പെണ്ണുകാണൽ_ട്വിസ്റ്റ്

രചന : ഉനൈസ്

ആദ്യമായാണ് പെണ്ണുകാണലിന് വേണ്ടി ആണൊരുത്തന്റെ മുന്നിൽ അണിഞ്ഞൊരുങ്ങിയത്. നാണമോ പേടിയോ തീർപ്പുകല്പിക്കാത്ത എന്തോ ഒന്നെന്റെ നെഞ്ചിൽ വട്ടമിട്ട് കളിക്കുന്നുണ്ട്.

കഥകളിലും സിനിമയിലുക്കൊക്കെ കാണുന്ന പെണ്ണുകാണൽച്ചടങ്ങിന് എന്തുഭംഗിയാണെന്നോ., ചായകൊടുക്കുന്നു സംസാരിക്കുന്നു നാണംകുണുങ്ങുന്നു. കഴിഞ്ഞു.. പിന്നെ അടുത്തസീനിൽ കല്യാണവും ആദ്യരാത്രിയും.

പക്ഷെ അത് സ്വന്തം ജീവിതത്തിൽ വന്നപ്പോഴല്ലേ എത്ര എടങ്ങേറുപിടിച്ച പണിയായെന്ന് ബോധ്യമായത്. ചായകൊടുത്തപ്പോൾ ആ ട്രെ എന്റെ കയ്യിൽ നിന്നും താഴെവീണില്ലന്നേയുള്ളു. വിറകൊണ്ടു തുളുമ്പിക്കളിച്ച ചായ പാതിയും ട്രേയിൽ തന്നെ വീണു.

പെണ്ണുകാണൽ കഴിഞ്ഞു ക്ലാസ്സിൽ വരുന്ന കൂട്ടുകാരികളെയൊക്കെ ഞാൻ എന്തോരം കളിയാക്കിയിട്ടുണ്ട്. അയ്യേ നീയൊക്കെ ഒരു പെണ്ണാണോ.. എടി കെട്ടാൻ വരുന്നവനോട് ഇഷ്ടമാണേലും അല്ലേലും അത്

തുറന്നുപറയാനുള്ള ധൈര്യം വേണം. അല്ലാണ്ട് മിണ്ടാപൂച്ചയായി പേടിച്ചു വിറച്ചു.. ഛെ പെണ്ണുങ്ങളുടെ വിലകളയാൻ. അതൊക്കെ ഈ അശ്വതി.

മക്കളെല്ലാരും എന്റെ പെണ്ണുകാണലിന് വാ. എന്റെ പെർഫോമൻസ് കണ്ടു നിനക്കൊക്കെ ആശതീർക്കാം ആശാ. ഇപ്പൊ നീ പോ മോളെ ദിനേശി.

ദൈവമേ ഈ സമയത്തെങ്ങാനും അവരിവിടെ ഉണ്ടേൽ എന്നെ കൊന്നുതന്നേനെ.

എന്തായാലും ചെക്കനെ എനിക്ക് ബോധിച്ചു. വിറച്ചോണ്ടാണേലും ചായകൊടുത്തപ്പോൾ ഇടങ്കണ്ണാൽ ഞാനവനെയൊന്ന് നോക്കിയിരുന്നു. വെളുത്ത കണ്ണടവെച്ച ഒരു സ്‌ക്യൂട്ടീവ് സുന്ദരൻ. മതി.. ഞാനിത്രയൊക്കെ പ്രതീക്ഷിക്കുന്നുള്ളു.

എന്നാൽ പിന്നെ ചെക്കനും പെണ്ണും സംസാരിക്കട്ടെ അല്ലെ. എന്റെ മനസ്സറിഞ്ഞോണം ബ്രോക്കർ അച്ഛനോടിത് പറഞ്ഞപ്പോൾ. ശൊ എന്താ പറയാ.. ഞാൻ ആകെയങ് പൂത്തുലഞ്ഞു വല്ലാണ്ടായി.

വീട്ടുമുറ്റത്തു ഞാൻ നിർമിച്ച ആ കൊച്ചുപൂന്തോട്ടത്തിനടുത്തേക്ക് അയാൾക്ക് പിറകെ ഞാനും നടന്നു. പൂക്കളെല്ലാം എന്നെപ്പോലെതന്നെ നാണിച്ചു മിഴിപൂട്ടിയിരിക്കുന്നു.

