പേടിച്ചു വിറച്ചു ഞാനാ കാശു വാങ്ങിയതും അവൾ ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു ലിഫ്റ്റിലേക്ക്‌ കയറിപോയി…

രചന: പെരുമ്പാവൂരുക്കാരൻ ഷെഫീക്ക്

സുന്ദരിയായ ഒരു യുവതി കൈ കാണിച്ചപ്പോൾ ഞാൻ വണ്ടി അവർക്കരികിലേക്ക് ഒതുക്കി നിർത്തി.ഇന്ന് ഓട്ടം വളരെ മോശമായതുകൊണ്ട് ഒത്തിരി വൈകിപോയിരുന്നു.സമയം രാത്രി എതാണ്ട് 11.30 കഴിഞ്ഞിട്ടുണ്ട്. വല്ല വള്ളിയും ആയിരിക്കുമോ എന്നൊരു ചിന്തയുണ്ടായിരുന്നു മനസ്സിൽ.എങ്കിലും ഒരു ഓട്ടമല്ലേ അതു കളയണ്ട എന്നു കരുതിയാണ് വണ്ടി ഒതുക്കിയത്.കാറ്റിൽ പറക്കുന്ന കനം കുറഞ്ഞ മുടിയിഴകൾ ഒതുക്കിവെച്ചുകൊണ്ട് യുവതി എന്നോട് ചോദിച്ചു.

“പനമ്പള്ളി നഗറിലെ ഗ്രീൻ ലാൻഡ് ഫളാറ്റിലേക്ക് പോകണം.. ”

നേർത്ത ശബ്ദത്തിൽ ചോദിച്ചപ്പോൾ ഞാൻ ആദ്യം ആ യുവതിയെ ഒന്നു നോക്കി.96 ലെ തൃഷയുടെ ഒരു ലുക്ക്‌ ഞാൻ വേഗം പറഞ്ഞു..

“ഓക്കേ മാഡം കയറിക്കോളൂ… ”

അവരുടെ കയ്യിൽ കുറച്ചധികം കവറുകൾ ഉണ്ടായിരുന്നു. നല്ല പർച്ചെയ്സ് കഴിഞ്ഞ ലക്ഷണമുണ്ട്..ആ യുവതി കവറുകൾ കാറിലേക്ക് വെച്ചതിനുശേഷം കയറിയിരുന്നു.ഏതോ വിദേശപെർഫ്യൂമിന്റെ മണം കാറിൽ നിറഞ്ഞത് ഞാനറിഞ്ഞു.

“മാഡം ഓക്കേയല്ലെ… ”

ആരോടും അങ്ങനൊരു ചോദ്യം ഞാൻ ചോദിക്കാറില്ല.ഡോർ അടച്ചാൽ വണ്ടി എടുക്കുകയാണ് പതിവ്.ആ യുവതിയോട് ഒന്നുകൂടി സംസാരിക്കാൻ തോന്നി..

“ഓ എടുത്തോളൂ ആം ഓക്കേ”

നേരത്തെ മഴക്കുള്ള ഒരു തുടക്കമുണ്ടായിരുന്നത് ഇപ്പോ മഴയായി പെയ്തു തുടങ്ങി..

“ഇപ്പോൾ സാധാരണ മഴ പെയ്യണ സമയമല്ല എന്നിട്ടും ഒരു മഴ… ”

വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ ചുമ്മ യുവതി കേൾക്കാൻ പാകത്തിൽ പറഞ്ഞു..

“ഈ മഴ നല്ലതല്ലേ ചൂടില്ലാതെ കിടക്കാലോ.. ”

ഞാൻ കണ്ണാടിയിലൂടെ ഒന്ന് നോക്കിയതിനുശേഷം പറഞ്ഞു.

“അതും ഒരു കണക്കിന് ശെരിയാ മാഡം പറഞ്ഞത്,ഒടുക്കത്തെ ചൂടല്ലേ…”

മഴക്ക്‌ കനം കൂടിയപ്പോൾ കാറ്റിനും ശക്തികൂടി.റോഡിൽ വാഹനങ്ങൾ വളരേ കുറവാണ്.കുറച്ചു നേരത്തെ ഓട്ടത്തിന് ശേഷം ഫ്ലാറ്റിലേ പാർക്കിങ്ങിലേക്ക് കാർ കേറ്റി നിർത്തി.പുറത്തൊന്നും ഒരു മനുഷ്യജീവിയേയും കാണുന്നില്ല.അല്ലങ്കിലും ഇവിടെയുള്ളവർ അകത്തോട്ടു കേറിയ പിന്നെ പുറത്തേക്കിറങ്ങേണ്ട ആവശ്യമില്ലല്ലോ.കാറിൽ നിന്നും കവറുകൾ പുറത്തെടുത്തതിന് ശേഷം യുവതി പറഞ്ഞു.

