നിന്റെ മാത്രം സ്വന്തം ഭാഗം 32

മുപ്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 31

ഭാഗം 32

അച്ചു ഒരുപാട് വൈകിയാണ് മുറിയിലേക്ക് വന്നത്….മനു ഉറങ്ങാതെ കട്ടിലിൽ ഇരിക്കുന്നത് കണ്ട് അച്ചു പരിഭ്രമിച്ചു….. അവളുടെ മുഖം വല്ലാതിരിക്കുന്നത് മനുവും ശ്രദ്ധിച്ചു……

“ഉറക്കം വരുന്നെന്ന് പറഞ്ഞിട്ട് ഉറങ്ങിയില്ലേ…..” അച്ചു ചോദിക്കുന്നത് കേട്ട് മനു അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി…..

“ഞാൻ ഉറങ്ങിയെന്ന് കരുതി വന്നതാണോ…..”

” വഴക്കിടാനിരിക്കയാണോ……”

“നിനക്കല്ലേ വഴക്കെന്നോട്…….” മനു പറഞ്ഞുകൊണ്ട് കട്ടിലിലേക്ക് നിവർന്നു കിടന്നു…. അവന്റെ മുഖം കടുത്തിരുന്നു…..

“ഞാൻ കുളിച്ചിട്ടു വരാം…” അച്ചു പറഞ്ഞുകൊണ്ട് കബോർഡിൽ നിന്ന് ഇടാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത്‌റൂമിൽ കയറി…….

‘ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ ഞാൻ ഉറങ്ങുന്നുള്ളു…..’ മനു മനസ്സിൽ വിചാരിച്ച് അച്ചുവിനെയും പ്രതീക്ഷിച്ച് കിടന്നു……

കുളി കഴിഞ്ഞ് ഇറങ്ങിവന്നപ്പോൾ മനു അവളെയും നോക്കി ഇരിക്കയായിരുന്നു… അച്ചു തലയിൽ ചുറ്റിയിരുന്ന ടൗവൽ അഴിച്ചു ബാൽക്കണിയിൽ കൊണ്ടുപോയി വിരിച്ചു… മുറിയിലേക്ക് വന്ന് ലൈറ്റ് ഓഫാക്കി കട്ടിലിന്റെ ഒരു സൈഡിൽ തിരിഞ്ഞ് കിടന്നു…..

മനുവിന് ദേഷ്യം വന്നു…..അവൻ കൈനീട്ടി ഡിം ലൈറ്റിട്ട് അച്ചുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു…..വയറിലൂടെ കൈയിട്ട് അവളെ തന്റെ ദേഹത്തേക്ക് വലിച്ച് ചേർത്തു….

“മനുവേട്ടാ……എനിക്ക് യാത്ര ചെയ്ത് ക്ഷീണമാണ്…..എനിക്ക് ഉറങ്ങണം……” അച്ചുവിന്റെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു….

“എന്തിനാ അച്ചൂ എന്നെ ഇങ്ങനെ അവഗണിക്കുന്നത്…..ഞാനെന്തെങ്കിലും നിനക്കിഷ്ടമല്ലാത്ത കാര്യം ചെയ്തോ…..” അവൻ വേദനയോടെ ചോദിച്ചത് കേട്ട് അച്ചു തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി…..

“മനുവേട്ടന് തോന്നുന്നതാ…..എനിക്ക് നല്ല ക്ഷീണമുണ്ട്…..”

“തോന്നുന്നതല്ലെന്ന് നിനക്ക് നല്ലതു പോലെ അറിയാം അച്ചൂ……..എനിക്ക് ഒന്നും വേണ്ട….നീ എന്നോട് കാണിക്കുന്ന അകൽച്ച എന്തിനെന്ന് മാത്രം പറഞ്ഞാൽ മതി…” അവൻ ദേഷ്യത്തോടെ എഴുന്നേറ്റിരുന്നു……

“ഒന്നുമില്ല…. മനുവേട്ടാ….ഞാൻ…”

“അച്ചൂ മതി നിർത്ത്…ഒന്നുമില്ലെന്ന് പറയാൻ നിൽക്കണ്ട……നീ പറഞ്ഞില്ലെങ്കിൽ ഞാന് ഇവിടുന്ന് ഇറങ്ങിപ്പോവും…..”അവൻ ഉച്ചത്തിൽ പറഞ്ഞത് കേട്ട് അച്ചു അവന്റെ വായ പൊത്തിപ്പിടിച്ചു….

