പ്രതികാരം…

രചന: അരുൺ നായർ

ഭാര്യ കുളിക്കാൻ പോയ സമയത്തു അവളുടെ ഫോണിൽ നിർത്താതെ വിളികൾ വന്നതുകൊണ്ട് അതൊന്നു എടുത്തു നോക്കാൻ തീരുമാനിച്ച എന്റെ ഹൃദയം തകർന്നു

പോയി, അവളുടെ പഴയ കാമുകനുമായി പ്രേമം പൊലിച്ചു നടക്കുന്നു…. കുറച്ചു മെസ്സേജുകൾ എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം ഞാൻ അവളറിയാതെ

ഫോൺ അവിടെ തന്നെ വെച്ചു….. കുളി കഴിഞ്ഞു ഇറങ്ങി വന്നതും അവൾ എന്നെ കെട്ടിപിച്ചൊരു ഉമ്മ തന്നുകൊണ്ട് പറഞ്ഞു…

“” ദേവേട്ടാ ഏട്ടന് വയ്യാതെയിരിക്കുന്നത് കൊണ്ടു വീട്ടിൽ ഇരിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്, പക്ഷെ ആശുപത്രിയിൽ ഭയങ്കര തിരക്കാണ്, ലീവ് ചോദിച്ചിട്ട് കിട്ടിയില്ല അല്ലെങ്കിൽ

ഞാൻ വയ്യാതെ ഇരിക്കുന്ന ദേവേട്ടനെ തനിച്ചാക്കി ഒരിക്കലും പോകില്ലായിരുന്നു…. “”

ഞാൻ അവളുടെ മുടിയിഴകളിൽ തലോടികൊണ്ടു മറുപടി പറഞ്ഞു….

“”സാരമില്ല സരയു, ജോലിക്ക് പൊക്കൊളു, എനിക്കു അത്ര വലിയ അസുഖം ഒന്നുമില്ലല്ലോ കുറച്ചു പനിയല്ലേ ഉള്ളു, അതിന്നു നീ വരുമ്പോളേക്കും മാറിക്കോളും, നീ സമാധാനമായി പോയിട്ട് വാ…. “”

“”ഞാൻ പോയിട്ട് ഓടി വരാമെന്നു “”പറഞ്ഞു കൊണ്ടു ഒരു ഉമ്മ കൂടി എന്റെ നെറ്റിയിൽ തന്നുകൊണ്ട് അവൾ ജോലിക്ക് പോയി….

അവളുടെ മുഖത്തു എന്നെ ചതിക്കുന്നതിന്റെ യാതൊരു ഭാവഭേദവുമില്ലാതെ ഇരിക്കുന്നത്കൊണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി….. ഞാൻ കുറച്ചു കഞ്ഞിവെള്ളം എടുത്തു

കുടിച്ചുകൊണ്ടു സരയുനെ ഞാൻ പെണ്ണ് കാണാൻ പോയതും തുടർന്നുണ്ടായതുമായ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു പോയി, സത്യം പറഞ്ഞാൽ അവൾ എന്നെ

വഞ്ചിക്കുന്നുവെന്നു എനിക്കു അപ്പോളും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല അത്രക്കും സ്നേഹമായിരുന്നു ഞങ്ങൾക്കു പരസ്പരവും അതുപോലെ ഞങ്ങളുടെ കുഞ്ഞിനോടും….

ഞാൻ ആദ്യമായി സരയുനെ കണ്ടത് ഓർത്തു നോക്കി, ഒരു പച്ചസാരയിൽ കുളിച്ചൊരുങ്ങി എന്റെ മുൻപിൽ വന്നു നിന്ന സുന്ദരിയായ പെൺകുട്ടി…. ചായ കുടിച്ചതിനു ശേഷം

പെണ്ണിനോട് എന്തെങ്കിലും പറയാനുണ്ടോ എന്നു എല്ലാവരും ചോദിച്ചപ്പോൾ ഞാനും അവളോട്‌ സംസാരിക്കാനായി എഴുന്നേറ്റു…. സരയുനു എന്നെ ഇഷ്ടമായോ എന്നുള്ള എന്റെ

ചോദ്യത്തിനുള്ള അവളുടെ മറുപടി എന്നെ വേദനിപ്പിച്ചു…. കയ്യിൽ പൈസ ഇല്ലാത്ത ഒരുവിധം എല്ലാ കുടുംബത്തിലെയും പെങ്കൊച്ചുങ്ങളുടെ അവസ്ഥ ആണല്ലോ അവളും പറഞ്ഞത്….

