മഞ്ഞൾ….നീരാട്ട്

രചന : ആദി..

ഇതൊരു കഥയാണെന്നോ സത്യമാണെന്നോ എനിക്കു പറയാനാകില്ല ….

തലമുറകളായി അമ്മാത്തു പറഞ്ഞു കേൾക്കുന്ന വിശ്വാസമാണിത് …… ഇത്തരം ചില വിശ്വാസങ്ങളാണല്ലോ നമ്മളെ മുന്നോട്ടു നയിക്കുന്നതും …..

നാനൂറിൽ പരം വർഷങ്ങൾക്ക് മുമ്പു നടന്നൊരു സംഭവത്തിലൂടെ നമുക്ക് കഥയിലേക്ക്‌ കടക്കാം …

വാര്യത്തു അന്നൊക്കെ ഇന്നു കാണുന്നപോലെയല്ല കാവിനോട് ചേർന്നൊക്കെ നല്ല കാടായിരുന്നു ആറു വർഷത്തിലൊരിക്കൽ മാത്രമെ അന്നൊക്കെ കാവിന്റെ പടിപ്പുര തുറക്കാറുള്ളൂ ….

അന്നു ഇല്ലത്തെ കാരണവർ ചില മന്ത്രസിദ്ധികളൊക്കെ സ്വായത്തമാക്കിയ ഒരു യോഗിയായിരുന്നു ….. ദുഷ്ടശക്തികൾ ഇല്ലത്തെ കാവിന്റെ പരിശുദ്ധി തകർക്കുമെന്ന തോന്നലിനെ തുടർന്നു കാവിനു ചുറ്റും മന്ത്രശക്തിയാലൊരു ബന്ധനം ചെയ്തു വച്ചുവത്രെ ….

കൂടാതെ കാവിനു കാവലിനായി തെക്കേത്തറയിലെ പനമുകളിലൊരു യക്ഷിയെ കുടിയിരുത്തി ….

കാവിന്റെ സുരക്ഷിതത്വത്തിനു ചെയ്തതാണെലും ബന്ധനം കാരണം നാഗദൈവങ്ങൾക്കു കാവിലേക്ക് പ്രവേശിക്കാനായില്ല …. എങ്കിലും ചില സമയങ്ങളിൽ അതായതു പൗർണമി ദിവസങ്ങളിൽ മാത്രം കാവിലേക്ക്‌ പ്രവേശനാനുമതി കാരണവർ നല്കി ….

ഒരു അമാവാസി ദിനത്തിൽ കാവിൽ ഒരു പൂജ നടന്നുവത്രെ ….. തെക്കേത്തറയിലെ യക്ഷിക്ക് കൽക്കണ്ടവും കദളിയും നേദിച്ചുവത്രേ … സംപ്രീതയായെങ്കിലും തന്റെ ഉഗ്രരൂപത്തിന്റെ കാഠിന്യത്തിൽ യക്ഷിക്ക് ഒരു നാഗത്തെ ബലി നൽകേണ്ടതായി വന്നു …

അതിനു ശേഷം കാവിന്റെ അകത്തേക്കു നാഗദൈവങ്ങൾ വരാതെയായി … ഉഗ്രരൂപിണിയായ യക്ഷിയെ തന്റെ ചൊൽപ്പടിക്ക് നിർത്തുന്നതിനു മുമ്പെ ഇല്ലത്തെ കാരണവർ സർപ്പ കോപത്താൽ പരലോകം പുൽകി …

വർഷങ്ങൾ കഴിഞ്ഞു … കാവിന്റെ ദേവശുദ്ധി കുറഞ്ഞുവന്നു … നാഗദൈവങ്ങൾ സംപ്രീതരല്ല … ഇല്ലത്തിന്റെ അവസ്‌ഥ പരിതാപകരമായി ….

ഉഗ്രരരൂപിണിയായ യക്ഷിയും പക വീട്ടാനായി നാഗങ്ങളും ….. ഒടുവിൽ വടക്കുനിന്നൊരു യോഗിവര്യനെ കൊണ്ടു വന്നു ….

അദ്ദേഹം കാവിന്റെ വടക്കുവശത്തെ മാവിൻചുവട്ടിൽ നിലത്തിരുന്നു പ്രശ്നം നോക്കി …

ഉഗ്രരൂപിണിയായ യക്ഷിയെ തളയ്ക്കുന്നതിനോടൊപ്പം നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ കടുത്ത പ്രയോഗങ്ങൾ വേണ്ടി വരുമെന്നദ്ദേഹം പറഞ്ഞു …

പക്ഷെ അതിനിവിടെയൊരു ആയില്യം നക്ഷത്രം പിറക്കണമത്രേ ……

ഏഴുവര്ഷത്തിന് ശേഷം ആയില്യം നക്ഷത്രത്തിൽ ഇല്ലത്തൊരു പെൺകിടാവ് പിറന്നു …. ആറുമാസം പോലും തികയാത്ത കുഞ്ഞിനേയും കൊണ്ടു യോഗിവര്യൻ കാവിന്റെ പടിപ്പുര തുറന്നു ……..

