മതിലിനപ്പുറത്തെ വീട്…

രചന: Shivanya Abhilash

“ആരതീ, താനവിടെ എന്തെടുക്കുവാ… ”

ഒരു ചെറിയ മതിലിന്റെ വ്യത്യാസം മാത്രമുള്ള അടുത്ത വീട്ടിൽ നിന്നും ഇന്നും ഞാനാ ചോദ്യം കേട്ടു..

നിഖിലിന് ട്രാൻസ്ഫർ ആയി ഞങ്ങൾ ഈ നാട്ടിൽ എത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളു …

ഡൽഹി പോലൊരു മെട്രോയിൽ ഒരുപാട് വർഷം ജീവിച്ചത് കൊണ്ടാകും ഈ നാടെനിക്ക് അന്യമായി തോന്നിയത്…

അവിടെ അടുത്ത ഫ്ലാറ്റിൽ ഉള്ളവരോട് പോലും അധികം അടുപ്പം കാണിക്കാതെ സ്വന്തം ലോകത്ത് ഒതുങ്ങി കൂടിയ എനിക്ക് അടുത്ത വീട്ടിലെ ആരതിയും അവരുടെ ഏട്ടനും കുട്ടികളും ഒരു അത്ഭുതമായിരുന്നു …

വന്ന അന്ന് മുതൽ ആ വീട്ടിനകത്തു നിന്നും പൊട്ടിച്ചിരികളും കളിവാക്കുകളും മാത്രമേ കേൾക്കുന്നുള്ളൂ…

ആരതിയുടെ ഏട്ടനേയും മക്കളെയും പുറത്തേക്കു ഇറങ്ങുമ്പോൾ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ആരതിയെ മാത്രം ഞാൻ കണ്ടിട്ടില്ല…

ആ കുറവ് ഇന്ന് പരിഹരിക്കണം എന്ന് ഞാൻ തീരുമാനിച്ചു…

പൊതുവെ അയൽക്കാരോടൊന്നും കൂടുതൽ അടുക്കാൻ താല്പര്യപ്പെടാത്ത ഞാൻ ഇന്ന് എന്തായാലും ആരതിയുടെ വീട്ടിലേക്കു പോകാൻ ഉറച്ചു….

പോകുമ്പോൾ കയ്യിൽ കരുതാൻ ഞാൻ ഇത്തിരി പാല്പായസം ഉണ്ടാക്കി… നിഖിലിനും പാൽപായസം വളരെ ഇഷ്ടമാണ്….

*************

കുളിച്ചു സുന്ദരിയായി അടുത്ത വീട്ടിലേക്കു പോകാൻ ഞാൻ തയ്യാറെടുക്കുമ്പോൾ നിഖിലിന് അതിശയം തോന്നി… കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ ആരോടും അടുക്കാൻ താല്പര്യം കാണിക്കാത്ത എന്റെ പ്രകൃതം തന്നെ…

“ഒന്നു വേഗം വാ നിഖി… ” ഞാൻ തിരക്ക് കൂട്ടി…

“ദാ വരുന്നെടോ.. താനൊന്നടങ്… ”

കാളിങ് ബെല്ലിൽ വിരലമർത്തി വാതിൽ തുറക്കുന്നതും നോക്കി ഞാൻ നിന്നു…

വാതിൽ തുറന്നത് ആരതിയുടെ മകനായിരുന്നു…

“ഹായ്… ഞങ്ങൾ ദാ ആ വീട്ടിലെ പുതിയ താമസക്കാരാണ്… ”

നിഖിൽ പരിചയപ്പെടുത്തി..

“ഓ… ദാറ്റ്‌സ് ഗുഡ്… കയറി വരൂ… ”

അവൻ ഞങ്ങളെ അകത്തോട്ടു ക്ഷണിച്ചു….

ഹാളിൽ ഇരുന്നു ടീവി കാണുകയായിരുന്നു അച്ഛനും മക്കളും..

അദ്ദേഹം ഞങ്ങളെ ഹാർദ്ദവമായി സ്വീകരിച്ചിരുത്തി…

“ഞാൻ സന്ദീപ്… വില്ലേജ് ഓഫീസർ ആണ്… ”

“ഞാൻ നിഖിൽ.. ഇവിടെ ടൈംസ്‌ നൗവിൽ സീനിയർ കറസ്പോണ്ടെന്റ് ആണ്… ഇതെന്റെ വൈഫ്…”

“ഞാൻ ഖയാൽ…. മുൻപ് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു… ഇപ്പോഴില്ല….”

ഞാനും എന്നെ പരിചയപ്പെടുത്തി….

“നിങ്ങളൊക്കെ എന്തു ചെയ്യുവാ..”