അച്ചു കട്ടിലിൽ നിന്ന് എഴുന്നേറ്റു…. മനുവിന്റെ കൈയിൽ പിടിച്ച് ബാൽക്കണിയിലേക്ക് കൊണ്ട് പോയി…..കുറച്ചു നേരം അവൾ പുറത്തോട്ട് നോക്കി ആലോചിച്ചു നിന്നു……

“ഒരു കുഞ്ഞ് വേണമെന്ന മനുവേട്ടന്റെ ആഗ്രഹമാണ് എന്റെ പ്രശ്നം……”

മനു ഞെട്ടി അവളെ നോക്കി…….

“എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ഡോക്ടർ ആകുന്നത്….ഒരു കുഞ്ഞ് വന്നാൽ അത് നടക്കില്ല മനുവേട്ടാ…..കഴിഞ്ഞ കുറച്ചു നാളുകളായി മനുവേട്ടൻ ഏത് സമയവും കുഞ്ഞിന്റെ കാര്യങ്ങളാണ് പറയുന്നത്…. മനുവേട്ടന്റെ ആഗ്രഹം തീവ്രമാണെന്ന് എനിക്ക് മനസ്സിലായി……അതുകൊണ്ട് കുറച്ചു മാറി നിന്നു ഞാൻ…..”

മനുവിന്റെ കണ്ണുകൾ നിറഞ്ഞു…. അവൻ അവളുടെ ഇരുതോളിലും തന്റെ കൈ വച്ചു….

“നിന്റെ ആഗ്രഹങ്ങൾക്ക് വേണ്ടിയല്ലേ പെണ്ണെ ഞാൻ ജീവിക്കുന്നത്…..നിനക്ക് എന്നോട് പറയാമായിരുന്നില്ലേ …..ഇത്രയും തീ തീറ്റിക്കണമായിരുന്നോ….എനിക്ക് നിന്നെ മാത്രം മതി…. ഇനി കുഞ്ഞിന്റെ കാര്യം ഞാൻ മിണ്ടില്ല…. പോരെ…..ഈ അകൽച്ച സഹിക്കാൻ പറ്റുന്നില്ല….”

അച്ചു കുറ്റബോധം കൊണ്ട് തല താഴ്ത്തി….

“കുഞ്ഞ് വേണ്ടെന്ന് പറഞ്ഞാൽ എന്റെ സ്വാർത്ഥതയായി മനുവേട്ടൻ കാണുമോയെന്ന് പേടിച്ചാണ് ഒഴിഞ്ഞു മാറി നടന്നത്…..”

“എടീ പൊട്ടിപ്പെണ്ണേ….നീ എന്നെക്കുറിച്ച് ഇങ്ങനെയാണോ ധരിച്ച് വച്ചിരിക്കുന്നത്….. നിന്നെക്കാളും വലുതായി ഈ ലോകത്ത് എനിക്ക് ഒന്നും തന്നെയില്ല……എന്റെ മോള് നല്ല കുട്ടിയായി പഠിച്ച് ഒരു ഡോക്ടർ ആയിട്ട് മോൾക്ക് വേണമെന്ന് തോന്നുമ്പോൾ മതി കുഞ്ഞ്….ഇനി അകന്നു മാറല്ലേ പെണ്ണേ……”

അച്ചു വല്ലാതെയായി….അവൾ മനുവിനെ കെട്ടിപ്പിടിച്ചു…. മനു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ സ്നേഹചുംബനം കൊടുത്തു….

‘അവന്റെ ആഗ്രഹമാണ് അവൻ ഉപേക്ഷിച്ചത്… അതും തനിക്ക് വേണ്ടി മാത്രം…. ആ സ്വപ്നത്തിന് മേൽ താൻ കണ്ണടയ്ക്കുകയാണ്… എന്റെ ആഗ്രഹത്തിന് മുന്നിൽ ഞാൻ സ്വാർത്ഥയായി……..’ അച്ചുവിന്റെ മനസ്സ് തേങ്ങിക്കൊണ്ടിരുന്നു…. മനുവും തേങ്ങുകയായിരുന്നു….

