നിന്റെ മാത്രം സ്വന്തം ഭാഗം 8

ഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 7

ഭാഗം 8

“എന്നാലും അച്ചൂ….മനുവേട്ടന് ആരാ വിഷം കൊടുത്തത് …..”

“അറിയില്ല വർഷേ.. ചോദിച്ചിട്ട് മനു പറയുന്നില്ലെന്നാണ് അച്ഛ വിളിച്ചപ്പോൾ പറഞ്ഞത് ”

“നിനക്ക് മനുവേട്ടൻ മരിക്കാത്തതിന്റെ വിഷമമുണ്ടോ”

അച്ചു വർഷയെ കൂർപ്പിച്ചൊന്നു നോക്കി.

“അല്ല…നീ രാഹുലിന്റെ പ്രിയതമയല്ലേ….ആ ഓർമകളിൽ കഴിയാനല്ലേ നിനക്കിഷ്ടം….അതു കൊണ്ട് മനുവേട്ടനെ ഞാനെടുത്തോളാം..ഹോസ്പിറ്റലിൽ നിന്ന് വന്നോട്ടെ….. എന്റെ മനസ്സ് ഞാൻ മനുവേട്ടനു മുന്നിൽ തുറന്നിടും…..,”

“നീയൊന്നു പോയേ വർഷേ….. നിന്നെ വീട്ടിൽ അന്വേഷിക്കില്ലേ……അവളു തുറക്കാൻ വന്നിരിക്കുന്നു…”

“നീയെന്തിനാ ചൂടാവുന്നെ അച്ചു..നിനക്ക് മനുവേട്ടനെ ഇഷ്ടമല്ലല്ലോ……പിന്നെന്താ….”

“അതെ…ഇഷ്ടമല്ല…നീയും ഇഷ്ടപ്പെടണ്ട”

“ഇതു കൊള്ളാം …എന്റെ കാര്യം ഞാനല്ലേ തീരുമാനിക്കുന്നെ……നാളെയല്ലേ എന്റെ മനുവേട്ടനെ ഡിസ്ചാർജ് ചെയ്യുന്നത് ..ഞാൻ നാളെ വരാമെ….”

വർഷ പോയിട്ടും അച്ചു ചിന്തയിലായിരുന്നു.. ‘വർഷ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്താ ദേഷ്യം വന്നത് ..എനിക്ക് മനുവിനോട് വെറുപ്പല്ലേ അന്ന് അങ്ങനെ ബോധമില്ലാതെ കിടന്നതു കണ്ടപ്പോള് ഒരു വിഷമം അത്രയേ ഉള്ളു’.അവൾ സ്വയം ആശ്വസിച്ചു.

“അച്ചൂ…….”

ആ വിളിയാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്,വാതിൽക്കൽ കലങ്ങിയ കണ്ണുകളുമായി ശിവ,..ശിവയെ കണ്ട് അവൾക്ക് ദേഷ്യം വന്നു.

“അച്ചൂ നീയെന്തായിപ്പൊ എന്നോട് സംസാരിക്കാത്തെ..എനിക്ക് വേദനിക്കുന്നുണ്ട് നീയെന്നെ ഇങ്ങനെ അവഗണിക്കുമ്പോൾ…..”

“ശിവേട്ടാ ഒന്നു പോയെ….അല്ലെങ്കിൽത്തന്നെ എനിക്കിവിടെ സമാധാനമില്ല…..”

“ഞാനാണോ അച്ചു നിന്റെ സമാധാനം കളയുന്നത്..”

“ശിവേട്ടനോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ,സഹോദരന്റെ സ്ഥാനത്ത് കണ്ടയാളെ ഭർത്താവായി കാണാൻ കഴിയില്ലെന്ന്….”

“സഹോദരിയായിട്ട് കാണാനല്ല ഇത്രയും വർഷം നിന്നെ പ്രണയിച്ചത്,നിന്നെ മറക്കാൻ എനിക്ക് പറ്റില്ല അച്ചൂ…..നീയെന്നെയൊന്നു മനസ്സിലാക്കൂ..”

“എനിക്ക് വേറൊന്നും പറയാനില്ല ശിവേട്ടൻ പൊക്കോളു”

“പിന്നെ…. ആ തെണ്ടിയുടെ കൂടെ പൊറുക്കാനാണോ നിന്റെ ഉദ്ദേശം”

“അതെ….ശിവേട്ടനു നഷ്ടമൊന്നുമില്ലല്ലോ”അച്ചു പരിഹാസത്തോടെ പറഞ്ഞു.

“ടീ…….”അലറിക്കൊണ്ട് ശിവ അച്ചുവിന്റെ കഴുത്തിൽ പിടിച്ചമർത്തി,വേദന കൊണ്ട് അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു..

