സെലിൻ

രചന: രജിഷ അജയ് ഘോഷ്

ആൻമോളുടെ കയ്യും പിടിച്ച് അമ്മച്ചി’ (സൂസമ്മ )യുടെ കൂടെ പള്ളിയുടെ പടികൾ ഇറങ്ങുമ്പോൾ

സഹതാപത്തോടെ ഒരു പാട് കണ്ണുകൾ തൻ്റെ നേരെ നീളുന്നത് സെലിനറിഞ്ഞു.ചുരിദാറിൻ്റെ ഷാൾ തലയിലേക്ക് വലിച്ചിട്ട് തല താഴ്ത്തിയവൾ നടന്നു.”മോളുവാ മമ്മിയെടുക്കാം.” മൂന്നു വയസുകാരി ആൻ മോളോടു

പറയുമ്പോൾ അവളുടെ ശബ്ദം പതറിയിരുന്നു.റോഡിലിറങ്ങി ഓട്ടോയ്ക്ക് കാത്തുനിൽക്കുമ്പോൾ അമ്മച്ചി പറഞ്ഞു.

” കാറെടുത്താ മതിയായിരുന്നു മോളേ…, എത്ര നേരമായി കുഞ്ഞിനേം കൊണ്ട് നിൽക്കുന്നു” ഒന്നു നിശ്വസിച്ചതല്ലാതെ അവളൊന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഒാട്ടോ വന്നു. വീട്ടിലെത്തി

മോൾക്ക് ഭക്ഷണവും കൊടുത്തു അമ്മച്ചിയും സെലിനും കഴിച്ചു കഴിഞ്ഞപ്പോൾ “ആരോ വന്നിട്ടുണ്ടല്ലോ?”

അമ്മച്ചി പുറത്തേക്കു പോയി. ” ആ വർക്കിച്ചനായിരുന്നോ ”

എളേപ്പനാണ്, ഇവിടുത്തെ അപ്പച്ചൻ്റെ രണ്ടാമത്തെ അനിയൻ, നല്ല കാശുകാരൻ. ” ഞാനെല്ലാരേം ഒന്നു കണ്ടേച്ചു പോവാന്നു കരുതി. ” സെലിനും വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ചായകൊടുത്തു. ” പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് ചേടത്തീ ”

അമ്മച്ചിയും സെലിനും വർക്കിച്ചനെ നോക്കി. അയാൾ കുറച്ചു നേരം ആലോചിച്ച ശേഷം ” അന്നു ചേടത്തീടെ ഓപ്പറേഷന് എബിച്ചൻ വാങ്ങിച്ച കാശ്

വേണമായിരുന്നു. കുറച്ച് അത്യാവശ്യമുണ്ട്.” സൂസമ്മ ഒരു ഞെട്ടലോടെ സെലിനെ നോക്കി. അവൾ എന്തു ചെയ്യുമെന്നറിയാതെ സൂസമ്മയെ യും.”

ചേടത്തിയൊന്നും പറഞ്ഞില്ല.” “പെട്ടന്ന് ചോദിച്ചാൽ, ഇപ്പോഴത്തെ അവസ്ഥയൊക്കെ വർക്കിച്ചന് അറിയാലോ?’. “അതൊക്കെ ശരി തന്നെ, എനിക്ക് കാശു വേണം”വർക്കിച്ചൻ തറപ്പിച്ചു പറഞ്ഞു.

“എൻ്റെ കാര്യം പോട്ടെ വർക്കിച്ചാ, പക്ഷേ സെലിനും കൊച്ചും അവരെയെങ്കിലും ഓർക്കണ്ടേ?” ” ഇതു തന്നെയാ പ്രശ്നം കാശു കൊടുത്തു കഴിഞ്ഞാൽ പിന്നെ മുഷിച്ച ലാ, ഇല്ലായ്മയും പ്രാരാബ്ദവും പറഞ്ഞ്

ഒഴിഞ്ഞാൽ മതിയല്ലോ? ആവശ്യത്തിന് എണ്ണിത്തന്നതാ, രൂപാ ഒന്നും രണ്ടു മല്ല അഞ്ചു ലക്ഷം എന്നിട്ടിപ്പോ ” അയാൾ ശബ്ദമുയർത്തി.

