ബാംഗ്ലൂർഡേയ്സ്…

രചന: Santhosh Appukuttan

അഞ്ചു വർഷങ്ങൾക്കു ശേഷം, മറിയയെയും കാത്ത് തൃശ്ശൂർ -റെയിൽവേ സ്റ്റേഷനിലിരിക്കുമ്പോൾ വല്ലാത്തൊരു ആകാംക്ഷ -ദീപനെ പൊതിഞ്ഞിരുന്നു.

“നാളെ കാലത്ത് ആറുമണിക്കുള്ള കന്യാകുമാരി എക്സ്പ്രസ്സിൽ ഞാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തും – എന്ന് നിന്റെ മറിയ ”

ഇന്നലെ വൈകിട്ട് വന്ന ഫോൺ കോൾ -മറ്റെന്തെങ്കിലും ചോദിക്കും മുന്നേ ഡിസ്കണക്ട് ആയി.

പലവട്ടം വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫിലായിരുന്നു.

തുരുതുരാ എരിച്ചു തീർക്കുന്ന സിഗററ്റുകൾക്കിടയിൽ, അവന്റെ ചിന്തകളും കത്തിയെരിയുകയായിരുന്നു.

മഞ്ഞിനെ തഴുകി വരുന്ന-മഴ ചിന്നി ചിതറുന്ന പാളങ്ങളിലക്ക് നോക്കിയിരുന്ന അവന്റെ ഓർമ്മകൾ ബാംഗ്ലൂർ എന്ന നഗരത്തിലേക്ക് ഓടിയകന്നു.

ബാംഗ്ലൂർ നിന്ന് പത്ത് മുപ്പത് കിലോമീറ്റർ ദൂരെയുള്ള ബിഡദിയിലെ ഒരു ചെറിയ ആശുപത്രിയിൽ വെച്ചാണ് മറിയയെ ദീപൻ ആദ്യമായി കാണുന്നത്.

അവിടെ ഒരു നഴ്സ് ആയിരുന്നു കോട്ടയം ക്കാരിയായ മറിയ.

ഒരു നേഴ്സിനു വേണ്ട ക്ഷമയും,സഹനവും ഇല്ലാത്ത തുള്ളിത്തെറിച്ചു നടക്കുന്ന ഒരു വായാടിയായിട്ടാണ് ദീപന് തോന്നിയത്.

ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ, നാട്ടിൽ കൂട്ടുക്കാരോടൊപ്പം അലഞ്ഞു നടന്ന ദീപൻ ഒരു ഉൾവിളിയെന്നോണമാണ് ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറിയത്.

അവിടെയുള്ള കൂട്ടുകാരുമായി ചെറിയ ചെറിയ ജോലിക്ക് പോകുകയും, വൈകിട്ട് അക്കയുടെ കടയിൽ നിന്ന് ബ്രാണ്ടി മോന്തലുമായിരുന്നു ദിനചര്യ!

ഏതോ ഒരു മഴയുള്ള ദിവസം, പണിയെടുക്കുന്ന ബിൽഡിങ്ങിൽനിന്ന് വീണ കൂട്ടുകാരനുമായി ചെന്ന ദീപൻ നഴ്സ് മാരോട് ബഹളം വെക്കുന്നത് കണ്ടാണ് മറിയ അങ്ങോട്ടേയ്ക്ക് ചെന്നത്.

” ഇങ്ങിനെ ബഹളം വെച്ചിട്ടു കാര്യമില്ല മിസ്റ്റർ.ഇതൊരു ചെറിയ ആശുപത്രിയാണ്. ഞങ്ങൾ ഒരു ആംബുലൻസ് വിളിച്ചു തരാം – ടൗണിലേക്ക് കൊണ്ടു പോണം”

സംസാരം കേട്ട് തിരിഞ്ഞു നോക്കിയ ദീപൻ, മറിയയെ കണ്ടതും മദ്യലഹരിയിലായ അവന്റെ ദേഷ്യം ഒന്നുകൂടി വർദ്ധിച്ചു.

അപ്പോഴാണ് ബഹളം വെയ്ക്കുന്നത് ദീപനാണെന്ന് മറിയയ്ക്ക് മനസ്സിലായത്.

