പട്ടം_പോലെ

രചന : ഷാനിഫ് ഷാനി –

വാപ്പയുടെ പെട്ടെന്നുള്ള അസുഖവും കെട്ടിക്കാൻ പ്രായമായ പെങ്ങളെയും ഓർത്തിട്ടാണ് ബിടെക് പഠനം നിർത്തി ഫൈസൽ മണൽ കോരാനും വാർക്കപ്പണിക്കും കുട്ടികൾക്ക് ട്യൂഷനെടുക്കാനുമൊക്കെ പോയി കുടുംബത്തിന് താങ്ങായത്

,പഠിച്ച് ഒരു നല്ല ജോലി നേടണം എന്ന ആഗ്രഹം ത്യജിച്ചത്. ആഗ്രഹിക്കും പോലെ അല്ലല്ലോ കാര്യങ്ങൾ നടക്കുന്നത് .എല്ലാം മുകളിലുള്ള പടച്ചവന്റെ കളിയല്ലേ ,അവന്റെ പരീക്ഷണം അല്ലേ എന്ന് കരുതി അതിലൊന്നും സങ്കടപ്പെട്ടതുമില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ബന്ധു അവനൊരു വിസ അയക്കുന്നത്. ദുബായിലെ ഒരു നല്ല കമ്പനിയിൽ ഓഫീസ് ബോയ് ആയിട്ടാണ്, അത്യാവശ്യം തെറ്റില്ലാത്ത ശമ്പളം. അങ്ങനെ പെങ്ങളെ കഴുത്തിലെ ആകെ ഉണ്ടായിരുന്ന മാലയും വിറ്റ് അവൻ സ്വപ്നങ്ങളുടെ പറുദീസയിലേക്ക് വിമാനം കയറി. അവിടെ എത്തി പിറ്റേദിവസം തന്നെ ജോലിക്കു കയറി.

രാവിലെ ഓഫീസിനുള്ളിൽ കാബിനുകളും മേശകളും പൊടി തട്ടി വൃത്തിയാക്കണം, വേസ്റ്റ് ബിന്നിൽ ഉള്ളതെല്ലാം പുറത്തുകൊണ്ടുപോയി കളയണം ,ഗ്ലാസും നിലവും ടോയ്ലറ്റും ക്ലീനാക്കണം. പിന്നെ അവിടെ ഇരിക്കുന്നവർ ഓർഡർ ചെയ്യുന്നതിനനുസരിച്ച് ചായയും കോഫിയും വെള്ളവും ഉണ്ടാക്കി കൊടുക്കണം. എടുക്കുന്ന എല്ലാ ജോലിയിലും ആനന്ദം കണ്ടെത്തിയിരുന്ന അവൻ, അതെല്ലാം ചുറുചുറുക്കോടെ ചെയ്തു.

വന്ന് ഒരാഴ്ച മുതൽ അവൻ ശ്രദ്ധിക്കുന്നതാണ് അസിസ്റ്റന്റ് മാനേജറുടെ റൂം അടച്ചിട്ടിരിക്കുന്നു, അയാൾ ഏതോ ഒരു വലിയ പ്രോജക്ടിന്റെ ആവശ്യവുമായി പാരിസിൽ ആയിരുന്നു. അന്നും പതിവുപോലെ കാബിൻ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അസിസ്റ്റന്റ് മാനേജറുടെ വരവ്.

ദൂരത്തുനിന്ന് കണ്ടപ്പോ തന്നെ അവന് ആളെ മനസ്സിലായി. ദീപക്,, എൻജിനീയറിങ് കോളജിൽ ഒരേ ബെഞ്ചിലും ,ഒരേ റൂമിലും ആയി കഴിഞ്ഞവർ.പക്ഷെ ഫൈസലിന് പഠിപ്പ് പകുതി വെച്ച് നിർത്തേണ്ടി വന്നു.

സന്തോഷവും അത്ഭുതവും കാരണം പരിസരം മറന്ന് ഫൈസൽ “എടാ ദീപൂ ” എന്ന് വിളിച്ചു കൊണ്ട് കെട്ടി പിടിക്കാൻ ശ്രമിച്ചു. “who is this “എന്നും പറഞ്ഞ് അവനെ തട്ടിമാറ്റിക്കൊണ്ട് ദീപക് അവന്റെ മുറിയിലേക്ക് വേഗത്തിൽ പോയി. ചുറ്റുമുള്ളവർ ഫൈസലിനെ നോക്കി ചിരിച്ചു. സങ്കടം കൊണ്ട് ഒരു കുട്ടിയെപ്പോലെ അവൻ ടോയിലറ്റിലേക്കോടി

വാതിലടച്ചു, ചില സങ്കടങ്ങൾ അങ്ങനെയാണ്, പിടിച്ച് നിർത്താൻ കഴിയില്ല. നിറഞ്ഞ കണ്ണുകൾ കഴുകി അവനവിടെ ഇരുന്നു .അത്രയും നല്ല സുഹൃത്തുക്കൾ ആയിരുന്നു അവർ , നാല് സെമസ്റ്ററുകളും ദീപക് പാസായത് അവനെഴുതിയ ആൻസർ ഷീറ്റ് കൊടുത്തിട്ടാണ്. ആലുവ കടപ്പുറത്ത് കണ്ട പരിചയം പോലും അവൻ കാണിച്ചില്ലല്ലോ?