“തരില്ല എന്നു പറഞ്ഞില്ലല്ലോ, എൻ്റെ കുഞ്ഞുപോയിട്ട് ഒരു മാസമായതേയുള്ളൂ, ഞങ്ങൾ മൂന്നെണ്ണം ഇവിടെ എങ്ങനാ ജീവിക്കുന്നെ എന്നു പോലും വർക്കിച്ചൻ ചോദിച്ചില്ലല്ലോ?”സൂസമ്മയുടെ സ്വരം ഇടറിയിരുന്നു.

” അനാഥ പെണ്ണിനെ മകനു കെട്ടിച്ചു കൊടുത്തതല്ലേ, അന്നു അമ്മയ്ക്കും മകനും കുടുംബക്കാരൊന്നും വേണ്ടാരുന്നു.പിന്നെ, ഞാൻ നാളെ വരുമ്പോഴേക്കും കാശിൻ്റെ കാര്യം നിങ്ങളാലോചിച്ച് തീരുമാനിക്ക്.”

അയാൾ പുച്ഛത്തോടെ പറഞ്ഞ് ഇറങ്ങിപ്പോയി. അയാളുടെ വാക്കുകൾ സെലിൻ്റെ മനസ്സിനെ വല്ലാതെ നോവിച്ചു.

“സാരമില്ല മോളെ, നീ കരയാതെ “സൂസമ്മ അവളെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു. മുറിയിലെത്തിയ സെലിൻ അവിടെ മേശപ്പുറത്തിരുന്ന ഫോട്ടൊ കയ്യിലെടുത്തു ചോദിച്ചു “എന്തിനാ എബിച്ചായാ

എന്നെ തനിച്ചാക്കിയത് ,എന്നും കൂടെയുണ്ടാവും എന്നു പറഞ്ഞു കൂടെ കൂട്ടിയിട്ട് എന്തിനാ പാതി വഴിയിൽ ഉപേക്ഷിച്ചത് ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളുടെ ഓർമ്മകളിൽ എബിച്ചൻ നിറഞ്ഞുനിന്നു. കോളേജിൽ പോവുന്ന വഴിയിൽ ഇടയ്ക്ക് തന്നെ കാണാൻ വന്നിരുന്ന എബിസൺ ജേക്കബ് എന്ന എബിച്ചൻ. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ താനാദ്യം പറഞ്ഞത്

ഒരനാഥയാണെന്നായിരുന്നു.എന്നാൽ, അതെനിക്കറിയാം, തനിക്കെന്നെ ഇഷ്ടമായോ എന്ന ചോദ്യത്തിന് തല കുനിച്ചു നിന്നു.

പിറ്റേ ദിവസം അമ്മച്ചിയെ കൂട്ടി ഓർഫനേജിൽ വന്നു, മദറിനോടു സംസാരിച്ചു. അമ്മച്ചി എന്നെ കണ്ടപ്പോൾ പറഞ്ഞത് “എൻ്റെ എബിച്ചന് മോളെ കുറിച്ച് പറയാനെ നേരമുള്ളൂ, ഞങ്ങൾ രണ്ടാളും തന്നെയാ വീട്ടിൽ, മോൾക്ക്

ഞങ്ങളുടെ വീട്ടിലോട്ടു വന്നൂടെ “. ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു.

മദറിൻ്റെ സമ്മതത്തോടെ വിവാഹം. പക്ഷേ, എബിച്ചൻ്റെ കുടുംബക്കാർക്കൊന്നും ഇഷ്ടമായില്ല.”നാലുകാശ്സ്ത്രീധനം വാങ്ങി വല്ല കുടുംബത്തീ പിറന്ന പെണ്ണിനെ കെട്ടാതെ അവൻ ഒരു അനാഥ പെണ്ണിനെ കെട്ടിക്കൊണ്ടു

വന്നേക്കുന്നു” വർക്കിച്ചൻ മുറുമുറുത്തു. ഞാൻ മറ്റൊരു ലോകത്തെത്തുകയായിരുന്നു. സ്നേഹത്തിൻ്റെ, കരുതലിൻ്റെ ലോകം. എബിച്ചൻ റിയൽ എസ്‌റ്റേറ്റ് ബ്രോക്കറും കൂടെ തോട്ടത്തിലെ റബ്ബർ വെട്ടും

ഒക്കെയായിരുന്നു. അമ്മച്ചിമകളെപ്പോലെ സ്നേഹിച്ചു, എബിച്ചൻ സെലിന് ഭർത്താവു മാത്രമായിരുന്നില്ല,കൂട്ടുകാരനും കൂടിയായിരുന്നു.