ബിഡദിയിലെ ഒരു ഇരുനില വീട്ടിൽ വാടകക്കാരാണ് ദീപനും, മറിയയും.

ദീപനും കൂട്ടുക്കാരും താഴെ താമസിക്കുമ്പോൾ, മുകളിലത്തെ നിലയിലാണ് മറിയയും കൂട്ടുകാരും താമസിക്കുന്നത്.

“മലയാളിയാണെന്നതു പോട്ടെ – ഒരു വീട്ടിൽ താമസിക്കുന്നവരല്ലേനമ്മൾ – അതിന്റെയൊരു നന്ദിയെങ്കിലും കാണിക്ക് മറിയേ ”

മറ്റുള്ള നേഴ്സ്മാർ മദ്യലഹരിയിലായ ദീപന്റെ കോപ്രായങ്ങളും കണ്ട് നിൽക്കുന്നത് കണ്ടപ്പോൾ മറിയയുടെ രക്തം തിളച്ചു.

” കുടിച്ചു ലക്കുക്കെട്ട് മലയാളിയുടെ പേര് കളയാൻ ഓരോന്നും ഇങ്ങോട്ട് വന്നോളും – നാശം”

പറഞ്ഞു തീർന്നതും ദീപന്റെ കൈത്തലം അവളുടെ കവിളിൽ ആഞ്ഞു പതിച്ചു.

ചോര വിങ്ങിയ കവിൾത്തടവും പൊത്തിപിടിച്ച്, അഗ്നി ചിതറുന്ന കണ്ണുകളോടെ ദീപനെ നോക്കി മറിയ

” ഇന്നുവരെ എന്റെ പപ്പയോ, മമ്മയോ എന്നെ ഒന്നു നുള്ളിനോവിച്ചിട്ടില്ല. പക്ഷെ -നീ ”

സങ്കടവും,കോപവും അമർഷവും പുകഞ്ഞ അവളുടെ വാക്കുകൾ ദീപനെ പൊള്ളിച്ചു.

” പോലീസിനെ വിളിക്കട്ടെ മറിയേ?”

ഏതോ നഴ്സ് വിളിച്ചുചോദിച്ചപ്പോൾ ദീപന്റെ കണ്ണിൽ നിന്നു കണ്ണെടുക്കാതെ നിന്നു -മറിയ

“ഒരു പോലീസും വേണ്ട -ഇത് എങ്ങിനെ തീർക്കണമെന്ന് എനിക്കറിയാം”

പിറ്റേ ദിവസം, കന്നട ഗുണ്ടകളുടെ തല്ലുകൊണ്ട് അതേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴാണ് അവൾ പ്രതികാരം എങ്ങിനെ തീർത്തതെന്ന് ദീപന്- മനസ്സിലായത്.

ചതവിലൊക്കെ തൊട്ട് ഇവിടെയൊക്കെ വേദനയുണ്ടോ എന്നവൾ ചോദിക്കുമ്പോൾ, അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം കണ്ടിരുന്നു.

“മാലാഖയാകാൻ മാത്രമല്ല ദുർഗ്ഗയാകാനും ഞങ്ങളിൽ ചിലർക്കു കഴിയുമെന്ന് ദീപനിപ്പോൾ മനസ്സിലായില്ലേ?”

മറുപടി പറയാതെ ഡ്രിപ്പിങ്ങ് സ്റ്റാൻഡിലേക്ക് കണ്ണും നട്ട് കിടന്നു ദീപൻ .

ഇവൾ ഒരു പ്രത്യേക ജനുസ്സ് ആണെന്ന് തോന്നിയതുക്കൊണ്ടാണ് മറിയയെ പറ്റി കൂടുതലറിയാൻ ശ്രമിച്ചത്.

കോട്ടയത്തെ നല്ലൊരു കൃസ്ത്യൻ തറവാട്ടിൽ പിറന്ന മറിയ, പപ്പയുടെയും, മമ്മയുടെയും എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് നഴ്സിങ്ങിലേക്ക് കടന്നു വന്നതെന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു,

കിട്ടുന്ന ശംബളം തന്റെ -ചിലവ് കഴിഞ്ഞ് ബാക്കി ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നറിഞ്ഞപ്പോൾ ആരാധനയായി.

