അവസാനവിജയം, ചെറുകഥ വായിക്കൂ….

രചന: നിജില

“നൊന്തു പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു സ്വന്തം കാമം തീർക്കാൻ ഇറങ്ങിപ്പോയവൾക്ക് അമ്മയെന്ന സ്ഥാനം കൊടുക്കാൻ മാത്രം അധപതിച്ചിട്ടില്ല ഞാൻ… ആ സ്ഥാനത്തിന് അർഹയായി ന്റമ്മ എന്നോടൊപ്പമുണ്ട്… ദാ ഇവര്.. ശ്രുതി മോളെ

അമ്മയ്ക്ക് പറ്റി പോയതാടാ.. നിനക്ക് നിനക്കൊന്ന് ക്ഷെമിച്ചൂടെ അമ്മയോട് എവിടുന്നോ വലിഞ്ഞു കേറിവന്ന് ഇവിടുത്തെ എച്ചില് തിന്ന് കഴിയുന്ന ഒരു വേലക്കാരി പീറ പെണ്ണിനെ അമ്മയെന്ന് പറയാൻ എങ്ങനെ തോന്നി നിനക്ക്..

അതും പറഞ്ഞു മാലതിയമ്മയെ തുറിച്ചു നോക്കിയ അമ്മയോട് ഞാൻ പൊട്ടിത്തെറിച്ചു… ഇതുവരെ ക്ഷെമിച്ചു നിന്നു ഞാൻ… ഇനിയൊരക്ഷരം പുഴുത്തയാ നാവിൽ നിന്ന് വീഴരുത് എന്റമ്മയെ പറ്റി…. ഞാനാലോചിക്കുകയായിരുന്നു….

സാഹചര്യങ്ങൾ എത്ര പെട്ടെന്നാണ് ഓരോരുത്തരെയും കോമാളിയാക്കുന്നതെന്ന്…. എനിക്കന്ന് പ്രായം ഒന്നര വയസാണത്രെ… ഫ്ലാഷ് ബാക്ക് പോലും അച്ഛൻ പറഞ്ഞയോര്മയാണ് അമ്മയ്ക്ക് പൊന്നൂനെ ജീവനായിരുന്നു ന്ന് അച്ഛൻ ഇടയ്ക്കിടെ പറയും..

അത് കേട്ട് ഞാൻ പൊട്ടിച്ചിരിക്കും. ചിലപ്പോ പറഞ്ഞതിലെ അബദ്ധം മനസിലാക്കി അച്ഛനും…. അങ്ങനെ ഒരു വൈകുന്നേരമാവണം ഞാനത് ചോദിച്ചത്… “അച്ഛാ അമ്മയ്ക്ക്, അല്ല മ്മടെ ജീവിതത്തിൽ ന്താ ഇണ്ടായത്??? അച്ഛന്റെ മുഖം

വലിഞ്ഞു മുറുകുന്നത് ഒരൽപ്പം അസ്വസ്ഥതയോടെ നോക്കിയിരുന്നു.. അതിലേറെ അറിയാനുള്ള ആകാംഷ ആയതിനാലാവാം വീണ്ടും ചോദിച്ചു.. “പറയച്ചാ ഞാൻ എന്നായാലും അറിയും അതൊരല്പം നേരത്തെ ആവട്ടെ ! അച്ഛൻ

പറയുകയായിരുന്നു… .കുടുംബം നോക്കാനും പെങ്ങന്മാരെ കെട്ടിക്കാനുംവിമാനം കയറിയ കഥ….. മണലാരണ്യത്തിലൊഴുക്കിയ വിയർപ്പിന്റെ ബലമായി കുടുംബം കെട്ടിപ്പൊക്കിയ കഥ… എല്ലാം അവസാനിപ്പിച്ചു നാട്ടിൽ

വന്നയുടനെ മൂന്നു പെൺ മക്കളുള്ള അയൽക്കാരൻ സുധാകരേട്ടന്റെ പെട്ടെന്നുള്ള മരണവും അവരോടുള്ള അടുപ്പത്തിന്റ പേരിൽ മൂത്തവളെ കെട്ടാനുള്ള അമ്മയുടെ ഉപദേശവും…… ഞാൻ ഒരു തെറ്റേ ചെയ്തുള്ളു മോളെ.. നിന്റമ്മയുടെ സമ്മതം

ചോദിച്ചിരുന്നില്ല. അല്ല ന്റെയും സമ്മതം ആരും ചോദിച്ചിരുന്നില്ലെന്നതാണ് സത്യം.. രണ്ടമ്മമാരുടെ തീരുമാനം.. അപ്പോഴും അവളുടെ ഇഷ്ടക്കേട് പറയാനൊരു അവസരം അവർക്കുണ്ടായിരുന്നു. ഒരു കയ്യാലയുടെ അകലത്തിൽ ഞാനുണ്ടായിരുന്നു

