മനപൊരുത്തം…

രചന: Kannan TCR

അയാൾ ദേഹത്ത് അറിയാതെ തട്ടിയതാണെന്നാണ് ഞാനാദ്യം കരുതിയത്.ബസിൽ തിരക്ക് കൂടും തോറും തട്ടലും മുട്ടലും പതിയെ തോണ്ടലും തലോടലുമായി. പ്രതികരിക്കാൻ ഉള്ളിൽ ഭയമായിരുന്നു. കാരണം കഴിഞ്ഞ ദിവസം ഇതേ പരാതി പറഞ്ഞ ഒരു ചേച്ചിയോട് കണ്ടക്ടർ പറഞ്ഞ ഡയലോഗ് എന്റെ പ്രതികരണശേഷിയെ തളർത്തി..

അയാൾ പറഞ്ഞു: തിരക്കുള്ള ബസാണ് മോളേ…. തട്ടലും മുട്ടലും പതിവാണ്.. നിങ്ങൾ സ്ത്രീകളെ നോക്കിയാൽ കുറ്റം, തൊട്ടാൽ കുറ്റം, നിങ്ങക്ക് ചോക്ക്യാനും പറയാനും മാത്രം നിയമവും കോടതിയും… ..

എനിക്ക് ശല്യം സഹിക്കാൻ കഴിഞ്ഞില്ല. അതും പുറകിൽ നിൽക്കുന്നത് ഒരു മദ്ധ്യവയസ്കനും. “ഇങ്ങേൾക്കൊന്നും ഭാര്യയും മക്കളുമില്ലെ “…. ഭൂമിയങ്ങ് പിളർന്ന് താഴേ പോയെങ്കിലെന്ന് ഞാനാശിച്ചു.. കണ്ണുമടച്ച് സകല ദൈവങ്ങളേയും വിളിച്ചു..

പെട്ടെന്ന് ദൈവദൂതനേപ്പോലെ ആ ചേട്ടൻ എണീറ്റു… എന്നിട്ട് പറഞ്ഞു ” കുട്ടി ഇവിടെ ഇരുന്നോളൂ…. പിന്നെ ഇത്തരം കാര്യങ്ങളെ സഹിക്കുകയല്ല വേണ്ടത് ഇതെനെതിരെ പ്രതികരിക്കണം… ” അദ്ദേഹമെന്തൊക്കെയോ കൊറേ ഉപദേശിച്ചു… ഞാൻ ആ നരഗത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ആ ഉപദേശം ചെവികൊണ്ടില്ല.

എന്റെ വിളിക്കേട്ടതിന് ദൈവത്തോട് നന്ദി പറയുന്ന തിരക്കിലും ആ ചേട്ടൻ അയാളെ ശകാരിക്കുന്നത് മാത്രം കണ്ണടച്ചിരുന്ന ഞാൻ കേട്ടു..

തൊട്ടടുത്ത സ്റ്റോപിൽ അദ്ദേഹം ഇറങ്ങാൻ ഒരുങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു.അപ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്. എന്നെ രക്ഷിച്ച ആ ദൈവദൂതന്റെ മുഖം പോലും ഞാൻ ശ്രദ്ധിച്ചില്ല.. തിരക്കിനിടയിലൂടെ ഞാൻ എത്തി നോക്കി. കണ്ടത് നീല ഷർട്ടും കയ്യിലെ ചങ്ങല പോലുള്ള കൈ ചെയ്നും….

ഛെ… ആ മുഖമൊന്ന് കാണാൻ കഴിഞ്ഞില്ല… ആ വാക്കുകൾ കാതിൽ മുഴങ്ങി. നല്ല ഗാംഭീര്യമുള്ള സ്വരം… സംരക്ഷണം നിറഞ്ഞ വാക്കുകൾ.. ഒരു പെണ്ണിന് സ്നേഹത്തേക്കാൾ സംരക്ഷണമാണ് വേണ്ടത്.

അദ്ദേഹത്തിന്റെ വാക്കുകളെ ഞാൻ ആരാധിച്ചു.. പിന്നീട് ആ വഴി യാത്ര ചെയ്യുമ്പോളൊക്കെ ഞാനാ സ്റ്റോപ്പിലേക്ക് എത്തി നോക്കും. ഗാംഭീര്യമുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ പ്രതീക്ഷയോടെ പിൻതിരിഞ്ഞ് കൈകളിൽ കൈചെയ്ൻ ഉണ്ടോയെന്ന് ശ്രദ്ധിക്കും. ഇതു വരെ കാണാൻ കഴിഞ്ഞില്ല..