പെട്ടെന്നു ദേഷ്യം വരുമെങ്കിലും, അവളൊരു പാവമാണെന്നു മറിയയുടെ കൂട്ടുകാരി പറഞ്ഞവസാനിപ്പിച്ചപ്പോൾ മനസ്സിൽ അലിവ് തോന്നി.

മറിയയുടെ കൂട്ടുക്കാരി പറഞ്ഞത് ശരിയാണെന്ന് മനസ്സിലായത് ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് റൂമിലെത്തിയപ്പോഴാണ്.

തന്റെ സുഖവിവരങ്ങൾ തിരക്കുമ്പോൾ, ആ മിഴികളിൽ കുറ്റബോധത്തിന്റെ നിഴൽ തെളിഞ്ഞിരുന്നു.

കൂട്ടുക്കാർ ജോലിക്ക് പോയതിനു ശേഷം ഒറ്റപ്പെടുന്ന തനിക്ക് കൂട്ടായി അവൾ എത്തിതുടങ്ങി!

തന്നെ ബാത്ത് റൂമിലെത്തിക്കാനും, ഭക്ഷണം വാരി തരാനും അവൾ ഉത്സാഹത്തോടെ നിന്നു.

ഒരിക്കൽ, തന്നെയും താങ്ങി ബാത്ത് റൂമിലേക്ക് നടക്കുമ്പോൾ, കാൽ വഴുതി വീണ മറിയയുടെ മുകളിലേക്ക്, പിടുത്തം നഷ്ടപ്പെട്ട ദീപൻ മറിഞ്ഞു വീണപ്പോൾ, അവനെയും കെട്ടിപ്പിടിച്ച് കുറച്ചു നേരം കിടന്നു മറിയ:

“ഒന്നു സ്മൂത്തായിട്ട് പണികൊടുത്താൽ മതിന്ന് ഞാൻ ആ ഗുണ്ടകളോട് പറഞ്ഞതാ! ഇതിപ്പോൾ എനിക്കു തന്നെ പണിയായി ”

മറിയ ചിരിച്ചു കൊണ്ടതു പറഞ്ഞപ്പോൾ, ആ നെറ്റിയിലവൻ ചുംബിച്ചു.

പ്രതീക്ഷിക്കാത്ത ചുംബനത്തിൽ മിഴി കൂമ്പി പോയ മറിയ, തന്റെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണ കുരിശിൽ മുറുകെ പിടിച്ചു.

പ്രണയത്തിന്റെ ദിനങ്ങളായിരുന്നു പിന്നെ.

ലാൽബാഗിലും, ബന്നാർഘട്ടയിലും, മെജസ്റ്റിക്കിലും പൂത്തുമ്പികളായി പാറി നടന്ന നാളുകൾ.

ഒരിക്കൽ, ഒരു മഴയുള്ള ദിവസം പനിപിടിച്ചു കിടക്കുന്ന ദീപനെ കാണാൻ താഴെയുള്ള റൂമിൽ അവളെത്തുമ്പോൾ, ആ റൂം മാത്രമല്ല ആ ഇരുനില വീട് പോലും വിജനമായിരുന്നു.

അതിന്റെ പിറ്റേന്നായി രുന്നു, അപ്പന് അറ്റാക്ക് വന്ന് ഹോസ്പിറ്റലിലാണെന്നും പറഞ്ഞ് നാട്ടിൽ നിന്ന് -അവൾക്ക് ഫോൺ വന്നത്,

റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ, ദീപന്റെ തോളിൽ ചാരി കിടന്ന് അവൾ കരയുകയായിരുന്നു.

ട്രെയിനിൽ കയറി സീറ്റ് കണ്ടു പിടിച്ച് അതിലിരുത്തുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞു പെയ്യുകയായിരുന്നു.

അവളുടെ നെറ്റിയിൽ ഒരു ചുംബനവും കൊടുത്ത് കൊണ്ട് ട്രെയിനിൽ നിന്നിറങ്ങിയ ദീപന്റെ കണ്ണുകളിൽ നിന്ന്, അതുവരെ തടഞ്ഞു നിർത്തിയ തടയണകളെ ഭേദിച്ചുക്കൊണ്ട് കണ്ണീർ കുത്തിയൊലിക്കാൻ തുടങ്ങി.