എന്താ തന്റെ പേര്.. ഇല്ല.. എനിക്കങ്ങനെയൊന്നുല്ല..

എന്തില്ലാന്ന്.. ഇതുവരെ അച്ഛനും അമ്മയും നിനക്ക് പേരിട്ടിട്ടില്ലേ..? ഹേ.. അല്ല എന്താ ചോദിച്ചത്..?

ഞാൻ നിന്റെ പേരാ ചോദിച്ചത്.. താനെന്താ കേട്ടത്… ഹേയ് ഒന്നുല്ല. എന്റെ പേര് അശ്വതി. ഞാൻ പരിഭ്രമത്തോടെയും ഇച്ചിരിനാണത്തോടെയും പറഞ്ഞൊപ്പിച്ചു.. ആഹാ.. നിന്നെപ്പോലെതന്നെ നിന്റെ പേരും ഭംഗിയുള്ളതാണല്ലോ…

ശൊ ഞാനൊന്നോടെ അങ് പൂത്തു. കൂടെപ്പഠിക്കുന്നോരും കൂട്ടുകാരികളുമൊക്കെ ഇതുപറഞ്ഞിട്ടുണ്ടെങ്കിലും കെട്ടാൻ വന്ന ചെക്കൻ മുഖത്തുനോക്കി സുന്ദരിയാണെന്നൊക്കെ പറഞ്ഞപ്പോൾ ഞാനിങ്ങനെ ഭാരമില്ലാത്തൊരു അപ്പൂപ്പൻ താടിപോലെ ആകാശത്തേക്കുയരുന്ന പോലെ.

എന്റെ പേര് ശ്യാം.. നാട്ടിൽ തന്നെ ചെറിയ ഒരു ബിസ്സിനസ്സ് ആണ്. ഉം.. ശ്യാമേട്ടൻ.. ഞാൻ മനസ്സിൽ പറഞ്ഞു.

പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഓ ഹണിമൂണാവും. ഈ ഏട്ടന്റെ ഒരു കാര്യം.. ഞാൻ മനസ്സിലോർത്തു..

ഞാനൊരു കൊലയാളിയാണ്.. മൂന്നുപേരെ കൊന്ന നല്ല അസ്സൽ കൊലയാളി.

ഹേ ഞാനൊന്ന് ഞെട്ടിയോ.. ഞെട്ടി ഞെട്ടി ഒന്നല്ല ഒരായിരം വട്ടം ഞെട്ടി. കൊലലാളി… എന്റെ നാവ് താഴോട്ടിറങ്ങി ശബ്ദം പുറത്തുവരാതെയായി.

ദൈവമേ ആദ്യ പെണ്ണുകാണലിന് തന്നെ ഒരു കൊലയാളിയെ തന്ന് പരീക്ഷിക്കുകയാണോ.. പേടിച്ചിട്ടാണെന്ന് തോന്നുന്നു ശ്വാസഗതി ഉച്ചത്തിലായത്.

എന്താടോ…താൻ പേടിച്ചുപോയോ. ഞാൻ അതെയെന്നും പിന്നെ ഇല്ലെന്നും തലയാട്ടി. എനിക്ക് തന്നെ ഇഷ്ടായി.. തനിക്കോ..

പിന്നെ.. മൂന്നാളെ കൊന്ന കാലമാടന് കാഴ്ചവെക്കാനുള്ളതല്ലേ എന്റെ ജീവിതം. ഒന്ന് പോണം മിഷ്ടർ… പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല. ഒരുകണക്കിനത് നന്നായി. അല്ലേൽ ചിലപ്പോൾ അയാൾടെ നാലാമത്തെ ഇര ഞാനായേനെ…

ഡോ താൻ എന്താ സ്വപ്നജീവിയാണോ.. തന്നോടാ ചോദിച്ചത് ഇഷ്ടായോ എന്ന്.. അയാളുടെ ശബ്ദം കനത്തു. ഞാൻ പേടിച്ചു വിറക്കാൻ തുടങ്ങി.

