രണ്ടാം ഭാര്യ, ചെറുകഥ വായിക്കാം….

രചന അരുൺ നായർ

“നിങ്ങൾ എൻറെ അമ്മയൊന്നും അല്ലല്ലോ അതുകൊണ്ട് കൂടുതൽ ഭരണമൊന്നും ഇങ്ങോട്ട് വേണ്ട, ഞാൻ ഈ ലോകത്തൊരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് നിങ്ങളെ ഒരാളെ മാത്രമാണ്…. എനിക്ക് വേണമെങ്കിൽ ഇപ്പോൾ

നിങ്ങളോട് പ്രതികാരം ചെയ്യാം പക്ഷെ ഞാനതു ചെയ്യാത്തത് എൻറെ അമ്മയുടെ കൂടെപ്പിറപ്പു ആയതുകൊണ്ട് മാത്രമാണ്….. നിങ്ങൾ എൻറെ അച്ഛന്റെ രണ്ടാം ഭാര്യ മാത്രമാണ് അല്ലാതെ എൻറെ അമ്മ പട്ടം അണിയാൻ

എന്റെയടുത്തേക്കു വരണ്ട….. “” ഉറഞ്ഞു തുള്ളികൊണ്ടിരുന്ന പൊന്നുമോളുടെ ദേഷ്യത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ അനിത മനസുകൊണ്ട് തകർന്നു തരിപ്പണമായി … ഒലിച്ചിറങ്ങിയ കണ്ണുനീർ ധരിച്ചിരുന്ന കോട്ടൺ

സാരിയുടെ തുമ്പ് കൊണ്ട് തുടച്ചുകൊണ്ടവർ എന്നോട് പറഞ്ഞു “”മോൾ എന്തൊക്കെ പറഞ്ഞാലും ഈ അമ്മ കേൾക്കാം എന്നാലും മോൾ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നത് കണ്ടാൽ അമ്മക്ക് സഹിക്കാനാവില്ല….. മോളുടെ

ഫോൺ അമ്മ കണ്ടിരുന്നു ആ ബന്ധം ഒന്നും നമുക്ക് ശരിയാവില്ല മോളെ….. അച്ഛൻ അറിഞ്ഞാൽ അദ്ദേഹത്തിനതു താങ്ങാനുള്ള കെൽപ്പു ഉണ്ടാവില്ല മോളെ…… “” സെറ്റിയിൽ കിടന്നിരുന്ന ബാഗും ഫോണും എടുത്തുകൊണ്ടു ഞാൻ

തിരിഞ്ഞു പറഞ്ഞു “”നിങ്ങൾ നിങ്ങളുടെ മോന്റെ പോക്ക് എങ്ങനെയാണെന്ന് നോക്കിയാൽ മതി, എനിക്ക് അറിയാം എൻറെ കാര്യങ്ങൾ എങ്ങനെ നോക്കണമെന്ന്…. പിന്നെ അച്ഛൻ എന്ന ആ മനുഷ്യൻ എൻറെ അമ്മയോട് ചെയ്ത

തെറ്റുകൾക്കു ഉള്ള പ്രായശ്ചിത്തം ആയിരിക്കുമല്ലോ നിങ്ങളുടെ മകനെക്കാൾ കൂടുതൽ സ്നേഹം എന്നോട് കാണിക്കുന്നത്, ആ അനുകമ്പ എന്നോട് ഇനി കാണിച്ചില്ലെങ്കിലും എനിക്കു കുഴപ്പമില്ലെന്ന് പറഞ്ഞേക്കു….. “”

എൻറെ അറത്തുമുറിച്ചുള്ള സംസാരം കേട്ടു അന്തം വിട്ടു നിൽക്കുന്ന രണ്ടാനമ്മയെ ഒന്നുകൂടി നോക്കി കലിച്ചു തുള്ളി ഞാൻ വീടിന്റെ പടിയിറങ്ങി പോയി… മോളെ അച്ഛനറിയാതെ ഇങ്ങനെ പോകരുതെന്ന ഇളയമ്മയുടെ