നീർ നിറഞ്ഞ മിഴികൾക്കപ്പുറത്തേക്ക് -ട്രെയിൻ പോകുന്നതുവരെ ദീപൻ അവിടെ നിന്നു.

പിന്നെ അവളെ കാത്തിരിക്കലായിരുന്നു ദീപന്റെ ജോലി.

ദിവസങ്ങൾ…

ആഴ്ചകൾ …

മാസങ്ങൾ …

മറിയ കൊടുത്ത മൊബൈൽ നമ്പറിലക്ക് വിളിച്ചെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു.

അതൊരു അസ്സല് തേപ്പാണ് നീ ഇനി കാത്തിരിക്കണ്ടായെന്നും പറഞ്ഞ് കൂട്ടുക്കാർ ട്രെയിൻ കയറ്റി വിടുമ്പോൾ, മറിയ ഒരിക്കലെങ്കിലും തന്നെ അന്വേഷിച്ച് വരുമെന്ന് ദീപനുറപ്പുണ്ടായിരുന്നു.

ആ-കാത്തിരിപ്പിലായിരുന്നു ഈ അഞ്ചു വർഷക്കാലവും.

കുതിച്ചെത്തി കിതച്ചുക്കൊണ്ടു നിന്ന ഒരു ട്രെയിൻ ദീപന്റെ ഓർമ്മകളെ മുറിച്ചു.

ദീപന്റെ നോട്ടം അന്തരീക്ഷത്തിലേക്കു നീണ്ടു.

ഇരുട്ടിനെ വകഞ്ഞു മാറ്റി വെളിച്ചം പരക്കുന്നുണ്ടെങ്കിലും, മൂടൽമഞ്ഞ് അതിനെ തടഞ്ഞുക്കൊണ്ടിരിക്കുകയാണ്.

ദീപൻ ആകാംക്ഷയോടെ വാച്ചിലേക്ക് നോക്കി.

ആറു മണി .

പൊടുന്നനെ അകലെ നിന്ന് ഒരു ട്രെയിന്റെ ചൂളം വിളികേട്ടതും, ദീപന്റെ നെഞ്ചിടിപ്പുയർന്നു.

അവൻ അറിയാതെ കൽ ബെഞ്ചിൽ നിന്നുയർന്നു.

ദൂരെ നിന്ന് ട്രെയിൻ കണ്ടതും, അവന്റെ മനസ്സിൽ ആകാംക്ഷയുടെ മേള പെരുക്കം തുടങ്ങി.

കന്യാകുമാരി എക്സ്പ്രസ് കിതച്ചു നിന്നപ്പോൾ, ആകാംക്ഷയോടെ അവന്റെ കണ്ണകൾ പരക്കം പാഞ്ഞു തുടങ്ങി.

ആ ആൾക്കൂട്ടത്തിൽ മറിയയെ കണ്ടെത്താനാകാതെ വിറളി പിടിച്ചു നടന്ന ദിപൻ, ട്രെയിൻ പതുക്കെ നീങ്ങുന്നത് കണ്ട് തളർച്ചയോടെ കൽബെഞ്ചിലിരുന്നു.

“ദീപാ ”

അടുത്തു നിന്നൊരു വിളിയുയർന്നപ്പോൾ സന്തോഷ കണ്ണീരൊടെ തലയുയർത്തിയ ദീപൻ, മുന്നിൽ കണ്ട സ്ത്രീരൂപം കണ്ട് നിരാശയിലാണ്ടു.

ഒരു നാലു വയസ്സുക്കാരനെയും പിടിച്ച് നിൽക്കുന്ന ഒരു സുന്ദരി പെണ്ണ്’,

“ഇവൻ അലൻദീപൻ. മറിയ ദീപനു കൊടുക്കാൻ പറഞ്ഞു തന്നതാണ് ”

ആ യുവതി നീട്ടിയ കുഞ്ഞിനെ ദീപൻ വേഗം കൈ നീട്ടി വാങ്ങി.

ആ കുഞ്ഞി നെറ്റിയിൽ തെരുതെരെ ചുംബിച്ചു.