എനിക്കമ്മയെ കാണണം.. ഞാൻ വിക്കിക്കൊണ്ട് പറഞ്ഞു.. എന്തോന്ന്… എനിക്കെന്റെ അമ്മയെ കാണണം ന്ന്. ഇതും പറഞ്ഞു ഞാൻ വീട്ടിലേക്കോടി. നേരെ അമ്മയുടെ മുന്നിലെത്തി.

ഞാൻ നിന്ന് കിതക്കുമ്പോഴാണ് അമ്മയുടെ ചോദ്യം. അച്ചുമോളെ.. ഇഷ്ടപ്പെട്ടോ നിനക്ക്..? ചോദ്യം കേട്ടാൽ തോന്നും അമേരിക്കൻ പ്രസിഡന്റാണ് ഉടുത്തൊരുങ്ങി കെട്ടാൻ വന്നതെന്ന്.

പല്ലുരുമ്മി മൂപ്പത്തിയാളേ അടിമുടിയൊന്നു നോക്കി ഞാനെന്റെ റൂമിലേക്ക് പോയി. ഇപ്പോഴും ആ വിറയൽ മാറീട്ടില്ല. മൂന്നാളെ കൊല്ലുക എന്നൊക്കെ പറഞ്ഞാൽ.. ഹോ വിശ്വസിക്കാൻ കഴിയുന്നില്ല. എന്നിട്ട് എന്നെ കെട്ടാൻ ഇൻസൈഡും ചെയ്ത് വന്നിരിക്ക തെണ്ടി…

ഇത്തിരി നേരം കഴിഞ്ഞപ്പോൾ ഞാൻ നോര്മലാവാൻ തുടങ്ങി. മുഖം കഴുകി റൂമിന് പുറത്തേക്കിറങ്ങി.. ടേബിളിന് ചുറ്റും വട്ടമിരുന്ന് ചായേം പലഹാരോം തട്ടുന്ന എന്റെ സകല ഫ്രണ്ട്സിനെയും കണ്ടപ്പോൾ ഞാൻ അന്താളിച്ചു.

ഇവരൊക്കെ ഇതിപ്പോ എത്തി.

ദേ ഡീ നമ്മുടെ പുതുപ്പെണ്ണ്. നാണം കൊണ്ട് റൂമിൽ വാതിലടച്ചിരിപ്പായിരുന്നു ലേ.. ഞങ്ങളെല്ലാരും നിന്റെ പെർഫോമെൻസ് കാണാൻ വന്നതാ, പക്ഷെ കഴിഞ്ഞില്ല.. ഒരു നൂലിന് വൈകിപ്പോയി..

അവരെന്നെ ആക്കുന്നതാണോ അതോ…

അല്ലെടി നിനക്ക് ഇഷ്ടായോ.. ദൈവമേ എല്ലാം കൂടെ ഇതെന്തുഭവിച്ചാണ്. എന്തുപറയും.. ഞാൻ പേടിച്ചോടിയ കാര്യമെങ്ങാനും അറിഞ്ഞാൽ അവരെന്റെ ശവമടക്കം നടത്തും.

അവൾക്കിഷ്ടമായി.. പിന്നിൽ നിന്നും അമ്മയാണ്.. ഹേ എനിക്കിഷ്ടമായെന്നോ അതെപ്പോ. നിങ്ങൾ സംസാരിച്ചു വന്നപ്പോൾ ഞാൻ ചോദിച്ചില്ലേ നിന്നോട്. അപ്പൊ നിന്റെ നാണം കണ്ടപ്പോൾ എനിക്ക് പിടികിട്ടി.

ഹേ.. നാണമോ. പേടിച്ചു വിറകൊണ്ട് ജീവനും കൊണ്ടോടി എന്റെ മുഖത്തെവിടെയായിരുന്നു നാണം. സ്വന്തം മകളുടെ മുഖഭാവം മനസ്സിലാവാത്ത ലോകത്തിലെ ആദ്യത്തെ അമ്മയായും എന്റേത്.

ഞങ്ങൾ അവർക്ക് വാക്കുകൊടുത്തു. വൈകാതെ നടത്തണം എന്നാണ് അച്ഛന്. ‘അമ്മ അതോടെ പറഞ്ഞപ്പോൾ ഞാൻ കേറി ഇടപെട്ടു.