“” ഏട്ടനെ എനിക്കു ഇഷ്ടമായോ ഇല്ലയോ എന്നുള്ളത് അല്ലല്ലോ ഏട്ടാ ഇപ്പോൾ നോക്കുന്നത്, എന്റെ അച്ഛന്റെ കയ്യിൽ നിന്നും എന്ത് കിട്ടുമെന്നുള്ളത് അല്ലേ, ആ കച്ചവടം ഒത്തു വന്നാൽ

മാത്രമല്ലേയുള്ളു ചെറുക്കന്റെയും പെണ്ണിന്റെയും ഇഷ്ടവും അനിഷ്ടവും… ഇനി പൈസ ഒന്നും വേണ്ട എന്നുള്ളവരുടെ മനസ്സിൽ ഉള്ള ജോലിയൊക്കെ നിർത്തി അവരുടെ വീട്ടിൽ

അടിമയായി നിൽക്കാനാണ് താല്പര്യം… “”

നെഞ്ചുവിരിച്ചുകൊണ്ട് തന്നെ ഞാൻ അവളോടു പറഞ്ഞു

“” സരയു നീ എന്നെ അങ്ങനെ കാണണ്ട, ഒരു ഡ്രൈവർ ആണ് ഞാൻ… നേഴ്സ് ആയ ഒരു പെണ്ണിനെ ഭാര്യയായി കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമായാണ് കരുതുന്നത്….

അതുകൊണ്ട് നിന്റെ ജോലി നിർത്തി വീട്ടിൽ ഇരുത്തും കരുതണ്ട….. പിന്നെ നിന്റെ അച്ഛന്റെ പൈസ കിട്ടിയിട്ട് വേണ്ട എനിക്കു നിന്നെ നോക്കാൻ, നിന്റെ അച്ഛന് നിനക്കു

എന്തെങ്കിലും തരണം എന്നുണ്ടെങ്കിൽ തരാം അത് എത്രയുണ്ടെന്നു എനിക്ക് അറിയണ്ട…. സരയുന്റെ സംസാരം കേട്ടാൽ തന്നെ മനസിലാകും കുറെ അധികം ആലോചനങ്ങൾ ഇങ്ങനെ മുടങ്ങി പോയി യെന്ന്…. “”

എന്റെ വാക്കുകൾ അവൾക്കു ഇഷ്ടമായത്കൊണ്ട് അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു….

“” ഒരു കാര്യം കൂടി പറയാനുണ്ട്….. നല്ലൊരാളെ പറ്റിച്ചു എനിക്ക് ജീവിതത്തിലേക്ക് വരണ്ട… എനിക്കൊരു കാമുകൻ ഉണ്ടായിരുന്നു ഒരുമിച്ചു ജോലി ചെയ്തുകൊണ്ട് ഇരുന്നത് ആണ്

കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നു പക്ഷെ അവന്റെ ഇഷ്ടവും ഞങ്ങളുടെ പണം ഇല്ലാഴിമയിൽ തീർന്നു…. ഇത് എനിക്കു വേണമെങ്കിൽ പറയാതെയിരിക്കാം പക്ഷെ

ഏട്ടനുമായുള്ള വിവാഹം ആണ് നടക്കുന്നതെങ്കിൽ ഏട്ടൻ എല്ലാം അറിഞ്ഞു വേണം എന്റെ കഴുത്തിൽ താലി ചാർത്താൻ…. “”

വളരെ സന്തോഷത്തോടെ ഞങ്ങൾ അവിടുന്നു ഇറങ്ങി, രണ്ടു വീട്ടുകാർക്കും താല്പര്യം ആയിരുന്നത്കൊണ്ട് പെട്ടന്ന് തന്നെ ഞങ്ങളുടെ വിവാഹം നടന്നു…. വിവാഹം കഴിഞ്ഞു രണ്ടു

വർഷം ആയപ്പോഴേക്കും ഞങ്ങൾക്കൊരു കുഞ്ഞ് പിറന്നു…. കുഞ്ഞ് പിറന്ന ആഘോഷമൊക്കെ ആയി അവൾ വീട്ടിൽ റെസ്റ്റിൽ ഇരുന്നപ്പോൾ ആണ് അവൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞത്….