അവൻ ഈ വലിയ കമ്പനിയുടെ മാനേജർ അല്ലേ, എല്ലാവരുടെയും മുമ്പിൽ വച്ച് ആയപ്പോൾ അവനതൊരു കുറച്ചിൽ ആയിട്ടുണ്ടാവും. അങ്ങനെ ആശ്വസിച്ച് ക്ലീൻ ചെയ്യാനായിട്ട് അവൻ ദീപക്കിന്റെ റൂമിലേക്ക് നടന്നു. ഫൈസലിനെ കണ്ടതും ദീപക് അടുത്തേക്ക് വന്നു,

“എനിക്ക് നിന്നെ മനസ്സിലാവാഞ്ഞിട്ടല്ല. ഞാനിപ്പോ ആ പഴയ ദീപക്കല്ല, നിന്റെ പത്തിരട്ടി ശമ്പളം വാങ്ങുന്ന ഈ കമ്പനിയുടെ അസിസ്റ്റന്റ് മനേജറ്റാണ്. നീയെന്റെ ക്ലാസ്മേറ്റാണെന് പറയുന്നത് എനിക്ക് നാണക്കേടാണ്. അത് കൊണ്ട് call me sir, ”

ഓക്കേ സാർ എന്നും പറഞ്ഞ് ഫൈസൽ തല താഴ്ത്തി കൊണ്ട് കാബിനിലെ പൊടി തുടച്ചു വൃത്തിയാക്കി.

അവിടെ അവന് ആകെ ഒരാശ്വാസം ആയിരുന്നത് സൂപ്പർവൈസറായിരുന്ന ജോസഫേട്ടൻ ആയിരുന്നു, ഒന്ന് രണ്ട് ദിവസമായിട്ട് ജോസഫേട്ടന്റെ മുഖത്തും ഒരു തെളിച്ചമില്ല .അവൻ കാര്യം അന്വേഷിച്ചു.

“ഇന്ന് HR മീറ്റിംഗ് ഉണ്ട്. പുതിയ പ്രോജക്ടിന്റെ പ്ലാൻ തയ്യാറാക്കിയിട്ട് എസ്റ്റിമേഷൻ ക്ലിയർ ആവുന്നില്ല. ഈ പ്രോജക്ട് കിട്ടിയാലേ കമ്പനിക്കും തനിക്കും നിലനിൽപ്പുള്ളൂ ,അസിസ്റ്റന്റ് മാനേജർ വരെ തല പുകയുകയാണ്.”

ഞാനൊന്ന് നോക്കട്ടെ എന്നും പറഞ്ഞ് അവൻ അതു വാങ്ങി ,എന്നിട്ട് ഇപ്പൊ തരാം എന്നും പറഞ്ഞ് അവനത് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് റീ ഡ്രോ ചെയ്ത് ജോസഫേട്ടന് കൊടുത്തു. അത് നോക്കിയ അയാളുടെ കണ്ണ് തള്ളി പോയി. വേഗം അതുംകൊണ്ട് മീറ്റിങ് ഹാളിലേക്ക് ഓടി, പ്രിന്റ് പരിശോധിച്ച് ജോസഫേട്ടനെ HR പ്രശംസിച്ചപ്പോൾ അദ്ദേഹം തനിക്കർഹിക്കാത്തത് നിരസിച്ചു കൊണ്ട് “സാർ ഇത് ഞാൻ ഉണ്ടാക്കിയതല്ല ,ഇത് റീ ഡ്രോ ചെയ്തത് ഓഫീസ് ബോയ് ആയ ഫൈസലാണ്….. ” :

HR മാനേജറും മറ്റെല്ലാവരും ഫൈസലിന്റെ അടുത്തു വന്ന് അവന്റെ തോളിൽ തട്ടി അഭിനന്ദിക്കുമ്പോൾ ദീപക് തലതാഴ്ത്തി ഹൃദയഭാരത്തോടെ നിൽപ്പുണ്ടായിരുന്നു. ‎ ———-

വേഷം കൊണ്ട് ആരെയും അളക്കരുത്… തെരുവിൽ കിടക്കുന്ന കടലാസ് കഷണം ആണെങ്കിലും…. ഒരുനാൾ അത് പട്ടമായി ആകാശത്തേക്കുയർന്നാൽ തലയുയർത്തി നോക്കേണ്ടി വരും ,ഞാനും നിങ്ങളും…

രചന : ഷാനിഫ് ഷാനി –

Leave a Reply

Your email address will not be published. Required fields are marked *