ഭർത്താവ് വരുന്ന സമയം ആകും തോറും വന്ന പെണ്ണിന്റെ ആത്മധൈര്യം കാണുമ്പോൾ ഉള്ളിൽ തീ ആളുകയായിരുന്നു….

രചന: അരുൺ നായർ

“എൻറെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവാണ്….. എന്റെയും കുഞ്ഞിന്റെയും എല്ലാ ചിലവുകളും നോക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്, അദേഹത്തിന്റെ സാമിപ്യം എനിക്ക് ഉണ്ടാവണം…. നീ

ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകേണം…. ” വീടിന്റെ തിണ്ണയിൽ ഇരുന്നു ഉണ്ണിക്കുട്ടന് കാപ്പി കൊടുക്കുന്ന എന്നോടായി വീട്ടിലേക്കു കയറി വന്ന അതിസുന്ദരിയും ഗർഭിണിയും ആയ യുവതി അറിയിച്ചു…..

ഉണ്ണിക്കുട്ടനെ ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ മറുപടി കൊടുത്തു…. “അനാവശ്യം പറയരുത് എൻറെ ഭർത്താവ് അത്തരക്കാരനല്ല….. നിങ്ങൾ ഒരു നിമിഷം ഈ വീട്ടിൽ ഇരിക്കരുത് ഇപ്പോൾ തന്നെ ഇറങ്ങിക്കോളണം… ”

പക്ഷെ ഞാൻ എന്തൊക്കെ പറഞ്ഞിട്ടും വന്ന യുവതി തിരിച്ചു പോകാൻ കൂട്ടാക്കിയില്ല….. ഒച്ചയും ബഹളവും ഉണ്ടാവാതെ ഇരിക്കാൻ ഭർത്താവ് വരുന്നത് വരെ കാക്കാനും ഞാൻ തീരുമാനിച്ചു…. ഭർത്താവ് വരുന്ന സമയം ആകും

തോറും വന്ന പെണ്ണിന്റെ ആത്മധൈര്യം കാണുമ്പോൾ ഉള്ളിൽ തീ ആളുകയായിരുന്നു… ദൈവമേ ഇനി അദ്ദേഹത്തിന് എന്തെങ്കിലും അറിവുകേടുകൾ സംഭവിച്ചു പോയോ… ഇല്ല അദ്ദേഹം ഒരിക്കലും എന്നെ ചതിക്കില്ല….

ഓരോ ചിന്തകൾ എൻറെ ഉള്ളിൽ കൂടി കടന്നു പോയ്കൊണ്ടേയിരുന്നു… ഞാൻ അവളെ തന്നെ ശ്രദ്ധിച്ചിരുന്ന സമയത്ത് ഭർത്താവ് ജോലി കഴിഞ്ഞു വീട്ടിലേക്കു കയറി വന്നു…. വന്നപ്പോൾ തന്നെ ഭർത്താവിന് ആ യുവതിയെ

കണ്ടപ്പോൾ പെട്ടെന്നൊരു പേടി ഉണ്ടായത് പോലെ തോന്നി…. എൻറെ മനസ്സിൽ അത് കൂടുതൽ സംശയം ഉണ്ടാക്കി…. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു…. “”മനുവേട്ടാ, ദേ ഈ പെണ്ണ് പറയുകയാണ്

ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഏട്ടൻ ആണെന്ന്…. അനാവശ്യം പറയുന്ന ഇവളെ ഇറക്കി വിട് ഏട്ടാ…. “” മനുവേട്ടൻ എന്നെയും വന്ന യുവതിയെയും മാറി മാറി നോക്കി….. അച്ഛാ എന്നു വിളിച്ചു അടുത്തു ചെന്ന

ഉണ്ണിക്കുട്ടനെ മാറ്റി നിർത്തി അദ്ദേഹം വന്ന പെണ്ണിന്റെ അരികിലേക്കു നടന്നു…. “”പ്രിയേ, എന്താണ് ഇവിടെ….?? എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഫ്ലാറ്റിലോട്ടു വരുമായിരുന്നല്ലോ….” അതും പറഞ്ഞു മനുവേട്ടൻ ആ