“” ഏട്ടാ ഞാനൊരു കാര്യം പറയട്ടെ, ഞാനൊരു നേഴ്സ് അല്ലേ ഇപ്പോൾ നാല് വർഷം എക്സ്പീരിയൻസുമുണ്ട്, ഞാൻ ഇപ്പോൾ ഇവിടെ വെറുതെ ഇരിക്കുക അല്ലേ അതുകൊണ്ട് IELTS ഒന്നു പഠിച്ചു നോക്കട്ടെ…. എങ്ങാനും കിട്ടിയാൽ നമ്മുടെ ജീവിതം രക്ഷപ്പെട്ടില്ലേ… നമ്മുടെ മോളെ നമുക്ക് അവിടെ പഠിപ്പിക്കാം പിന്നെ നമുക്ക് ആഘോഷിച്ചു ജീവിക്കാം…. അതുമാത്രമല്ല എന്നെ പറ്റിച്ചിട്ടു പോയവൻ ഇല്ലെ അവൻ ഇപ്പോൾ കാനഡയിൽ ഉണ്ട് അവന്റെ മുൻപിൽ പോയി ഭർത്താവും കുഞ്ഞുമായി എനിക്കു ഞെളിഞ്ഞു നിൽക്കണം…. ദേവേട്ടന്റെ അഭിപ്രായം എന്താണ്….. “”

അമ്മയും അച്ഛനും നേരത്തെ മരിച്ചു പോയ, ഇപ്പോൾ വാടക വീട്ടിൽ താമസിക്കുന്ന എനിക്കു ഇതിലും നല്ല എന്ത് വാർത്തയാണ് കിട്ടാനുള്ളത്…. ആകെ ഉണ്ടായിരുന്ന വീട് പെങ്ങൾക്ക് കല്യാണത്തിന് കൊടുത്തിരുന്നു… ഞാൻ ചിരിച്ചു കൊണ്ടു അവളോടു ചോദിച്ചു….

“”അതെ എനിക്കൊരു സംശയം, നിനക്കു നമ്മുടെ ജീവിതം രക്ഷപ്പെടുത്താനുള്ള ആഗ്രഹം ആണോ അതൊ നിന്നെ തേച്ചിട്ടു പോയവന്റെ മുൻപിൽ ജാഡ ഇടാൻ ആണോ ഈ ആഗ്രഹം…. “”

“” അത് പിന്നെ ഞാനുമൊരു പെണ്ണ് അല്ലേ ഏട്ടാ, നമ്മുടെ ജീവിതം പോലെ തന്നെ എനിക്ക് പ്രധാനമാണ് അവന്റെ മുൻപിൽ കുഞ്ഞും ഏട്ടനുമായി നിൽക്കുന്നത്… അവനു കാണിച്ചുകൊടുക്കണമല്ലോ അവൻ തളർത്തിയെങ്കിലും എന്നെ ഉയർത്താൻ എന്റെ ഏട്ടൻ ഉണ്ടായിരുന്നെന്ന്…. “”

“”നീ പഠിച്ചോ പെണ്ണെ …. പൈസക്ക് ഒക്കെ നമുക്ക് വഴി ഉണ്ടാക്കാം…. “”

ക്ലാസ്സിൽ ഒന്നും പോകാതെ തന്നെ അവൾ പരീക്ഷ എഴുതി, മൂന്നാം തവണ എഴുതിയപ്പോൾ pr വിസക്ക് അപ്ലൈ ചെയ്യാനുള്ള മാർക്ക് കിട്ടി…. പിന്നെ ബാക്കി ഉള്ള കാര്യങ്ങൾ എല്ലാം ഒരു

