു….. എല്ലാവരും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി…..

“ഒരു കാര്യം മറന്നു….വർഷയുടെ ജാതകം ആദിയുടെ ജാതകവുമായി ഒത്തു നോക്കണം… വർഷയുടെ ജാതകമൊന്നു തരുമോ…..”കൗസല്യ ജാതകമെടുക്കാൻ അകത്തേക്ക് പോയി….

ഒരു ഞെട്ടലോടെയാണ് ആകാശ് അതു കേട്ടത്………മനുവും ഒന്നും മനസ്സിലാകാതെ ശേഖരനെ നോക്കി…….

“ആദിയേട്ടന്റെ ജാതകമോ…..”മനു സംശയത്തോടെ ചോദിച്ചത് കേട്ട് ശേഖരൻ ചിരിച്ചു…..

“പിന്നെ കെട്ടാൻ പോകുന്ന പെണ്ണിന്റെയും ചെക്കന്റെയും ജാതകം നോക്കണ്ടെ….. നാളെത്തന്നെ ആദിയുടെയും വർഷയുടെയും ജാതകം നോക്കിക്കണം…നല്ലൊരു മൂഹൂർത്തത്തിൽ ഉടൻ കല്യാണവും നടത്തണം”

ശേഖരന്റെ വാക്കുകൾ കേട്ട് ആകാശിന് തളർന്ന് പോകുന്നതു പോലെ തോന്നി…….അതു മനസ്സിലാക്കിയതു പോലെ മനു അവനെ ചേർത്ത് പിടിച്ചു.. ആദിയുടെ മുഖത്തെ തിളക്കം അവനിൽ നടുക്കമുണ്ടാക്കി…..കൗസല്യ ജാതകം കൊണ്ട് ശേഖരന്റെ കൈയ്യിൽ കൊടുത്തു…… വിറക്കുന്ന ശരീരത്തോടെ അവൻ കാറിലേക്ക് കയറി……എല്ലാവരും കയറിയ ശേഷം ആദി കാറെടുത്തു……

വീട്ടിലെത്തിയപ്പോൾ മറ്റാരെയും നോക്കാതെ ആകാശ് അകത്തേക്ക് കയറിപ്പോയി…… മനു അവൻ പോകുന്നത് വിഷമത്തോടെ നോക്കി നിന്നു…… ആദിയുടെ സന്തോഷം കണ്ട് അവന് പേടി തോന്നി…..

മനു മുറിയിലേക്ക് ചെല്ലുമ്പോൾ ആകാശ് കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു..കണ്ണുകൾ ചുവന്ന് കലങ്ങിയതു കണ്ടപ്പഴേ മനസ്സിലായി അവൻ കരഞ്ഞുവെന്ന്..

“അക്കൂ………നീ പോയി അച്ഛനോട് സംസാരിക്ക്. എന്തെങ്കിലും വഴി കാണാതിരിക്കില്ല…..”

“എന്തു സംസാരിക്കുന്ന കാര്യമാ മനു പറയുന്നെ..”മുറിയിലേക്ക് വന്ന ശേഖരനെ കണ്ട് രണ്ടാളും ഒന്നു പതറി…അവൻ എഴുന്നേറ്റു…അക്കുവിന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ട് അയാൾ വെപ്രാളത്തോടെ അവന്റെ അടുത്തേക്ക് ചെന്നു

“എന്താ അക്കൂ….നിനക്കെന്താ പറ്റിയത്……” ആകാശ് ശേഖരന്റെ കൈകളിൽ പിടിച്ചു…..അവൻ കണ്ണടച്ചു ഒരു ദീർഘനിശ്വാസം എടുത്ത് ശേഖരനെ നോക്കി…..