വാക്കുകൾ ഞാൻ കേട്ടതായി നടിച്ചില്ല…. പോകുന്ന വഴിയിൽ ഞാനെന്റെ ജീവിതം അറിയാതെ ഓർത്തു പോയി…. അമ്മയെ കുറിച്ചു ഓർമ വന്നപ്പോൾ കണ്ണ് നനഞ്ഞുവെങ്കിലും അത് ആരും അറിയാതെ ഇരിക്കാൻ അപ്പോൾ തന്നെ

എൻറെ എല്ലാം എല്ലാം ആയ കാമുകൻ മനസ്സിലേക്ക് വിരുന്നു എത്തി കഴിഞ്ഞിരുന്നു…. രോഹിത് അവനാണ് തനിക്കിന്നു എല്ലാം…. ഓർമ്മ ഉണ്ടാവുന്ന കാലത്തിനു മുൻപ് തന്നെ അമ്മ ഇല്ലാതെ ആയവൾ ആണ് ഞാൻ….

അച്ഛന്റെയും അമ്മയുടെ അനുജത്തിയുടെയും വഴിവിട്ട ബന്ധം കണ്ടു മനം തകർന്നു വീട് വിട്ടു പോയവൾ ആണ് എൻറെ അമ്മ…. ആ അമ്മയുടെ സ്ഥാനമാണ് ഇപ്പോൾ ചെറിയമ്മ എന്നു ഞാൻ വിളിക്കുന്ന അമ്മയുടെ അനുജത്തി

എടുത്തണിയാൻ നോക്കുന്നത്…. സ്വന്തം ചേട്ടനെ പോലെ കണ്ടു സ്നേഹിക്കേണ്ട ചേച്ചിയുടെ ഭർത്താവിനെ സൗന്ദര്യം കാണിച്ചു ആയ കാലത്ത് മയക്കിയെടുത്തവൾ….. സ്വന്തം ഏട്ടനെ പോലെ കാണണ്ടവനെ കണ്ണും കയ്യും

കാണിച്ചു മയക്കിയവൾക്കു ഞാൻ ഒരു ചെറുക്കനെ ആത്മാർഥമായി പ്രണയിക്കുന്നത് ഇഷ്ടമായില്ലെന്നു അല്ലേലും ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് നല്ല രീതിയിൽ ഉള്ള ബന്ധങ്ങൾ ഒന്നും ഇഷ്ടമാകില്ലായിരിക്കും….. ആദ്യമൊക്കെ ഞാനും

വിചാരിച്ചിരുന്നത് ഈ സ്ത്രീ എൻറെ അമ്മ ആണെന്നാണ് പിന്നെ ഞങ്ങളുടെ വീട്ടുകാരുമായി അത്രയും രസചേർച്ച ഇല്ലാത്ത അമ്മയുടെ തന്നെ ബന്ധുക്കൾ ആണെന്നിക്കു സത്യം മുഴുവൻ പറഞ്ഞു തന്നത്….

ആ കാര്യങ്ങൾ ഒക്കെ അറിയും വരെ എനിക്ക് എല്ലാവരോടും ഒരുപാട് സ്നേഹം മാത്രമായിരുന്നു…..