B Com കംപ്ലീറ്റ് ചെയ്ത സെലിനോട് Mcom ന് ചേരാൻ എബിച്ചൻ നിർബന്ധിച്ചു. മടിച്ചത് സെലിനായിരുന്നു. ഒന്നാമത് കോളേജ് കുറച്ചു ദൂരെയായിരുന്നു, എന്നും വീട്ടിൽ വരാനാവില്ല, പിന്നെ എബിച്ച നെ പിരിഞ്ഞിരിക്കാൻ വയ്യ.

അനാഥയായ സെലിൻ പുതിയ ജീവിതത്തെ വല്ലാതെ സ്നേഹിച്ചു. കുറുമ്പും സന്തോഷവുമായ ജീവിതത്തിലേക്ക് ആൻ മോൾ കൂടെ വന്നതോടെ അതൊരു കുഞ്ഞു സ്വർഗമായി മാറി.

ഇടയ്ക്ക് എബിച്ചൻ നിർബന്ധിച്ചാണ് PSC Exam എഴുതിയത്. എബിച്ചൻ നിർബന്ധിച്ച് ഡ്രൈവിംഗും പഠിപ്പിച്ചു. എബിച്ചൻ്റെ 800 ൽ ഇടയ്ക്കൊക്കെ അമ്മച്ചിക്കൊപ്പം പള്ളിയിൽ പോവും” നീ വെറും ‘ മടിച്ചിയായിട്ടുണ്ട്

,സ്ത്രീകൾ പഠിച്ച്, ജോലി നേടി സ്വന്തo കാലിൽ നിൽക്കാൻ ശ്രമിക്കണം, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും സ്വയം നേരിടാൻ ഉള്ള തൻ്റേടം വേണം” എബിച്ചൻ ഇടയ്ക്ക് പറയും.

“എനിക്ക് എബിച്ചൻ്റെ കൂടെ ഇങ്ങനെ ജീവിക്കാനാ ഇഷ്ടം.” അവൾ സ്നേഹം കൊണ്ട് എബിച്ചൻ്റെ വായടച്ചു.

വർഷങ്ങൾ കടന്നുപോയി. ഇടയ്ച്ച് അമ്മച്ചിക്ക് ഹാർട്ടിന് ബ്ലോക്കുവന്നു അന്ന് ഓപ്പറേഷനും ചിലവിനും വേണ്ടി എബിച്ചൻ വർക്കിച്ചൻ്റെ കയ്യിൽ നിന്നും അഞ്ചു ലക്ഷം വാങ്ങിയിരുന്നു. അമ്മച്ചി സുഖമായി വന്നു.. ആൻ

മോൾക്ക് മുന്നുവയസ്സായി. ഒരു ദിവസം രാത്രി എബിച്ചൻ തിരിഞ്ഞും മറിഞ്ഞും കിടന്നു, അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തുമ്പോൾ അയാൾ പുളയുകയായിരുന്നു. ഒടുവിൽ ഒന്നും പറയാതെ സെലിൻ്റെ എബിച്ചൻ എന്നന്നേക്കുമായി യാത്രയായി…

അറ്റാക്കായിരുന്നു,… ഒരിക്കലും പ്രതീക്ഷിക്കാത്ത ആഘാതം ആ കുടുംബത്തെ തകർത്തു. സെലിൻ ഉറങ്ങാതെ ഉണ്ണാതെ ഒരു തരം മരവിപ്പിലായി,..ആൻ മോൾ ഇടയ്ക്കിടെ പപ്പയെ ചോദിച്ചു കൊണ്ടിരുന്നു,… അമ്മച്ചി തകർന്നു പോയി.

‘ ഇനിയെന്ത് ‘ എന്ന ചോദ്യം ആകുടുംബത്തെ തളർത്തി.

ഒരു മാസത്തിനു ശേഷവും സെലിൻ പള്ളിയിൽ പോവാനോ മറ്റുള്ളവരെ നേരിടാനോ കഴിയാതെ പകച്ചു നിന്നു .ഒടുവിൽ അമ്മച്ചിയുടെ നിർബന്ധം മൂലമാണ് പള്ളിയിൽ പോയത്. അവിടെയും സഹതാപം നിറഞ്ഞ കണ്ണുകൾ.