“അച്ഛനെന്നോട് ക്ഷമിക്കണം…. ഇതു പറയാതിരി ക്കാൻ എനിക്ക് കഴിയില്ല…എനിക്ക് വർഷയെ ഇഷ്ടമാണ്…… അവൾക്ക് എന്നെയും….” ശേഖരന്റെ മുഖം വലിഞ്ഞു മുറുകി… അയാൾ ദേഷ്യത്തോടെ ആകാശിനെ നോക്കി……

“എത്ര കാലമായി ഈ ബന്ധം തുടങ്ങിയിട്ട്…..”ദേഷ്യത്തോടെ നിൽക്കുന്ന അച്ഛനെ നോക്കി അവൻ സൗമ്യമായി ഉത്തരം പറഞ്ഞു….

“ഒരു വർഷമായി……”

“ഇതുവരെ ഈ കാര്യം നീ എന്നോട് പറഞ്ഞോ അക്കൂ……വർഷയുടെ വീട്ടിൽ പോകുന്നതിന് മുൻപെ പറയായിരുന്നില്ലേ……”

“എനിക്ക് വേണ്ടി പോയതെന്ന് കരുതി….”

അവന്റെ ഓരോ വാക്കുകളുംം ശേഖരന്റെ ദേഷ്യത്തെ കൂട്ടി…..

“ആദിയെ വിഷമിപ്പിക്കാൻ അച്ഛന് കഴിയില്ല…. ഒരു മുറിവ് ഉണങ്ങുന്നതിന് മുൻപെ അടുത്ത വേദനയും അവൻ സഹിക്കില്ല…..സ്വന്തം മകന് വേണ്ടി അവനെ തള്ളിക്കളഞ്ഞെന്ന് തോന്നും…” ശേഖരൻ ആകാശിനെ ദയനീമായി നോക്കി..

“നീ കുറച്ചു മനസാക്ഷി ഉള്ളവനല്ലേ…നിനക്ക് വിട്ട് കൊടൂത്തൂടെ മോനെ…..ഇതറിഞ്ഞാൽ അവൻ തകരും ഒരുപാട് പ്രതീക്ഷയിലാ എന്റെ കുട്ടി……നീയായിട്ട് അവനെ ഞങ്ങൾക്ക് നഷ്ടപ്പെടുത്തരുത്….അവരുടെ കല്യാണം നടക്കണം…നീയെല്ലാം മറക്കണം …..” ശേഖരന്റെ വാക്കുകൾ കേട്ട് ആകാശ് സർവം നഷ്ടപ്പെട്ടവനെ പ്പോലെ കട്ടിലിലേക്കിരുന്നു….

“മനൂ….നീ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്…..ഇതും ഞാൻ നിന്നെ ഏൽപ്പിക്കുവാണ്….അക്കുവിന്റെ വേദന കാണാനും എനിക്ക് വയ്യ…..” ശേഖരൻ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോയി….

മനു എന്തു ചെയ്യണമെന്നറിയാതെ തലയിൽ കൈതാങ്ങി കസേരയിലിരുന്നു…….ആകാശിന്റെ അവസ്ഥ കണ്ട് അവന് പാവം തോന്നി ഒരു വശത്ത് അവന്റെ പ്രിയപ്പെട്ട ഏട്ടൻ മറുവശത്ത് ജീവനെപ്പോലെ സ്നേഹിക്കുന്ന പ്രണയിനിയും.. ശേഖരന്റെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കേട്ടു…..

“”നീയായിട്ട് അവനെ ഞങ്ങൾക്ക് നഷ്ടപ്പെടുത്തരുത്””

മനു സ്വന്തം വീട്ടിലേക്ക് പോയില്ല..ആകാശിന്റെ അടുത്ത് തന്നെ നിന്നു…എത്ര നിർബന്ധിച്ചിട്ടും ആകാശ് ഭക്ഷണമൊന്നും കഴിച്ചില്ല………….

രാത്രി വർഷയുടെ ഫോൺ വന്നു…..ആകാശ് ഫോൺ കട്ടാക്കി….വർഷ പിന്നെയും വിളിച്ചു… അവസാന ബെല്ലിൽ വിറയ്ക്കുന്ന കൈകളോടെ അവൻ ഫോൺ അറ്റൻഡ് ചെയ്തു…..

