നിന്റെ മാത്രം സ്വന്തം ഭാഗം 6

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

ഭാഗം 6

“ആദി നീ കുറച്ചു ദിവസമായി പെങ്ങളെ പേരും പറഞ്ഞു എന്നെ ഒഴിവാക്കുന്നു,നീയെന്താ ഡാഡിയെക്കാണാൻ വരാത്തത്”

“നീയെന്താ പറയുന്നത് മായേ…അച്ചുവിന്റെ ജീവിതം ഇങ്ങനെയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഞാനെങ്ങനെ എന്റെ കല്യാണക്കാര്യം പറയും”

“എനിക്കതൊന്നും അറിയണ്ട ആദി ഇത്രയും വർഷം സ്നേഹിച്ചിട്ട് അനിയത്തിയുടെ ജാതകദോഷം പറഞ്ഞ് എന്നെ ഒഴിവാക്കാനാണോ നീ നോക്കുന്നെ”

“ഒഴിവാക്കാനല്ല മായേ.. നീ എനിക്ക് കുറച്ച് സമയം താ…”

“പറ്റില്ല ആദി….. ഡാഡി നാളെ ദുബായ്ക്ക് തിരിച്ചു പോകും ഇന്നു ഈവനിംഗ് നീയിവിടെ വന്ന് ഡാഡിയോട് നമ്മുടെ കാര്യം സംസാരിക്കണം ഇല്ലെങ്കിൽപിന്നെ നമ്മളുതമ്മിൽ കാണില്ല”

“മായേ അത്…..”പറയും മുൻപേ അപ്പുറത്ത് കോള് കട്ടായി.

ആദി ചെല്ലുമ്പോൾ ശേഖരനെന്തോ ആലോചിച്ചിരിക്കുന്നുണ്ട് ഇടക്ക് മുഖത്ത് പുഞ്ചിരി വിടരുന്നുമുണ്ട്

“അച്ഛൻ വലിയ സന്തോഷത്തിലാണല്ലോ എന്ത് പറ്റി”

ആദിയുടെ ശബ്ദം കേട്ടു ശേഖരൻ മുഖത്തെ സന്തോഷം മാറ്റി ഗൗരവമായി ഇരുന്നു.ആദി അതു ശ്രദ്ധിച്ചിരുന്നു.

“എന്താ ആദി നിനക്കിന്ന് ഓഫീസിൽ പോകണ്ടെ”

“മമ് അച്ഛാ എനിക്കൊരു…കാര്യം……”

“എന്താ… ഒരു കള്ളലക്ഷണം”

“മായയുടെ കാര്യം അച്ഛനറിയാമല്ലോ,മായയുടെ ഡാഡിക്ക് ഉടൻ കല്യാണം നടത്തണമെന്ന്,അച്ചുവിന്റെ കാര്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ…. എന്റെ കല്യാണക്കാര്യം……….”

“അച്ചുവിന്റെ കാര്യം നോക്കണ്ട,മായയുടെ ഡാഡിയുമായി ഞാൻ സംസാരിക്കാം,നീ വിഷമിക്കണ്ട”

“അച്ചുവിന്റെ കാര്യത്തിൽ അച്‌ഛനു ടെൻഷനില്ലേ” ആദി ഒരു സംശയത്തോടെ ശേഖരനെ നോക്കി, മുഖത്ത് വന്ന പതർച്ച മറച്ചു ശേഖരൻ ആദിയുടെ തോളത്ത് ഒന്നു തട്ടി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോളാണ് മനു താഴേക്ക് വന്നത്,മനുവിനെ കണ്ട് എല്ലാവരും ഞെട്ടി.

പുതിയ ഷർട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത് നെറ്റിയിൽ അലസമായി കിടന്നിരുന്ന മുടി വെട്ടിയൊതുക്കിയിട്ടുണ്ട് അതുകൊണ്ട് തന്നെ അവന്റെ വെള്ളാരം കണ്ണുകളുടെ തിളക്കം കൂടി.

‘ഇവനിത്ര ഗ്ലാമറുണ്ടായിരുന്നോ’ആദർശ് മനസ്സിൽ പറഞ്ഞു. ശിവക്ക് അവനെ കണ്ട് അസൂയയും ദേഷ്യവും തോന്നി.ആകാശിന്റെയും ശേഖരന്റെയും മുഖത്ത് പുഞ്ചിരി വിടർന്നു.ആദി അതിശയത്തിൽ അവനെത്തന്നെ നോക്കി.