വർഷത്തിനുള്ളിൽ റെഡി ആയി…. വന്നതും അവൾക്കു ജോലി കിട്ടി അതുകൊണ്ട് കുഴപ്പമില്ലാതെ ഞങ്ങൾ കഴിഞ്ഞു… ആറു മാസത്തിനുള്ളിൽ അവിടുത്തെ ഡ്രൈവിംഗ് ടെസ്റ്റ്

എഴുതി എനിക്കും കിട്ടി അങ്ങനെ സന്തോഷത്തോടെ ജീവിതം മുൻപോട്ടു പോകുക ആയിരുന്നു അന്നേരമാണ് ഈ നശിച്ച മെസേജ് കാണാൻ ഇടയായത്…. കൊന്നു കളയുകയാണ്

വേണ്ടത് എന്നാലും മൂന്നു വയസ്സുള്ള ഞങ്ങളുടെ കിങ്ങിണി മോളെക്കുറിച്ചു ഓർക്കുമ്പോൾ ഒന്നിനും വയ്യ…. ഞാൻ അവളുടെയും കാമുകന്റെയും മെസ്സേജുകൾ ഒന്നുകൂടി വായിച്ചു….

അതിൽ അവസാനം പറഞ്ഞിരിക്കുന്നത് ഈ ശനിയാഴ്ച ഇവിടെ വെച്ചു മീറ്റ് ചെയ്യാമെന്നാണ്…. അപ്പോൾ ഒരു കാര്യം ഉറപ്പാണ് അവൾ തന്നെ വഞ്ചിക്കുകയാണ്….

ഞാനുമൊന്നു കളിക്കാൻ തീരുമാനിച്ചു, ശനിയാഴ്ച ജോലിക്ക് ആണെന്നും പറഞ്ഞു ഇറങ്ങി പോകുക എന്നിട്ട് രണ്ടിനെയും കയ്യോടെ പിടിക്കുക… അതുവരെ അവൾക്കു യാതൊരു

സംശയവും തോന്നാതെ പെരുമാറാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു…. അങ്ങനെ ശനിയാഴ്ച ആയി ഞാൻ പതിവുപോലെ വണ്ടിയുമെടുത്തു കൊണ്ടു ജോലിക്ക് പോയി … ഒരു കറക്കത്തിന്

ശേഷം ഞാൻ ഞങ്ങളുടെ ഫ്ലാറ്റ് കാണാവുന്ന സ്ഥലത്തു വണ്ടി കൊണ്ടേ ഇട്ടു അവന്റെ വരവിനായി കാത്തിരുന്നു…. ഒരു പതിനൊന്നു മണി ആയപ്പോൾ അവൻ വന്നു…ഞാൻ വണ്ടി

പതുക്കെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് എടുത്തു…. വണ്ടിയിൽ നിന്നുമിറങ്ങി രണ്ടിനെയും കൊന്നുകളയാനുള്ള ദേഷ്യത്തിൽ ഞാൻ ഇറങ്ങിയോടി ഫ്ലാറ്റിലേക്ക് ചെന്നു…..

എന്റെ പ്രതീക്ഷക്കു വിപരീതമായി ഫ്ലാറ്റിന്റെ കതകു തുറന്നു ഇട്ടിരിക്കുക ആയിരുന്നു…. ഞാൻ പതുക്കെ വാതലിന്റെ അടുത്തേക്ക് നടന്നു…. വാതലിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ സരയുൻറെ സംസാരം കേട്ടു…..

“” നീ എന്താടാ ഹരി വിചാരിച്ചത്, ഞാൻ നിന്നോടുള്ള പ്രേമം കൊണ്ടു വിളിച്ചത് ആണെന്നോ…. നീ അന്ന് എന്നെ പൈസ ഇല്ലന്ന് അറിഞ്ഞപ്പോൾ പറ്റിച്ചില്ലേ അത്

നന്നായെന്നാണ് എനിക്കു ഇപ്പോൾ തോന്നുന്നത് അതുകൊണ്ടാണ് എനിക്കു ഇന്ന് നട്ടെല്ലുള്ള ഒരു പുരുഷന്റെ ഭാര്യയായി ജീവിക്കാൻ അവസരം ദൈവം തന്നത്… നിന്നോട് എനിക്കു ഒരു

കാര്യത്തിൽ നന്ദി ഉണ്ടെങ്കിൽ അത് അതിൽ മാത്രമാണ്…. ഇപ്പോൾ മനസ്സിലായോ നിനക്ക് എന്നെ… “”

ഒരു ചെറു ചിരിയോടെയാണ് ഹരി മറുപടി പറഞ്ഞത്….

