എന്റെ കൂടെ ജോലി ചെയ്യുന്ന അദസിയെ ഇഷ്ടമാണെന്നും അവളെയെ വിവാഹം കഴിക്കൂ എന്ന എന്റെ ആഗ്രഹം ഞാൻ പുറത്തെടുത്തത്….

രചന: Rivin Lal

മൂന്ന് മക്കളിൽ ഏറ്റവും ഇളയത് ഞാൻ ആയതു കൊണ്ടാകും അമ്മയ്ക്ക്‌ എന്നോട് മാത്രം ഒരു വാൽസല്യം കൂടുതലായിരുന്നു. ചേച്ചിയും ഏട്ടനും കെട്ടി കഴിഞ്ഞു അവരുടെ കുടുംബം നോക്കി അമേരിക്കയിലേക്ക്

പോയപ്പോൾ അമ്മയ്ക്ക് എല്ലാ പ്രതീക്ഷയും എന്നിൽ ആയിരുന്നു. പഠിപ്പു കഴിഞ്ഞു ഞാനും ചെന്നൈയിൽ നല്ല കമ്പനിയിൽ ജോലിക്ക് കയറിയതോടെ ഒരു നല്ല വീട്ടിൽ നിന്നും കല്യാണാലോചന തിരയലായി അമ്മയുടെ ഡ്യൂട്ടി.

പക്ഷെ അമ്മയുടെ എല്ലാ പ്രതീക്ഷകളും സങ്കല്പങ്ങളുമെല്ലാം അട്ടി മറിച്ചു കൊണ്ടാണ് എന്റെ കൂടെ ജോലി ചെയ്യുന്ന അദസിയെ ഇഷ്ടമാണെന്നും അവളെയെ വിവാഹം കഴിക്കൂ എന്ന എന്റെ ആഗ്രഹം ഞാൻ പുറത്തെടുത്തത്. അത്

മറ്റൊരു രീതിയിൽ പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു. കാരണം ജാതിയും കുടുംബവുമൊക്കെ തന്നെ പ്രശ്‌നം. പിന്നെ അവൾ ഒരു പാവപെട്ട വീട്ടിൽ അഛനില്ലാതെ കഷ്ടപ്പെട്ട് വളർന്ന

കുട്ടിയായിരുന്നു. കാണാൻ കറുത്തിട്ടായിരുന്നു. പക്ഷെ ഞാൻ അവളുടെ ബാഹ്യ സൗന്ദര്യം ആയിരുന്നില്ല ഇഷ്ടപെട്ടത്. എന്നെ ജീവന് തുല്യം സ്നേഹിക്കാനുള്ള അവളുടെ മനസിനെയാണ് ഞാനിഷ്‌ട്ടപ്പെട്ടത്. അത്

മനസിലാക്കാൻ എന്റെ വീട്ടുകാർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കാര്യത്തെ എന്റെ വീട്ടിൽ അംഗീകരിക്കാൻ ആരും തയാറായില്ല. അങ്ങിനെ അവളുടെ വീട്ടുകാരുടെ മാത്രം സമ്മദത്തോടെ

ഞാനവളെ റെജിസ്റ്റർ മാര്യേജ് ചെയ്തു. അവളെയും കൊണ്ട് ഞാൻ ചെന്നൈയിലേക്ക് യാത്രയായി. ഞാൻ വേറെ പോയെങ്കിലും എല്ലാ മാസവും ഞാൻ വീട്ടിലേക്കു ചെലവിനു പൈസ അയച്ചു കൊടുക്കുമായിരുന്നു. പക്ഷെ ഞാൻ

വിളിച്ചാലോ സംസാരിക്കാൻ തുടങ്ങിയാലോ അമ്മയും അച്ഛനും ഒന്നും സംസാരിക്കില്ല. എന്നോട് എന്നും ദേഷ്യമായിരുന്നു. അങ്ങിനെയിരിക്കെയാണ് ഏട്ടൻ ഏട്ടത്തിയമ്മയുടെ പ്രസവം കഴിഞ്ഞതോടെ അമ്മയെ

അമേരിക്കയിലേക്ക് കൊണ്ട് പോയത്. അവിടുന്ന് ചേച്ചിയുടെ ഡെലിവറിക്കും അമ്മയെ അവർ മാറി മാറി താമസിപ്പിച്ചു. അപ്പോളും ഞാൻ വീട്ടിലേക്കു പൈസ അയച്ചു കൊണ്ടിരുന്നു. നാല് മാസം അങിനെ പോയി. അച്ഛനെ

വിളിച്ചാൽ ഫോൺ എടുക്കാറില്ല. അങ്ങിനെ ഒരു ദിവസം അദസി എന്നോട് ചോദിച്ചു. “ഏട്ടാ. നമുക്കു നാട്ടിൽ ഒന്ന്‌ പോയാലോ.?? ഏട്ടന്റെ അച്ചന്റെ ഒരു വിവരവും ഇല്ലല്ലോ.?? പിണക്കമൊക്കെ മാറി കാണും. നമുക്കിന്നു തന്നെ

പോകാം.!” അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങിനെ ഞങ്ങൾ രണ്ട് പേരും എല്ലാം പായ്ക്ക് ചെയ്ത് കാറിൽ നാട്ടിലേക്ക് തിരിച്ചു. വീട് ഒരു എസ്റ്റേറ്റ്ന്റെ നടുവിലാണ്. വീടിന്റെ മുറ്റത്തേക്കു കാർ കയറ്റുമ്പോൾ

ഒരു ഭാർഗവി നിലയത്തിലേക്ക് വരുന്ന പോലെയാണ് എനിക്ക് തോന്നിയത്. മുറ്റമൊക്കെ അടിച്ചു വാരിയിട്ടു വർഷങ്ങൾ ആയ പോലെ തോന്നി എനിക്ക്. കരിയിലകൾ മുറ്റം നിറയെ അലസമായി കിടക്കുന്നു. കാർ പോർച്ചിൽ

നിന്നും രണ്ടു ചാവാലി പട്ടികൾ കുരച്ചു കൊണ്ടു വീടിന്റെ പിന്നിലേക്കു ഓടി പോയി. ഞാനും അവളും വീടിന്റെ മുറ്റത്തേക്കു ഇറങ്ങി നടന്നു. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. വാതിലിന്റെയും ജനലിന്റെയും

മുകളിൽ ചിലന്തി വല കെട്ടിയതും ഞാൻ ശ്രദ്ധിച്ചു.

വാതിൽ ഞാൻ തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ വാതിൽ ഒരു ഞരക്ക ശബ്ദത്തോടെ തുറന്നു. അകം നിറയെ പൊടി പിടിച്ചിരിക്കുന്നു. ഞാൻ ഓരോ റൂമിലേക്കും പോയി നോക്കിയപ്പോൾ കണ്ടു നിലത്തു ബോധം പോയി തളർന്നു

കിടക്കുന്ന ക്ഷീണിച്ചു അവശനായ അച്ഛനെ. “അച്ഛാ.. ഞാൻ ഓടി പോയി അച്ഛനെ എന്റെ മടിയിൽ കിടത്തി… അച്ഛാ.. എണീക്കൂ.. അച്ഛന്റെ കണ്ണനാ വിളിക്കുന്നെ.. എണീക്കച്ഛാ ..!!” ഞാൻ അച്ഛന്റെ കവിളിൽ തട്ടി ഉണർത്താൻ

ശ്രമിച്ചു. അച്ഛൻ ഉണർന്നില്ല.. “അദസി.. നീയൊന്നു പിടിച്ചേ..” ഞാനും അവളും കൂടി അച്ഛനെ കാറിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. കുറച്ചു കഴിഞ്ഞു ഡോക്ടർ എന്നെ കാണാൻ വന്നു. “ഡോക്ടർ.. അച്ഛനു എങ്ങിനെയുണ്ട്.??”

ഞാൻ ചോദിച്ചു. “മിസ്റ്റർ ആദി.. നിങ്ങളുടെ അച്ഛൻ ഫുഡ് കഴിച്ചിട്ടു എത്ര നാളായി.??” അതായിരുന്നു ഡോക്ടറുടെ ആദ്യത്തെ ചോദ്യം. “അറിയില്ല ഡോക്ടർ”. ഞാൻ മറുപടി പറഞ്ഞു. “താനൊക്കെ എവിടുത്തെ മോനാടോ.?? സ്വന്തം

അച്ഛൻ എന്നാണ് അവസാനമായി ഫുഡ് കഴിച്ചതു എന്ന് പോലും അറിയില്ലങ്കിൽ തന്നെയൊന്നും ഒരു യഥാർത്ഥ മകൻ ആയി കൂട്ടാൻ പാടില്ലേടോ.?? “ആ വൃദ്ധൻ ഭക്ഷണം കഴിച്ചിട്ടു എത്രയോ നാളുകൾ ആയി കാണും. വിശപ്പും

ദാഹവും സഹിക്ക വയ്യാതെ അയാൾ തളർന്നു ബോധം പോയതാണ്. ഇന്ന് എങ്കിലും നിങ്ങൾ അയാളെ ഇവിടെ കൊണ്ട് വന്നില്ലയെങ്കിൽ നിങ്ങൾക്ക് അയാളെ എന്നന്നേക്കുമായി നഷ്ടപെട്ടേനെ.” “ഞാൻ ആകെ തളർന്നു. മനസ്സിൽ

അച്ഛനെ കുറിച്ച് മാത്രമായിരുന്നു ചിന്ത.” അച്ഛനെ വാർഡിലേക്ക് മാറ്റിയപ്പോൾ ഞാൻ അച്ഛന്റെ അടുത്ത് കിടക്കക്ക് അരികിൽ ഇരുന്നു. “എന്തിനാ അച്ഛാ ഇങ്ങിനെ ചെയ്തേ.??? ഈ കണ്ണനെ ഒന്ന്‌ വിളിക്കാമായിരുന്നില്ലേ അച്ഛന്.??”

“അത് പിന്നെ കണ്ണാ.. നിന്റെ അമ്മ പോയതോടെ എന്റെ മനസ്സും ശരീരവും ആകെ വല്ലാണ്ടായി. മനസിന്റെ സമനില തെറ്റി അവളെ തിരഞ്ഞു എവിടെയൊക്കെയോ അലഞ്ഞു. റോഡിൽ അലഞ്ഞ എന്നെ ആരോ എന്നെ വൃദ്ധ

സദനത്തിലാക്കി. അവിടുന്ന് ആരും കാണാതെ ഞാൻ നിന്റെ അമ്മയെ തേടി ചാടിയതാ കണ്ണാ.!!” ഒരു നിഷ് കളങ്ക കുട്ടിയെ പോലെ അച്ഛൻ എല്ലാം ഏറ്റു പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു. സാരല്യ അച്ഛാ.. അച്ഛനു ഈ കണ്ണൻ

ഇല്ലേ.?? ഒന്നും പറ്റില്യ ട്ടോ.. ഞാൻ അച്ഛനെ സമാദാനിപ്പിച്ചു. പിന്നെയുള്ള മൂന്ന് ദിവസങ്ങൾ അദസിയും ഞാനും മാത്രമായിരുന്നു അച്ഛനെ ശുഷ്‌റൂഷിച്ചത്.

മൂന്ന്‌ ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയുമ്പോൾ അദസി ആയിരുന്നു അച്ഛന്റെ തോളിൽ പിടിച്ചു കാറിൽ കയറ്റിയത്. കയറുമ്പോൾ അവൾ പറഞ്ഞു. “അച്ഛാ… ഓർമ വെച്ച നാൾ മുതൽ ഒരു അച്ഛന്റെ സ്നേഹവും തണലും കിട്ടാതെയാണ്

ഞാൻ വളർന്നത്‌. അത് കൊണ്ട് തന്നെ കണ്ണേട്ടന്റെ അച്ഛനെ ഞാനും എന്റെ സ്വന്തം അച്ഛനായിട്ടാണ് കാണുന്നത്. അച്ഛന്റെ എല്ലാ കാര്യത്തിലും ഇനി സ്വന്തം മോളായി ഞാനുണ്ടാകും കൂടെ..!” അത്രയും കേട്ടപ്പോൾ അച്ഛൻ

അവളോടായി വിതുമ്പി കൊണ്ട് പറയുന്നത് ഞാൻ കേട്ടു. “നിന്നെ ഈ അച്ഛന് മനസിലാക്കാൻ പറ്റിയില്ലല്ലോ ന്റെ കുട്ടിയേ..!” അച്ഛനെയും കൂട്ടി ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് അമ്മ പെട്ടിയുമായി ഇരിക്കുന്നതാണ്

കണ്ടത്. അച്ഛൻ കാറിൽ നിന്നും ഇറങ്ങിയതും അമ്മ ഓടി വന്നു അച്ഛനെ കെട്ടി പിടിച്ചു തേങ്ങി കരഞ്ഞു. അവർ നമ്മുടെ മക്കൾ അല്ല ഏട്ടാ… അവരുടെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അവരെന്നെ കറിവേപ്പില പോലെ നാട്ടിലേക്കു

കയറ്റി വിട്ടു. എന്റെ വയറ്റിൽ തന്നെ ഇങ്ങിനെ രണ്ടു നശിച്ച ജന്മങ്ങൾ ജനിച്ചല്ലോ എന്നോർക്കുമ്പോൾ.!!!! അമ്മ മുഴുമിപ്പിക്കാതെ കണ്ണീരൊപ്പി. ആ വൃദ്ധ ദമ്പതിമാരുടെ സ്നേഹം കണ്ടപ്പോൾ എന്റെയും മനസ്സ് നിറഞ്ഞു. അമ്മ

ഉടൻ തന്നെ കണ്ണുനീർ തുടച്ചു വീട് തുറന്നു അകത്തേക്ക് പോയി. തിരിച്ചു വന്നത് കത്തിച്ച നില വിളക്കുമായിട്ടായിരുന്നു. അമ്മ വിളക്ക് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, “വാ മോളേ.. വലത് കാൽ വെച്ച്

കയറൂ.. ഇനി നീയാണീ വീടിന്റെ ഐശ്വര്യം.” അദസി വിളക്ക് വാങ്ങി എന്റെ മുഖത്തേക്കു നോക്കി. “ധൈര്യമായി കയറിക്കോ എന്ന് ഞാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു തലയാട്ടി.!!” അതൊരു പുതിയ തുടക്കമായിരുന്നു. ഞാനും

എന്റെ ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന സന്തോഷപ്രദമായ ഒരു പുതിയ കുടുംബ ജീവിതത്തിന്റെ തുടക്കം..!

സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ…

രചന: Rivin Lal

Leave a Reply

Your email address will not be published. Required fields are marked *