പുതിയ വസ്ത്രങ്ങൾ മാറി ധരിക്കുംപോലെ നിങ്ങൾ ഓരോ പെൺകുട്ടിയെയും മാറ്റി മാറ്റി എടുക്കുമ്പോൾ…

രചന: Ajan Anil Nair

പ്രതിരോധം

ബോബിക്ക് താൻ ഒരു നേരമ്പോക്ക് മാത്രമായിരുന്നു എന്ന് മെർലിൻ അറിയുകയായിരുന്നു

ബാംഗ്ളൂർ നിന്നും രണ്ടു ദിവസത്തേക്കെന്നും പറഞ്ഞു നാട്ടിലേക്ക് മടങ്ങിയ അയാൾ മടങ്ങി വന്നില്ല

അയാളുമൊത്തുള്ള ഓർമ്മകൾ നിറഞ ഫ്ലാറ്റിന്റെ ഏകാന്തതയിൽ അവൾ കണ്ണീർ വാർക്കാത്ത ദിവസങ്ങളും വിരളമായിരുന്നു

സന്ദേശങ്ങൾ മറുപടി കിട്ടാതെ കാത്ത്കെട്ടി കിടന്നു

വിളികൾ അവഗണിക്കപ്പെട്ടു തുടങ്ങിയിരുന്നു

ഏറെ ശ്രമിച്ചു കഴിയുമ്പോൾ പണിപ്പെട്ട് ഒരു ചടങ്ങു തീർക്കാൻ എന്നോണം എന്തോ സംസാരിച്ച് തിരക്കിലാണെന്നു പറഞ്ഞു അയാൾ സംഭാഷണം അവസാനിപ്പിച്ചിരുന്നു

സുഹൃത്തുക്കളിൽ നിന്നറിയുവാൻ കഴിഞ്ഞു ബോബിയുടെ വിവാഹ നിശ്ചയമാണെന്ന്

വിശ്വസിക്കാൻ ആയില്ല അവൾക്ക് ആദ്യം…ആ പെൺകുട്ടിയെ കുറിച്ച് ചോദിച്ചപ്പോഴൊക്കെയും കുടുംബ സുഹൃത്താണ്,അല്ലെങ്കിൽ വീട്ടുകാരായി തമ്മിൽ പറഞ്ഞുറപ്പിച്ച ബന്ധമാണ് അതൊക്കെ സംസാരിച്ച് ശെരിയാക്കാം എന്നയാൾ ഉറപ്പ് നൽകിയിരുന്നു

അയാളെ അവൾ അന്ധമായി വിശ്വസിച്ചിരുന്നു

ഏറെ ശ്രമിച്ച ശേഷമായിരുന്നു ബോബിയെ ഒന്ന് ഫോണിൽ ലഭിച്ചത്

“എന്താണ് മെർലിൻ …ഞാൻ തിരക്കിലായത് കൊണ്ടല്ലേ സംസാരിക്കാൻ സാധിക്കാത്തത്, പറഞ്ഞാൽ എന്താ മനസിലാവാത്തത് ” ഈർഷ്യ യോടെ ആയിരുന്നു അവന്റെ ചോദ്യം

“വിവാഹ നിശ്ചയം ആണെന്ന് അറിഞ്ഞു, സത്യം എന്താണെന്നു അറിയാൻ വിളിച്ചതാണ് ”

“ഓ..അതോ…അത് പിന്നെ വീട്ടുകാർ നിർബന്ധിച്ചപ്പോൾ ”

“നിർബന്ധിച്ചപ്പോൾ ”

“തൽക്കാലം എതിർത്ത് പറയാൻ സാധിച്ചില്ല, നീ ഒന്ന് ക്ഷമിക്ക്,ഇതിപ്പോൾ ചടങ്ങു നടന്നിട്ട് ഒന്നും ഇല്ലലോ ,ഞാൻ എല്ലാവരെയും കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് ”

“ബോബീ , നിനക്ക് എന്റെ അവസ്ഥ മനസിലാവില്ല, ഞാൻ ഇവിടെ തനിച്ചാണ്, നീ മടങ്ങി വരുന്നതും കാത്ത് , നീ എന്നെ തനിച്ചാക്കരുത് ” അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു

“നിനക്ക് എന്നെ മടുത്തു എങ്കിൽ നമുക്ക് ഇത് ഇവിടെ വെച്ചവസാനിപ്പിക്കാം” അവൾ പറഞ്ഞൊപ്പിച്ചു

പിന്നീടുള്ള ദിവസങ്ങളിൽ ഇടയ്ക്കെപ്പോഴൊക്കെയോ ബോബി വിളിച്ചു ,പതിവ് പോലെ രാവിൻറെ അന്ത്യയാമങ്ങളിൽ ..