ഇനി വർക്കിച്ചൻ്റെ കാശു എങ്ങനെ കൊടുക്കും ആലോചിച്ചിട്ട് സെലിനും സൂസമ്മയ്ക്കും ഒരെത്തും പിടിയും കിട്ടിയില്ല.

പിറ്റെ ദിവസം വന്നവർക്കിച്ചൻ ചോദിച്ചത് ആകെയുള്ള റബ്ബർ തോട്ടമായിരുന്നു. സൂസമ്മ എതിരുപറഞ്ഞെങ്കിലും സെലിൻ പറഞ്ഞു

“അമ്മച്ചീ, നമുക്കത് എഴുതി കെടുക്കാം. അല്ലെങ്കിൽ മരിച്ചു പോയ ഇച്ചായനു കൂടി സ്വസ്ഥത കിട്ടില്ല.” അങ്ങനെ അതു കഴിഞ്ഞു.ഇനി ജീവിക്കാൻ വരുമാനമില്ല.

ഉറങ്ങാൻ കിടന്ന സെലിൻ ഒരു പാട് ആലോചിച്ചു. “അമ്മച്ചിയേം കുഞ്ഞിനേം പട്ടിണിക്കിടാൻ വയ്യ, എന്തെങ്കിലും ഒരു വഴി കാണിച്ചു താ മാതാവേ ” എന്തുകൊണ്ടോ അവളുടെ മനസ്സിൽ രാധാമണി ചേച്ചിയെ ഓർത്തു.എബിച്ചൻ പരിചയപ്പെടുത്തി തന്നതാണ്

രാധാമണി ചേച്ചിയെ, ഓട്ടോ ഓടിച്ചു കുടുംബം നോക്കുന്നു. സുഖമില്ലാത്ത ഭർത്താവിനെയും മകളെയും നോക്കുന്നത് അവർ ഓട്ടോ ഓടിച്ചാണത്രേ.സെലിൻ ഒരു തീരുമാനത്തിലെത്തി.

രാവിലെ എഴുന്നേറ്റു എബിച്ചൻ്റെ ഫോട്ടോ നോക്കിയവൾ പറഞ്ഞു. “എബിച്ചൻ പറഞ്ഞതാ ശരി പ്രതിസന്ധികൾ നേരിട്ടേ മതിയാവൂ, അമ്മച്ചീനേം നമ്മുടെ മോളെയും ഞാൻ നന്നായി നോക്കും.”

“അമ്മച്ചീ നമുക്ക് നമ്മുടെ കാറ് വിൽക്കാം എന്നിട്ട് ഒരു ഒട്ടോയെടുക്കാം” ‘ “ആർക്കാ മോളെ ഓട്ടോ ”

“ഞാൻ ഓടിക്കും അമ്മച്ചീ, ഇപ്പോഴത്തെ അവസ്ഥയിൽ വേറെ വഴിയില്ല. വെറും ഡിഗ്രി വച്ച് എന്തു ജോലി കിട്ടാനാ, വല്ല കടകളിലോ കയറിയാൽ തന്നെ രാവിലെ പോയാൽ രാത്രിയാവും വരാൻ, കുഞ്ഞും ചെറുതല്ലേ.

തൽക്കാലം ഇതാ നല്ലത് ഇതാവുമ്പോ ഇടയ്ക്ക് അമ്മച്ചീനേം മോളേം നോക്കാലോ.” “എന്നാലും മോളെ ആളുകൾ പലതും പറയും പെണ്ണുങ്ങൾഓട്ടോ ഓടിക്കാന്നൊക്കെ പറഞ്ഞാൽ മോശ മല്ലേ ” ” ഈ ആളുകൾ ഒന്നും നമുക്ക് ചിലവിന് തരില്ലല്ലോ

പിന്നെ, ഓരോ തൊഴിലിനും അതിൻ്റേതായ മേന്മയുണ്ടമ്മച്ചീ ” അവളുടെ വാക്കുകളിൽ ദൃഢതയുണ്ടായിരുന്നു.

എബിച്ചൻ്റെ കൂടെ കുറുമ്പുമായി നടന്ന സെലിനിൽ നിന്നും അവൾ ഒരുപാടു മാറിയിരിക്കുന്നു എന്ന് അമ്മച്ചിക്കു മനസ്സിലായി.

ഡ്രൈവിംഗ് അറിയാമെങ്കിലും രണ്ടു ദിവസമെടുത്തു ഓട്ടോയൊന്നു വഴങ്ങാൻ. ഇന്നാദ്യമായ് ഓട്ടോസ്റ്റാൻഡിലേക്ക് പോയപ്പോൾ ഒരു ഭയം തോന്നി. എന്നാൽ അവിടെയുള്ളവർ അവളെ

ഞെട്ടിച്ചുകളഞ്ഞു. “പെങ്ങൾ ധൈര്യമായിരിക്കു, നമ്മളെക്കെ ജീവിക്കാൻ വേണ്ടി ഈ തൊഴിലെടുക്കുന്നവരല്ലേ, ഞങ്ങളുണ്ട് പെങ്ങളുടെ കൂടെ “.

അവരൊറ്റക്കെട്ടായ് പറഞ്ഞപ്പോൾ അവൾ ആദ്യമായ് സഹോദര സ്നേഹമെന്തെന്നറിഞ്ഞു. മകൾക്ക് പപ്പയാവാൻ തനിക്കു കഴിയില്ല എങ്കിലും പപ്പയുടെ കുറവറിയാതെ അവളെ വളർത്തണം.

ഓട്ടം കഴിഞ്ഞു വരുമ്പോൾ കൊണ്ടു വരുന്ന കുഞ്ഞു പലഹാര പൊതികൾ അവളുടെ കൈകളിൽ നൽകുമ്പോളുള്ള അവളുടെ സന്തോഷം സെലിൻ്റെ മനസ്സുനിറച്ചു. ഇടയ്ക്ക് PSC ടെസ്റ്റ് എഴുതി. മുൻപ്

എഴുതിയതെല്ലാം എബിച്ചൻ്റെ നിർബന്ധത്തിനായിരുന്നു. വർഷം ഒന്നുകഴിഞ്ഞു, ആൻ മോളെ സ്കൂളിൽ ചേർത്തു.

ഒരു ദിവസം സ്റ്റാൻഡിൽ ഓട്ടം കാത്തു നിൽക്കുമ്പോഴാണ് പോസ്റ്റ്മാൻ വന്നത്. ” വീട്ടിൽ ചെന്നപ്പോഴാണ് ഓട്ടോസ്റ്റാൻഡിൽ കാണുമെന്ന് പറഞ്ഞത്, രെജിസ്ട്രേഡ് ഉണ്ട്” സെലിൻ ഒപ്പിട്ടു വാങ്ങി, വായിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

പ്രാർത്ഥനയും കഴിഞ്ഞ്പള്ളിയിൽ നിന്നും ഇറങ്ങിയ സെലിൻ സെമിത്തേരിയിലേക്ക് നടന്നു. ‘എബി സൺ ജേക്കബ് ‘ എന്നു പേരു എഴുതിയ കല്ലറയ്ക്കു മുന്നിലവൾ നിന്നു.കൈയ്യിലിരുന്ന ചുവന്ന റോസാ പൂക്കൾ അവൻ്റെ നെഞ്ചോടു ചേർത്തുവച്ചവൾ പറഞ്ഞു ” എബിച്ചാ…. എനിക്ക് ജോലി കിട്ടി, KSRTC യിൽ കണ്ടക്ടറായിട്ട് …

ആദ്യമായി പറയുന്നത് എബിച്ച നോടാ… എബിച്ചൻ പറഞ്ഞതാ ശരി.. സ്വന്തം കാലിൽ നിൽക്കണം. കൂടെയുണ്ടായിരുന്നപ്പോൾ എബിച്ചൻ തന്ന ആത്മവിശ്വാസവും ധൈര്യവുമാണ് ഇന്ന് തനിച്ചായിട്ടും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് .

ഇനി ഞാൻ തളരില്ല എബിച്ചാ.”അപ്പോൾ അവളെ തലോടി കടന്നു പോയ കാറ്റിന് എബിച്ചൻ്റെ ഗന്ധമായിരുന്നു…..

രചന: രജിഷ അജയ് ഘോഷ്

Leave a Reply

Your email address will not be published. Required fields are marked *