“പാർച്ചെയ്സ് ചെയ്തു കയ്യിൽ ഉണ്ടായിരുന്ന കാശെല്ലാം തീർന്നു.ഫ്ലാറ്റിൽ കാശ് ഇരിപ്പുണ്ട് വിരോധമില്ലങ്കിൽ എൻ്റെ കൂടെ പോരുമോ ഞാൻ എടുത്തുതരാം”

ഞാൻ തലയാട്ടി സമ്മതിച്ചു.

“അതിനെന്താ മാഡം ഞാൻ വരാം..”

രണ്ട് കവറുകൾ ഞാനും മേടിച്ചു പിടിച്ചുകൊണ്ട് അവർക്കൊപ്പം നടന്നു. എന്തോ എൻ്റെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി.ഞാൻ വേഗം നെറ്റ് ഓണാക്കി വാട്ട് സാപ്പിൽ സുഭാഷിന് മെസേജ് ടൈപ്പ് ചെയ്തു വിട്ടു.അവനും ടാക്സി ഡ്രൈവർ തന്നെയാണ്.

-ഡാ ഒരു സംഭവമുണ്ട്-

ഫുൾ ടൈം ഓൺ ലൈനിൽ കിടക്കുന്ന അവൻ വേഗം റിപ്ലേ തന്നു..

-എന്താണ് മച്ചാ-

അടുത്ത മെസേജ് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ യുവതി ലിഫ്റ്റിലേക്കു കയറി നടത്തിനു വേഗത കുറഞ്ഞുപോയ ഞാൻ വേഗത്തിൽ ലിഫ്റ്റിലേക്കു കയറി.. ലിഫ്റ്റ് അനങ്ങിയപ്പോൾ ഞാൻ വേഗത്തിൽ അവന് ഇതുവരെയുള്ള കാര്യങ്ങൾ അയച്ചു.അതിനു ശേഷം അവൻ വേഗത്തിൽ മെസേജ് വിടാൻ തുടങ്ങി..

-ഡാാ നിന്റെ ഭാഗ്യമാണ്‌.ലക്ഷണം വെച്ചിട്ട് അവരു തനിച്ചാണെങ്കിൽ ഇന്ന് ഉറപ്പായിട്ടും വല്ലതും നടക്കും-

ഞാൻ മൊബൈലിൽ നിന്നും കണ്ണെടുത്ത് യുവതിയെ നോക്കിയപ്പോൾ യുവതി എന്നെയും നോക്കുന്നു.ആ നോട്ടത്തിനു ഒരു വശ്യതഉള്ളതുപോലെ.എൻ്റെ മനസ്സിൽ ഒരു ലഡ്ഡു രൂപപെട്ടു തുടങ്ങി..

-ഡാ –

സുഭാഷിൻറെ മെസേജ്- ഞാൻ വേഗത്തിൽ ടൈപ്പ് ചെയ്ത്.

-എന്താടാ-

അവന്റെ മെസേജ്.

-കഴിഞ്ഞ തവണ നമ്മുടെ ഷാനവാസിനു ഇതുപോലെ ഒന്ന് ഒത്തുവന്നതാ.ഇങ്ങനെ യുള്ളവർ ആദ്യം മദ്യം തരുമെന്നും പിന്നെ എല്ലാം നടക്കുമെന്നും ഷാനവാസ്‌ പറഞ്ഞത്.നിനക്കു ഭാഗ്യമുണ്ടെങ്കിൽ നടക്കും എൻജോയ് വിത്ത്‌ അർമാന്തിക്കൽ മച്ചാ-

“ഇറങ്ങുന്നില്ലേ…”

ചോദ്യം കേട്ടപ്പോഴാണ് ലിഫ്റ്റ് നിന്നതറിഞ്ഞത്.