ആറുദിവസത്തെ താന്ത്രിക ഫലമെന്നോണം യക്ഷിയെ പനമുകളിൽ ബന്ധിച്ചു …. പന മരത്തിനു താഴെ ചുവന്ന പട്ടിൽ ഒരു കല്ലിൽ കുങ്കുമം ചാർത്തി യക്ഷിയെ ദേവശുദ്ധി വരുത്തി ….

പക്ഷെ നാഗദൈവങ്ങൾ അതുകൊണ്ടും സംപ്രീതരായില്ല …. ആയില്യം പിറക്കുന്ന കുഞ്ഞുങ്ങളെ നാഗക്കാവിനു കൈമാറണമെന്നൊരു വ്യവസ്ഥയാൽ ഒടുവിൽ അവരും കുടിയിരിക്കാൻ തയ്യാറായി ….

അതിനു ശേഷം വരുന്ന ആയില്യം നക്ഷത്രക്കാരൊക്കെ കാവിന്റെ ഭാഗമായി തീർന്നു ….. വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു …. പലകുറി ആയില്യം പിറന്നു …. എങ്കിലും തലമുറകൾക്ക് അത്തരം പാരമ്പര്യ രീതികളോട് യോജിക്കാനായില്ല ….

അതു അവസാനം വന്നു ചേർന്നത് ഇല്ലത്തുള്ളവരുടെ നാശത്തിലേക്കാണ് …..

ഒടുവിൽ യോഗിവര്യന്റെ ശിഷ്യഗണത്തിലുള്ള കൈമളദേഹത്തിന്റെ നേതൃത്വത്തിൽ ഒരു അഖണ്ഡ യാഗം നടത്തി ….. പിറക്കുന്ന കുഞ്ഞുങ്ങളും ഇനിയവർ ആയില്യം നക്ഷത്രമല്ലെങ്കിൽ പോലും ആറുവര്ഷത്തിലൊരിക്കൽ കാവിന്റെ നടതുറന്നു കാവിൽ പൂജിച്ച മഞ്ഞൾ പ്രസാദവും വെള്ളവും ചേർത്തു കാവിന്റെ കിഴക്കേനടയിൽ നിന്നു സ്നാനം ചെയ്യണമത്രേ ……

അതാണ് #മഞ്ഞൾ #നീരാട്ട് …… വേണ്ടത്ര തെളിവുകളോ അതുമല്ലെങ്കിൽ വേണ്ടത്ര വിശദാംശങ്ങളോ ഇന്നത്തെ തലമുറയ്ക്കില്ല എങ്കിലും ഇന്നും മുറതെറ്റാതെ പോകുന്നുണ്ട് മഞ്ഞൾ നീരാട്ട് …..

പനമുകളിലെ യക്ഷിക്കു വേണ്ടി കുങ്കുമത്തിൽ നെയ്യ് ചാലിച്ചു ഇലകുമ്പിളിൽ വയ്ക്കാറുണ്ട് … മേടമാസം നടക്കുന്ന കാവിലെ വേലയ്ക്ക് പരമാവധി കുടുംബാംഗങ്ങൾ എത്താറുമുണ്ട് …

ഇന്നും ചില മേഘങ്ങൾ കാവിനു മുകളിലെത്തുമ്പോ അവയ്ക്ക് ചില ചിത്രങ്ങളായി തോന്നാറുണ്ട് … സർപ്പങ്ങളുടെ ശീൽക്കാരവും യക്ഷിയുടെ ചിലങ്കയുമെല്ലാം നിന്നുമൊരു പേടിസ്വപ്നം തന്നെയാണ് …..

ഇല്ലത്തു പറഞ്ഞുകേട്ടൊരു കഥയാണിത് വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ പറഞ്ഞതല്ല …………

ഇതിവിടെ പറയണമെന്ന് കരുതിയതല്ല …. പക്ഷെ ഇതിവിടെ പറയണമെന്നത് വിധിയാണ് .. ഒരുപക്ഷെ അതു തന്നെയാകും എന്റെ നിയോഗവും ………..

#സ്‌നേഹപൂർവം

രചന : ആദി..

Leave a Reply

Your email address will not be published. Required fields are marked *