“അക്കുച്ചേട്ടാ…. അമ്മ പറഞ്ഞതൊക്കെ സത്യമാണോ…..ആദിയേട്ടനും ഞാനും തമ്മിലുള്ള കല്യാണം ഉറപ്പിച്ചോ……”അവൾ കരഞ്ഞു കൊണ്ടാണ് ഓരോ വാക്കുകളും പറയുന്നത്…..

“മ്…..സത്യമാണ്…..”

“എന്താ ഏട്ടാ പറയുന്നത്…. നമ്മളല്ലേ……നമ്മള് സ്നേഹിച്ചതല്ലേ……”

“വർഷാ…..ആദിയേട്ടൻ പാവമാണ്… വേദനിപ്പിക്കാൻ കഴിയില്ലെനിക്ക്…..”ഉയർന്ന് വരുന്ന കരച്ചിലടക്കാൻ അവൻ പാടുപെട്ടു….

“അപ്പൊ ഞാനോ ഏട്ടാ….എന്റെ സ്നേഹമോ…”

“എന്നോടൊന്നും ചോദിക്കരുത് വർഷാ ……പ്ലീസ്…..”

“പിന്നെ ഞാനാരോടാ ചോദിക്കേണ്ടത്..എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി…….. ഞാനെന്തു ചെയ്യണം …പറ……പറയേട്ടാ…….” അവളുടെ തേങ്ങലുയർന്നു…. അത് തന്റെ ഹൃദയഭിത്തിക്കുള്ളിൽ രക്തം പൊടിയിക്കും പോലെ തോന്നിയവന്…. കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ….

“നീയെല്ലാം മറക്കണം….ആദിയേട്ടനെ വിവാഹം കഴിക്കണം….”അപ്പുറത്ത് നിന്ന് ഒരു പൊട്ടിച്ചിരിയാണ് കേട്ടത് അത് പിന്നെ ഒരു പൊട്ടിക്കരച്ചിലായി മാറി…….

“ഇനി കാണരുത് എന്റെ മുന്നിൽ.. ഇതോടെ അവസാനിച്ചു എല്ലാം….എന്റെ പുറകെ നടന്ന് പിടിച്ചു വാങ്ങിയതല്ലേ എന്റെ സ്നേഹം…… ക്രൂരനാണ് നിങ്ങൾ ……വിശ്വസിച്ച പെണ്ണിനെ ചതിച്ച ക്രൂരൻ…….” മറുപടിക്ക് പോലും കാത്തു നിൽക്കാതെ വർഷയുടെ കോൾ കട്ടായി….. ആകാശ് മുഖം പൊത്തി കരഞ്ഞു….

‘ഇല്ല വർഷാ….നിന്നെ മറക്കാൻ ഈ ജന്മം എനിക്ക് കഴിയില്ല……’

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“വർഷാ….നീ കരയാതെ….നമുക്കു എല്ലാം ശരിയാക്കാം…മനുവേട്ടൻ വിളിച്ചപ്പോൾ പറഞ്ഞതല്ലേ അക്കുച്ചേട്ടന്റെ അവസ്ഥ…..”അച്ചു വർഷയെ സമാധാനിപ്പിച്ചു…..

“വെറുതെയാണെങ്കിലും അങ്ങനെ പറയാമോ അച്ചൂ……നിനക്കറിയാവുന്നതല്ലേ എല്ലാം……”വർഷയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…..അച്ചു ആകെ വിഷമിച്ചു നിന്നു… പെട്ടെന്ന് എന്തോ ഓർത്ത പോലെ വർഷ അച്ചു വിനെ നോക്കി…..

“അച്ചൂ….എനിക്ക് ആദിയേട്ടന്റെ നമ്പർ വേണം”

“വേണോ വർഷാ….ഇപ്പൊ പറയണോ…..”

“പറയണം ….എല്ലാം തുറന്നു പറയണം ……. എനിക്കിങ്ങനെ വീർപ്പുമുട്ടിയിരിക്കാൻ വയ്യ….”