ഒരു ദിവസം അമ്മ ഒരു ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു ” മീനൂ… നീയീ ചെറുക്കനെ ഒന്ന് നോക്ക്… അമ്മാവൻ കൊണ്ടുവന്ന ആലോചനയാ.. ചെറുക്കൻ നിന്നെ എവിടെയോ വെച്ച് കണ്ട് ഇഷ്ടപ്പെട്ടതാ… അച്ഛനും ചേട്ടനും എനിക്കും ഇഷ്ടമായി… ”

ഞാൻ ഫോട്ടോ വാങ്ങി നോക്കീട്ട് പറഞ്ഞു… “എനിക്ക് ഇഷ്ടമായില്ല…. അല്ലെങ്കിലും ഒരു ഫോട്ടോ കണ്ട് എങ്ങനെ ഒരാളെ ഇഷ്ടപ്പെടും???….. ഭംഗി ഇത്തിരി കൊറഞ്ഞാലും സാരമില്ല.. സ്വഭാവം നന്നായാ മതീ…. ”

കല്ലാണക്കാര്യം പറഞ്ഞ് അമ്മ വന്നാൽ എന്റെ സ്ഥിരം പല്ലവി ഇതായിരുന്നു….

അമ്മ പറഞ്ഞു ” വരുന്ന ഞായറാഴ്ച ചെക്കനും കൂട്ടുകാരും വരും:. അവർ വന്ന് കണ്ട് പൊയ്ക്കോട്ടെ നീ എതിർക്കാൻ നിക്കണ്ട……”

അടുത്ത ഞായർ വരെയെ എനിക്ക് സമയമുള്ളൂ.. അതിന് മുമ്പ് ഞാനാരാധിക്കുന്ന ശബ്ദത്തിനുടമയെ എനിക്ക് കണ്ടെത്തണം. ആ ശബ്ദം എത് തിരക്കിനിടയിലും ഞാൻ തിരിച്ചറിയും….

മറ്റൊരു വഴിയും തെളിയാത്തോണ്ട് എന്റെ കണ്ണനെ തന്നെ കൂട്ടുപിടിക്കാനുറപ്പിച്ച് ഞാൻ അമ്പലത്തിൽ പോയി… മനമുരുകി പ്രാർത്ഥിച്ചു… “എന്റെ കണ്ണാ .. നീ അയച്ച ദൈവദൂതനു നേരെ ആദ്യം ഞാൻ കണ്ണടച്ചു പോയ്… എന്റെ മാത്രം തെറ്റ്.. എന്റെ തെറ്റിന് മാപ്പ്…. ഒരിക്കൽ കൂടി അദ്ദേഹത്തെ എന്റെ മുമ്പിൽ അയക്കാൻ അപേക്ഷിക്കാൻ വന്നതാണ്….” പല ആവർത്തി ഇതു മാത്രം പ്രാർത്ഥിച്ചു ……

മനസ്സിൽ ആ ശബ്ദത്തിന്റെ പ്രതിധ്വനി മായാത്തതു കൊണ്ടാവാം.. തിരുനടയിൽ ആ ശബ്ദം ഞാൻ വീണ്ടും കേട്ടു…. “തിരുമേനീ ഒരു പുഷ്പാജ്ഞലി.നന്ദൻ ആയില്യം.”…. കാതുകളെ വിശ്വസിക്കാൻ കഴിയാതെ ഞാൻ കണ്ണുതുറന്നു. ഇതെന്ത് മറിമായം….. ചുറ്റും ആരേയും കണ്ടില്ല.ഞാൻ ധൃതിയിൽ വലം വെച്ചു… ആരേയും കണ്ടില്ല…” എന്റെ കണ്ണാ എന്നെ പരീക്ഷിച്ച് മതിയായില്ലെ….” പ്രസാദം കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും എന്റെ കണ്ണ് അമ്പലത്തിന്റെ പരിസരത്ത് ചുറ്റിപറ്റി നിന്നു….

വീട്ടിൽ കേറി ചെന്നപ്പൊ ടി വി യിൽ നന്ദനം സിനിമ ക്ലൈമാക്സ് ഡയലോഗ്. ” ഞാൻ കണ്ടു… മനുവേട്ടാ.. ഞാനേ കണ്ടുള്ളൂ.. ” എന്റെ ജീവിത സന്ദർഭത്തിന് പറ്റിയ ഡയലോഗ്. ഞാനൊന്ന് ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു. ” ഞാൻ കേട്ടൂ…….. ഞാനേ കേട്ടുള്ളൂ….. “☺☺☺☺☺☺☺

ഇന്ന് ഞായർ. വീട്ടിൽ തിക്കും തിരക്കും. ഞാൻ ഒരു ചെറിയ പൊട്ട് കുത്തി അമ്പലത്തിലെ പ്രസാദം വരച്ചു.. കാറിന്റെ ഹോൺ ശബ്ദം കേട്ട് അമ്മയെന്നെ അടുക്കളയിലേക്ക് വിളിച്ചു.

