രാത്രിമഴ

രചന: സാരംഗ് എസ് മുണ്ടക്കൽ

“പുറത്ത് നല്ല മഴയാണെന്ന് തോന്നുന്നു ”

” അതിന്”

“തണുക്കുന്നുണ്ടേൽ എന്നെ കെട്ടിപ്പിടിച്ച് കിടന്നോ? ”

” തണുക്കാതിരിക്കാനാ ഞാനീ പുതപ്പെടുത്ത് മൂടിയത് ”

” നിന്റെ ദേഷ്യം ഇതുവരെ മാറീല്ലേ പെണ്ണേ?”

” എനിക്കെന്തോന്ന് ദേഷ്യം”

“ഞാനത് ചുമ്മ പറഞ്ഞതാടി… നിന്റെ പൂച്ചക്കണ്ണ് കണ്ടാൽ പേടിയാവുന്നൊക്കെ ”

“പ്രേമിക്കുന്ന സമയത്ത് ങ്ങളെ കണ്ണ് എവിടായിരുന്നു മനുഷ്യാ. അന്ന് ഇതൊന്നും കണ്ടില്ലായിരുന്നോ?”

” നിന്റെ കരളെടുത്തോണ്ട് പോയപ്പോൾ കണ്ണൊന്നും ഞാൻ ശരിക്കും നോക്കീല്ലെടി ”

” എന്നാൽപ്പിന്നെ അവിടെ ചുരുണ്ടുകൂടി കിടക്കാൻ നോക്ക് ”

” എന്നാലും നല്ല അസ്സൽ കട്ടൻകാപ്പി ഇട്ടത് പോലുള്ള എന്നെ നീ ,അന്ന് എന്ത് കണ്ടിട്ടാണെടി പ്രണയിച്ചത് ”

” അന്നെനിക്കത്ര വിവരം ഇല്ലാണ്ട് പോയി ”

” അത് ശരിയാ, വിവരം ഉണ്ടായിരുന്നേൽ നിന്റെ വീട്ടിലെ തൊഴുത്തിന്റെ അത്ര കൂടി ഇല്ലാത്ത ഈ കൊച്ചു കൂരേലേക്ക് നീ ഇറങ്ങി വരില്ലായിരുന്നല്ലോ!”

അതും പറഞ്ഞവൻ കട്ടിലിന്റെ ഒരറ്റത്തേക്ക് മാറി കിടന്നു.പരസ്പരം പിണങ്ങാറുണ്ടെങ്കിലും അവനുമായി അധികനേരം വാശി പിടിച്ചിരിക്കാനാവാത്തതിനാലാവണം പതിയെ അവൾ പുതപ്പ് മാറ്റി കൊണ്ട് അവനരികിലേക്ക് തന്നെ നീങ്ങി ചെന്നത്.

“തണുക്കുന്നുണ്ടോ?” ചെറുമന്ദഹാസത്തോടെ അവൾ അവനോട് ചോദിച്ചു.

” ഇല്ല. എനിക്ക് നല്ല ചൂടാ” അൽപം ഗൗരവത്തിൽ അവൻ മറുപടി പറഞ്ഞു.

” എന്നാലെ ഈ ചൂടും ചൂരും ഇഷ്ടപ്പെട്ടിട്ട് തന്നെയാ ഞാൻ എല്ലാം വേണ്ടെന്ന് വെച്ച് നിന്റെ കൂടെ ജീവിക്കാൻ പോന്നത്. വീട്ടുകാർ ആദ്യമൊക്കെ എതിർത്തിട്ടും എന്റെ വാശിക്ക് മുന്നിൽ അവര് കീഴടങ്ങി തന്നത് ജീവിതത്തിൽ ഞാനെടുക്കുന്ന തീരുമാനങ്ങൾ തെറ്റില്ല എന്ന വിശ്വാസ കൂടുതൽ കൊണ്ട് തന്നെയാണ്.പിന്നെ ഒരാളെ ശരീരം കണ്ട് മാത്രം പ്രണയിക്കുന്ന പക്വതയെത്താത്ത ഇപ്പോളത്തെ യുവത്വത്തിന്റെ ചില എടുത്തുചാട്ടങ്ങൾക്കാണ് ജീവിതത്തിന്റെ നിറങ്ങൾ ആസ്വദിക്കാനാവാത്തതിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത്”

അവളവനോട് ചേർന്ന് കിടന്നുകൊണ്ട് പറഞ്ഞു.

രചന: സാരംഗ് എസ് മുണ്ടക്കൽ

Leave a Reply

Your email address will not be published. Required fields are marked *