ഹേയ് എനിക്ക് ഇഷ്ടപ്പെട്ടിട്ടൊന്നും ഇല്ല. ഈ കല്യാണോം വേണ്ട. കണ്ട കൊലപ്പുള്ളികളെയൊന്നും എനിക്ക് വേണ്ട..

പറഞ്ഞു തീർന്നതും കൂട്ടുകാരികളെല്ലാം ഒരു കൂട്ടച്ചിരിയായിരുന്നു. നടക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ ‘അമ്മ എന്നെ മിഴിച്ചു നോക്കി. ഞാൻ അവരെയും.. അൽപനേരം കഴിഞ്ഞപ്പോൾ എല്ലാത്തിന്റേം ചിരിയടങ്ങി. കിതച്ചോണ്ട് ഒരുത്തി അമ്മക്കടുത്തേക്ക് വന്നു.

‘അമ്മ പേടിക്കണ്ട ട്ടോ.. ആൾ കൊലപ്പുള്ളിയൊന്നും അല്ല. ദാ ആ ചരുവിന്റെ കസിനാണ്. പിന്നെ അച്ചൂനെ ഒന്ന് വട്ടം കറക്കാൻ ഞങ്ങളൊരുക്കിയ ചെറിയ ഒരു നാടകം അത്രേയൊള്ളൂ. ഇവളുടെ ധൈര്യം ഒന്ന് കാണാൻ. അതും പറഞ്ഞു അവൾ പിന്നേം ചിരിക്കാൻ തുടങ്ങി.

അമ്മയുടെ മുഖത്തുള്ള പരിഭ്രമം മാറി ചിരി വിടർന്നു. പക്ഷെ എനിക്കിപ്പോഴും എന്തൊക്കെയാണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല.

എല്ലാരും എന്നെയും കൂട്ടി മുറ്റത്തേക്കിറങ്ങി. ആ പൂന്തോട്ടത്തിനരികിലായി ഇരുന്നു. പലർക്കും ഇപ്പോഴും ചിരി നിന്നിട്ടില്ല. ഞാൻ എല്ലാത്തിനെയും മാറി മാറി നോക്കി. എടീ പുല്ലേ നിനക്ക് പേടിയില്ലല്ലേ.. അമ്മനെ കാണണം എന്നുപറഞ്ഞോടിയതൊക്കെ ഞമ്മളറിഞ്ഞു.. ശ്യാമേട്ടൻ എല്ലാം പറഞ്ഞു. അയ്യേ പേടിത്തൂറി.

ഞാനാകെ ചൂളിപ്പോയി.

നീയാണ് പെണ്ണനുള്ള കാര്യം ചാരുമുഖേന ഞങ്ങളറിഞ്ഞിരുന്നു. പിന്നെ ശ്യാമേട്ടനെ കണ്ടു നിന്റെ വീരവാദങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ നിന്റെ പത്തിയൊടിക്കാൻ മൂപ്പർക്ക് ഞങ്ങളെക്കാൾ ആവേശം. അങ്ങനെയൊരു സ്ക്രിപ്റ്റ് തയ്യാറാക്കി അത് ഭംഗിയായി മൂപ്പർ അവതരിപ്പിച്ചു.

എന്നാലും നിനക്ക് ഇത്തിരിയേലും ധൈര്യം കാണുമെന്ന ഞങ്ങൾ കരുതിയെ ഇതിപ്പം ഞങ്ങളെക്കാൾ മോശം. ഇതും പറഞ്ഞവർ പിന്നേം ചിരിക്കാൻ തുടങ്ങി.

ഞാനാകെ ചമ്മി നാറി നാണംകെട്ടു നാശകോശമായി ഒരു സൈക്കളിൽ നിന്നും വീണ ചിരിയും ഫിറ്റ് ചെയ്ത് ഇളിച്ചോണ്ടിരുന്നു. എന്നാലും ആ കൊലപ്പുള്ളിയെ എന്റെ പുള്ളിയായി കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ…

രചന : ഉനൈസ്

Leave a Reply

Your email address will not be published. Required fields are marked *