‘തന്റെ സ്വപ്നം ഉപേക്ഷിച്ചേ പറ്റൂ….എന്റെ അച്ചു വിന്റെ സന്തോഷമാണ് എനിക്ക് വലുത്…. നീറുന്ന മനസ്സോടെ കുഴിച്ച് മൂടുകയാണ് ഞാനെന്റെ ആഗ്രഹത്തിനെ…..’

രാവിലെ ദെച്ചുവിന്റെ വീട്ടിൽ നിന്നും അമ്മയും ദിയയും അമ്മാവനും വന്നു…..

ദിയ മനുവിനെ നോക്കുന്നത് അച്ചു മനുവിനെ വിളിച്ച് കാണിച്ചു കൊടുത്തു….. മനു അക്കുവിനെ വിളിച്ച് കാണിച്ചു കൊടുത്തു… അക്കു ദിയയെത്തന്നെ ശ്രദ്ധിച്ചു നിന്നു…. എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ദിയ മനുവിന്റെ അടുത്ത് ഓടിപ്പോയിരുന്നു…അവളുടെ വെപ്രാളം കണ്ട് അച്ചുവിന് ചിരി വന്നു….. മനുവിന് ഇതൊക്കെ അവളുടെ പ്രായത്തിന്റെ പക്വതയില്ലായ്മ ആയിട്ടേ തോന്നിയുള്ളു….. അക്കു ഇടയ്ക്കിടെ ദിയയെ നോക്കുന്നത് കണ്ട് വർഷ അവനെ നോക്കി കണ്ണുരുട്ടി….. വൈകുന്നേരം വന്നരെല്ലാം തിരികെപ്പോയി…..

“മനുവേട്ടാ… നമുക്ക് ബീച്ചിൽ പോകാം..”

ആദർശ് പറഞ്ഞത് കേട്ട് മനു എല്ലാവരെയും നോക്കി…..

“ഞങ്ങൾ റെഡി…..”ദെച്ചു ആദിയുടെ കൈയിൽ കൂടി കൈചുറ്റി പറഞ്ഞു….

“എന്നാൽ ഞങ്ങളും റെഡി….”ആകാശ് വർഷയെ ചേർത്ത് പിടിച്ചു പറഞ്ഞു….

“എനിക്കും പോണം മനുവേട്ടാ……”അച്ചു അവന്റെ ദേഹത്ത് ചാടിക്കയറി…പെട്ടെന്ന് അവൻ പുറകോട്ടു വേച്ചുപോയി….എന്നാലും അവളെ തൂക്കിയെടുത്തു…..

“അപ്പൊ…….പോകാം ഭാര്യേ…….”അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് കുറുമ്പോടെ ചോദിച്ചു…..രണ്ടുപേരും കുറച്ചു നിമിഷത്തേക്ക് ചുറ്റുമുള്ളതെല്ലാം മറന്ന് കണ്ണോട് കണ്ണ് നോക്കി അങ്ങനെ നിന്നു….

“അതേയ് റൊമാൻസൊക്കെ പിന്നെ…ഞങ്ങളിവിടെ കുറച്ചു പേര് ഇരിപ്പുണ്ട്….” അക്കു പറഞ്ഞത് കേട്ടപ്പോളാണ് രണ്ടുപേർക്കും ബോധം വന്നത്..അച്ചു ചമ്മലോടെ മനുവിന്റെ ദേഹത്ത് നിന്ന് ഇറങ്ങി……

രണ്ട് കാറിലായിട്ടാണ് പോയത്….. ആദർശ് വിളിച്ചതനുസരിച്ച് ശിവാനി ബീച്ചിലേക്ക് വന്നു…..