“ആരാ ഫോണിൽ കാമുകിയാണോ …”

യുവതിയുടെ ശബ്ദത്തിനും ഒരു വശ്യതാ.

“ഏയ് അയ്യോ അല്ലാ ഫ്രണ്ടാണ്…”

വീണ്ടുമൊരു വശ്യത നിറഞ്ഞ ചിരി തന്നു.എൻ്റെ ഉള്ളിലെ ലഡ്ഡു കിടന്നു വീർക്കാൻ തുടങ്ങി അത് പൊട്ടുമോ എന്തോ..

“ഇതാണ് ഫ്ലാറ്റ് വരു….”

24B

ഞാൻ ഫ്ലാറ്റിന്റെ നമ്പർ ശ്രദ്ധിച്ചതിനുശേഷം അകത്തേക്ക് കയറി.

“ഇരിക്കു….”

നിറഞ്ഞ ചിരിയോടെ യുവതി പറഞ്ഞു.. ഞാൻ സോഫയിലേക്ക് ഇരുന്നപ്പോൾ യുവതി വീണ്ടും..

“എന്താണ് പേര്..”

ഞാൻ പറഞ്ഞു.

“ഭാസ്കർ..”

യുവതി ഒരു ചിരി എന്റെ മുഖതേക്കിട്ടു തന്നു.ഹൊ ആ ചിരി കണ്ടപ്പോൾ എനിക്കെന്തോ ഇരിക്കപൊറുതിയില്ലാതെയായി..

“ഭാസ്കറിന് പോകാൻ തിടുക്കമില്ലല്ലോ.പിന്നെ തനിക്ക് കുടിക്കുന്ന ശീലമുണ്ടോ”

ആ ചോദ്യം കേട്ട നിമിഷം ഞാൻ ആശ്ചര്യത്തോടെ..

“ങേ എന്താ ചോദിച്ചത്..?? ”

ആദ്യമൊരു ചിരി അതിനു ശേഷം യുവതി.

“ഭാസ്കറിനു കുടിക്കുന്ന ശീലമുണ്ടോന്ന്..”

ആ ചോദ്യം കേട്ടതും എൻ്റെ മനസ്സിലെ ലഡ്ഡു ഇപ്പോ പൊട്ടിപോകുമെന്ന് തോന്നിയെങ്കിലും പൊട്ടിക്കാതെ നേരത്തെ സുഭാഷ് പറഞ്ഞ ഷാനവസിന്റ അനുഭവം ഓർത്തുകൊണ്ട് വിനയത്തോടെ പറഞ്ഞു.

“ഇടക്ക് വല്ലപ്പോഴും കുടിക്കും….”

“എങ്കിൽ ഭാസ്കർ ഇരിക്കു ഞാൻ ഇപ്പോൾ വരാം…

എൻ്റെ ഹൃദയവും വല്ലാതെ ഇടിക്കാൻ തുടങ്ങി.ഒരു രക്ഷയും ഇല്ലാത്ത അവസ്ഥ.മോനെ സുഭാഷേ ഇത് സബാഷാവും നാളെ നിനക്ക് കഥ പറഞ്ഞു നിന്നെ ധൃതങ്ങപുളകിതനാക്കും ഞാൻ.. കുറച്ചു കഴിഞ്ഞപ്പോൾ യുവതി നേരത്തെ ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റി സാരിയുടുത്ത് കിടു ലുക്കിൽ ഒരു കുപ്പിയും രണ്ട് ഗ്ലാസുമായ് വന്നു.എന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാൻ കഴിയാത്തപോലെ.. ഗ്ലാസിലേക്ക്‌ മദ്യം പകർന്നിട്ട് എനിക്കും തന്നു.ഞാൻ കുടിക്കുന്നതിനിടയിൽ യുവതി വാതിൽ ലോക്ക്‌ ചെയ്യുകയും ചാവി വാതിലിനടുത്തുള്ള മേശപുറത്തേക്ക്‌ ഇടുകയും ചെയ്തതോടെ ഞാൻ മനസിലെ ലെഡുവങ്ങു പൊട്ടിച്ചു.വീണ്ടുമൊഴിച്ചു ഞങ്ങൾ കുടിച്ചു.