“നിനക്ക് അങ്ങനെയെന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോഴെ മാറ്റിക്കോ…നീയെന്റേതാ…..കൊല്ലും ഞാനാ പട്ടിയെ…..”അച്ചുവിനെ കട്ടിലിലേക്ക് തള്ളിയിട്ട് കൊടുങ്കാറ്റ് പോലെ ശിവ പുറത്തേക്ക് പോയി.

താഴെ ചർച്ചയായിരുന്നു. മനുവിനെ തറവാട്ടിലേക്ക് കൊണ്ടു വരുന്നത് ആർക്കും ഇഷ്ടപ്പെട്ടില്ല.

“അച്ഛനെന്താ ആ മനുവിനെ ഇങ്ങോട്ട് കൊണ്ടു വരുന്നത്… എത്ര പറഞ്ഞിട്ടും അച്ഛൻ തീരുമാനം മാറ്റുന്നില്ല..”(ആദി)

“അളിയൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല”(കേശവൻ)

“അവനിങ്ങോട്ട് വരട്ടെ…എല്ലാവരും കൂടി മാക്സിമം ദ്രോഹിക്കണം ഇവിടെ നിൽക്കാൻ കഴിയാതെ ഓടണമവൻ..”ചെറിയചഛൻമാരും ചെറിയമ്മമാരും ഹരി പറഞ്ഞതിനോട് യോജിച്ചു.

“എന്തായാലും ഞാനും കുടുംബവും ഇതിനൊരു തീരുമാനമാകുന്ന വരെ ഇവിടെ താമസിക്കാം” കേശവൻ പറഞ്ഞതു കേട്ട് ഹരിയുടെ മുഖത്ത് ക്രൂരമായ പുഞ്ചിരി വിരിഞ്ഞു.

💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

മനുവിനെ വീട്ടിലേക്ക് കൊണ്ട് വന്നു, അച്ചു ബാൽക്കണിയിൽ നിൽക്കുമ്പോളാണ് ശേഖരന്റെ കാർ വന്നത് കണ്ടത്,അച്ചു താഴേക്കോടി..മനു അകത്തേക്ക് കയറാൻ മടിച്ചു നിൽക്കുന്നതു കണ്ട് ശേഖരൻ അവന്റെ അടുത്തേക്ക് വന്നു.

“മനൂ നിന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞതല്ലേ… നീ ഇവിടെ ത്തന്നെ കാണണം…. എന്റെ മകനായി,ആരും ഇനി നീന്നെ തടയില്ല”….. മനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

“എനിക്കതിനുള്ള അർഹതയോ യോഗ്യതയോ ഒന്നുമില്ല സർ…..ഇതുവരെ ഒന്നും ആഗ്രഹിച്ചിട്ടില്ല…ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് സർ”

“താൻ കേറി വാടോ.. ബുദ്ധിമുട്ടുള്ളവർ അതങ്ങു സഹിച്ചോളും” വാതിൽക്കൽ നിൽക്കുന്ന അച്ചുവിനെ നോക്കിയാണ് ആകാശ് അതു പറഞ്ഞത്.

അപ്പോളാണ് മനുവും അച്ചുവിനെ കണ്ടത് അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു, ഹൃദയത്തിൽ നിന്ന് തണുപ്പ് ശരീരത്തിലേക്ക് പടരുന്നത് അവനറിഞ്ഞു,അച്ചു അവന്റെ വെള്ളാരം കണ്ണുകളിൽ മതി മറന്നു നോക്കി നിന്നു.

“മനു വാ അകത്തേക്ക് കയറ്” ശേഖരൻ അവന്റെ കൈയ്യിൽ പിടിച്ച് വിളിച്ചു. മനു പെട്ടെന്ന് നോട്ടം മാറ്റി ശേഖരനോടൊപ്പം അകത്തേക്ക് കയറി. ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു, മനുവിനെ കണ്ട് എല്ലാവരുടെയും മുഖത്ത് ദേഷ്യവും പുച്ഛവും നിറഞ്ഞു.

“എല്ലാവരും കേൾക്കാനായിട്ട് പറയുവാ…മനു ഇനി ഇവിടെ കാണും എന്റെ മരുമകനായിട്ട്…ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇവിടെ നിന്ന് പോകാം…മനു മുകളിലേക്ക് പൊക്കോളു…അക്കൂ മനുവിന് റൂം കാണിച്ച് കൊടുക്കൂ…

മുകളിൽ നല്ലൊരു റൂമാണ് മനുവിന് കൊടുത്തത്.

“മനൂ ഞാൻ താഴേക്ക് പോകുവാ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്…” പുറത്തേക്കിറങ്ങാൻ തുടങ്ങിയ അക്കുവിന്റെ കൈയിൽ മനു പിടിച്ചു ആകാശ് തിരിഞ്ഞ് പുരികം കൊണ്ട് എന്താണെന്ന് ചോദിച്ചു.