” മറിയ ”

ദീപനത് ചോദിക്കുമ്പോൾ ആ കണ്ണ് നിറഞ്ഞു തുളുമ്പി.

“അതൊരു കഥയാണ് ദീപൻ.”

ആ യുവതി കൽ ബെഞ്ചിൽ ദീപന്റെ അരികിൽ ഇരുന്നു.

” അന്ന് അവൾ പപ്പയ്ക്ക് അറ്റാക്കാണെന്നുള്ള വിളി വന്നിട്ടല്ലേ പോയത്?”

ദീപൻ പതിയെ തലയാട്ടി.

” അത് കള്ളമായിരുന്നു. നിങ്ങൾ തമ്മിലുള്ള ബന്ധം ആരോ അവളുടെ പപ്പയെ വിളിച്ചു പറഞ്ഞിരുന്നു”

ഒരു അമ്പരപ്പോടെ ദീപൻ ആ യുവതിയെ നോക്കി.

“യു കെയിലുള്ള ഒരു ഡോക്ടറുമായി വിവാഹം നടത്താനും അങ്ങിനെ അവളെ യു കെയിലേക്ക് വിടാനായിരുന്നു അവളുടെ പപ്പയുടെ പ്ലാൻ.

” പക്ഷെ ആ നിമിഷമാണ് താൻ ഗർഭിണിയാണെന്ന് അവളറിയുന്നതും, പപ്പയോടും പറയുന്നതും ”

ആ യുവതിയിൽ നിന്നു വീഴുന്ന ഓരോ വാക്കും സസൂക്ഷ്മം ശ്രദ്ധിച്ചിരിക്കുകയായിരുന്നു ദീപൻ.

” ആ വാർത്ത അവളുടെ പപ്പയ്ക്ക് ഷോക്കായിരുന്നു. കുഞ്ഞിനെ ആരും അറിയാതെ നശിപ്പിക്കാൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല ”

അതു കേട്ടതും ദീപൻ കണ്ണീരോടെ തന്റെ മകനെ ചുംബിച്ചു.

“അവളുടെ വാശിയിൽ ഈ കുഞ്ഞിനെ പ്രസവിച്ചു അവൾ – പക്ഷേ പ്രസവത്തോടെ അവൾ ”

പറഞ്ഞു തീരും മുൻപെ ദീപൻ കൈയെടുത്ത് വിലക്കി.

” ഇനിയൊന്നും പറയണ്ട. ജീവനോടെയുണ്ടെങ്കിൽ അവൾ എന്റെ അടുത്ത് എത്തുമെന്ന് എനിക്കറിയാം”

പറഞ്ഞു തീരും മുൻപെ കരഞ്ഞു പോയിരുന്നു ദീപൻ.

കുനിഞ്ഞിരുന്നു കരയുന്ന ദീപന്റെ തലയിൽ ആരോ തലോടുന്നതറിഞ്ഞ അവൻ മുഖമുയർത്തി.

കണ്ണീരിനു മുന്നിൽ തെളിഞ്ഞ ആ രൂപത്തെ കണ്ടതും, വലിയൊരു കരച്ചിലോടെ വാരി പുണർന്നു ദീപൻ.

നെറ്റിയിലും, തലയിലും, കവിളിലും മാറി മാറി ചുംബിച്ചു ദീപൻ.

വർഷങ്ങളോളം മനസ്സിൽ വിങ്ങി നിന്നിരുന്ന ദീപന്റെ സങ്കടമഴയിൽ അലിഞ്ഞു കുതിരുകയായിരുന്നു മറിയ.

നിമിഷങ്ങൾ കഴിഞ്ഞ് പരിസരബോധം വന്നപ്പോൾ അവർ അകന്നു മാറി.

” ലൗ സീൻ കണ്ട് വായും പൊളിച്ചിരിക്കാണല്ലേ ക്രിസ്റ്റീന?”