അച്ചുവും ശിവാനിയും വർഷയും വെള്ളത്തിൽ ഇറങ്ങി…ദെച്ചു വാശിപിടിച്ചെങ്കിലും ആദി അവളെ വിട്ടില്ല……..ആദി അവളെയും കൊണ്ട് മണ്ണിലിരുന്നു…. കുറച്ചു അടുത്തായി അക്കുവും മനുവും ആദർശും അവർ വെള്ളത്തിൽ ചാടുന്നതും നോക്കിയിരുന്നു…….

അക്കു വർഷയെത്തന്നെ നോക്കിയിരുന്നു….. വർഷയുടെ മുഖം മാറുന്നത് കണ്ട് അക്കു സംശത്തോടെ നോക്കി….അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ഓടി…..

വെള്ളത്തിൽ കളിച്ചു കൊണ്ട് നിന്നപ്പോളാണ് വർഷയ്ക്ക് തലയ്ക്ക് ഭാരം പോലെ തോന്നിയത്. അച്ചുവിനെ വിളിക്കാൻ കൈയുയർത്തിയെങ്കിലും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുപോലെ തോന്നി…..പിടിച്ചു നിൽക്കാനാവാതെ അവൾ ബോധം മറഞ്ഞ് താഴേക്ക് വീഴാൻ പോയെങ്കിലും അക്കുവിന്റെ കൈകൾ അവളെ താങ്ങിയിരുന്നു….

അക്കു അവളെ തൂക്കിയെടുത്തു കാറിന്റെ അടുത്തേക്ക് ഓടി…എല്ലാവരും പരിഭ്രമിച്ചു പോയി.. വർഷയെയും കൊണ്ട് അവർ ഹോസ്പിറ്റലിലേക്ക് പോയി…..

അക്കു ക്യാഷോലിറ്റിക്ക് മുന്നിൽ വിഷമത്തോടെ നിന്നു……വർഷയ്ക്ക് എന്തുപറ്റി എന്നറിയാതെ എല്ലാവരും വിഷമിച്ചു നിന്നു….

“വർഷയുടെ കൂടെയുള്ളവർ ആരാ…”

നഴ്സ് ചോദിച്ചത് കേട്ട് അക്കു ഓടി അവരുടെ അടുത്തേക്ക് ചെന്നു….

“ഡോക്ടർ അകത്തേക്ക് വിളിക്കുന്നുണ്ട്….”

നഴ്സ് പോയതിന്റെ പുറകെ അക്കുവും അകത്തേക്ക് പോയി…….. ബെഡിൽ തളർന്ന് കിടക്കുന്ന വർഷയെ കണ്ട് അവന്റെ കണ്ണ് നിറഞ്ഞു….അവൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് കൈയിൽ പിടിച്ചു…

“എന്താടോ…തനിക്ക് എന്തുപറ്റി…..”

അവളുടെ മുഖത്ത് ക്ഷീണത്തിലും വിരിഞ്ഞ പുഞ്ചിരി കണ്ട് അവൻ സംശയത്തോടെ നോക്കി…..

“ഇതാണോ ആകാശ്….” ഡോക്ടർ ചോദിക്കുന്നത് കേട്ട് വർഷ അതെയെന്ന് തലകുലുക്കി….

“congrats തനിക്ക് അച്ഛനായി ഒരു പ്രൊമോഷൻ കിട്ടിയതാടോ …..”

ഡോക്ടർ തോളത്ത് തട്ടിപ്പറഞ്ഞത് കേട്ട് അക്കു അദ്ഭുതത്തോടെയും സന്തോഷത്തോടെയും വർഷയെ നോക്കി….. വർഷ നാണം കൊണ്ട് മുഖം തിരിച്ചു…..

ചിരിച്ചു കൊണ്ട് പുറത്തേക്ക് വരുന്ന ആകാശിനെയും വർഷയെയും കണ്ട് എല്ലാവരും അമ്പരന്നു…..

“അതേയ്….എനിക്കും ലോട്ടറിയടിച്ചു കേട്ടോ… എന്റെ വർഷക്കുട്ടി പ്രെഗ്നന്റ് ആണെന്ന്……”

ആകാശ് വർഷയുടെ തോളത്ത് കൂടി കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ടാണ് പറഞ്ഞത്……….