“”നീ എന്താടി വിചാരിച്ചത് എനിക്ക് നിന്നോട് മുടിഞ്ഞ പ്രണയം ആണെന്നോ, എനിക്കും കുറച്ചു കുറ്റബോധം ഉണ്ടായിരുന്നു…. അന്ന് പ്രണയിച്ചു നടന്നുവെങ്കിലും നിന്നെ എനിക്കു

മുതലാക്കാൻ കഴിഞ്ഞില്ല…. ഇപ്പോൾ നീ ആയിട്ട് തന്നെ വിഡ്ഢിത്തം കാണിച്ചു ഭർത്താവ് ഇല്ലാത്ത നേരത്തു എന്നെ വിളിച്ചു വരുത്തി…..ഇനി നീ ഇതൊക്കെ എന്നെ പറ്റിക്കാൻ ചെയ്തത്

ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല…. എനിക്ക് നിന്നെ വേണ്ടതും ഇന്നൊരു പകലത്തേക്കു മാത്രമാണ്… നിന്റെ രുചി ഞാനും കൂടി ഒന്നു അറിയട്ടെ സരയു…. “”

അതും പറഞ്ഞു അവൻ കയ്യെടുത്ത് സരയുന്റെ തോളിൽ വെച്ചു…. പുറത്തു നിന്നു കണ്ട കാഴ്ചകൾ എന്റെ രക്‌ത ഓട്ടം കൂട്ടി എങ്കിലും സരയു എങ്ങനെ പ്രതികരിക്കും അറിയാൻ വേണ്ടി മാത്രം ഒരു നിമിഷം കൂടി കാത്തിരുന്നു ഞാൻ….

“”ചീ കയ്യെടുക്കടാ നായെ”” അതും പറഞ്ഞു സരയു അവനെ തള്ളി മാറ്റി…

“” നീ എന്താടാ വിചാരിച്ചത് ഞാൻ അത്ര വലിയ മണ്ടി ആണെന്ന് ആണോ… എന്റെ ഏട്ടൻ പാവമാണ് പറ്റിക്കാൻ ആണെങ്കിലും ഇതൊന്നും ചെയ്യാൻ സമ്മതിക്കില്ല പക്ഷെ നിന്റെ ഭാര്യ

അങ്ങനെ അല്ല…. അവൾ നിന്റെ പ്രവർത്തികളിൽ അസ്വസ്ഥ ആയിരുന്നു…. സത്യത്തിൽ ആ പെണ്ണ് നിന്നെയും വെറുക്കുന്നു…. ഒരു തെളിവിനു വേണ്ടി മാത്രം കാത്തിരിക്കുകയാണ്…

അവൾക്കു തെളിവ് ഇപ്പോൾ ഇവിടുന്നു കിട്ടട്ടെ ഞാനും കരുതി…. നിന്റെ ഭാര്യ സ്വാതി ഇപ്പോൾ ഇവിടെ ഉണ്ട്, അവൾ ഇവിടെ വന്നു അരമണിക്കൂർ കഴിഞ്ഞാണ് നിന്നെ ഇങ്ങോട്ട്

ഞാൻ വിളിച്ചത്… നിന്നിലെ മൃഗത്തെ കണ്ടുകൊണ്ട് അവളിപ്പോൾ അടുത്ത മുറിയിലുണ്ട്….. “”

ഹരി പെട്ടന്ന് അടുത്ത മുറിയിലേക്ക് നോക്കി ഞാനും…. ഞങ്ങൾ രണ്ടാളും ഞെട്ടി പോയി മുറിയിൽ അവന്റെ ഭാര്യ .. എല്ലാം കണ്ടു കണ്ണും തുടച്ചുകൊണ്ട് ആ കൊച്ച് ആ മുറിയിൽ നിന്നും ഇറങ്ങി വന്നു….