ഞാൻ കുട്ടികളെ നോക്കി….

“ഞാൻ പ്ലസ് ടുന് പഠിക്കുന്നു ചേച്ചീ…. അമേയ എന്ന പേര്.. ഏട്ടൻ അധിൻ എൻജിനീയറിങ്ങിനും… അല്ലെ ഏട്ടാ…”

അമേയ ഒരു കുസൃതി ചിരിയോടെ അധിനെ നോക്കി…

“‘അമ്മ എവിടെ…”

ഞാൻ അകത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു….

“ഓഹ് സോറി…. ആരതീ… ഇങ്ങോട്ടൊന്നു വന്നേ…. ”

അൽപസമയം കഴിഞ്ഞു ഒരു വീൽചെയർ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു…..

അതിൽ അതിസുന്ദരിയായ ഒരു സ്ത്രീ…ഏകദേശം 35 വയസ്സ് മതിക്കും… ഇളം പിങ്ക് നിറത്തിലുള്ള സാരിക്കുള്ളിൽ മുട്ടിനു താഴെ കാലുകളില്ലെന്നു ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു….

ആ ഞെട്ടൽ എന്റെ മുഖത്ത് പ്രകടമായിരുന്നു….

“ആരതീ വാ…. ഇതു നമ്മുടെ പുതിയ അയൽക്കാരാ…”

അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു…

പക്ഷെ ഞാൻ ഒന്നും കേട്ടില്ല….

ഭർത്താവിന്റെയും കുട്ടികളുടെയും ഓരോ കാര്യങ്ങളും നോക്കി കൊണ്ടു അവരുടെ ഇടയിലൂടെ ഓടി നടക്കുന്ന ഒരു ആരതിയെ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചതു….

ആ വയ്യാത്ത സ്ത്രീയെ സർവ്വകാര്യങ്ങൾക്കും ബുദ്ധിമുട്ടിക്കുന്ന അച്ഛനോടും മക്കളോടും എനിക്ക്‌ ദേഷ്യമാണ് തോന്നിയത്….

“ച്ചേ… വരേണ്ടിയിരുന്നില്ല… ” ഞാൻ മനസ്സിൽ പറഞ്ഞു….

എങ്ങനെ എങ്കിലും അവിടെ നിന്നു എഴുന്നേറ്റു വന്നാൽ മതി എന്നായി എന്റെ മനസ്സിൽ….

ദൈവ നിശ്ചയം പോലെ എന്റെ മൊബൈൽ റിങ് ചെയ്തു…

“നിഖിൽ പോകാം നമുക്ക്… ”

“അയ്യോ… ആദ്യമായ് വന്നിട്ടു ഒരു ഗ്ലാസ് ചായ പോലും കുടിക്കാതെയോ… അതു പറ്റില്ല…”

“ഉം… ഇനി അതിനും ആ വയ്യാത്ത സ്ത്രീ ചെയർ ഉരുട്ടേണ്ടി വരും.” എന്നാണ് എന്റെ മനസ്സിൽ വന്നതെങ്കിലും

അതൊക്കെ പിന്നെ ആകാം എന്നു കഷ്ടിച്ചു മുഖത്ത് ചിരി വരുത്തി കൊണ്ടു ഞാൻ പറഞ്ഞു…

ഞങ്ങൾ പുറത്തേക്കിറങ്ങിയതിനു പിന്നാലെ അദ്ദേഹവും വന്നു…

“ഖയാൽ , ഒരു മിനിറ്റ്..”

എന്തിനെന്നറിയാതെ ഞാനും നിഖിലും പരസ്പരം നോക്കി…

“ആരതിയെ കണ്ടത് കൊണ്ടാണോ നിങ്ങൾ പെട്ടെന്നിറങ്ങിയത്…”???

“അയ്യോ അല്ല. …ഞാൻ അതു പിന്നെ…”

“ഖയാൽ ബുദ്ധിമുട്ടണ്ട… ആരതിയെ കണ്ടപ്പോൾ ഖയാലിന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു… അതിനു ശേഷം എന്നേയും മക്കളെയും വെറുപ്പോടെ നോക്കിയതും ഞാൻ കണ്ടിരുന്നു…”

അദ്ദേഹം അത് പറഞ്ഞപ്പോൾ എന്റെ മുഖം താണു….

“ഖയാൽ കരുതുന്നത് പോലെ അല്ല കാര്യങ്ങൾ….