എല്ലാവരും തന്നെയാണ് നോക്കുന്നതെന്ന് മനസ്സിലായപ്പോൾ മനു വല്ലാതെയായി അവൻ അടുക്കളയിലേക്ക് പോയി.

ശിവയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നതു കണ്ട് ആദി അവനെ ഒന്നു തട്ടി.

“ശിവാ ഇനി ഏഴു ദിവസം….അതുകഴിയുമ്പോൾ അവൻ ജീവനോടെ ഉണ്ടാകില്ല നീ വെറുതെ ടെൻഷനടിക്കണ്ട”

“ഏഴു ദിവസം കഴിഞ്ഞിട്ടും അവൻ മരിച്ചില്ലെങ്കിൽ……….”ആദർശ് സംശയം പറഞ്ഞു.

“കൊല്ലും ഞാനവനെ…”ശിവയുടെ കണ്ണുകൾ അഗ്നി വർഷിച്ചു.

ശേഖരനും ആകാശും ഒരു പോലെ ഞെട്ടി.

“ആരും ഒന്നും ചെയ്യണ്ട വിധി എന്താണോ അതു നടക്കും” ശേഖരൻ പറഞ്ഞു കൊണ്ട് ഭക്ഷണം മതിയാക്കി എഴുന്നേറ്റു പോയി.ആദി സംശയത്തോടെ ശേഖരൻ പോകുന്നതും നോക്കിയിരുന്നു.

💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

വർഷയും അച്ചുവും റൂമിലിരിക്കുമ്പോളാണ് മനു കയറി വന്നത് ,മനുവിന്റെ ഗ്ലാമറ് കണ്ട് വർഷ വായും തുറന്നിരുന്നു,അവളുടെ മനസ്സിൽ പ്രണയത്തിന്റെ ശലഭങ്ങൾ പറക്കാൻ തുടങ്ങിയിരുന്നു.

“എന്താ…… തന്നോട് പറഞ്ഞിട്ടില്ലേ പകൽ ഞാൻ റൂമിലുള്ളപ്പോൾ വരരുതെന്ന്”

മനു ഒന്നും മിണ്ടാതെ തല കുനിച്ച് ബാൽക്കണിയിലേക്ക് പോയി.

“നീയെന്താ അച്ചു മനുവേട്ടനോട് ചൂടായത്”

“എന്തോ….എങ്ങനെ…മനുവേട്ടനോ?ഇതൊക്കെ എപ്പൊ”

“ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടായി” അച്ചു അവളുടെ നാണമൊക്കെ കണ്ടപ്പോൾ പൊട്ടിച്ചിരിച്ചു.

“ടീ അവനൊരു വൃത്തികെട്ടവനാ നിനക്ക് വേറെ പണിയൊന്നുമില്ലേ”അച്ചു പരിഹാസത്തോടെ പറഞ്ഞു.

“കണ്ടിട്ട് പാവമാണെന്ന് തോന്നുന്നു അച്ചു,”

“എനിക്ക് തോന്നുന്നില്ല….. കുറച്ചു ദിവസം അവനിവിടെ വേണം,പിന്നെ ഞാൻ തന്നെ ചവിട്ടി പുറത്താക്കും”

“നീയെന്തെങ്കിലും ചെയ്യ് ഞാൻ പോണു”.

ഇതേ സമയം ബാൽക്കണിയിൽ അച്ചുവിനെ സ്വപ്‌നം കണ്ടു നിൽക്കയായിരുന്നു മനു, അവളുടെ വിടർന്ന കണ്ണുകൾ അവന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ ചൂട് പകർന്നുകൊണ്ടിരുന്നു.

‘ എനിക്ക് ഒരിക്കലും സ്വന്തമാകില്ലെന്നറിയാം പെണ്ണെ എന്നിട്ടും എന്റെ ഹൃദയം നിന്നോടുള്ള പ്രണയത്തിലാണ് തുടിക്കുന്നത്,നിന്നെ കാണും മുൻപേ സ്നേഹിച്ചു തുടങ്ങിയതാ ഞാൻ…എന്റെ സ്വപ്നങ്ങളിലെ രാജകുമാരി അതു നീയാണ്… നിനക്കറിയാമോ അച്ചൂ എനിക്കാരുമില്ല,എന്നെ ആരും സ്നേഹിച്ചിട്ടില്ല അച്ഛനും അമ്മയും ആരാണെന്നറിയില്ല,കൂടപ്പിറപ്പുകളില്ല,കൂട്ടുകാരില്ല……പക്ഷേ എനിക്കിപ്പോൾ എന്റെ രാജകുമാരിയുണ്ട് എന്നെ സ്നേഹിച്ചില്ലെങ്കിലും എനിക്ക് സ്നേഹിക്കാമല്ലോ’

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ശേഖരൻ മായയുടെ അച്‌ഛനുമായി സംസാരിച്ചു,ഒരാഴ്ച കഴിഞ്ഞ് മോതിരം മാറ്റം നടത്താമെന്ന് തീരുമാനമായി, കല്യാണം കുറച്ചു വൈകി മതി എന്ന് ആദി നിർബന്ധിച്ച് സമ്മതിപ്പിച്ചു.

“,മോളെ അച്ചൂ”

“ആദിയേട്ടനോ കേറി വായോ എന്തു പറ്റി ഈ തന്നിഷ്ടക്കാരിയുടെ മുറിയിലേക്ക് വരാൻ”

“മോളെ ഏട്ടനോട് പൊറുക്കണം മോള് തെറ്റൊന്നും ചെയ്തില്ലെന്ന് മനസ്സിലായി”

“അത് ഏട്ടനു ഇപ്പോളാണോ മനസ്സിലായത്.. കഷ്ടം…….”

“മോളെ അങ്ങനൊരു സാഹചര്യത്തിൽ കണ്ടപ്പോൾ…….. ”

മനു മുകളിലേക്ക് വന്നപ്പോൾ അച്ചുവും ആദിയും സംസാരിക്കുന്നതു കണ്ട് പുറത്ത് തന്നെ നിന്നു.

“എന്താ നിർത്തിയെ ആദിയേട്ടാ……. എതൊരു സാഹചര്യമായാലും എന്റെ ഏട്ടൻമാർ എന്റെ കൂടെ കാണും എന്നത് എന്റെ വിശ്വാസമായിരുന്നു അതാണ് അന്ന് തകർന്നത്”

“മോളെ നീ ഞങ്ങളോട് ക്ഷമിക്കണം”

“ഞാൻ ക്ഷമിച്ചിട്ട് ഇനിയെന്താ കാര്യം ആദിയേട്ടാ…. ഒരു വൃത്തികെട്ടവനെ കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിച്ചില്ലേ,”

“അറിയാം മോളെ….. പറ്റിപ്പോയി….മോള് വിഷമിക്കണ്ട അവനെ നിന്റെ ജീവിതത്തിൽ നിന്ന് ഉടൻ ഒഴിവാക്കിത്തരാം”

അവളുടെ പരിഭവങ്ങളും സങ്കടങ്ങളും പുറത്തേക്കൊഴുകി,ആദിയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

“എന്നാലും ഏട്ടാ എന്തു യോഗ്യതയാണ് അവനുള്ളത്…… ഒരു തെമ്മാടിയല്ലേ…… വഴിയിൽ തെണ്ടി നടക്കുന്ന ഒരു പട്ടിയുടെ വിലയല്ലേ അവനുള്ളു എന്നിട്ടും……”

പുറത്ത് ഇതു കേട്ടു നിന്ന മനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

‘ഈശ്വരാ……എല്ലാവരെയും കണ്ട് കൊതിച്ചു പോയി എന്നെ സ്നേഹിച്ചില്ലെങ്കിലും എല്ലാവരെയും ഞാൻ സ്നേഹിച്ചു പോയി എന്റെ സ്ഥാനം ഞാൻ മറന്നു പോയി……തെരുവിൽ കിടക്കുന്ന പട്ടിയാണെന്ന്…മറന്നു പോയ്……’

താഴേക്കിറങ്ങുമ്പോൾ കണ്ണുനീർ കാഴ്ചയെ മറച്ചിരുന്നു. താഴെയെത്തിയതും അവൻ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

ആദിയുടെ നിശ്ചയത്തിന്റെ തിരക്കായിരുന്നു പിന്നെയുള്ള ദിവസങ്ങൾ, ശിവയാകെ അസ്വസ്ഥനായിരുന്നു,അച്ചു ചെറുതായി എല്ലാവരോടും സഹകരിച്ചു തുടങ്ങി,അച്ചുവിനെയും കൂട്ടിയാണ് ആദി നിശ്ചയത്തിന്റെ ഡ്രസ്സെടുക്കാൻ

പോയത്.മായയും ഫാമിലിയും ഉണ്ടായിരുന്നു ഡ്രസ്സെടുക്കാൻ എല്ലാവർക്കുമുള്ള ഡ്രസ്സെടുത്തു. ആകാശ് മാത്രം മാറി നിന്നു അവനു മായയെ ഇഷ്ടമല്ലായിരുന്നു,ആദി അവനൊരു

കൂട്ടുകാരനെപ്പോലെയായിരുന്നു,ചിരിച്ചും കളിച്ചും എന്തു സന്തോഷമായിരുന്നു എന്നാൽ മായ ആദിയുടെ ജീവിതത്തിൽ വന്നതിനു ശേഷം ആദിയാകെ മാറിപ്പോയി എപ്പോഴും സീരിയസ് ആണ്.

മായയുടെ സഹോദരൻ മോഹിതിന്റെ കണ്ണുകൾ അച്ചുവിൽത്തന്നെയായിരുന്നു.അവളുടെ സൗന്ദര്യത്തിൽ അവൻ മതിമറന്നു,തന്റെ മകന്റെ കണ്ണുകൾ അച്ചുവിലാണെന്ന് കണ്ട് മായയുടെ അച്‌ഛൻ രവിയുടെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി തെളിഞ്ഞു.

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ രാത്രിയായി,ശിവ ഹാളിലിരുന്നു ടിവി കാണുന്നുണ്ടായിരുന്നു.ആദി വന്ന് ശിവയുടെ അടുത്തിരുന്നു,ബാക്കിയെല്ലാവരും മുറികളിലേക്ക് പോയി.അച്ചു തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കേറി പോയപ്പോൾ ശിവയുടെ കണ്ണുകൾ നിറഞ്ഞു.

“ശിവാ നിന്റെ ടെൻഷൻ കുറക്ക്.. പണിക്കര് പറഞ്ഞതനുസരിച്ച് ഇനിയുമുണ്ടല്ലോ സമയം…”

“ഇല്ല ആദി…അവൻ അച്ചുവിന്റെ ഭർത്താവായി ഇവിടെ താമസിക്കുന്ന സമയമത്രയും എനിക്ക് ടെൻഷനാണ്…….”

“എന്റെ നിശ്ചയത്തിന്റെ അന്നാണ് നാൽപ്പത്തൊന്ന് ദിവസം തികയുന്നത്….”

“മ്……നമ്മൾ മണ്ടൻമാരാണ്.. അല്ലേ ആദി ഇത്രയും വിദ്യാഭ്യാസം നേടിയിട്ടും ഒരു ജ്യോത്സ്യൻ പറഞ്ഞതു കേട്ട് ആലോചിക്കാതെ ഓരോന്നു ചെയ്തു കൂട്ടി”

“അയാള് പറഞ്ഞതു പോലെ സംഭവിച്ചില്ലെങ്കിലും നമ്മളവനെ പുറത്താക്കില്ലേ ശിവാ…..

“അതുവേണ്ട…..ജ്യോത്സ്യൻ പറഞ്ഞ വിധി ഞാൻ നടപ്പിലാക്കും..ആദി എന്റൊപ്പം കാണില്ലേ”

ശിവയുടെ കണ്ണുകളിൽ ക്രൂരമായ ഭാവം കണ്ട് ആദി പേടിച്ചെങ്കിലും തന്റെ കൈകൾ ശിവയുടെ കൈയ്യിൽ അമർത്തി തന്റെ സമ്മതം അറിയിച്ചു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ഹലോ അച്ചു എത്ര നേരമായി ഞാൻ വിളിക്കുന്നു..നീയെന്താ ഫോണെടുക്കാത്തെ”

“ചേട്ടൻമാരെല്ലാം വന്നിട്ടുണ്ട് അവരുടെ കൂടെയായിരുന്നു ആദിയേട്ടന്റെ നിശ്ചയമല്ലേ….നീ വരില്ലേടീ വർഷേ”

“ഞാൻ വരുമെടീ…..ഞാനൊരു ഹാപ്പി ന്യൂസ് പറയാനാ വിളിച്ചെ..”

“എന്താടീ..”

“എൻട്രൻസിന്റെ റിസൾട്ട് വന്നു നിനക്ക് റാങ്കുണ്ട്”

“സത്യമാണോടീ”

“ഞാനെന്തിനാ കള്ളം പറയുന്നെ…”

“നീ ഫോൺ വച്ചെ ഞാനിത് എല്ലാവരെയും അറിയിക്കട്ടെ” അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി, അച്ഛനോടു പറയാൻ താഴേക്കോടി

,പടികളിലേക്ക് കാല് വച്ചതും തെന്നിപ്പോയി..മുകളിലേക്കു വന്ന മനുവുമായി കൂട്ടിയിടിച്ചു…ഇടിയുടെ ആഘാതത്തിൽ മനുവും അച്ചുവും താഴേക്ക് വീണു,മനുവിന്റെ പുറത്തായാണ് അച്ചു വീണത്….. അവളുടെ

ചുണ്ടുകൾ മനുവിന്റെ ചുണ്ടുകളിൽ ചേർന്നു. അച്ചുവിന്റെ ശരീരം ഒന്നു വിറച്ചു…അവളുടെ കണ്ണുകൾ അവന്റെ വെള്ളാരം കണ്ണുകളുമായി കോർത്തു…മനു

എല്ലാം മറന്ന് അവളുടെ വിടർന്ന കണ്ണുകളിലേക്ക് തന്നെ നോക്കി അവിടെമാകെ മഞ്ഞു മൂടുന്നതും തന്റെ ശരീരം തണുത്ത് വിറക്കുന്നതും അവൻ അറിഞ്ഞു,മനുവിന്റെ ശരീരത്തിൽ നിന്ന് തണുപ്പ് തന്റെ ശരീരത്തെ പൊതിയുന്നതുപോലെ അച്ചുവിന് തോന്നി.

“അച്ചൂ…..”

ശിവയുടെ അലർച്ച കേട്ട് അച്ചു സ്വബോധത്തിലേക്ക് വന്നു,രണ്ടുപേരും ചാടിയെണീറ്റു.ഹാളിൽ എല്ലാവരും അവരെ നോക്കി ഞെട്ടി നിൽക്കുവാണ്.

ശിവയുടെ കണ്ണുകൾ ചുവന്നു ദേഷ്യം കൊണ്ടവൻ വിറച്ചു അവൻ മനുവിന്റെ അടുത്തേക്ക് പാഞ്ഞു,മനുവിന്റെ കഴുത്തിൽ പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി,കേശവനും ഹരിദേവും വന്ന് ശിവയെ ബലമായി പിടിച്ചു കൊണ്ട് പോയി.

അച്ചു ഒന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി,മനു തല കുനിച്ചു നിന്നു.

“അച്ചു വീണപ്പോൾ മനു പിടിച്ചു.. മറിഞ്ഞു രണ്ടു പേരും താഴേക്ക് വീണു..ഇത്രേ ഉണ്ടായുള്ളു അതിനാണോ എല്ലാവരും അന്തം വിട്ട് നിൽക്കുന്നത്” ആകാശ് മനുവിനെ ന്യായീകരിച്ചു.

മനുവിനെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് ആകാശ് അകത്തേക്ക് പോയി പുറകെ സുദേവും വിനോദും വരുണും പോയി.പതിയെ എല്ലാവരും ഓരോ വഴിയെ പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

‘ എനിക്കെന്താ പറ്റിയത്,അവന്റെ കണ്ണുകളിൽ നോക്കിയപ്പോൾ എന്നെത്തന്നെ മറന്നു പോയതെന്താ…….ഇല്ല….വെറുപ്പാണ് എനിക്കവനെ….അറപ്പാണ് അവനെ കാണുമ്പോൾ” അച്ചു ഭ്രാന്തിയെ പിറുപിറുത്തു.അവൾക്ക് രാഹുലിന്റെ പുഞ്ചിരി നിറഞ്ഞ മുഖം ഓർമ വന്നു.

“ആർച്ചു കുട്ടീ…..”

“ഞാൻ പല വട്ടം പറഞ്ഞു എന്റെ പേര് ആർച്ചുവല്ല അർച്ചനയാണെന്ന്….. ”

“നീ എല്ലാവർക്കും അർച്ചനയാണെങ്കിൽ എനിക്ക് നീ ആർച്ചു കുട്ടിയാ…രാഹുലിന്റെ സ്വന്തം ആർച്ചു”

‘രാഹുലിന്റെ സ്വന്തം ആർച്ചു’അതു വീണ്ടും അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 7

Leave a Reply

Your email address will not be published. Required fields are marked *