അന്ന്.. ഒരനിഷ്ടവും ഇല്ലാതെയാ അവളെന്നോടൊപ്പം ജീവിച്ചത്… ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷേ ഇന്നത് ന്റെ മനസ്സിൽ പോലുമില്ല പ്രദീപേട്ടാ എന്നവൾ ന്റെ മടിയിൽ തല വെച്ച് കിടന്നാ പറഞ്ഞത്…. അച്ഛൻ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു അപ്പൊ… നിന്നെപ്പോലെ തന്നെയായിരുന്നു അവളും ഒരുപാട് മുടിയുണ്ട് അതിങ്ങനെ വിടർത്തിയിട്ട് നടക്കും എപ്പോഴും..

ഒരുപാട് നാളൊന്നും ഒരുമിച്ചുണ്ടായിരുന്നില്ല നീയുണ്ടായി രണ്ട് മാസം… അവൾക്ക് താഴെയുള്ള രണ്ടനിയത്തിമാർ അവളുടെ മാത്രമായിരുന്നില്ല ന്റെയും കൂടിയായിരുന്നു അവരുടെ ഭാവി കൂടി ഉറപ്പിക്കണം രണ്ട് മാസം പ്രായമായ നിന്റെ

ചോരക്കവിളുകളിൽ ഉമ്മ വെച്ച് അവളുടെ നീണ്ട കാർകൂന്തലിൽ തഴുകി വീണ്ടും പ്രവാസം തേടുമ്പോൾ അതുമാത്രമായിരുന്നു ലക്ഷ്യം. അന്നും നിന്റമ്മ മുടങ്ങാതെ വിളിക്കും നിന്റെ സ്വരം കേൾപ്പിക്കും… ആ കിളിക്കൊഞ്ചലും

ആ ചുരുണ്ട മുടിയിഴകളും അതായിരുന്നു എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്… പിന്നീടെപ്പോഴോ വിളികൾ കുറഞ്ഞു കുറഞ്ഞു വന്നു.. വഴക്കുകൾ കൂടി. അതൊന്നും കാര്യമാക്കിയിരുന്നില്ല അതാണ് സത്യം… “അമ്മ പോയതറിഞ്ഞപ്പോ അച്ഛന്

ദേഷ്യം തോന്നീലെ? “ഉവ്വ്. നിന്റമ്മയോടല്ല ന്നോട് തന്നെ പിന്നെ കോമാളി വേഷം കെട്ടിച്ച ദൈവത്തോടും. അന്ന് മുതൽ ഞാൻ വിളിച്ചിട്ടില്ല ദൈവത്തെ… ഓടിപ്പിടഞ്ഞു നാട്ടിലെത്തിയപ്പോൾ കണ്ടത് ആരെടുത്തിട്ടും കരച്ചിൽ നിർത്താത്ത

നിന്നെയാണ്. അന്നൊക്കെ നിന്നെ മാറോടണച്ചു പിടിച്ച് ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്.. കഴിക്കുന്ന ഭക്ഷണത്തിൽ നിറയെ കണ്ണീരുപ്പായിരുന്നു.. മാലതി ന്റെ സുഹൃത്തായിരുന്നു.. ആരോരും ഇല്ലാത്തൊരു പാവം… ഞാൻ നോക്കിക്കോളാം മോളേ

കിടക്കാനൊരു സ്ഥലവും കഴിക്കാൻ ഭക്ഷണവും തന്നാൽ മതിയെന്ന് പറഞ്ഞു കേറി വന്നപ്പോൾ അത്ഭുതമായിരുന്നു അതിലേറെ ആശ്വാസവും… അവളുടെ കൈകളിൽ നീ പൂച്ചക്കുഞ്ഞിനെപ്പോലെ ഒതുങ്ങുന്നത് കണ്ടപ്പോൾ, നിന്റെ

കിളിക്കൊഞ്ചൽ വീണ്ടും വീട്ടിൽ ഉയർന്നു തുടങ്ങിയപ്പോൾ അവൾക്കു ഞാനൊരു സ്ഥാനം കൊടുത്തിരുന്നു മനസ്സിൽ…. പണ്ടെന്നോ പൂജാമുറിയിൽ നിന്ന് കുടിയിറക്കിയ ദൈവത്തിന്റെ സ്ഥാനം…. “വേദനിപ്പിക്കല്ലേ മോളെ ആ പാവത്തിനെ….