അദ്ദേഹം പറഞ്ഞു തുടങ്ങി…

ഒരു നിർധനകുടുംബത്തിലെ കുട്ടി ആയ ആരതിയെ ഞാൻ വിവാഹം ചെയ്തത് അവളുടെ സൗന്ദര്യം കണ്ടിട്ടു മാത്രമായിരുന്നില്ല… മറിച്ച് അവൾ നല്ലൊരു നർത്തകി ആയതു കൊണ്ടാണ്…. നൃത്തം ആയിരുന്നു അവളുടെ ജീവശ്വാസം…. എനിക്കും കുട്ടികൾക്കും രണ്ടാം സ്ഥാനം മാത്രമായിരുന്നു… അതായിരുന്നു ഞങ്ങൾക്കും ഇഷ്ടം…. ടൗണിൽ അവളൊരു നൃത്തവിദ്യാലയം നടത്തിയിരുന്നു… അങ്ങനെ വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നപ്പോൾ ദൈവത്തിനു അസൂയ തോന്നി കാണും… അതാണ് ഒരു സ്‌കൂട്ടർ ആക്സിഡന്റിന്റെ രൂപത്തിൽ അവളെ കൊണ്ടുപോകാൻ ഒരു ശ്രമം നടത്തിയത്… പക്ഷെ രണ്ടു കാലുകൾ മാത്രം നൽകി ഞങ്ങൾ അവളേ ഇവിടെ പിടിച്ചു നിർത്തി… പിന്നീട് കാലുകൾ പോയ വിഷമത്തിൽ സ്വയം പോകാൻ അവളും ശ്രമം നടത്തി… അതും എന്റെ മകൾ കണ്ടത് കൊണ്ടു മാത്രം തടയാൻ ഞങ്ങൾക്കായി….

ജീവിതത്തിലെ ഒന്നാം സ്ഥാനം നൃത്തത്തിന് കൊടുത്തവൾ രണ്ടു കാലില്ലാതെ എങ്ങനെ നൃത്തം ചെയ്യും…. പിന്നുള്ളത് ഞങ്ങളാണ്… അവളില്ലാതെ, അവളുടെ സഹായമില്ലാതെ ജീവിക്കാൻ പ്രാപ്തി ഞങ്ങൾക്കുണ്ടെന്നു തോന്നിയാൽ പിന്നെ അവളുണ്ടാകില്ല…. അതു കൊണ്ടാണ് ഞങ്ങൾ എന്തിനും ഏതിനും അവളെ വിളിക്കുന്നത്….

പക്ഷെ ഒരു ജോലിയും അവളെകൊണ്ടു ഞങ്ങൾ തനിച്ചു ചെയിക്കറില്ല… എല്ലാത്തിനും ഞങ്ങളും കൂടും… ഓരോ തമാശ ഒക്കെ പറഞ്ഞു.. ചിരിച്ചു… കളിച്ചു….

പിന്നെ ഞങ്ങളൊക്കെ പോയി കഴിഞ്ഞാൽ അവൾ പല കാര്യങ്ങളിൽ എൻഗേജ്ട് ആകും… അവളുടെ അഭിരുചിക്കാനുസരിച്ചുള്ള എന്തു കാര്യത്തിനും ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ്…

ഖയാൽ , ഈ വീട് കണ്ടോ… ഒറ്റനിലയാണ്… രണ്ടു നിലയിൽ ഉണ്ടായിരുന്ന പഴയ വീട് വിറ്റിട്ടു വാങ്ങിച്ചതാണ്… അതു പോലും അവൾക്കു വേണ്ടിയാണ്… അവളില്ലാതെ ഒരു ലോകം ഞങ്ങൾക്കില്ലാത്തത് കൊണ്ടാണ്….”

ഒരു കിതപ്പോടെ അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു….

മതിലിനപ്പുറത്തു നിന്നും ഞാൻ കേട്ടറിഞ്ഞ അതേ സന്തോഷം യഥാർത്ഥത്തിൽ ആരതിയുടെ ജീവിതത്തിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അതു നൽകിയ ആ അച്ഛനോടും മക്കളോടും വല്ലാത്തൊരു അടുപ്പം എനിക്ക് തോന്നി….

അദ്ദേഹത്തിന്റെ പിന്നാലെ ആ വീട്ടിലേക്ക് വീണ്ടും കയറി ചെന്ന എന്നെ നിറഞ്ഞ ചിരിയോടെ ആരതി വന്നു കൈ പിടിച്ചപ്പോ ഞാൻ അറിയുകയായിരുന്നു ആരതിക്കു ഇനി ഞാനൊരു അനിയത്തി ആയി തീരുമെന്ന്…. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവരെ നോക്കുന്ന എന്റെ കണ്ണുകളിൽ സ്നേഹവും….

രചന: Shivanya Abhilash

Leave a Reply

Your email address will not be published. Required fields are marked *