ആദി സന്തോഷത്തോടെ വർഷയുടെ അടുത്ത് വന്ന് അവളെ ചേർത്ത് പിടിച്ചു….. കുടുംബത്തിൽ രണ്ട് കുഞ്ഞ് അതിഥികൾ വരാൻ പോകുന്നതോർത്ത് എല്ലാവരും സന്തോഷിച്ചു…… മനു അക്കുവിനെ കെട്ടിപ്പിടിച്ചു……..

“വീട്ടിൽ വിളിച്ച് പറയണ്ടെ…..” അച്ചു ചോദിച്ചത് കേട്ട് അക്കു ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു……

“എന്നാൽ നമുക്ക് വീട്ടിലേക്ക് പോകാം.. വർഷയ്ക്ക് നല്ല ക്ഷീണമുണ്ടെന്ന് തോന്നുന്നു അവള് റസ്റ്റ് എടുക്കട്ടെ…..” ആദി അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു……വർഷ അവന്റെ നെഞ്ചിൽ ചാഞ്ഞ് നിന്നു….. ആകാശ് വർഷയെത്തന്നെ നോക്കി നിന്നു….. ആദി കാറെടുക്കാനായി പോയതും ആകാശ് വർഷയെ പൊക്കിയെടുത്തു…..

“എനിക്ക് ഒരുപാട് സന്തോഷമായി വർഷാ….. താങ്ക്യൂ…..അചഛനാകാൻ പോകുന്നു എന്നറിഞ്ഞതു മുതൽ എന്റെ മനസ്സ് തുള്ളിച്ചാടുന്നുണ്ട്……” വർഷ അവന്റെ കഴുത്തിൽ കൈചുറ്റി അവനോടു ചേർന്നിരുന്നു…രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി….

അവരുടെ സന്തോഷം കണ്ട് മനു അവരെ കൗതുകത്തോടെ നോക്കി നിന്നു………

അച്ചുവും ആദർശും ശിവാനിയും ദെച്ചുവും അവരുടെ സന്തോഷം കണ്ട് ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി….

വർഷയെ എടുത്തു കൊണ്ടാണ് അക്കു വീട്ടിലേക്ക് കയറിയത്….കുടുംബത്തിൽ രണ്ട് കുഞ്ഞ് അതിഥികൾ വരാൻ പോകുന്നതോർത്ത് എല്ലാവരും സന്തോഷിച്ചു…… ആദിയും അക്കുവും നിലത്തൊന്നുമല്ലായിരുന്നു…….

അച്ചുവും ദെച്ചുവും ശിവാനിയും ചേർന്ന് വർഷയ്ക്ക് മധുരം കൊടുത്തു………

മനു എല്ലാം നോക്കി കാണുകയായിരുന്നു….അവന് ഇതൊക്കെ പുതിയ അനുഭവമാണ്…. ‘അക്കുവും ആദിയേട്ടനും ഭാഗ്യമുള്ളവരാണ് അതല്ലേ അവർക്ക് അച്ഛനാകാൻ കഴിഞ്ഞത്.. അവരുടെ സന്തോഷം കാണുമ്പോൾ കൊതിച്ചു പോകുന്നുണ്ട്…..’ മനു മനസ്സിൽ പറഞ്ഞു കൊണ്ട് അച്ചുവിനെ ഒന്നു നോക്കി….. അച്ചു ആദർശുമായി ലെഡുവിന് വേണ്ടി തല്ല് പിടിക്കുന്നുണ്ട്…മനു തലയിൽ സ്വന്തമായി ഒന്നു തട്ടി….

‘അച്ചുവിന് വാക്കുകൊടുത്തതല്ലേ….ഇനി ഞാൻ ആഗ്രഹിക്കരുത്…’ അവൻ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു….

രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാനായി അവർ മുറിയിൽ വന്നു….

“മനുവേട്ടാ…. രാവിലെ പോകേണ്ടതല്ലേ….എന്നെ തുണിമടക്കാൻ സഹായിക്കാമോ…..”

“നീ ഓരോന്നായി എടുത്തു താ….ഞാൻ മടക്കി വയ്ക്കാം…..”