അച്ചു ഫോണെടുത്ത് നമ്പർ നോക്കി പറഞ്ഞു കൊടുത്തു….. വർഷ ആ നമ്പറിലേക്ക് വിളിച്ചു….

“ഹലോ…..”

“ഹലോ….ഞാൻ വർഷയാ…..”അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു…..

“നിന്റെ നമ്പർ അച്ഛനോട് ചോദിക്കാനിരിക്കയായിരുന്നു ഞാൻ…..എനിക്ക് നിന്നെ നേരിട്ട് കണ്ട് സംസാരിക്കണം….വരുമോ നീ…..”

“വരാം ആദിയേട്ടാ….എനിക്കും ആദിയേട്ടനോട് സംസാരിക്കണം….”

കടലിലെ തിരമാലകളിലേക്ക് മിഴിനട്ട് മൗനമായിരിക്കുന്ന ആദിയെ വർഷ കുറച്ചു നേരം നോക്കി നിന്നു…

‘വന്നിട്ട് അരമണിക്കൂർ എങ്കിലും കഴിഞ്ഞു പോയിട്ടുണ്ടാവും ഇത്രയും നേരമായിട്ടും ആദിയേട്ടൻ ഒന്നു മിണ്ടിയിട്ട് പോലുമില്ല… ഒന്നു തുടങ്ങിക്കിട്ടിയിരുന്നെങ്കിൽ എല്ലാം പറയാമായിരുന്നു….’ ഫോണിലേക്ക് ഒരു ടെക്സ്റ്റ് മെസേജ് വന്നത് വർഷ ഓപ്പൺ ചെയ്ത് നോക്കി,

‘ഇന്നലെ ഒരു രാത്രി ഭീകരമായിരുന്നു എനിക്ക്.. നീയില്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിത്തന്ന രാത്രിയായിരുന്നു ഇന്നലെ… അച്ഛന്റെയും ആദിയേട്ടന്റെയും കാല് പിടിച്ചിട്ട് ആയാലും ഞാൻ നിന്നെ നേടും വർഷാ…….. നിനക്ക് ക്ലാസുള്ളത് കൊണ്ടാണ് മെസേജ് അയച്ചത്…..ക്ലാസ് കഴിയുമ്പോൾ എന്നെ വിളിക്കണം…..’ആകാശിന്റെ മെസേജ് കണ്ട് വർഷയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..

‘ഇന്നലെ വിളിച്ചപ്പോൾ എന്തൊക്കെ ഡയലോഗ് ആയിരുന്നു….. ഇന്നലെ എന്നെ വിഷമിപ്പിച്ചതിന് തന്നെയിനി കുറച്ചു വട്ടം ചുറ്റിച്ചിട്ടേ വർഷ മിണ്ടൂ…’വർഷ മനസ്സിൽ പറഞ്ഞുകൊണ്ട് ഫോൺ ബാഗിലേക്ക് വച്ചു ആദിക്ക് നേരെ തിരിഞ്ഞു…ആദി ഇപ്പോഴും തിരമാലകളിലേക്ക് നോക്കിയിരിക്കയാണ്….തിരമാലകൾ വരുന്നതും കരയെ പുൽകി തിരികെ പോകുന്നതും അവന്റെ കണ്ണുകളുടെ ചലനങ്ങളിൽ അറിയുന്നുണ്ട്….അവന്റെ മുഖം ശാന്തമായിരുന്നു…. …

“ആദിയേട്ടാ…….എനിക്ക് ഒരു കാര്യം……”വർഷയുടെ വാക്കുകൾ മുറിഞ്ഞ് പോയി……ആദി വർഷയുടെ നേർക്ക് തിരിഞ്ഞു.. അവന്റെ മുഖത്തെ ഭാവമെന്തെന്ന് അവൾക്ക് മനസ്സിലായില്ല….