“ഞാനിപ്പോൾ വരാംട്ടൊ.. ”

അതും പറഞ്ഞു അവൾ അകത്തേക്കു പോയി..ഞാൻ അക്ഷമനായി കാത്തിരുന്നു. അവൾ തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു വലിയ കേക്കുമായിട്ടാണ്.മേശപ്പുറത്തു കേക്കു വെച്ചതിനു ശേഷം അതിൽ ചെറിയ മെഴുകുതിരികൾ കത്തിച്ചു.ഒരു കത്തിയും എടുത്തു വെച്ചു.ഞാൻ മനസിൽ ചിന്തിച്ചു. അടിപൊളി കേക്ക് മുറിച്ചുള്ള ആഘോഷമാണല്ലോ കൊച്ച് കള്ളി ഉം ഉം ആയിക്കോട്ടെ..ഞാനങ്ങനെ ഇരിക്കുമ്പോഴാണ് അവൾ അകതേക്കു നോക്കി വിളിച്ചത്..

“ഏട്ടാ വരു നമ്മുക്ക് കേക്ക് കട്ടു ചെയ്യാം… ”

അതു കെട്ടു ഞാൻ ഞെട്ടിപോയി.ങേ ഇവിടെ വേറേയൊരാൾ കൂടിയുണ്ടോ.ഞാൻ അവൾ വിളിച്ച ഭാഗത്തേക്കു നോക്കി ആരും വന്നില്ലാ..

“ആ ഏട്ടൻ വന്നല്ലോ എന്നാ നമുക്ക് മുറിക്കാല്ലെ.. ”

അതും പറഞ്ഞു അവൾ കേക്കുമുറിച്ചു.അതിൽ നിന്നൊരു കഷ്ണമെടുത്ത് ആളില്ലാത്ത ഭാഗത്തേക്കു നീട്ടികൊണ്ട്..

“കഴിക്കു ഏട്ടാ…”

ഞാനിതു കണ്ട് തരിച്ചു നിൽക്കാണ്.കാരണം അവിടെ അങ്ങനൊരു ഏട്ടൻ ഇല്ലാ..

“എന്തെ ഏട്ടന് ഇഷട്ടപെട്ട കേക്കാണല്ലോ ഇത് കഴിക്ക്..”

ദൈവമേ കാണാത്ത ആളോട് കഴിക്കാൻ പറയുന്ന കാഴ്ച എനിക്ക് പേടി തോന്നി തുടങ്ങി.അടുത്ത നിമിഷം അവൾ വീണ്ടും അകത്തേക്ക് പോയി.വാതിൽ വലിച്ചടക്കുന്ന ശബ്ദം.എന്തെക്കെയൊ തട്ടിമറിയുന്ന ഒച്ചപ്പാട്.നിമിഷങ്ങൾക്കുള്ളിൽ അവൾ തിരിച്ചു വന്നു സോഫയിൽ ഇരുന്നു.ആകെ ദേഷ്യത്തിൽ മുടിയൊക്കെ അലംകോലപ്പെട്ട് കണ്ണൊക്കെ പരന്ന് ജീവിച്ചിരിക്കുന്ന ഒരു പ്രേതത്തേപോലെ..

“ഏട്ടൻ എന്നോട് ഇങ്ങനെ കാണിക്കാൻ പാടില്ലായിരുന്നു..”

തനിയെ പുലംബാൻ തുടങ്ങി.അതുകണ്ടപ്പോൾ എന്റെ പാതിജീവൻ പോയി.ഞാൻ പെട്ടല്ലോ സുഭാഷെ..പെട്ടന്ന് അതിലൂടെ കടന്നുവന്ന ഒരു പൂച്ചയുടെ ദേഹതേക്ക് കേക്കുമുറിച്ച കത്തിയും കൊണ്ടവൾ ചാടിവീണു.അഞ്ചാറു തവണ തലങ്ങും വിലങ്ങും കുത്താൻ തുടങ്ങി.പൂച്ചയുടെ നിലവിളികൾക്കിടയിൽ അവൾ അലറി.

“നശിച്ച പൂച്ചേ നിന്നെ നോക്കി നടക്കായിരുന്നു ഞാൻ.”

അവളുടെ കുത്തേറ്റു ചത്ത പൂച്ചയെ കാലുകൊണ്ട് തട്ടികളഞ്ഞത്തിനുശേഷം എന്നെയോരു നോട്ടം.ഹൊ ചങ്കിനുള്ളിലൊരു മിന്നലുണ്ടായി എനിക്കപ്പോൾ.ദൈവമേ ഞാനിനി എന്ത് ചെയ്യും..