“”നിങ്ങൾ ഇത്തരക്കാരൻ ആണെന്ന് ഞാൻ വിചാരിച്ചില്ല, കുറച്ചൊക്കെ അലമ്പ് ഉണ്ടെന്ന് അറിയാമായിരുന്നു പക്ഷെ ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു…. “”

അതും പറഞ്ഞു സരയുവിനെ കെട്ടിപിടിച്ചു ഒന്നു കരഞ്ഞിട്ട് സ്വാതി പോകാനായി ഇറങ്ങി…. പുറകെ വാല് പോലെ നാണംകെട്ടു ഹരിയും….

രണ്ടാളും വാതിൽ പടിയിൽ എത്തിയപ്പോൾ ഞാൻ നില്കുന്നത് കണ്ടു…. രണ്ടാളെയും രണ്ടു തോളിൽ ചേർത്ത് നിർത്തി ഞാൻ അകത്തേക്ക് കയറി… എന്നെ കണ്ടപ്പോൾ സരയുവും ഞെട്ടി പോയി….

“” ഏട്ടൻ ഇന്ന് പോയില്ലേ, എന്താണ് ഈ സമയത്ത്… വന്നത് നന്നായി ഇവൻ ആണ് എന്നെ പറ്റിച്ചിട്ടു പോയ കാമുകൻ, ഇപ്പോൾ അവനെ വിളിച്ചു വരുത്തി ഞാനും പറ്റിച്ചു കൂടാതെ അവന്റെ തനി സ്വരൂപം അവന്റെ ഭാര്യക്കും കാണിച്ചു കൊടുത്തു…. “”

“”മതി സരയു ഈ വാശിയൊക്കെ, ആകെ നമുക്കൊക്കെ ഒരു ജീവിതം അല്ലേയുള്ളു… അത് പരസ്പര വിശ്വാസത്തോടെ സന്തോഷത്തോടെ ചതിക്കാത്ത നമുക്ക് ജീവിച്ചു തീർക്കാം…. “”

“”എന്റെ വാശിയെല്ലാം ഇപ്പോൾ തീർന്നു ദേവേട്ടാ”” എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് അവൾ അമർന്നു….

അതിനു ശേഷം ഹരിയേയും കരഞ്ഞുകൊണ്ട് നിൽക്കുന്ന സ്വാതിയെയും നോക്കി ഞാൻ പറഞ്ഞു….

“” സ്വാതി ഹരിയോട് ഒരുതവണ ക്ഷമിക്കു, ഇനിയും തെറ്റ് ചെയ്താൽ കൊന്നു കളഞ്ഞേക്ക് ഒന്നും നോക്കേണ്ട പക്ഷെ ഇത്തവണ ക്ഷമിക്കു….

ഹരി, നിന്നോട് പറയാൻ ഉള്ളത് കെട്ടിയ പെണ്ണിനെ സ്നേഹത്തോടെ നോക്കു, ചതിക്കാത്ത പറ്റിക്കാതെ സ്നേഹിക്കു അപ്പോൾ ജീവിതത്തിന്റെ സുഖം നിങ്ങൾക്ക് മനസിലാകും….

രണ്ടാൾക്കും ഞാൻ പറഞ്ഞത് സമ്മതമാണെങ്കിൽ ഇനി മുതൽ നമ്മൾ നാല് പേരും നല്ല സുഹൃത്തുക്കൾ ആയിരിക്കും…. അങ്ങനെ എങ്കിൽ ഇന്ന് ഉച്ചക്ക് ഇവിടെ ഉള്ളത് കഴിച്ചു നമുക്ക് പിരിയാം ഇനിയും സൗഹൃദം പങ്കുവയ്ക്കാൻ ഒത്തുകൂടുമെന്ന ഉറപ്പോടെ…. “”

ഹരിക്കും സ്വതിക്കും അതു സമ്മതമായി… എന്റെ ഭാര്യ കാണിച്ച പ്രതികാര ബുദ്ധികൊണ്ട് അവരുടെ ജീവിതം തകരാതെ നോക്കാൻ കഴിഞ്ഞ സന്തോഷത്തോടെ ഞാനും ഇരുന്നു…….ഇനിയും അവൾ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ കാണിക്കരുതേ എന്ന പ്രാർത്ഥനയോടെ….. അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അരുൺ നായർ

Leave a Reply

Your email address will not be published. Required fields are marked *