“ഞാൻ ഒരു അനാഥനാണെന്ന് നിനക്കറിയാമോ.”അവന്റെ വാക്കുകളിൽ നിരാശ നിറഞ്ഞു നിന്നു…..

“അറിയാം….”അവൾ തല കുനിച്ചു പറഞ്ഞു….

“ഇത്രയും വയസ്സിനിടയിൽ അനാഥത്വം എന്ന വേദന എന്നെ സ്പർശിച്ചിട്ടില്ല..അത്രയും തീവ്രമായിരുന്നു എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം…….അക്കുവും ആദർശും അച്ചുവിനുമൊപ്പം അവരെപ്പോലെ തന്നെ അല്ലെങ്കിൽ അവരെക്കാൾ മുന്നിൽ എന്നെ അവർ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു……..എന്നിട്ടും ഒരു പെണ്ണിന് വേണ്ടി ഞാനവരെ ചതിച്ചു…….. ഇനിയും അവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല…..”

ആദി വർഷയുടെ അടുത്തേക്ക് നീങ്ങി വന്നു അവളുടെ കൈകളിൽ പിടിച്ചു….. വർഷ ഒന്നു പരിഭ്രമിച്ചു…

‘എല്ലാം കൈവിട്ടു പോകുകയാണല്ലോ….. പറയാൻ വന്നതൊന്നും പറഞ്ഞുമില്ല……’വർഷ അവൻ പിടിച്ചിരിക്കുന്ന കൈയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി……

“വർഷാ…..നീ എന്റെ അചഛനോട് വിളിച്ച് പറയണം നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലന്ന്……” വർഷ അദ്ഭുതത്തോടെയും അതിശയത്തോടെയും ആദിയെ നോക്കി നിന്നു..

“എന്താ…..എന്താ ആദിയേട്ടൻ പറഞ്ഞത്….” അവൾക്ക് ആകാംഷ അടക്കാനായില്ല……

“എനിക്ക് നിന്നെ എന്റെ ഭാര്യയായി കാണാൻ കഴിയുന്നില്ല…..ഇന്നലെ ഞാൻ ഒരുപാട് സന്തോഷത്തിലാ വീട്ടിലേക്ക് വന്നത്….എന്റെ ഓർമകളിൽ നിന്ന് മായയെ പടിയിറക്കി അവിടെ നിന്നെ പ്രതിഷ്ഠിക്കാനുള്ള കഠിനമായ പ്രയത്നത്തിലായിരുന്നു ഞാൻ…പക്ഷെ എത്ര ശ്രമിച്ചിട്ടും നിന്നെ അങ്ങനെ കാണാൻ എനിക്ക് കഴിയുന്നില്ല…..അച്ചുവിനോട് തോന്നുന്ന വാത്സല്യം മാത്രമേ നിന്നോടും തോന്നുന്നുള്ളു..” വർഷ സന്തോഷത്തോടെ ആദി പിടിച്ചിരുന്ന കൈകളിൽ മുറുകെ പിടിച്ചു….

“എന്റെ ആദിയേട്ടാ….ഇപ്പോഴാ ശ്വാസം ഒന്നു നേരെയായത്…ഇത്രയും നേരം വീർപ്പുമുട്ടി നിൽക്കയായിരുന്നു…….എനിക്കും ആദിയേട്ടനെ ഒരു സഹോദരനായെ കാണാൻ കഴിയൂ….പിന്നെ….എനിക്ക് ഒരാളെ ഇഷ്ടമാണ്…”

ആദി അവളെ കുറുമ്പോടെ നോക്കി….