അമ്മ ആ വാക്കിനർഹ അവള് തന്നെയാ. അതാ അച്ഛൻ അങ്ങനെ തന്നെ വിളിച്ചു ശീലിപ്പിച്ചത് നിന്നെക്കൊണ്ട്.. “ഇല്ലച്ഛാ ഒരിക്കലും പൊന്നു അമ്മയെ നോവിക്കില്ല ഒരു നോക്ക് കൊണ്ട് പോലും.. ഓർമകളിൽ നിന്നുണരുമ്പോഴും അമ്മ

വലിച്ചെറിഞ്ഞ വാക്കുകളായിരുന്നു ന്റെ മനസ് നിറയെ കൂടെ നിസഹായാവസ്ഥയിൽ നിൽക്കുന്ന മാലതിയമ്മയും.. ഒരൽപ്പം പുച്ഛത്തോടെ ഉറച്ച വാക്കുകളോടെ ഞാനത് പറയുമ്പോൾ ഇരുപത്തൊന്ന് വർഷം മനസിലടക്കി വെച്ച അമർഷം മുഴുവൻ പുറത്തു ചാടിയിരുന്നു.

“നിങ്ങൾ പറഞ്ഞില്ലേ വേലക്കാരി പീറ പെണ്ണെന്ന്…. അർഹതയുണ്ടോ നിങ്ങൾക്കീ മുറ്റത്തു വന്ന് നിൽക്കാൻ? എന്റെ മുഖത്ത് നോക്കാൻ? എന്റമ്മയെപ്പറ്റി ഒരക്ഷരം ഉരിയാടാനുള്ള അർഹത നേടാൻ നിങ്ങളിനിയും ജനിക്കണം ഒരാറു ജന്മം കൂടി…

അമ്മേന്ന് നേരെ വിളിക്കാൻ പോലും പഠിക്കുന്നതിന് മുമ്പ് എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ചിന്തിച്ചിരുന്നോ അമ്മയെ കാണാതെ കരഞ്ഞു നിലവിളിച് ഒരു കുടുംബം മുഴുവൻ സങ്കടത്തിലാഴ്ത്തി തളർന്നുറങ്ങിയ എന്നെപ്പറ്റി,, ഒരു ലോകം

മുഴുവൻ സഹതാപത്തോടെ ഉറ്റു നോക്കിയ ന്നെപ്പറ്റി…. നമ്മൾക്ക് വേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ടിരുന്ന അച്ഛനെപ്പറ്റി.. അമ്മ പോയതറിഞ്ഞു ഓടിപ്പിടഞ്ഞെത്തിയ അച്ഛൻ ന്നെയും കെട്ടിപിടിച്ചു ഒരിരിപ്പ് ഇരുന്നിട്ടുണ്ട്

നിസ്സഹായതയുടെ പടുകുഴിയിൽ വീണ പോലുള്ള ഒരിരിപ്പ്.. മാസം കിട്ടുന്ന പൈസക്കുള്ള കൂലിയായിരുന്നില്ല നിങ്ങൾ നേരത്തെ പറഞ്ഞ പീറ വേലക്കാരി എനിക്ക് തന്നിരുന്നത് ഒരമ്മയുടെ സ്നേഹം കൂടിയായിരുന്നു… വന്ന വഴി മടങ്ങാം..

എന്നിലവകാശം പറയാൻ ഇന്നെനിക്കേന്റച്ഛനുണ്ട് ന്നെ പൊന്നുപോലെ സ്നേഹിക്കുന്നൊരമ്മയുണ്ട് ആട്ടിയിറക്കി വിടാത്തത് എന്ത് കൊണ്ടാണെന്നറിയോ “എന്റെയീ അമ്മ പഠിപ്പിച്ചിട്ടുണ്ട്…. “ശത്രുവിനെയും പുഞ്ചിരിച്ചു കാണിക്കണമെന്ന് ” കരഞ്ഞു

കലങ്ങിയ കണ്ണുകളോടെ അവർ തിരിച്ചു പടികളിറങ്ങുമ്പോൾ എന്റമ്മയെ ഞാൻ ചേർത്തു പിടിച്ചു അപ്പോഴാ കണ്ണിൽ നിറഞ്ഞ കണ്ണുനീരിന് ഒരായിരം നക്ഷത്രങ്ങൾ ഒരുമിച്ചു തിളങ്ങുന്ന പ്രകാശമായിരുന്നു… ജനൽ വഴി നോക്കിയിരുന്ന അച്ഛനും

നെടുവീർപ്പോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിജയിച്ച പുഞ്ചിരി..

രചന: നിജില

1 thought on “അവസാനവിജയം, ചെറുകഥ വായിക്കൂ….

Leave a Reply

Your email address will not be published. Required fields are marked *