അച്ചു എടുത്തു കൊടുക്കുന്നതനുസരിച്ച് അവൻ തുണി മടക്കി പെട്ടിയിലേക്ക് വച്ചു…. ബുക്കെല്ലാം എടുത്തു വച്ചു പെട്ടി പൂട്ടി ഒരു സൈഡിൽ മാറ്റി വച്ചു…..

അച്ചു കുളിച്ചു വന്നപ്പോഴേക്കും മനു കട്ടിലിൽ കിടന്നിരുന്നു…..

“ആഹാ…എന്നെ കൂട്ടാണ്ട് കിടന്നോ….”

“വാ…നീയില്ലാതെ ഞാൻ ഉറങ്ങുവോടീ…..”

അച്ചു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല വച്ച് ചെരിഞ്ഞ് കിടന്നു…. അവളുടെ മുടിയിഴകൾ മനുവിന്റെ മുഖത്തേക്ക് വീണു….. അവളുടെ ചൂടും മണവും അവനെ മത്ത് പിടിപ്പിച്ചു…. അവൻ അവളുടെ തലമുടിയെ മുഖത്തേക്ക് ചേർത്ത് വച്ച് മണത്തു….. അവളുടെ മുടിയിലെ മത്ത് പിടിപ്പിക്കുന്ന മണം അവന്റെ വികാരത്തിന്റെ നിയന്ത്രണം ലംഘിച്ചിരുന്നു…

“അച്ചൂ……….”

“മ്…..എന്താ മനുവേട്ടാ……”

“എത്ര നാളായി നമ്മൊളൊന്ന് സ്നേഹിച്ചിട്ട്… കുഞ്ഞ് വേണ്ടെന്ന് ഞാൻ ഉറപ്പ് തന്നതല്ലേ…. എനിക്ക്…… ഞാൻ നിന്നെയൊന്ന് സ്നേഹിച്ചോട്ടെ…”

അച്ചു തലയുയർത്തി അവനെയൊന്നു നോക്കി.. അവന്റെ കണ്ണുകളിലെ അനുരാഗം കണ്ട് അവൾ തല താഴ്ത്തി….

“മനുവേട്ടനെ എനിക്ക് വിശ്വാസമില്ല….കുഞ്ഞിന്റെ കാര്യം മനസ്സിൽ കിടക്കുന്നത് കൊണ്ട് ഈ ചെക്കനെന്നെ പറ്റിച്ചാലോ…..അതുകൊണ്ട് നമുക്കു പിന്നെ സ്നേഹിക്കാം…..”

അച്ചു പറഞ്ഞത് കേട്ട് അവന്റെ കണ്ണുകൾ നിറഞ്ഞു…..വാക്ക് കൊടുത്തിട്ടും വിശ്വാസമില്ലെന്ന് അച്ചു പറഞ്ഞത് അവനെ ഒരുപാട് വേദനിപ്പിച്ചു….അവൾ അറിയാതെ കണ്ണുകൾ തുടച്ച് അവളെയും കെട്ടി പ്പിടിച്ച് കണ്ണടച്ചു കിടന്നു……എത്രെയൊക്കെ വേദനിപ്പിച്ചാലും അച്ചു അവന്റെ ജീവനായിരുന്നു..

കട്ടിലിൽ ഒരു കുഞ്ഞു കിടന്നു കരയുന്നത് കണ്ട് മനു കണ്ണുതുറന്നു….. കുഞ്ഞിനെയും കളിപ്പിച്ചിരിക്കുന്ന അച്ചുവിനെ കണ്ടതും അദ്ഭുതം കൊണ്ട് അവന്റെ വെള്ളാരം കണ്ണുകൾ വിടർന്നു……. അവൻ ചിരിയോടെ അവരുടെ കൂടെ കൂടി….. കുഞ്ഞിനെ പൊക്കിയെടുത്തു കൊഞ്ചിച്ചു….അതിന്റെ ചിരി കണ്ട് രണ്ടുപേരും പൊട്ടിച്ചിരിച്ചു…

“മനുവേട്ടാ…….. മനുവേട്ടാ…….”