“എടീ…കാന്താരീ….അങ്ങനെയൊരു കഥ ഇതിന്റെ ഇടയിലുണ്ടായിരുന്നോ..എന്തായാലും എനിക്കും സമാധാനമായി…. അതൊക്കെ പോട്ടെ…ആരാ ആള്….”ആദി കുസൃതിയോടെ ചോദിച്ചത് കേട്ട് വർഷയുടെ മുഖത്ത് നാണം വിരിഞ്ഞു……

“അത്….പിന്നെ….അക്കുച്ചേട്ടൻ…..” ആദി കണ്ണ് മിഴിഞ്ഞ് അവളെ നോക്കി…

“അക്കുവോ….എന്നിട്ടാണോ നിന്നെ പെണ്ണ് ചോദിക്കാൻ അവനെന്റെ കൂടെ വന്നത്…. കള്ളൻ… എന്നോട് പറഞ്ഞില്ലല്ലോ….”ആദി അദ്ഭുതത്തോടെ പറഞ്ഞു….

“ഇന്നലെ എന്നെ വിളിച്ചു പറഞ്ഞതെന്താണെന്ന് അറിയോ…..ആദിയേട്ടനു വേണ്ടി ഏട്ടനെ മറക്കണമെന്ന്….ആദിയേട്ടനെ കല്യാണം കഴിക്കണമെന്ന്….” അതുകേട്ടപ്പോൾ ആദിയുടെ കണ്ണ് നിറഞ്ഞു….

“സ്വന്തമല്ലെന്നറിഞ്ഞിട്ടും അവനെന്നെ സ്നേഹിച്ച് തോൽപ്പിക്കുവാണല്ലോ…..” ആദിയുടെ വേദന കണ്ട് വർഷയുടെയും കണ്ണ് നിറഞ്ഞു…..

“അതേയ് രാവിലെ ഇറങ്ങിയതാ.. ഹോസ്റ്റലീന്ന് ടെൻഷൻ കാരണം ഒരു വക കഴിച്ചിട്ടില്ല….. എന്റെ ബിഗ് ബ്രദറ് സെന്റി അടിച്ച് നിൽക്കാതെ എനിക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിത്താ….” അവളുടെ കൊഞ്ചല് കേട്ട് ആദിക്ക് ചിരി വന്നു.

“ഞാനിന്ന് അക്കുവിനെ കാണട്ടെ……എന്നോട് പറയാത്തതിന് നല്ലത് കൊടുക്കുന്നുണ്ട്…..”

“അയ്യോ…..വേണ്ട ആദിയേട്ടാ….അക്കുച്ചേട്ടൻ ഇതൊന്നും അറിയണ്ട……കുറച്ചു വിഷമിക്കട്ടെ..”

“അവൻ വിഷമിക്കുന്നത് ഞാനെങ്ങനെ കണ്ട് നിൽക്കും പെണ്ണെ…. ഞങ്ങളുടെ കൂട്ടത്തിൽ ലോലഹൃദയമുള്ളവൻ അവൻ മാത്രമാ…” ആദിയുടെ കണ്ണുകളിൽ അക്കുവിനോടുള്ള സ്നേഹം നിറഞ്ഞു നിന്നു….

“തത്ക്കാലം ആദിയേട്ടൻ എനിക്കൊപ്പം നിന്നേ പറ്റൂ….ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല….”

“പാവം എന്റെ ചെക്കനെ അധികം വേദനിപ്പിക്കരുത് കേട്ടോ….മ്…..വാ എന്തെങ്കിലും കഴിച്ചിട്ട് ഹോസ്റ്റലിൽ കൊണ്ടാക്കാം……”

‘ഇവളോട് മാത്രം എനിക്കെന്താ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വാത്സല്യം നിറയുന്നത്……എന്റെ ആരോ ആണിവൾ… വർഷയുടെ അമ്മയെ കണ്ടപ്പോളും എനിക്ക് പരിചയമുള്ളതു പോലെ തോന്നി…എന്റെ നഷ്ടപ്പെട്ടു പോയ കുടുംബം ഇനി ഇവരായിരിക്കുമോ……എങ്ങനെ കണ്ട് പിടിക്കും’ വാ തോരാതെ സംസാരിച്ചു കൊണ്ട് നടക്കുന്ന വർഷയെ നിറഞ്ഞ വാത്സല്യത്തോടെ അവൻ നോക്കി…….