“ഓഹ് സോറി ഭാസ്കറിനു കേക്കു തന്നില്ലല്ലോലെ…”

അതും പറഞ്ഞു അവൾ പൂച്ചയെ കൊന്ന കത്തികൊണ്ട് കേക്കു മുറിക്കാൻ തുടങ്ങി.എന്നിട്ടതിൽ നിന്നുമൊരണം എനിക്കു നീട്ടി.ചോരകലർന്ന് പൂച്ചയുടെ രോമങ്ങൾ പറ്റിപിടിച്ച ഒരു കേക്കിന്റെ കഷ്ണം.എനിക്കു ഛർദിക്കാൻ വന്നു..പേടിയോടെ ഞാനതു വാങ്ങി..

“കഴിക്കു ഭാസ്കർ…”

ഞാൻ കേക്കിലേക്കും അവളെയും മാറി മാറി നോക്കി.

“എന്തെ ഭാസ്‌കറിനും കേക്കു ഇഷ്ട്ടപ്പെട്ടില്ലേ…”

അവളലറി..

“ഇഷ്ട്ടപെട്ടു എനിക്ക് ഇഷ്ട്ടാണ്…”

ഞാൻ പേടിയോടെ അവളെ നോക്കി.ചോരയുള്ള കത്തി അവളുടെ കയ്യിൽ അപ്പോളും ഉണ്ടായിരുന്നു.

“കഴിക്ക് ഭാസ്‌കർ..”

അതും പറഞ്ഞു അവൾ കത്തിയുമായി എന്റെടുതേക്കു വന്നു.എന്റെ ഷർട്ടിന്റെ ബട്ടനുകൾ അഴിക്കാൻ തുടങ്ങി.ഞാൻ നെഞ്ചിടിപോടെ ഇരുന്നു.അവൾ കത്തി എന്റെ കഴുത്തിൽ മുട്ടിച്ചു.

“ഭാസ്കറിനു എന്നെ സ്നേഹിക്കാൻ പറ്റോ..”

എന്റെ ശോസം നിലച്ചിരിക്കാണ്.കഴുത്തൽ കത്തിവെച്ചുകൊണ്ട് സ്നേഹിക്കാൻ പറ്റുമോന്നോ..പെട്ടന്ന് അവൾ വേഗം എഴുന്നേറ്റ് ആ മുറിയിലേക്ക്‌ പോയി.ആ നിമിഷം ഞാൻ വേഗം ചാവി എടുത്തു വാതിൽ തുറന്നു പുറത്തെക്കു ചാടി. അപ്പോൾ പുറകിൽ നിന്നും അവളുടെ അലർച്ച.

“ഭാസകർ പോകരുത്..”

ലിഫ്റ്റൊന്നും ഞാൻ നോക്കിയില്ല സ്റ്റെപ്പുകൾ ചാടിയിറങ്ങി താഴേ എത്തിയതും ഞാൻ തരിച്ചു നിന്നുപോയി.അതാ ലിഫ്റ്റ് തുറന്നു കത്തിയുമായി അവൾ മുന്നിൽ..

“അതെ എന്നെ കൊല്ലരുത് പ്ലീസ്..”

ഞാൻ ആകെ തകർന്നു നിൽക്കുമ്പോൾ അവൾ അടുത്തേക്ക് വന്ന് ചുരുട്ടിപിടിച്ച കൈ നീട്ടി.അതിൽ ചുരുണ്ടുകൂടിയ കുറച്ചു നോട്ടുകൾ..

“ഓട്ടകാശ് തരാൻ മറന്നു..”

പേടിച്ചു വിറച്ചു ഞാനാ കാശു വാങ്ങിയതും അവൾ ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു ലിഫ്റ്റിലേക്ക്‌ കയറിപോയി. ജീവനും കൊണ്ട് ഓടുന്നതിനിടയിൽ ഫോൺ റിങ്ങി.ഓട്ടത്തിനിടയിൽ തന്നെ ഞാൻ ഫോണെടുത്തുകൊണ്ട്..

“അമ്മേ ഞാൻ ഓട്ടത്തിലാ…”

രചന: പെരുമ്പാവൂരുക്കാരൻ ഷെഫീക്ക്

Leave a Reply

Your email address will not be published. Required fields are marked *