ചടങ്ങുകൾ നടന്നു, അതി ഗംഭീരമായിത്തന്നെ …പ്രതിശ്രുത വധുവുമായുള്ള പതിവ് സംഭാഷണങ്ങൾക്ക് ശേഷമായിരുന്നു മെർലിനെകുറിച്ച് ഓർത്തത്

ഏറെ ദിവസങ്ങളായിക്കഴിഞ്ഞിരുന്നു അവളുടെ സന്ദേശങ്ങൾ അയാളെ തേടി എത്തിയിട്ട് ..

സിഗരറ്റിനു തീ കൊടുത്ത് ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് അവൻ മെർലിന്റെ നമ്പർ ഡയൽ ചെയ്തു

സിരകളിൽ ഉന്മാദം പടർത്താൻ അവളുടെ നേർത്ത ശബ്ദത്തിന് ആവുമായിരുന്നു

നിശബ്ദത നിറഞ്ഞ ആ സംഭാഷണത്തിന് തുടക്കമിട്ടത് അവൻ തന്നെയായിരുന്നു

” നിശ്ചയം കഴിഞ്ഞു എന്ന് വെച്ച് കല്യാണം നടന്നു എന്നല്ലല്ലോ, നീ സമാധാനിക്ക്, എല്ലാത്തിനും വഴി നിന്റെ ബോബിച്ചായൻ കണ്ടു വെച്ചിട്ടുണ്ട് , നീ വെറുതെ വഴക്കടിച്ച് മിണ്ടാതിരുന്ന് അച്ചായന്റെ മൂഡ് കളയല്ലേ പെണ്ണേ ”

“ഏയ്, ഒരിക്കലും ഇല്ല അച്ചായാ ” ആ മറുപടി കേട്ട് അയാൾ തരിച്ചിരുന്നു പോയി, അത് മെർലിന്റെ ശബ്ദം അല്ലായിരുന്നു

ടെസ്സയുടെ ഫോണിൽ നിന്നും ഉടനെത്തിയ സന്ദേശത്തിൽ അയാൾ വീണ്ടും വീണ്ടും സ്വന്തം ശബ്ദം കേട്ടു…..തന്റെ ശബ്ദ രേഖ

“വിവാഹ നിശ്ചയത്തിന് എനിക്ക് കിട്ടിയ സമ്മാനപ്പൊതിയിൽ ഒരു ഫോണുണ്ടായിരുന്നു, ബോബിച്ചായൻ മെർലിൻ എന്ന പാവം പെൺകുട്ടിക്ക് വാങ്ങി നൽകിയ അതേ ഫോൺ, അതിൽ അച്ചായൻ രാത്രി വിളിക്കുമെന്നും സംസാരിക്കണം എന്നും ആ കുട്ടികുറിച്ചപ്പോൾ അത് എന്റെ ജീവിതംകൂടി രക്ഷിക്കാനുള്ള ദൈവദൂതാണെന്ന് ഞാനും ഓർത്തിരുന്നില്ല”

“ടെസ്സ പ്ളീസ്, ലെറ്റ് മീ എക്സ്പ്ലെയിൻ ”

“കാലം മാറി…പുതിയ പുതിയ വസ്ത്രങ്ങൾ മാറി ധരിക്കുംപോലെ നിങ്ങൾ ഓരോ പെൺകുട്ടിയെയും മാറ്റി മാറ്റി എടുക്കുമ്പോൾ കരഞ്ഞു വീടിന്റെ ഉള്ളറകളിൽ ഒളിച്ചിരുന്ന പെൺകുട്ടികൾ പഴം കഥ, പരസ്പരം അത്തരമുള്ള കടന്നുകയറ്റങ്ങൾക്കെതിരെ ഞങ്ങൾ ഒന്നൊരുമിച്ചാൽ തകർന്നു വീഴാവുന്നതേയുള്ളു നിങ്ങളുടെ മുഖം മൂടികൾ …വിശദീകരണവുമായി പടിക്ക് അപ്പുറം കടന്നാൽ ചെവിട് അടിച്ച് പൊട്ടിക്കുമെന്ന് അപ്പച്ചൻ പറയാൻ പറഞ്ഞു….ഗുഡ് ബൈ ”

കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു ഉത്തരത്തിൽ ഉള്ളത് കിട്ടിയതുമില്ല എന്ന പഴമൊഴികൾ ഈ നൂറ്റാണ്ടിലും അര്ഥവത്താണെ തിരിച്ചറിവ് ബോബിക്ക് സമ്മാനിച്ചത് നിരാശയായിരുന്നു

രചന: Ajan Anil Nair

Leave a Reply

Your email address will not be published. Required fields are marked *