അമ്മ നോക്കും പോലെ സ്നേഹിക്കുകയും കാര്യങ്ങൾ എല്ലാം നോക്കുകയും ചെയ്യുമായിരുന്നു അവരുടെ മകൾ അല്ലെങ്കിൽ കൂടി ചെറിയമ്മ ഒരുപക്ഷെ എൻറെ അമ്മയോട് ചെയ്ത തെറ്റിന് ഉള്ള പരിഹാരം ആകാം അതെല്ലാം

അതുപോലെ തന്നെ അച്ഛനും ഇളയമ്മക്കും ജനിച്ച മോൻ, അതായത് എൻറെ അനിയനെക്കാൾ സ്നേഹം എന്നോട് തന്നെയാണ് കാണിച്ചിരുന്നത്…. എത്രയൊക്കെ സ്നേഹം കാണിച്ചാലും സ്വന്തം അമ്മയുടെ ജീവിതം തകർത്തവരെ

ഞാൻ എങ്ങനെ മനസ്സുകൊണ്ട് സ്നേഹിക്കും അങ്ങനെ സ്നേഹിക്കാൻ ആരും ഇല്ലാതെ അലഞ്ഞ എൻറെ മനസ്സിനുള്ളിൽ മരുഭൂമിയിൽ പെയ്തു ഇറങ്ങും മഴ പോലെ കുളിരേകി എൻറെ ജീവിതത്തിലേക്ക് കടന്നു വന്നവനാണ്

എൻറെ രോഹിത്…. രോഹിത് ആള് കോളേജിൽ എൻറെ സീനിയർ ആയിരുന്നു, ഇപ്പോൾ ഡിഗ്രി ഒക്കെ കഴിഞ്ഞു ജോലി റെഡി ആയി…എൻറെ പഠിത്തവും കൂടി കഴിഞ്ഞാൽ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാമെന്ന് എനിക്ക് ഉറപ്പു

നൽകിയിട്ടുണ്ട്…. പറഞ്ഞാൽ പറഞ്ഞത് പോലെ വാക്ക് പാലിക്കുന്ന ആണൊരുത്തനെ ഞാൻ വേറെ ഇതുവരെ കണ്ടിട്ടില്ല… എന്നെ സ്നേഹം കൊണ്ടു മൂടുമ്പോളും ഇടയ്ക്കു ഇടയ്ക്കു എൻറെ കുറുമ്പ് കാണുമ്പോൾ ദേഷ്യപ്പെടും….

എനിക്ക് ആ ദേഷ്യം കാണുന്നത് വളരെ ഇഷ്ടമാണ്… അല്ലാതെ സാധാരണ കാമുകന്മാരെ പോലെ മൂക്കിട്ട ഒലിപ്പിച്ചു കാമുകിയുടെ ബാക്കും താങ്ങി നടക്കുന്നവൻ അല്ലല്ലോ എൻറെ ചെറുക്കൻ എന്നോർത്തപ്പോൾ എനിക്ക് അഭിമാനവും

സന്തോഷവും തോന്നി….. ഞാൻ അവിടെ എത്തിയപ്പോൾ ആൾ ആൾറെഡി അവിടെ ഉണ്ടായിരുന്നു… അല്ലേലും ആൾ പറഞ്ഞാൽ പറഞ്ഞതാണ് ഞാനും എത്തിയേനെ ഇളയമ്മയുടെ വഴക്ക് കൂടി കുറച്ചു സമയം പോയി

അതുകൊണ്ട് താമസിച്ചതാണ്…. എൻറെ ഉള്ളിലെ ദുഃഖങ്ങൾ എല്ലാം മനഃപൂർവം മറന്നുകൊണ്ട് ഞാൻ സന്തോഷവതിയായി….. എൻറെ കാമുകന്റെ തമാശയും, ദേഷ്യവും എല്ലാം ആസ്വദിച്ചുകൊണ്ട് ഞാൻ ഇരുന്നു…..

പ്രണയത്തിൽ ആറടി ഇരുന്നതുകൊണ്ടു തന്നെ സൂര്യൻ അകന്നു പോയത് ഞങ്ങൾ അറിഞ്ഞില്ല അതിനിടക്ക് അവൻ അവന്റെ ഒരു ആഗ്രഹം എന്നോട് പറഞ്ഞു…. അടുത്ത രണ്ടു മൂന്ന് ദിവസം അവൻ ഫ്രീയാണ്…. കോളേജിൽ

എന്തെങ്കിലും ടൂർ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു ഞാനും വീട്ടിൽ നിന്നും ചാടിയാൽ മൂന്ന് ദിവസം മൂന്നാറിന്റെ ഭംഗി ആസ്വദിച്ചു പ്രണയിക്കാമെന്നു….. എൻറെ യഥാർത്ഥ സ്വഭാവത്തിന് ഞാനൊരു അടി കൊടുക്കേണ്ടതാണ് പക്ഷെ

എല്ലാ കാമുകിമാരെ പോലെ ഞാനും എൻറെ കാമുകനിൽ പൂർണമായി വിശ്വസിച്ചു….. അതുമാത്രമല്ല ഒരിക്കലും ഈ മൂന്നാർ ടൂറിൽ എൻറെ സ്നേഹം അല്ലാതെ ശരീരം ഒരിക്കലും അവൻ സ്നേഹിക്കുകയില്ലെന്നുള്ള ഉറപ്പു…

പറഞ്ഞാൽ വാക്ക് പാലിക്കുന്ന കാമുകനോട് ഉള്ള വിശ്വാസത്തിൽ വീട്ടിൽ എന്തെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാമെന്നു ഞാനവന് ഉറപ്പു കൊടുത്തു…. നാളെ രാവിലെ മൂന്നാറിലേക്ക് പുറപ്പെടാമെന്നുള്ള

സന്തോഷത്തിൽ ഞങ്ങൾ ഇന്നേക്ക് പിരിയുവാൻ തീരുമാനിച്ചു…. പിന്നെ അധികം വൈകാതെ അച്ഛൻ വരും മുൻപ് വീട്ടിൽ എത്താനുള്ള ഓട്ടം ആയിരുന്നു….. വീട്ടിൽ എത്തിയപ്പോൾ കുറച്ചു താമസിച്ചു പോയി അച്ഛൻ എത്തി

കഴിഞ്ഞിരുന്നു…. അച്ഛൻ പതിവില്ലാതെ എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ നിങ്ങൾ എന്നെ കുറിച്ചു ആവശ്യമില്ലാത് വല്ലതും പറഞ്ഞോ തള്ളേ എന്നൊരു നോട്ടം ഇളയമ്മക്ക് കൊടുത്തിട്ടു ഞാൻ അകത്തേക്ക് കയറി

പോയി…. ഞാൻ മുറിയിലെത്തി രോഹിതിന് മെസ്സേജ് അയച്ച ശേഷം കോളേജ് ടൂർ കാര്യം അച്ഛനെ ബോധിപ്പിക്കാൻ ഹാളിലേക്ക് വന്നു….

ഞാൻ പതിവില്ലാതെ അങ്ങോട്ട്‌ ഇറങ്ങി ചെന്നപ്പോൾ അച്ഛൻ പറഞ്ഞു…. “”പൊന്നുമോൾ ഇങ്ങോട്ട് വന്നോ… അച്ഛൻ മോളുടെ പഠിത്തം ഇന്നത്തെ മുടക്കാൻ അങ്ങോട്ട്‌ വരാൻ ഇരിക്കുക ആയിരുന്നു… ഇനി ഇപ്പോൾ ഇവിടെ ഇരുന്നാകാം

സംസാരം… അല്ല, മോൾ എന്താണ് ഈ സീരിയൽ കാണുന്ന സഭയിൽ മോൾക്ക്‌ അതൊന്നും ഇഷ്ടമല്ലല്ലോ…..? “” “”അത് അച്ഛാ വേറെ ഒന്നും ഇല്ല…. നാളെ മുതൽ മൂന്നു ദിവസതെക്കു കോളേജിൽ നിന്നും ടൂർ പോകുന്നുണ്ട്…. അതിനു

അച്ഛനോട് സമ്മതം ചോദിക്കാനും പിന്നെ സാധനങ്ങൾ വാങ്ങാൻ കുറച്ചു പൈസയും ചോദിക്കാനാണ് ഞാൻ വന്നത്…. അതും പറഞ്ഞു ഞാൻ അച്ഛന്റെ മുൻപിൽ തല കുനിച്ചു നിന്നു അച്ഛന്റെ സമ്മതത്തിനായി…. “”

“”അതിനെന്താണ് കോളേജിൽ നിന്നും അല്ലെ, മോൾ പോയിട്ട് വാ… എന്നാലും മൂന്നു ദിവസം മോളെ കാണാതെ എങ്ങനെ ഇരിക്കും ഓർക്കുമ്പോൾ ആണ് ചങ്കു പിടയുന്നത് അത് കുഴപ്പമില്ല മോൾടെ സന്തോഷം ആണ് അച്ഛന്

വലുത് മോൾ കൂട്ടുകാരുടെ കൂടെ ആഘോഷിച്ചു വാ…. പിന്നെ എത്ര രൂപ വേണമെങ്കിലും അമ്മയോട് ചോദിച്ചോ അമ്മ തന്നോളും….. “” അച്ഛന്റെ അനുവാദം കിട്ടിയ സന്തോഷത്തിൽ ഞാനതു രോഹിതിനെ അറിയിക്കാനായി

മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അച്ഛൻ എന്നെ വിളിച്ചു “”മോളെ, അച്ഛന് കുറച്ചു സംസാരിക്കാൻ ഉണ്ട് ഇനിയും സംസാരിച്ചില്ലെങ്കിൽ ചിലപ്പോൾ താമസിച്ചു പോകും…. എന്തിനു വേണ്ടി അച്ഛനും അമ്മയും ജീവിച്ചോ

അതെല്ലാം ജീവിതത്തിന്റെ നഷ്ടമാകും….. “” മുറിയിലേക്ക് പോകാനായി മുൻപോട്ട് വെച്ച കാലെടുത്തു ഞാൻ അച്ഛന്റെ കൂടെ സെറ്റിയിൽ ഇരുന്നു “”അച്ഛന് എന്താണ് എന്നോട് പറയാൻ ഉള്ളത് അതിനു എന്തിനാണ് അച്ഛാ

മുഖവുരയൊക്കെ, ഞാൻ അച്ഛന്റെ സ്വന്തം മോളല്ലേ…. “” അങ്ങനെ പറഞ്ഞത് ചെറിയമ്മക്ക് കൊള്ളാൻ വേണ്ടി തന്നെയാണ്…. അവരുടെ മോൾ ആണ് ഞാനെന്നുള്ള ചിന്ത മാറാനും…. “”മോൾ ഇന്ന് അമ്മയോട് അവൾ അച്ഛന്റെ

രണ്ടാം ഭാര്യ മാത്രമാണെന്ന് പറഞ്ഞോ… അങ്ങനെ പറഞ്ഞു എങ്കിൽ ആ കാലിൽ വീണു മാപ്പ് ചോദിക്ക്…. “” “”അച്ഛൻ അല്ല ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും എൻറെ അമ്മയുടെ ജീവിതം നശിപ്പിച്ച അവരുടെ കാലിൽ വീഴാൻ

എനിക്ക് ആവില്ലായിരുന്നു….”” അച്ഛൻ അവിടെ നിന്നിട്ടു കൂടെ ഞാനറിയാതെ എൻറെ നാവിൽ നിന്നും അത് വെളിയിൽ വന്നു…. “”നിന്റെ അമ്മയുടെ ജീവിതം ആരാണ് നശിപ്പിച്ചതെ”” ന്നും ചോദിച്ചു അച്ഛൻ എന്നെ തല്ലാൻ

വന്നപ്പോൾ ചെറിയമ്മ ഇടയ്ക്കു കയറി അത് തടഞ്ഞു…. അത് കണ്ടപ്പോൾ അതിലും ഭേദം അച്ഛൻ എന്നെ തല്ലുന്നത് ആയിരുന്നെന്നു എനിക്ക് തോന്നി പോയി….. ഒന്ന് ദേഷ്യം അടങ്ങിയപ്പോൾ അച്ഛൻ എന്നെ ആ നെഞ്ചോടു ചേർത്ത്

നിർത്തി പറഞ്ഞു…. “”മോളെ, അച്ഛൻ ഇപ്പോൾ പറയുന്നത് മോൾക്ക്‌ കേൾക്കാൻ ഒട്ടും സുഖം ഇല്ലാത്ത കാര്യങ്ങൾ ആണ്…. നിന്റെ അമ്മ അതായത് ഞാൻ നാലാള് അറിഞ്ഞു താലി കെട്ടി കൂടെ കൂട്ടിയവൾക്കു ഒരു കാമുകൻ

ഉണ്ടായിരുന്നു ഞാൻ കെട്ടും മുൻപ്…. നീ ഉണ്ടായതിനു ശേഷവും അവരുടെ ബന്ധം തുടർന്ന്…. ഞങ്ങൾ ആരും സി ഐ ഡി കളിച്ചു കണ്ടു പിടിച്ചതൊന്നും അല്ല അവളുടെ രഹസ്യം…. കാരണം അത്രക്കും വിശ്വാസം ആയിരുന്നു

എനിക്ക് അവളെ, അതുകൊണ്ട് ചതിയുടെ യാതൊരു വിധത്തിലുള്ള ദുർഗന്ധവും എന്റെയുള്ളിൽ ഉണ്ടായില്ല… പക്ഷെ മോൾക്ക്‌ ഒരു വയസ്സ് ആയപ്പോൾ അവൾ വീണ്ടും ഗർഭിണി ആയി, ജോലി കഴിഞ്ഞു സന്തോഷത്തോടെ

വീട്ടിലേക്കു വന്ന അച്ഛനോട് അവളുടെ വയറ്റിൽ വളരുന്ന ആ കുഞ്ഞു കാമുകന്റേത് ആണെന്ന് പറഞ്ഞു…. അച്ഛനപ്പോൾ അവളെ കൊന്നു കളയാൻ ആണ് തോന്നിയത് പക്ഷെ മോളുടെ കള്ള ചിരികൾ കണ്ടപ്പോൾ ഒന്നിന്

വേണ്ടിയും അത് നശിപ്പിക്കാൻ അച്ഛന് സാധിച്ചില്ല…. പിന്നെ മോളെ പ്രസവിച്ച അവളുടെയും കാമുകന്റെയും ആവശ്യപ്രകാരം അവരെ ഈ നാട്ടിൽ നിന്നും ഒരു ദിവസം രാത്രിയിൽ നാട് കടത്തി കൊടുത്തു ആ കാര്യങ്ങൾ

എല്ലാം അറിയാവുന്ന ഒരാൾ നീ ഇപ്പോൾ ഈ പുച്ഛിക്കുന്ന ഇളയമ്മയും നിന്റെ അമ്മൂമ്മയും ആയിരുന്നു….

അമ്മൂമ്മ പിന്നെ സങ്കടം ഒന്നും സഹിക്കാതെ പോയി…. നിനക്ക് അറിയുമോ മോളെ, സ്വന്തം ഭാര്യയെ കാമുകന്റെ കൂടെ സുരക്ഷആയി ഇറക്കി വിടേണ്ടി വന്നവനാണ് ഈ അച്ഛൻ, ആ എന്റെ ദുഖവും പിന്നെ നിന്നെ എനിക്ക് ഒറ്റയ്ക്ക്

നോക്കാനുള്ള ബുദ്ധിമുട്ടും കണ്ടു സഹിക്കാനാവാതെ, അന്ന് പോസ്റ്റ്‌ ഗ്രാജുവേഷൻ ചെയ്യുകയായിരുന്ന ഇവൾ അത് നിർത്തി നിനക്ക് അമ്മയായി ഈ വീട്ടിൽ ഒതുങ്ങി കൂടിയതാണ്…. ആ അവളാണ് നിനക്കിപ്പോൾ എന്റെ രണ്ടാം ഭാര്യ

മാത്രമായി പോയത്…. ഒരു ദിവസം മാത്രമല്ല മോളെ ഈ ജീവിതം മുഴുവൻ നീയും ഞാനും അവളോട് കടപ്പെട്ടു വേണം ജീവിക്കാൻ….. “” അച്ഛന്റെ നെഞ്ചിൽ കിടന്നു അച്ഛന്റെയും ഇളയമ്മയുടെയും ജീവിതത്തിൽ ഉണ്ടായ നീറുന്ന

കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി… മനസ്സിൽ ഞാൻ ഉറപ്പിച്ചു ഇനി ഒരിക്കലും എനിക്ക് ആ സ്ത്രീ ഇളയമ്മ അല്ല എൻറെ അമ്മ തന്നെയാണെന്ന്…. എങ്കിലും എൻറെ ഉള്ളിൽ ഒരു സംശയം തോന്നി…. “”അച്ഛാ,

അച്ഛനോ ഇളയമ്മക്കോ ഇതൊക്കെ എന്നോട് നേരത്തെ തന്നെ പറഞ്ഞു കൂടായിരുന്നോ…. പറഞ്ഞിരുന്നു എങ്കിൽ ഞാനൊരിക്കലും അമ്മയെ വേദനിപ്പിക്കില്ലായിരുന്നു…. “” “‘അറിയിക്കാമായിരുന്നു, പക്ഷെ മോൾ ഒരിക്കലും

പെറ്റമ്മയെ കുറിച്ചു മോശമായി ചിന്തിക്കേണ്ട കരുതി ഞങ്ങൾ മറച്ചു വെച്ചതാണ്…. മോളെ അമ്മയുടെ ബന്ധുക്കൾ കള്ളത്തരം അറിയിച്ചുവെന്നു അറിഞ്ഞെങ്കിലും അതുകൊണ്ട് മോൾക്ക്‌ ഞങ്ങളോട് ശത്രുത ഉണ്ടായെന്നു ഇന്നാണ്

ഞങ്ങൾക്ക് മനസ്സിലായത്…. അതുകൊണ്ട് ഇന്ന് തന്നെ അത് തിരുത്തിയത്….. “” കരച്ചിൽ വന്നുവെങ്കിലും ഞാൻ അച്ഛനോട് ഒന്നും പിന്നെ ചോദിക്കാനും പറയാനും പോയില്ല…. എൻറെ അച്ഛനെയും അമ്മയെയും ചേർത്ത് നിർത്തി

ഉമ്മകൾ കൊണ്ടു മൂടിയിട്ടു ഞാനവരുടെ പഴയ പൊന്നുമോൾ ആയി മുറിയിലേക്ക് ഓടി പോയി….. ഫോൺ എടുത്തു രോഹിതിനെ അറിയിച്ചു…. “”അതെ മൂന്നാർ പോക്കൊക്കെ കല്യാണം കഴിഞ്ഞിട്ട് ആകാം…. എൻറെ പഠിത്തം

കഴിഞ്ഞു വന്നു ചോദിച്ചു കെട്ടി കൂടെ കൂട്ടി ടൂർ പോയി തകർക്കാം നമുക്ക്….. ഇപ്പോൾ എനിക്ക് എൻറെ അച്ഛന്റെയും അമ്മയുടെയും നിസ്വാർത്ഥമായ സ്നേഹം ആവോളം ആസ്വദിക്കണം….. “”

ശുഭം

രചന അരുൺ നായർ

Leave a Reply

Your email address will not be published. Required fields are marked *