” അതു കണ്ടിട്ടല്ല മറിയേ.വർഷങ്ങൾക്കു ശേഷംഒരു കുഞ്ഞിനെ കൊണ്ടു കൊടുത്തിട്ട്, ഇതു മറിയയുടെയും, ദീപന്റെയും കുഞ്ഞാണെന്ന് പറഞ്ഞപ്പോൾ, ഒന്നും പറയാതെ, സന്തോഷത്തോടെ ആ കുഞ്ഞിനെ വാങ്ങിയത് കണ്ടപ്പോഴാണ് ഞാൻ ശരിക്കും വായ് പൊളിച്ചിരുന്നത്. ”

” എതിർപ്പ് പ്രകടിപ്പിച്ചാൽ ഞാൻ കന്നഡ ഗുണ്ടകളെ ഇറക്കുമെന്ന് ദീപനറിയാം – അല്ലേ ദീപാ ?”

ചിരിച്ചുക്കൊണ്ട്, കുഞ്ഞിനെയുമെടുത്ത് ദീപനെഴുന്നേറ്റ് നടന്നപ്പോൾ, ആ കൈ പിടിച്ചു കൊണ്ട് മറിയയും നടന്നു.

” അഞ്ചു വർഷക്കാലം നീ എന്നെ കാത്തിരുന്നല്ലോ ദീപൻ – ”

“ഒരിക്കലെങ്കിലും, ഞാൻ നിന്നിൽ നിന്ന് ഓടിയൊളിച്ചതാണെന്ന് നീ കരുതിയിട്ടുണ്ടാകും അല്ലേ?”

കണ്ണീരോടെ മറിയ ചോദിച്ചപ്പോൾ, ദീപൻ അവളെ ചേർത്തു പിടിച്ചു.

” നീ എന്നിൽ നിന്ന് ഒരിക്കലും ഓടിയൊളിക്കില്ലായെന്ന് എനിക്ക് അറിയാം മറിയേ ”

ദീപൻ അവളുടെ നീർ തിളക്കം നിറഞ്ഞ മിഴികളിലേക്കു നോക്കി.

” നിനക്ക് എന്തു സംഭവിച്ചു എന്നറിയാതെ ഈ അഞ്ചു വർഷക്കാലം ഞാൻ ഉരുകുകയായിരുന്നു ” അവൻ ഒരു ദീർഘനിശ്വാസത്തോടെ മറിയയെ ചേർത്തുനിർത്തി.

“കഴിഞ്ഞ അഞ്ചു വർഷക്കാലം എനിക്ക് വേണ്ടി പൊരുതിയ നീ, പപ്പയുടെ തടങ്കലിലാണെന്നറിഞ്ഞില്ല ”

മറിയ കൈ നീട്ടി കുഞ്ഞിനെ വാങ്ങി ആ നെറ്റിയിൽ ചുംബിച്ചു.

ചൂടുള്ള ഒരു തുള്ളി കണ്ണുനീർ, കുഞ്ഞിന്റെ മുഖത്ത് വീണു.

“വെറും തടങ്കലായിരുന്നില്ല ദീപാ – പറയാനേറെയുണ്ട് ”

മറിയ കുഞ്ഞിനെ നോക്കി പതിയെ പുഞ്ചിരിച്ചു.

“ഇവൻ വളർന്നു വലുതാകുമ്പോൾ, ഇവനു വേണ്ടിയും, ദീപനു വേണ്ടിയും ഞാൻ അനുഭവിച്ച കഷ്ടപ്പാട് അറിയുമ്പോൾ, എന്നെ ഇവൻ പൊന്നുപോലെ നോക്കും – ദീപൻ നോക്കിയില്ലെങ്കിലും ”

ആത്മവിശ്വാസത്തോടെ തിളങ്ങുന്ന മിഴികളോടെ മറിയ പറഞ്ഞപ്പോൾ, ദീപൻ പതിയെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.

” ഞാനെന്താ ഇനി ചെയ്യേണ്ടത്?”

പിന്നിൽ നിന്നുയർന്ന ക്രിസ്റ്റീനയുടെ ചോദ്യം കേട്ടപ്പോൾ മറിയ പുഞ്ചിരിച്ചു.

“കട്ടുറുമ്പ് ആകാതെ എവിടേക്കെങ്കിലും പോ- കോട്ടയത്തോ-ബാംഗ്ലൂരേക്കോ – എവിടെക്കെങ്കിലും ”

രചന: Santhosh Appukuttan

Leave a Reply

Your email address will not be published. Required fields are marked *