വർഷ ഹോസ്റ്റലിലെത്തി വിവരം പറഞ്ഞപ്പോൾ അച്ചുവിനും സന്തോഷമായി…. മനു ശേഖരനോട് സംസാരിച്ച് അക്കുവിന്റെ കാര്യം റെഡിയാക്കി….എന്നാൽ വർഷയുടെ അഭ്യർത്ഥന കാരണം ആകാശിനോട് മാത്രം ഒന്നും പറഞ്ഞില്ല……ദിവസങ്ങൾ കഴിഞ്ഞു പോയി ….ആകാശ് എത്ര വിളിച്ചിട്ടും വർഷ ഫോണെടുത്തില്ല….

വെള്ളിയാഴ്ച അച്ചുവിനെയും വർഷയെയും വിളിക്കാൻ ആകാശാണ് വന്നത്….അച്ചുവും വർഷയും കാറിൽ കയറിയതേ വർത്താനം തുടങ്ങി…. അറിയാതെ പോലും വർഷ ആകാശിന്റെ നേരെ നോക്കിയില്ല……..

“വർഷാ……നിനക്കെന്താ ഫോൺ വിളിച്ചാൽ എടുക്കാനിത്ര പ്രയാസം….”ആകാശ് ദേഷ്യത്തോടെ ചോദിച്ചു….

“എന്നെ എന്തിനാ വിളിക്കുന്നത്….എന്നെ വിളിക്കാൻ ഇപ്പോൾ ആദിയേട്ടനുണ്ട്…..” ആകാശിന് ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി…അതുകണ്ട് വർഷയ്ക്ക് ചിരി വന്നെങ്കിലും അവളത് അടക്കിപ്പിടിച്ചു…. അച്ചു കണ്ണ് കൊണ്ട് പാവം എന്നൊക്കെ കാണിക്കുന്നുണ്ട്…….

“നീ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞോ..”

“പറഞ്ഞു…ഏട്ടനല്ലേ എന്നോട് ആദിയേട്ടനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞത്…… രണ്ടാഴ്ച കഴിഞ്ഞാൽ എന്റെ ചെക്കനുമായി എന്റെ എൻഗേജ്മെന്റാ…..ഞാനാണെങ്കിൽ അതിന്റെ ത്രില്ലിലാ….വെറുതെ അക്കുച്ചേട്ടൻ എന്നെ വിളിച്ചു ശല്യം ചെയ്യരുത്……”

ആകാശിന്റ കണ്ണുകൾ ചുവന്നു…കണ്ണുനീർ പുറത്തേക്കൊഴുകി….അവന്റെ ദേഷ്യം മുഴുവൻ അവൻ ഡ്രൈവിങിൽ തീർത്തു……. അവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ വർഷയ്ക്ക് പറഞ്ഞതു കൂടിപ്പോയെന്ന് തോന്നി. അച്ചു ശാസനയോടെ അവളെ നോക്കി……

വർഷ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ആകാശ് നോക്കാതെ തിരിഞ്ഞിരുന്നു……വർഷ അച്ചുവിനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് കയറിപ്പോയി…..

ആകാശ് മുറിയിലെ സാധനങ്ങളെല്ലാം ദേഷ്യത്തിൽ വലിച്ചെറിഞ്ഞു……കരയുന്നതിനിടയിൽ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു….

‘നിനക്കെന്നെ വേണ്ടല്ലെ…ഞാനങ്ങനെ പറഞ്ഞന്ന് വെച്ച് നീ കല്യാണത്തിന് സമ്മതിക്കുവോ…….എന്നെ മറക്കാൻ നിനക്ക് പറ്റുമോ……നീ മറ്റൊരാളുടേതാകുന്നത് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല..’ അവൻ കട്ടിലിലേക്ക് വീണു….തലയിണയിൽ മുഖമമർത്തി കമിഴ്ന്നു കിടന്നു……ആരുടേയോ കരസ്പർശം തോളിൽ പതിഞ്ഞപ്പോൾ അവൻ തലയുയർത്തി നോക്കി….വാത്സല്യത്തോടെ തന്നെ നോക്കിയിരിക്കുന്ന ആദിയെ കണ്ട് അവൻ ചാടിയെണീറ്റു…….