കയ്യിൽ ചായയുമായ് പതിയെ നടന്നു. നടത്തത്തിന്റെ വേഗക്കുറവ് നാണത്തിന്റെയല്ല താൽപര്യക്കുറവിന്റേയാണ്.. മനസ്സിൽ പ്രാർത്ഥിച്ചു “ദൈവമേ ചെക്കന് വല്ല വിക്കോ, ചട്ടുക്കാലോ ഉണ്ടാവണേ…”

ഓരോത്തർക്കും ചായകൊടുത്തു. അവസാനമാണ് ആ കൈ എന്റെ ശ്രദ്ധയിൽ പെട്ടത്. അതെ… അതേ കൈ… ഞാൻ മുഖമുയർത്തി നോക്കി.അതേ നീല ഷർട്ട്.’ മനസ്സിലെ ആഹ്ലാദം എന്റെ മുഖത്തും പ്രതഫലിച്ചു. ഞാനദ്ദേഹത്തെ ഇമവെട്ടാതെ നോക്കിയതുകൊണ്ടാവാം എന്നോട് സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു…

മുകളിൽ ബാൽക്കണിയിൽ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ ഞാൻ കാതോർത്ത് നിന്നു.. ഒന്ന് ചുമച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു ” എന്നെ ഇഷ്ടമായോ?????”…. ശബ്ദം കേട്ടപ്പോൾ ഞാനുറപ്പിച്ചു അതെ ഇതെന്റെ ദൈവദൂതൻ തന്നെ.. ഒരുപാട് അന്വേഷിച്ച ആ മുഖം കൺമുമ്പിൽ കിട്ടിയപ്പോൾ നിലത്ത് നോക്കി മൂളാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ മുഖത്ത് നോക്കി വ്യക്തമായി പറഞ്ഞു. “ഒരുപാടിഷ്ടായി “……

എന്റെ ഉള്ളിലെ ആകാംക്ഷയെ അടക്കിവെക്കാൻ കഴിയാതെ ഞാനും ചോദിച്ചു.. “എന്നെ എങ്ങനെയാ ഇഷ്ടപ്പെട്ടത് “…

മറുപടി ഞെട്ടിക്കുന്നതായിരുന്നു.. “ഒരുപാട് നാളായിട്ട് ഞാൻ മീനൂനെ പിൻതുടരുകയായിരുന്നു.. ആദ്യമായ് തന്നെ കാണുമ്പോൾ താൻ വൃദ്ധയായ ഒരു സ്ത്രീയെ ബസ് കയറാൻ സഹായിക്കുകയായിരുന്നു. ആദ്യം കൗതുകം തോന്നി. കാണെ കാണെ കൗതുകം പ്രണയമായി…. എന്റെ പ്രണയം തന്റെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സിനോടായിരുന്നു.. ഈ മനസ്സിനെ ആരും വേദനിപ്പിക്കുന്നത് നോക്കി നിൽക്കാൻ കഴിയാതെയാണ് അന്ന് ബസിൽ ഞാൻ അയാളെ……..

ഞാനും പറഞ്ഞു… “സ്നേഹത്തേക്കാൾ ഒരു പെണ്ണിന് ആവശ്യം സംരക്ഷണമാണ്…… ”

അദ്ദേഹം പറഞ്ഞു ” സംസാരിക്കാൻ നമ്മുക്കൊരുപാടുണ്ട്… ഇപ്പൊ തത്ക്കാലത്തേക്ക് ഞാൻ ഇറങ്ങിക്കോട്ടേ…”

അത് കേട്ടതും ഞാൻ ധൃതിയിൽ ചോദിച്ചു. “അല്ലാ… ഞാനെന്താ വിളിക്കണ്ടെ…?????

ഒരു കള്ള ചിരിയോടെ അദ്ദേഹം പറഞ്ഞു.. “എന്റെ പേര് ഞാൻ പറഞ്ഞില്ല അല്ലെ…നന്ദൻ… മീനു എന്നെ നന്ദേട്ടാന്ന് വിളിച്ചോളു….. ” അദ്ദേഹം തിരിഞ്ഞു നോക്കാതെ നടന്നു

…………….

“എന്റെ കണ്ണാ……….

അങ്ങനെ ഞാനും കണ്ടൂട്ടോ……. “……☺☺☺☺☺☺☺☺☺

ഞങ്ങൾ പരസ്പരം പ്രണയിച്ചത് മനസ്സിനെയായിരുന്നു… നന്ദേട്ടങ്ങനെയൊക്കെ പറഞ്ഞപ്പൊ ഈ വലിയ ലോകത്ത് എനിക്കും എന്തോ സ്ഥാനമുണ്ടെന്ന് തോന്നി…….

രചന: Kannan TCR

Leave a Reply

Your email address will not be published. Required fields are marked *