യുവതിയുടെ തോളിൽ ആശ്വസിപ്പിക്കും പോലെ തലോടി…. ആ തലോടൽ ഒരു അനുഗ്രഹം പോലെ കണ്ടു വന്ന യുവതി മനുവേട്ടന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു…. “”ഇല്ല മനുവേട്ടാ ഒരിക്കലും എനിക്ക് മനുവേട്ടന്റെ

ജീവിതം നശിപ്പിക്കണം എന്നില്ലായിരുന്നു പക്ഷെ ഇപ്പോൾ കുഞ്ഞു വയറ്റിൽ കിടന്നു ചവിട്ടുകയൊക്കെ ചെയ്യുമ്പോൾ കുഞ്ഞിന്റെ അച്ഛനെ കാണാൻ ഒരു മോഹം അതുകൊണ്ട് വന്നതാണ്… ഇനി വരില്ല എന്നോട് ക്ഷമിക്കു

മനുവേട്ടാ…. “” അതും പറഞ്ഞു പോകാൻ തുടങ്ങിയ യുവതിയുടെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് മനുവേട്ടൻ എന്നോട് പറഞ്ഞു … “”അമ്പിളി , ഒന്നും തോന്നരുത്…. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്… തെറ്റാണു ചെയ്തതെന്നും

അറിയാം പക്ഷെ ഇപ്പോൾ ഇവളുടെ കുഞ്ഞിനും ഇവൾക്കും സംരക്ഷണം ആവശ്യമാണ് അതുകൊണ്ട് ഞാൻ ഇവളുടെ കൂടെ പോകുന്നു…. നീ എന്നെ ശപിക്കരുത്, എന്തെങ്കിലും ആവശ്യം നിനക്ക് ഉണ്ടായാൽ എന്നെയൊന്നു

അറിയിച്ചാൽ അപ്പോൾ ഞാൻ ഇവിടെ എത്തും അത് എന്റെ ഉറപ്പു…. ” ഒന്ന് ഓടി ചെന്ന് തടഞ്ഞു നിർത്താൻ ഉള്ള സമയം പോലും മനുവേട്ടൻ എനിക്ക് നൽകിയില്ല…. അല്ലെങ്കിലും വന്ന ആ യുവതിയെയും എന്നെയും കൂടി താരതമ്യം

ചെയ്യാൻ കൂടി സാധിക്കുക ഇല്ലായിരുന്നു അത്രമാത്രം സൗന്ദര്യം അവളിൽ ഉണ്ടായിരുന്നു…. മനുവേട്ടന്റെ ആ ഇറങ്ങി പോക്ക് കണ്ടു നിന്നപ്പോൾ ലോകം തന്നെ ഇല്ലാതാകുന്നത് പോലെ എനിക്ക് തോന്നി….

ഇനി ഒരു വഴിയേ ഉള്ളു പതറാതെ ജീവിച്ചു ഉണ്ണികുട്ടനു ഒരു നല്ല ജീവിതം കൊടുക്കുക…. അതുകൊണ്ട് തന്നെ ഒന്നും അറിയാതെ നിൽക്കുന്ന അവന്റെ മുൻപിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നിന്നു ബാക്കി വീട്ടു കാര്യങ്ങൾ ചെയ്തു

ചോറും കൊടുത്തു അവനെ ഉറക്കി കിടത്തി…. എനിക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല എൻറെ ഉള്ളിൽ മനുവേട്ടൻ നിറഞ്ഞു നിൽക്കുക ആയിരുന്നു…. പഴയ കാല കാര്യങ്ങൾ എൻറെ മനസ്സിലേക്ക് വിരുന്നെത്തി…. ഒരു ഹിന്ദു

ചെറുക്കനെ ഇഷ്ടമാണ് അവന്റെ കൂടെ ജീവിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ തന്നെ വീട്ടുകാർ എതിർത്തു…. വീട്ടുകാരുടെ എതിർപ്പു വകവെക്കാതെ മനുവേട്ടന്റെ കൂടെ ഇറങ്ങി വന്നപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം

ആയിരുന്നു…. അന്ന് വീട്ടുകാർ വിളിച്ചൊരു കാര്യം ഓർമിപ്പിച്ചു ഇനി ഒരിക്കലും ഈ വീടിന്റെ പടിയോ ഇവിടെ ഉള്ളവരുടെ മനസ്സോ നിനക്ക് മുൻപിൽ തുറക്കില്ല എന്ന് എങ്കിലും തികഞ്ഞ ആത്മവിശ്വാസം ആയിരുന്നു കൂടെ

എൻറെ മനുവേട്ടൻ ഉണ്ടല്ലോ….. ഒന്നും അല്ലാതിരുന്ന മനുവേട്ടന് നല്ലൊരു പാതിയായി കൂടെ നിന്നുകൊണ്ട് നല്ല രീതിയിൽ എത്തിച്ചു….. അന്നൊക്കെ എപ്പോളും മനുവേട്ടന് എൻറെ സൗന്ദര്യത്തെ പുകഴ്‌ത്താൻ മാത്രമേ സമയം

ഉണ്ടായിരുന്നുള്ളു…. ജീവിതം വളരെ സന്തോഷത്തിൽ മുൻപോട്ടു പോയി….. ആ സന്തോഷമാണ് ഇപ്പോൾ പടിയിറങ്ങി പോയത്…. എവിടെയാണ് തന്റെ ജീവിതത്തിനു പിഴവുകൾ ഉണ്ടായത് ….. കല്യാണം കഴിഞ്ഞു രണ്ടു

വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതെ ആയപ്പോൾ ആണ് മനുവേട്ടൻ അതൃപ്തി കാണിച്ചതും ഡോക്ടറുടെ അടുത്തു പോയി ഞങ്ങൾ ചെക്ക് ചെയ്യിച്ചതും…. ഡോക്ടർ എനിക്കൊരു കുഞ്ഞിനെ നൽകാൻ കഴിയില്ലെന്ന്

പറഞ്ഞപ്പോൾ മുതൽ മനുവേട്ടൻ അകൽച്ച കാട്ടി…. ഒരു കുഞ്ഞിനെ അഡോപ്റ് ചെയ്യാമെന്നുള്ള എൻറെ വാക്കുകൾ മനുവേട്ടൻ ചെവികൊണ്ടില്ല എന്നാലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു…. മനുവേട്ടന്റെ പ്രതീക്ഷ ഡോക്ടർക്ക് തെറ്റ്

പറ്റിയതാവും സ്വന്തം കുഞ്ഞിനെ ഞാൻ പ്രസവിക്കും എന്നുള്ളതും ആയിരുന്നു…. വർഷങ്ങൾ ഞങ്ങളെ മാനസികമായി അല്പം അടർത്തിയാണെങ്കിലും മുൻപോട്ടു തന്നെ പോയി…. കല്യാണം കഴിഞ്ഞു അഞ്ചു

വർഷമായപ്പോൾ ഞാൻ ഒരിക്കൽ കൂടി ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുന്ന കാര്യം മനുവേട്ടനെ അറിയിച്ചു എങ്കിലും മനുവേട്ടൻ എൻറെ പ്രതീക്ഷ ഇത്തവണയും തെറ്റിച്ചു…. ഒരു കുഞ്ഞിനെ ലാളിക്കാൻ എൻറെ മനസ്സ്

അതുപോലെ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു എങ്കിലും മനുവേട്ടൻ പറഞ്ഞത് അനുസരിക്കാനും മനുവേട്ടന്റെ ഇഷ്ടങ്ങൾ ആണ് എൻറെ ലോകമെന്നും മനസ്സിലാക്കി ജീവിക്കാനുമാണ് എൻറെ മനസ്സ് പറഞ്ഞത്…… ഒടുവിൽ കൂടെ

പഠിച്ച കൂട്ടുകാരൊക്കെ ഫോണിൽ വിളിച്ചു മക്കളുടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ എൻറെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിയാതെ ആയി…. അന്നേരമാണ് സത്യത്തിൽ എനിക്ക് പ്രായം ആകുന്നു എന്നാ കാര്യം

ഞാനും തിരിച്ചറിഞ്ഞത് കാരണം കൂടെ പഠിച്ചവരുടെയൊക്കെ മക്കൾ സ്കൂളുകളിൽ പോകാൻ തുടങ്ങിയിരുന്നു….. അവസാനം എന്നെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും എനിക്ക് ഭ്രാന്ത് ആകുമെന്നും മനസ്സിലായപ്പോൾ മനസ്സില്ല

മനസ്സോടെ എങ്കിലും മനുവേട്ടൻ അഡോപ്റ്റ് ചെയ്യാൻ സമ്മതിച്ചു…. ഉണ്ണിക്കുട്ടൻ അങ്ങനെയാണ് ഞങ്ങൾക്ക് മകൻ ആയി വന്നത്…. അഡോപ്റ്റ് ചെയ്തിട്ടു ഒരു വർഷമായെങ്കിലും ഒരിക്കൽ പോലും ഉണ്ണിക്കുട്ടനെ സ്വന്തം മോനായി

കണക്കു കൂട്ടാൻ മനുവേട്ടൻ തയ്യാറായിരുന്നില്ല….. പലപ്പോഴും ഒന്നും അറിയാതെ ഉണ്ണിക്കുട്ടൻ അച്ഛാ എന്നും വിളിച്ചു ഓടി ചെല്ലുമ്പോൾ മനുവേട്ടൻ അവനെ അകറ്റി നിർത്തുന്നത് കാണുമ്പോൾ പലപ്പോഴും കണ്ണിൽ നിന്നും

അശ്രുകണങ്ങൾ ശോഷിച്ച കവിളണകളേ നനച്ചു കൊണ്ട് ഒലിച്ചിറങ്ങിയിട്ടുണ്ട്‌… അതൊക്കെ കണ്ടിട്ടും മനുവേട്ടൻ കണ്ടില്ല നടിച്ചു നടന്നതിന്റെ യഥാർത്ഥ കാരണം ഇപ്പോൾ ആണ് എനിക്ക് ബോധ്യമായത്…. സ്നേഹിക്കാൻ വേറെ

സുന്ദരിമാരുള്ളപ്പോൾ ഉടഞ്ഞു വാർന്ന പ്രസവിക്കാത്ത ഈ മച്ചി പെണ്ണിനെ വേണ്ടാതായി…..ഇനി ജീവിതത്തിൽ പുറകോട്ടു നോക്കിയിട്ട് കാര്യമില്ല തന്റേടത്തോടെ ഉണ്ണിക്കുട്ടനെ വളർത്തുക അത് മാത്രമേ മുൻപിൽ വഴിയുള്ളു….

ഇന്ന് മനുവേട്ടൻ എന്നെയും ഉണ്ണികുട്ടനെയും ഈ വീടും ഇട്ടു ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു…. ഉണ്ണിക്കുട്ടന്റെ കളികൾ എൻറെ വിഷമം കുറച്ചൊക്കെ കുറക്കുന്നുണ്ടെങ്കിലും മനുവേട്ടൻ ഇല്ലാത്ത ആ സ്പേസ്

അതെന്റെ ഉള്ളിനെ നോവിച്ചു കൊണ്ടേയിരുന്നു…. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു ജീവിതത്തിൽ ഉണ്ണിക്കുട്ടൻ മാത്രമെന്ന് ജീവിക്കാൻ തുടങ്ങിയ ഒരു ദിവസം പെട്ടെന്ന് മനുവേട്ടന്റെ ഫോൺ വന്നു…. എനിക്ക് നിന്നെ കാണണം

ഞാൻ അങ്ങോട്ട്‌ വരികയാണ്…. വരാൻ പറയാനോ, അരുത് എന്നു പറയാനോ എനിക്ക് കഴിഞ്ഞില്ല….

ഞാൻ എന്തെങ്കിലും പറയും മുൻപ് മനുവേട്ടൻ ഫോൺ കട്ട്‌ ചെയ്യുകയും ചെയ്തിരുന്നു…… ഉണ്ണിക്കുട്ടൻ നഴ്സറിയിൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ ആകേ പരവശനായി, ക്ഷീണിതനായി ഒരു വയസനേ പോലെ മനുവേട്ടൻ വീട്ടിലേക്കു

കയറി വന്നു…. എന്നെ ചതിച്ചിട്ടു പോയവൻ എങ്കിലും എനിക്ക് എൻറെ മനുവേട്ടന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി…. കണ്ണിൽ നിന്നും ഒഴുകിയ മിഴിനീർ മുത്തുകളെ പിടിച്ചു നിർത്താൻ ഞാൻ പാട് പെട്ടു, എങ്കിലും അറിയാതെ

ചോദിച്ചു പോയി… എന്ത് പറ്റി മനുവേട്ടാ…. ഒരു കരച്ചിൽ ആയിരുന്നു മനുവേട്ടൻ എന്നെ കെട്ടിപിടിച്ചു… “”എന്നോട് ക്ഷമിക്കു അമ്പിളി, ഞാൻ നിന്നോട് വലിയ തെറ്റാണു ചെയ്തത്…. നിന്നെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല….

അവൾ എന്നെ ചതിക്കുക ആയിരുന്നു എന്നു എനിക്ക് വളരെ വൈകിയാണ് മനസ്സിലായത്… അവളുടെ ഒരുപാട് കാമുകന്മാരിൽ ഒരാൾ മാത്രമാണ് ഞാൻ…. അത് ഞാൻ അറിയാൻ താമസിച്ചു പോയി അതിനു മുൻപ് അവർ എൻറെ

കയ്യിൽ ഉള്ളതെല്ലാം തട്ടി എടുത്തു കഴിഞ്ഞിരുന്നു…. ചോദിക്കാൻ ചെന്ന എനിക്കു അവളുടെ ഇഷ്ടക്കാരിൽ നിന്നും ഉപദ്രവവും കിട്ടി…. എങ്കിലും എല്ലാം നേരത്തെ തന്നെ നിനക്ക് അറിയാമായിരുന്നു എന്നു എനിക്ക് ഇപ്പോൾ അറിയാം,

നീ എന്തിനാണ് അമ്പിളി എന്നോട് അതെല്ലാം മറച്ചു വെച്ചത്….?? “” ഒന്ന് മൊരടനക്കി കൊണ്ട് ഞാൻ പറഞ്ഞൂ.. “”ഞാൻ മനുവേട്ടന് വേദന ഉണ്ടാകാതെ ഇരിക്കാൻ സത്യങ്ങൾ എല്ലാം മറച്ചു വെച്ചതാണ് പക്ഷെ ഒരിക്കലും മനുവേട്ടൻ

എന്നിൽ നിന്നും അകലും കരുതിയില്ല…. ആദ്യം ഡോക്ടറെ കാണാൻ പോയപ്പോൾ തന്നെ അറിഞ്ഞതാണ് മനുവേട്ടന് ഒരു അച്ഛൻ ആകാൻ കഴിയില്ലെന്ന്…. എനിക്ക് മനുവേട്ടന്റെ സ്നേഹം മാത്രം മതിയായിരുന്നു ഈ ലോകത്ത്

സന്തോഷിക്കാൻ, അതുകൊണ്ട് തന്നെ ഒന്നും അറിയിച്ചില്ല…. അതറിഞ്ഞാൽ മനുവേട്ടൻ ഒരുപാട് ദുഖിക്കും തോന്നി…. മനുവേട്ടൻ ഇറങ്ങി പോയപ്പോൾ ഞാൻ ഇതൊക്കെ പറഞ്ഞാൽ ഞാൻ കള്ളം പറയുകയാണെന്നേ മനുവേട്ടൻ

കരുതു…. എനിക്ക് ഇപ്പോൾ എൻറെ ലോകം എൻറെ ഉണ്ണികുട്ടനാണ്, അവനെ കളിപ്പിച്ചു സന്തോഷിപ്പിച്ചും ജീവിക്കുന്നു…. “” “”എങ്കിലും അമ്പിളി ആ ഡോക്ടർ വന്നു എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ എൻറെ നെഞ്ച്

പൊട്ടി പോയി…. ഇനി ഞാനൊരു തെറ്റും ചെയ്യില്ല, നിന്നെയും നമ്മുടെ ഉണ്ണികുട്ടനെയും സ്നേഹിച്ചു ജീവിച്ചോളാം…. പോയ പണമൊക്കെ നീ കൂടെ ഉണ്ടെങ്കിൽ നിന്റെ സ്നേഹം കൂടെ ഉണ്ടെങ്കിൽ എനിക്ക് ഉണ്ടാക്കാവുന്നതേ ഉള്ളു…. നീ

എന്നോട് ക്ഷമിച്ചു എന്നെ സ്വീകരിക്കണം… “” “”സ്വീകരിക്കും മനുവേട്ടാ കാരണം എൻറെ ഉള്ളിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് മനുവേട്ടൻ മാത്രമാണ്…. ഒരു തെറ്റ് പറ്റി എന്നും പറഞ്ഞു എനിക്ക് ഉപേക്ഷിക്കാൻ ആവില്ല എൻറെ

മനുവേട്ടനെ…. എന്നെ ഒന്ന് ചേർത്ത് നിർത്തി സ്നേഹിച്ചാൽ എനിക്ക് വേറെയൊന്നും വേണ്ട മനുവേട്ടാ….. “” എൻറെ വാക്കുകൾ കേട്ടു മനുവേട്ടൻ എന്നെ ആ ഇടനെഞ്ചിലേക്കു ചേർക്കുമ്പോൾ എന്റെയുള്ളിൽ സന്തോഷം അല തല്ലുക

ആയിരുന്നു കൂടെ ഉള്ളിന്റെ ഉള്ളിൽ ഒരു ചിരിയും…. മനുവേട്ടൻ ഒരു ചീത്ത സ്ത്രീയുടെ അടുത്താണെന്നു മനസ്സിലായപ്പോൾ ആ ഡോക്ടറുടെ സഹായം തേടി, മനുവേട്ടനെ ഇങ്ങനെയൊക്കെ പറഞ്ഞു തിരിച്ചു നേടാൻ

അവസരം ഉണ്ടെന്നു മനസ്സിലാക്കി പ്രവർത്തിച്ചത് ഒരിക്കലും മനുവേട്ടൻ അറിയില്ല എന്നോർത്തുള്ള ചിരി…. അല്ലെങ്കിലും സ്നേഹം അങ്ങനെയാണ് നഷ്ടപ്പെട്ടു തോന്നിയാലും ഒരു അവസരം വന്നാൽ അതിനെ

വരുതിയിലാക്കാൻ സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ എന്തും ചെയ്യും…… ഞങ്ങൾക്ക് ആർക്കാണ് കുഴപ്പം എന്നുള്ള സത്യം ഞങ്ങളോട് കൂടെ തന്നെ ഇല്ലാതെ ആവട്ടെ, അത് പറഞ്ഞു ഒരു വഴക്കിനു ജീവിതത്തിൽ സ്ഥാനമില്ല……

കുറവുകൾ ദൈവ സമ്മാനമാണ് അതിൽ കൂടിയും നന്മകൾ ചെയ്യാൻ നമുക്ക് അവൻ അവസരം നൽകുന്നു…..

രചന: അരുൺ നായർ

Leave a Reply

Your email address will not be published. Required fields are marked *