“എന്താ അക്കൂ…..എന്താ നിനക്ക് പറ്റിയത്…. ഈ മുറിയെല്ലാം വാരിവലിച്ചിട്ടതാരാ……”

“എനിക്കൊന്നുമില്ലയേട്ടാ…..ഞാൻ ഒരു സാധനം നോക്കിയതാ….”

“മ്……ഞാൻ വന്നത് എൻഗേജ്മെന്റിന്റെ റിംഗ് സെലക്ട് ചെയ്യാൻ നിന്നോട് ചോദിക്കാനാണ് നിനക്ക് ഇഷ്ടപ്പെട്ട ഒരു ഡിസൈൻ സെലക്ട് ചെയ്തു പറയണം ….”ആദി അവനെ കുറച്ചു ഡിസൈൻ കാണിച്ചു കൊടുത്തു….. ആകാശ് സങ്കടം കടിച്ചമർത്താൻ പാടുപെട്ടു…

“ആദിയേട്ടന്റെ എൻഗേജ്മെന്റിന്റെ റിംഗ് ആദിയേട്ടൻ തന്നെ സെലക്ട് ചെയ്താൽ മതി…” അവന്റെ ശബ്ദത്തിലുള്ള പരിഭവം ആദിക്ക് മനസ്സിലായി……

“ശരി….ഇന്നു മതിലു ചാടാൻ പോകുമ്പോൾ രണ്ടു പേരും കൂടി ഒരുമിച്ചു സെലക്ട് ചെയ്താൽ മതി….എന്താ…മതിയോ…..” ആകാശ് ഞെട്ടലോടെ ആദിയെ നോക്കി…. ആദിയുടെ പുഞ്ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു…..

“ഈ ചേട്ടനു വേണ്ടി നിന്റെ പ്രണയത്തെപ്പോലും ത്യജിക്കാൻ നീ തയ്യാറായല്ലോ അക്കൂ…..നിന്നെ പ്പോലൊരു അനിയനെ കിട്ടാൻ എന്തു പുണ്യമാണ് ഞാൻ ചെയ്തത്…..”അവന്റെ ശബ്ദം ഇടറിയിരുന്നു….

“ആദിയേട്ടൻ എങ്ങനെ അറിഞ്ഞു…ആദിയേട്ടന് വിഷമമായോ…”

“ഇല്ല മോനെ…വർഷ എനിക്ക് അച്ചുവിനെപ്പോലെയാണ് അവളെ മറ്റൊരു രീതിയിൽ കാണാൻ എനിക്ക് കഴിയില്ല…. അത് മനസ്സിലാക്കിയപ്പോൾ കല്യാണത്തിൽ നിന്ന് ഞാൻ പിൻമാറി… പിന്നെയല്ലേ കഥകളൊക്കെ അറിയുന്നത്…. മനു എന്നോട് എല്ലാം പറഞ്ഞു.. മതിലുചാട്ടം ഉൾപ്പെടെ….”

ആകാശ് ചമ്മലോടെ മുഖം കുനിച്ചു..ആദിക്ക് അതുകണ്ട് ചിരി വന്നു….

“രണ്ടാഴ്ച കഴിഞ്ഞാൽ നിങ്ങളുടെ എൻഗേജ്മെന്റാ..മോതിരം സെലക്ട് ചെയ്തിട്ട് എന്നെ വിളിക്ക് ഞാൻ മനുവിനെ ഒന്ന് കാണട്ടെ” ആദി എഴുന്നേറ്റ് പോയി…ആകാശിന് സന്തോഷം കൊണ്ട് മുഖം വിടർന്നു…….

‘ഇവള് എന്നെക്കൊണ്ട് മതിലു ചാടിക്കും’

ഇരുപത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 24

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *