●●~~●● യാത്രക്കാർ ●●~~●●

രചന :അഷ്റഫ് ♡.

“നിന്റെയൊക്കെ ഉള്ളിൽ ഇപ്പഴുമുണ്ടെടാ നീയൊക്കെ വല്യ കൊമ്പത്തെ ജാതിയാണെന്ന ആ വൃത്തികെട്ട ചിന്ത..!”

ദേഷ്യം ഇരച്ചു കയറി വന്നു എനിക്ക്.. പക്ഷേ വേണ്ടാ.. നിശബ്ദത പാലിക്കുന്നതു തന്നെയാണ് ബുദ്ധി. പലരുടേയും ഇക്കാലത്തെ സ്വഭാവമാണ് ജാതിയുടേയും മതത്തിന്റേയും പേരു പറഞ്ഞ് ചൊറിയാൻ നടക്കുക എന്നത്.! അണിഞ്ഞിരിക്കുന്ന ഭസ്മവും കുറിയും കണ്ടീട്ടാവുമോ ഈ ദേഷ്യം ? അതോ കോളറിനുള്ളിലൂടെ തന്റെ പൂണൂൽ ?

എന്തുമാവട്ടെ.. എന്തിനു മിണ്ടണം ? പ്രോബേഷൻ പിരീഡാണ്. മുപ്പത്തിനാലു വയസ്സായപ്പോൾ സംവരണക്കടമ്പകൾ കടന്ന് കിട്ടിയ സർക്കാർ ജോലി! ആന വണ്ടിയിലെ കണ്ടക്ടർ ! തൊട്ടുകൂടായ്മയും അയിത്തവും ആചരിക്കാൻ പറ്റിയ ഇടം..! ചിരിയാണ് വരുന്നത്..!

തിരക്കിനിടയിലൂടെ നൂണ്ടു കടന്ന് ഒരു കാൽ കഷ്ട്ടിച്ചൊന്നുറപ്പിച്ച് കൈ ആഞ്ഞു നീട്ടി കാശു ചോദിച്ചതാ.. പിച്ച തരുംപോലെ അയാൾ അതു തന്നപ്പോൾ താഴെ വീണു പോയി.

“ചേട്ടാ… അതൊന്ന് എടുത്തു തന്നേ..” എന്ന് അടുത്തു നിന്നൊരാളോട് പറഞ്ഞു പോയി. അപ്പോൾ തുടങ്ങിയതാണ് ആ മധ്യവയസ്കന്റെ ചൊറിച്ചിൽ. അയാളുടെ ജൽപനങ്ങളും എന്റെ മൗനവും തുടരവെ പെട്ടെന്ന് മുൻ ഭാഗത്ത് നിന്ന് ഒരു പെൺ ശബ്ദമുയർന്നു.

”ചേട്ടാ… മതിയാക്ക്.! എന്റെ വീടിനടുത്തുള്ളതാ ആ കണ്ടക്ടർ.. എനിക്കറിയാം… ഏതായാലും ചേട്ടന്റെ ഉള്ളിലുള്ളത്ര വിഷം അയാൾക്കില്ല..”

ഞാൻ പെട്ടെന്നാളെ നോക്കി. ചുണ്ടിൽ അറിയാതെ ഒരു ചിരി പൊട്ടി.. എന്റെ അയിത്ത ചിന്ത അറിയാവുന്ന കൃത്യം ആളു തന്നെ. മഞ്ജു..! തിരക്കിനിടയിൽ കൈ ഉയർത്തി അവളെ നോക്കി ഒന്നു ചിരിച്ച് ഞാൻ എന്റെ പണികളിലേക്ക് തന്നെ തിരിഞ്ഞു. അടുത്ത ഗ്യാപ്പ് കണ്ടെത്താനായി ഒറ്റക്കാലിൽ തുഴഞ്ഞു പോയി.

എല്ലാവരും ടിക്കറ്റെടുത്തെന്ന് ഉറപ്പു വരുത്തി പുറകിൽ കണ്ടക്ടർ സിറ്റിലെക്കെത്തിയപ്പോൾ ഭാഗ്യം.. പറയാതെ തന്നെ അവിടിരുന്ന പയ്യൻ എഴുന്നേറ്റു തന്നു. നമ്പൂരി കണ്ടക്ടർ യുവാവിനെ എഴുന്നേല്പിച്ചു എന്ന് പറയില്ലല്ലോ ? ടിക്കറ്റ് മെഷീനും പൈസയുമൊക്കെ ഒന്നു കൂടി ചെക്ക് ചെയ്ത് പുറത്തേക്ക് നോക്കിയിരുന്നു. അടുത്ത സ്റ്റോപ്പാവാൻ ഇനി കുറച്ച് സമയം പിടിക്കും. മുൻപിൽ മഞ്ജു ഇപ്പോഴും നില്ക്കുകയാണ്.

പോക്കറ്റിൽ കിടന്നിരുന്ന കടലാസ് ഞാനൊന്നെടുത്തു നോക്കി. ഇനിയിപ്പോ കോട്ടയം എഡിഷനിൽ കൊടുത്തു നോക്കാമെന്നു കരുതി എഴുതി വെച്ചതാണ്. അഞ്ചോ ആറോ തവണയായി ഈ വിവാഹ പരസ്യം.!

ആദ്യമൊരു ജോലിക്കായ് അലഞ്ഞു. ഇപ്പോ ഒരു വിവാഹത്തിനായി..!

നിദ്രയിൽ നിന്നുണർത്തി, ഊട്ടിയും ഉറക്കിയും പൂജകൾ ചെയ്ത് പോന്ന തങ്ങളുടെ പ്രാർത്ഥനകൾ മാത്രം എന്താണീ ദൈവങ്ങൾ കാണാതെ പോകുന്നത്.? ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും വെറുതെ കൈമാറുക മാത്രമാണോ ഈ ജന്മങ്ങൾക്ക് വിധിച്ചിട്ടുള്ളത് ?

കണക്കു പറഞ്ഞു വാങ്ങാൻ പഠിച്ചവരൊക്കെ ജീവിതത്തിൽ മുന്നേറിയപ്പോൾ കൊണ്ടുവന്ന് കിട്ടി ശീലമുള്ളവർ തോറ്റു പോയിരിക്കുന്നു. ഭൂമിയും വരുമാനവും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ എന്റെ കുടുംബവും ഉണ്ടായിരുന്നു. കാലത്തിനൊപ്പം ജീവിക്കാൻ പഠിക്കാതെ വേദനയോടെ അച്ഛൻ മരിക്കുമ്പോൾ രണ്ടു ചേച്ചിമാരേയും തന്നെയും കൊണ്ട് അമ്മ ഒറ്റക്ക് തുഴഞ്ഞു.

പഠിത്തത്തിനിടക്കു തന്നെ താൻ പണികൾക്കു പോയി തുടങ്ങിയിരുന്നു. പെയിന്റിങ്ങ്, വയറിങ്ങ്, പ്ളംബിങ്ങ്.. പുലർച്ചെ ഇളയച്ഛനൊപ്പം ഒരു സഹായിയായി അമ്പലത്തിലും..

പിന്നെ പഠിപ്പു പൂർത്തിയാക്കിയിട്ടും ഉന്നതകുലജാതന്റെ ദോഷവുമായി ഒരോ ജോലിയികളിൽ നിന്നും പുറന്തള്ളപ്പെട്ടു പോന്നു. സംവരണ സുരക്ഷയുള്ള കൂട്ടുകാർ ബൈക്കുകളിൽ ജോലിക്കു പായുമ്പോൾ പണി ആയുധങ്ങളുമായി താൻ സൈക്കിളുന്തി നടന്നു.

അങ്ങിനെ ഒരു ദിവസമാണ് മഞ്ജുവിന്റെ വീട്ടിലെത്തിയത്. ആരുടെ വീടാണെന്നൊന്നും അറിയില്ലായിരുന്നു. കൃഷികൾ നനക്കാൻ പുതിയ മോട്ടോർ പിടിപ്പിച്ച് പറമ്പിലാകെ പൈപ്പിട്ടു കൊടുക്കണം. തലേ ദിവസം ഫോണിൽ പണി പറയുമ്പോൾ പറമ്പിൽ പൈപ്പിടാൻ മണ്ണു മാറ്റാൻ ആളെ കിട്ടിയില്ലെന്നു പറഞ്ഞു അവളുടെ അച്ഛൻ. എന്തിനു വേറെ ആളു നോക്കണമെന്നു ജീവിച്ചു പഠിക്കാൻ തുടങ്ങിയ താൻ പറഞ്ഞു. അഞ്ഞൂറു രൂപ ബംഗാളിക്ക് കൊടുക്കണമെന്ന് നിർബന്ധമില്ലല്ലോ ? അങ്ങിനെയാണവിടെ എത്തിയത്.

രാവിലെ ഏഴുമണിക്കു തന്നെ പറമ്പിൽ ഇറങ്ങി കൊത്തി ചാലുകീറാൻ തുടങ്ങി. വലിയ പറമ്പ്. ഒരു പാട് കൃഷികൾ ! എവിടേയോ ജോലി ഉണ്ടെങ്കിലും അവളുടെ അച്ഛൻ പറമ്പ് നന്നായി ശ്രദ്ധിക്കുന്നു. രാവിലെ അവളുടെ അമ്മ വന്നു ചായ തന്നിട്ടു പോയി. താൻ പിന്നേയും കൊത്തു തുടർന്നു.

വൈകുന്നേരമാവുമ്പോഴേക്കും പൈപ്പിട്ടു തീർക്കണം..! പതിനൊന്നു മണി ആവാറായപ്പോൾ അവളുടെ അമ്മ പറയുന്നതു കേട്ടു.. “മോളേ.. ഈ വെള്ളം കുറച്ച് ആ ചേട്ടന് കൊണ്ടുപോയി കൊടുക്കൂ ” ന്ന്..

അകലെ നിന്ന് ഇവൾ നടന്നു വരുന്നതു കണ്ട് ഞാൻ തിരിഞ്ഞു നിന്നു പണി തുടർന്നു. എവിടേയോ കണ്ടിട്ടുള്ള പോലെ ! ഒരു ചെറിയ ചമ്മൽ ! പക്ഷേ വെള്ളം കൊണ്ടു വന്നവൾ നേരെ അരികിലേക്കു തന്നെ വന്നു.

“ചേട്ടാ.. സംഭാരം ഉണ്ട്.. കുടിക്കൂ..”

പതുക്കെ ഒന്നു തല ഉയർത്തി നോക്കിയതും അവൾ വാ പൊളിച്ചു നിന്നു. പിന്നെ ഓടി..അമ്മക്കരികിലേക്ക്..

എന്തുപറ്റിയെന്ന് ഓർത്തു നില്ക്കുമ്പോൾ അമ്മയെ കൂട്ടി വന്നിരിക്കുന്നു.

“മോനേ.. അറിയില്ലായിരുന്നുട്ടോ.. മതി ഇത്.. ഞങ്ങൾ വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിച്ചോളാം..”

“അയ്യോ.. അതെന്താ ചേച്ചീ..?”

“മോനെ കൊണ്ടു കൊത്തിക്കാൻ പാടില്ലെന്നാ ഇവളു പറയണേ.. ”

ഞാൻ ചിരിച്ചു പോയി.

“ഹേയ്.. അങ്ങിനൊന്നുല്ല്യാ..”

വല്യ ജാതി.. പഠിപ്പ്.. സ്കൂളിലേം കോളേജിലേം നല്ല മാർക്ക് ഒക്കെ അവൾ അമ്മയോടു പറഞ്ഞിരിക്കുന്നു.

“ഇതിപ്പോ തീരാറായില്ലേ… ഇനി നാളെ ഞാൻ കൊത്തില്ല.. ഓ. ക്കെ.?”

“മോനു തമാശ.. ഞങ്ങൾക്ക് സങ്കടാണ് ട്ടാ..”

അന്ന് എന്തൊക്കെയോ പറഞ്ഞ് അവരെ സമാധാനിപ്പിച്ച് വിട്ടു. പിന്നെ ഇടക്കൊക്കെ ഇവളെ കണ്ടിരുന്നു. ചെറുതായിട്ടെന്തെങ്കിലും സംസാരിക്കും. പിന്നെ ഇന്നാണ് കാണുന്നത് !

ബസ് നാടെത്താറായിരിക്കുന്നു. എന്നിട്ടും സീറ്റു കിട്ടാതെ മഞ്ജു നില്ക്കുകയായിരുന്നു. കാലിയായ തന്റെ അരികിലെ സീറ്റിലേക്ക് വിളിച്ചപ്പോൾ അവൾ വന്നു. ഇന്റർവ്യുവിന് പോയി നിരാശയായി മടങ്ങി വരികയാണവൾ !

“മഞ്ജുവിന് സംവരണം ഒക്കെ ഉള്ളതല്ലേ ! പിന്നെന്താടോ?”

“ഉം… ഉണ്ടുണ്ട്.. പക്ഷേ.. ഞാൻ പഠിച്ച ജേണലിസത്തിന് പൊതുമേഖലയിൽ വലിയ രക്ഷയില്ല മാഷേ…! സ്വകാര്യ മേഖലയിൽ ആണെങ്കിൽ താഴ്ന്ന ജാതിക്കാരെ വേണ്ട താനും !”

“ങേ…” ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. അപ്പുറത്തെ സീറ്റിലിരുന്നൊരാൾ വായിച്ചു കൊണ്ടിരുന്ന പ്രമുഖ ദിനപത്രം കണ്ണു കൊണ്ടു ചൂണ്ടിക്കാട്ടി തുടർന്നു..

” ആ പേപ്പർ കണ്ടോ.? അവർ താഴ്ന്ന ജാതിക്കാരെ ഇന്റർവ്യൂവിനു പോലും വിളിക്കില്ലെന്ന് നിങ്ങൾക്കറിയോ ?.. വേണ്ട.. എത്ര മുസ്ലീം തൊഴിലാളികൾ അവരുടെ യൂണിറ്റുകളിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് നോക്കാമോ ?..”

അവൾ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.

” തരം കിട്ടിയാൽ മാത്രം പുറത്ത് ചാടുന്ന ഒരു മത ചിന്ത നമ്മുടെ ഒക്കെ ഉള്ളിലുണ്ട് മാഷേ.. നേരത്തെ ആ ചേട്ടനു പറ്റിയ പോലെ ഇടക്കതു കുരു പൊട്ടുന്നുന്ന് മാത്രം..!”

ഇവൾ കൊള്ളാലോ..? ഞാനും ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.

” പക്ഷേ…അവനവന്റെ മതം നല്കുന്ന ഒരു സുരക്ഷിതത്വ ബോധമുണ്ടല്ലോ.. അതു ഒരു നല്ല കാര്യമല്ലേ..?”

“എവിടെ മാഷേ.. ഒരു മതം മാത്രമായാലും അതിനുള്ളിൽ പല ജാതിയുണ്ടാക്കി അടിയുണ്ടാക്കുന്നവനാണ് മനുഷ്യൻ. എല്ലാ മതക്കാരുമതെ..! ജന്മനാ മനുഷ്യനൊരു കലഹപ്രിയനാണ്..”

ചിരിയോടെ അവൾ തുടർന്നു..

” ആ സ്ത്രീയേ കണ്ടോ..? ആ തലയിൽ ഷാളിട്ടിരിക്കുന്ന…! അവരുടെ മതത്തിലുള്ളവരെ ഏറ്റവും കൂടുതൽ കൊല്ലുന്നതും ഉപദ്രവിക്കുന്നതും പരിഹാസ്യരാക്കുന്നതും ആരെന്നറിയോ…? അവർ തന്നെയാണ്..!”

ഞാൻ ചിരിച്ചു പോയ്.. വാ തോരാതെ സംസാരിക്കുന്നുവെങ്കിലും പറയുന്നതിൽ കാര്യമുണ്ട്. എന്തൊക്കെയോ സംസാരിച്ച് വിഷയം മഞ്ജുവിന്റെ കല്യാണക്കാര്യത്തിലെത്തി.

“ഹ…ഹ..ഹ. അതതിലും തമാശയാ മാഷേ.. ആർക്കും ചേരാത്ത ജാതകവുമായി അതങ്ങിനെ നീണ്ടു പോകുന്നു..!”

പെട്ടെന്നാണ് ബസിനു മുൻഭാഗത്ത് ഒരു ബഹളം. വേഗം എഴുന്നേറ്റ് പോയി നോക്കി. മുൻപ് ജാതീം പറഞ്ഞ് എന്നെ ചീത്ത വിളിച്ച ചേട്ടൻ കുഴഞ്ഞു വീണിരിക്കുന്നു. ഞാൻ മുൻവശത്തേക്ക് വേഗം ചെന്നു. ഡ്രൈവർ ജോർജട്ടനോട് വണ്ടി ഹോസ്പിറ്റലിലേക്ക് തിരിക്കാൻ പറയേണ്ടി വന്നില്ല. അതിനു മുമ്പേ യാത്രക്കാരോട് പറഞ്ഞു ജോർജേട്ടൻ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു.

അയാളെ മടിയിൽ കിടത്തി വീശി കൊടുക്കുമ്പോൾ കുഴഞ്ഞ നാവുകളോടെ അയാൾ പറഞ്ഞു..

“സോറീട്ടാ മോനേ.. ഞാൻ മുൻപ് അങ്ങിനെ പറഞ്ഞു പോയതിന്..!”

“ശ്ശോ.. അതൊന്നും സാരല്യ ചേട്ടാ.. മറന്നു കള….!”

അഞ്ചു മിനിട്ടിനുള്ളിൽ വണ്ടി അടുത്തുള്ള ഹോസ്പിറ്റലിലേക്കെത്തി. ചേട്ടനെ ഇറക്കാനും ട്രോളിയിൽ തള്ളികൊണ്ടു പോവുമ്പോഴും താനെപ്പോഴൊ ഏൽപിച്ച ബാഗും ടിക്കറ്റു മെഷീനുമായി മഞ്ജുവും കൂടെ നിന്നു. ബാക്കി ആളുകളെയൊക്കെ വേറെ വണ്ടികളിൽ കയറ്റി വിട്ടിരുന്നു.

“മഞ്ജുവിനു നേരം വൈകുമോ ?”

” ഹേയ്.. അതു സാരല്യാ..മാഷും വീട്ടിലേക്കല്ലേ.. ഞാനും കൂടെ വന്നാൽ പ്രശ്നമാവുമോ..?”

ചിരിയോടെ അവൾ തിരക്കി..

“സന്തോഷമേ ഉള്ളൂ.. ധൈര്യമായിട്ടു പോരെ..”

ഞാനും പറഞ്ഞു ചിരിച്ചു കൊണ്ട്. സി സി യുവിന്റെ ചില്ലിലൂടെ ഞാൻ അയാളെ കാണുന്നുണ്ടോ എന്നു നോക്കി. ഇല്ല. ആ ജീവനിപ്പോ ഏത് ദൈവത്തിനടുത്തായിരിക്കും വില പേശുന്നുണ്ടാവുക..? ഏതു മതത്തിന്റെ ദേവതകളോ, മാലാഖമാരോ ആണ് ഇപ്പോൾ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവുക ?

അയാളുടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. ഹോസ്പിറ്റലിലേയും തന്റെ ഓഫീസിലേയും പേപ്പറുകൾ ശരിയായി പൂരിപ്പിച്ചും കൊടുത്തു. കുറച്ചു കഴിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ പോകാമെന്നു പറഞ്ഞ് ഞാൻ മഞ്ജുവിനു നേരേ കൈ നീട്ടി..

എന്റെ കണ്ണുകളിലേക്കൊന്നു നോക്കി രണ്ടു നിമിഷം നിന്നു അവളാ കൈ പിടിച്ചു. ഞങ്ങൾ ഒരുമിച്ച് പുറത്തേക്ക് നടന്നു. പോക്കറ്റിൽ വച്ചിരുന്ന പേപ്പർ ചുരുട്ടിയെടുത്ത് ഞാൻ വേസ്റ്റ് ബിന്നിലേക്കിട്ടു. അതിലിങ്ങിനെ എഴുതിയിരുന്നു.

“നമ്പൂരി യുവാവ്, 34 വയസ്സ്,, ചൊവ്വാ ദോഷം………….”

സ്നേഹത്തോടെ അഷ്റഫ് ♡..

Leave a Reply

Your email address will not be published. Required fields are marked *