മനു ഞെട്ടി കണ്ണ് തുറന്നു ചുറ്റും നോക്കി…. കട്ടിൽ ശൂന്യമായിരുന്നു…..മുന്നിൽ നിൽക്കുന്ന അച്ചുവിനെ കണ്ടപ്പോൾ താൻ കണ്ടത് സ്വപ്നം ആണെന്ന് അവന് മനസ്സിലായി…….

“എന്താ അച്ചൂ…..”

“ഉറക്കത്തിൽ കിടന്നു ചിരിക്കുന്നത് കണ്ട് വിളിച്ചതാ……എന്തെങ്കിലും സ്വപ്നം കണ്ടോ…..”

“നീയും ഞാനും കൂടി നമ്മുടെ കു…….”ആവേശത്തോടെയും സന്തോഷത്തോടെയും പറയാൻ വന്നത് പെട്ടെന്ന് നിർത്തി അവൻ അച്ചുവിന്റെ മുഖത്തേക്ക് നോക്കി…..

“എന്തോ ……ഓർമയില്ല….എന്തോ പൊട്ടസ്വപ്നം…..”പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റു ……..അച്ചുവിന്റെ മുഖത്ത് നോക്കാതെ ബാത്ത്‌റൂമിലേക്ക് കയറി…

“നീ പോകാൻ റെഡിയായോ……” ബാത്ത്‌റൂമിൽ നിന്ന് ഇറങ്ങി ടൗവൽ കൊണ്ട് മുഖം തുടച്ചു കൊണ്ട് മനു ചോദിച്ചു…..

“മ്….റെഡിയായി…. ആദിയേട്ടൻ കൊണ്ട് വിടാമെന്ന് പറഞ്ഞിട്ടുണ്ട്…..”

വിഷമത്തോടെ തന്നെ നോക്കി നിൽക്കുന്ന മനുവിനെ കണ്ട് അവൾ അടുത്തു വന്നു……

“എല്ലാ ആഴ്ചയിലും പോകാൻ നേരം ഇതു പോലെ മുഖവും വീർപ്പിച്ചു നിൽക്കും…. ഞാൻ അടുത്ത ആഴ്ച നേരെത്തെ വരാം കേട്ടോ…..എന്നിട്ട് മനുവേട്ടന്റെ പുതിയ വണ്ടിയിൽ നമുക്കു കറങ്ങാം പോകാം…..” അച്ചു പറഞ്ഞത് കേട്ട് അവൻ ചിരിച്ചു കൊണ്ട് അവളുടെ ബാഗെടുത്ത് പുറത്തേക്ക് നടന്നു…..

താഴെ ചെന്നപ്പോൾ അക്കു വർഷയ്ക്ക് ക്ലാസ് കൊടുക്കുകയായിരുന്നു….. സമയത്തിന് ഭക്ഷണം കഴിക്കണം… രാത്രി കുത്തിയിരുന്നു പഠിക്കാതെ നേരത്തെ ഉറങ്ങണം…സമയത്തിന് മരുന്ന് കഴിക്കണം….. അങ്ങനെയൊക്കെ…..

“റെഡിയായോ അച്ചൂ……”

ആദി ചോദിച്ചു കൊണ്ട് മുകളിൽ നിന്ന് ഇറങ്ങി വന്നു…..

“ഞാൻ റെഡി……വർഷേ പോകാം……”

വർഷ മനസ്സില്ലാമനസ്സോടെ അച്ചുവിന്റെ പുറകേ പോയി…മനുവും അക്കുവും അവരുടെ കൂടെ കാറിന്റെ അടുത്ത് വരെ പോയി….

“വർഷാ…..എല്ലാം ഓർമയുണ്ടല്ലോ…. എന്തെങ്കിലും വല്ലായ്മ തോന്നിയാൽ അച്ചുവിനോട് പറയണം കേട്ടോ…..” അവന്റെ പരിഭ്രമവും കെയറിങ്ങും കണ്ട് മനു നോക്കി നിന്നു……. വർഷ പറയുന്നതെല്ലാം തലകുലുക്കി സമ്മതിക്കുന്നുണ്ട്…..അവളോട് അവന് വാത്സല്യം തോന്നി…..

മുപ്പത്തിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 33

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *