ഇഷ്ടമായിരുന്നോ എന്നെ??? ഭാഗം 2

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 1

ഭാഗം 2

ഒമ്പതാം തരത്തിലെ ടോപ്പർ എണീറ്റ് നിക്കൂ എന്നു ടീച്ചർ പറയുന്നത് കേട്ടു വേദിക അശ്രദ്ധമായി നോക്കിയപ്പോളാണ് ആദ്യമായി റിച്ചാർഡിനെ കണ്ടത്.

അത് ഒരു തുടക്കമായിരുന്നു. എന്തിന്റെയൊക്കെയോ തുടക്കം….

വെളുത്തു മെലിഞ്ഞു കവിളിൽ ഒരു കുഞ്ഞു മറുകുമായി നിൽക്കുന്ന റിച്ചാർഡ്. ഒരു പതിനഞ്ച് വയസുകാരനെക്കാളും പക്വത. വേദിക ലാഘവത്തോടെ നോട്ടം തിരിച്ചു.

പിറകിലെ ബെഞ്ചിൽ ഇരുന്നാൽ കൈ എത്തും ദൂരത്തായിരുന്നു റിച്ചാർഡിനെ ഇരിപ്പിടം. അന്നൊന്നും അവനെ നോക്കാനോ മിണ്ടാനോ മെനക്കെടാത്ത വേദികയുടെ മനസ്സിൽ പതിയെ പതിയെ റിച്ചാർഡ് സ്ഥാനം ഉറപ്പിച്ചു.

ആരോടും പറയാതെ മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ച പ്രണയ രഹസ്യം പുറത്തു പോയതും അവളറിയാതെ ആയിരുന്നു.

ഒരു ദിവസം ക്ലാസ്സിനു പുറത്തേക്ക് പോയി തിരിച്ചു വന്ന വേദിക കണ്ടത് റിച്ചാർഡിനോട് ചിരിച്ചു സംസാരിച്ചു കൊണ്ടിരുന്ന നിമ്മിയെയാണ്.

വേദികയുടെ മുഖം അസൂയ കൊണ്ടാണോ ദേഷ്യം കൊണ്ടാണോ എന്നറിയാത്ത വിധം ചുവന്നു തുടുത്തു. “ഇനിപ്പോ എന്തു പറഞ്ഞിട്ടെന്താ.. നിമ്മി പണി പറ്റിച്ചോ ഈശ്വരാ.. ”

നിമ്മി വേദികയേക്കാൾ വെളുത്തിട്ടാണ്, ഇത്തിരി തടി കൂടുതൽ ആണെങ്കിലും സുന്ദരിയുമാണ്. ഇനിപ്പോ റിച്ചാർഡിന് അവളെ ഇഷ്ടമാണെങ്കിൽ അവനെ തെറ്റു പറയാനും പറ്റില്ല. വേദികയുടെ ചിന്തകൾ കാട് കയറി.

എന്തെന്നില്ലാത്ത ഭയം അവളെ ബാധിച്ചു. ഒരു നഷ്ടത്തിന്റെ ഭയം… ” എന്തായിരുന്നു അവനോട് ഇത്ര പറഞ്ഞു ചിരിക്കാൻ?” മനസ്സിലെ ആകാംഷ കണ്ണിലും മുഖത്തും വരാതിരിക്കാൻ

വളരെ പണിപ്പെട്ടാണ് വേദിക അത് നിമ്മിയോട് ചോദിച്ചത്. ” ഓഹ്, അതോ. അവന്റെ വീടിനടുത്ത് എന്റെ ഒരു ബന്ധു ഉണ്ട്. അറിയുമോ എന്നു ചോദിച്ചതാ”

നിമ്മിയുടെ മറുപടി കേട്ടാണ് വേദികയ്ക്ക് ശ്വാസം നേരെ വീണത്. ഇല്ല, കൈ വിട്ടു പോയിട്ടില്ല!

അവളുടെ മുഖത്തു സന്തോഷത്തിന്റെ വെള്ളരിപ്രാക്കൾ പുഞ്ചിരിയായി പടർന്നു. അത് നിമ്മി ശ്രദ്ധിക്കുകയും ചെയ്തു.

“ന്താ മോളെ ഒരു ചുറ്റിക്കളി?” നിമ്മി വേദികയുടെ വയറിൽ ഇക്കിളിയാക്കി.

അതും കണ്ടാണ് അനു അങ്ങോട്ടേക്ക് വന്നത്. “അനു നീ അറിഞ്ഞോ ഇവിടെ ഒരാൾക്ക് പ്രേമപ്പനി പിടിച്ചു!!”

നിമ്മിയുടെ പറച്ചിൽ കേട്ടു അനുജ അവിശ്വസനീയതയോടെ വേദികയെ നോക്കി. “ഡീ, വേദൂ… ഉള്ളതാണോ.. ആരാ ആള്…ആരാ ആദ്യം പറഞ്ഞത്. നീ ഇന്നാണോ പറയുന്നേ, അപ്പോ നീ ഇതുവരെ

എന്തേ ഞങ്ങളോട് പറഞ്ഞില്ല.!!” അനുജയുടെ ശ്വാസം വിടാതെ ഉള്ള ചോദ്യങ്ങൾ കേട്ടു വേദിക വായ്‌ പൊളിച്ചു നിക്കുവായിരുന്നു.

അനുജ വേദികയുടെ താടിക്കിട്ട് ഒരു തട്ടു കൊടുത്തു.

“നീ പറയുന്നുണ്ടോ” “അത് വേറാരും അല്ലെന്റെ അനുക്കുട്ടി…അത് നമ്മുടെ റിച്ചാർഡ് ആണ്” നിമ്മിയാണ് മറുപടി പറഞ്ഞത്.

“ങേ, അവൻ ഇവളെ ഇഷ്ടമാണെന്ന് പറഞ്ഞോ..അത്രക്ക് ധൈര്യം ഉണ്ടോ അവനു.. അവനെ കണ്ടിട്ട് അവനു അങ്ങനെ ഒരിഷ്ടം ഇവളോട് ഉള്ളതായി എനിക്ക് തോന്നിയിട്ടേ ഇല്ലാലോ. പിന്നെ ഇതൊക്കെ എപ്പോൾ സംഭവിച്ചു.?” അനുജയുടെ

ചോദ്യങ്ങൾ കൂടി കൂടി വന്നു. നിമ്മിയും ചോദ്യഭാവത്തിൽ വേദികയെ നോക്കി. അവൾ ഒന്നും മിണ്ടാൻ ആവാതെ

തല താഴ്ത്തി. വീണ്ടും എന്തോ ചോദിക്കാൻ വേണ്ടി അനുജ വായ തുറന്നതാണ്. പക്ഷെ ഫിസിക്സ് ടീച്ചർ വന്നപ്പോൾ അത് തനിയെ

അടഞ്ഞു. ടീച്ചർ ഒരു പുലിയാണ്. ക്ലാസ്സിൽ ഇരുന്നു ഒരാളെയും അനങ്ങാൻ പോലും സമ്മതിക്കില്ല. വളരെ നന്നായി പഠിപ്പിക്കുകയും ചെയ്യും.

വേദികയ്ക്ക് ഇഷ്ടപ്പെട്ട വിഷയമാണ് ഫിസിക്സ്. എന്നിട്ടും അവൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അനുജയുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു അവളുടെ മനസ്സ്.

ശരിയാണ്, റിച്ചാർഡിന് തന്നോട് അങ്ങനെ ഒരിഷ്ടം ഉണ്ടാവാൻ വഴി ഇല്ല. അവൻ ഇത് വരെ തന്നോട് നേരെചൊവ്വെ സംസാരിച്ചിട്ടു കൂടി ഇല്ല. വേദികയുടെ ഹൃദയത്തിൽ ഒരു കല്ലെടുത്ത് വെച്ച പോലെ ഭാരം കൂടി.

ക്ലാസ് കഴിഞ്ഞു ടീച്ചർ പോയതോന്നും വേദിക അറിഞ്ഞില്ല. ഉച്ചക്ക് ബെൽ അടിച്ചപ്പോൾ അനുജയും നിമ്മിയും ബെഞ്ചിൽ ഇരുന്നു തന്നെ നോക്കുന്നതാണ് സ്ഥലകാല ബോധം വന്നപ്പോൾ വേദിക കണ്ടത്.

“എനിക്ക് ചെറുതായി ഒരിഷ്ടം ഉണ്ട്. അവൻ അറിയില്ല. ആരും അറിയില്ല. ആരും അറിയണ്ട” വേദിക പതിയെ അവരോട് പറഞ്ഞു എന്നിട്ട് കൈ കഴുകാൻ എണീച്ചു നടന്നു.

അനുജയും വേദികയും പരസ്പരം നോക്കി ചിരിച്ചു എന്നിട്ട് അവളുടെ പിന്നാലെ നടന്നു. “ഡീ അവനോട് പറയണ്ടേ” നിമ്മിയാണ്.

“എന്നെ അവൻ തല്ലി കൊല്ലുന്നത് കാണണം അല്ലെടി പട്ടീ നിനക്ക്” വേദികയ്ക്ക് ദേഷ്യം വന്നു.

“റിച്ചാർഡ് തല്ലില്ല, പക്ഷെ ആസിഫ് തല്ലും. അവൻ ആരെയും തല്ലാൻ വേണ്ടി കാരണം നോക്കി നടപ്പാണ്” അനുജ ഓർമിപ്പിച്ചു.

ശരിയാണ്, ആസിഫ് വേദികയുടെ പകുതി നീളം മാത്രമേ ഉള്ളു..പക്ഷെ അടിച്ചാൽ അത് നാണക്കേട് ആണ്. “പറഞ്ഞിട്ട് പുള്ളിക്ക് എന്നെ ഇഷ്ടം അല്ല എന്നു പറഞ്ഞാലോ” വേദികയ്ക്ക് അതായിരുന്നു സംശയം.

“അതിലിപ്പോ സംശയിക്കാൻ ഒന്നും ഇല്ല. റിച്ചാർഡിന് നിന്നെ ഇഷ്ടല്ല” നിമ്മി അട്ടഹസിച്ചു. “ശവം… ഇപ്പോളെ നെഗറ്റീവ് അടിപ്പിക്കാതെ” വേദിക മുഖം പൊത്തി.

“വരുന്നിടത്തു വെച്ചു കാണാം” ആ സംഭാഷണം അവിടെ അവസാനിച്ചതോടൊപ്പം ഉച്ചഭക്ഷണ സമയവും അവസാനിച്ചു.

——————————————————————–

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അന്നായിരുന്നു ക്ലാസ്സിലെ മുഴുവൻ പേരും കൂട്ടത്തിൽ റിച്ചാർഡും ആ കാര്യം അറിഞ്ഞത്. വേദികയ്ക്ക് റിച്ചാർഡിനോട് പ്രേമമാണ്.. പ്രേമം……….

മൂന്നാം ഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 3

Leave a Reply

Your email address will not be published. Required fields are marked *