“അത്..എനിക്ക്…. ഇത്രയും വലിയ മുറിയിലൊന്നും കിടന്നാൽ ഉറക്കം വരില്ല……ഞാൻ പുറത്തെവിടെയെങ്കിലും കിടന്നോളാം…..”

“അതു വേണ്ട മനൂ….ഇത് ചെറിയ മുറിയാണെന്ന് വിചാരിച്ചു കണ്ണുമടച്ച് കിടന്നാൽ മതി…ഉറക്കം താനേ വന്നോളും…..മനു പോയി ഒന്നു ഫ്രഷായിട്ട് കുറച്ചു നേരം കിടന്നുറങ്ങ്….ഞാൻ ഫുഡ്‌ കൊടുത്തു വിടാം….” ആകാശ് താഴേക്ക് പോയി.മനു വിഷമത്തോടെ കട്ടിലിരുന്നു.

“സാറ് പട്ടുമെത്തയിൽ ഉറങ്ങാൻ വന്നതാണോ…”ശിവ മുറിക്കകത്തേക്ക് കയറി വന്നു.

മനു ഒന്നും മിണ്ടാതെ പുറത്തേക്ക് പോകാനൊരുങ്ങിയതും ശിവ കൈനീട്ടി അവനെ തടഞ്ഞു നിർത്തി..

ശിവ കൈനീട്ടി അവനെ തടഞ്ഞു നിർത്തി,

“അച്ചുവിനെ നേടാമെന്ന് വല്ല സ്വപ്‌നവുമുണ്ടെങ്കിൽ…….അതങ്ങ് കളഞ്ഞേക്ക് അവളുടെ നിഴൽ വെട്ടത്ത് പോലും നീ ചെന്നാൽ കൊന്ന് കുഴിച്ചു മൂടും ഞാൻ…”

“ഒരിക്കൽ ശ്രമിച്ചിട്ട് നടന്നോ…ഇല്ലല്ലോ..” ശിവ അതു കേട്ടു ഞെട്ടി.’ഇവനു മനസ്സിലായോ ഞങ്ങളാണ് അതു ചെയ്തതെന്ന്’,ശിവ മനസ്സിൽ ആലോചിച്ചു.

“എങ്ങനെ മനസ്സിലായി എന്നാവും വിചാരിക്കുന്നത്…..അതു മനസ്സിലാക്കാൻ വിദ്യാഭ്യാസമൊന്നും വേണ്ട സാറേ….പിന്നെ അച്ചുവിന്റെ കാര്യം…താലി കെട്ടുമ്പോൾ തടയാമായിരുന്നില്ലേ എന്താ ചെയ്യാത്തത്…സ്വന്തം ജീവൻ പണയം വയ്ക്കാൻ വയ്യ അല്ലേ….” മനുവിന്റെ വാക്കുകളിൽ നിന്ന് അവനെല്ലാം അറിഞ്ഞെന്ന് ശിവയ്ക്ക് മനസ്സിലായി.

“അപ്പോളെല്ലാം അറിഞ്ഞല്ലേ…..നല്ല കാര്യം….ഇനി കാര്യങ്ങൾ എളുപ്പമായി..എപ്പോളാ നീ തിരിച്ചു പോകുന്നത്..”

“എങ്ങോട്ട്…. എങ്ങോട്ടാണ് ഞാൻ പോകേണ്ടത്,ഇത് എന്റെ ഭാര്യ വീടാണ്….സാറിന് ഉള്ളതിനെക്കാൾ അവകാശം ഈ വീട്ടിൽ എനിക്കുണ്ട്..”

“ഓഹോ..നീ അവകാശം സ്ഥാപിക്കാൻ കെട്ടിയെടുത്തതാണോ….അമ്മാവൻ കൂടെയുണ്ടെന്നുള്ള അഹങ്കാരമാണോ… എന്നാൽ കേട്ടോ..ഉടൻ തന്നെ നിന്നെ പറഞ്ഞു വിടും..മുകളിലേക്ക്…..കാത്തിരുന്നോ നീ…” അവന്റെ കണ്ണിനു നേരെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് ശിവ പുറത്തേക്കിറങ്ങാൻ തുടങ്ങി.

“സാറൊന്നു നിന്നേ….”

ശിവ വാതിൽക്കൽ നിന്ന് എന്താണ് എന്നുള്ള ഭാവത്തിൽ തിരിഞ്ഞ് നോക്കി.

” സാറും സാറിന്റെ അച്ഛനും എനിക്ക് മാത്രമല്ല വല വിരിച്ചതെന്ന് മനസ്സിലായി..ശേഖരൻ സാറിന്റെ കുടുംബത്തിനെയും നിങ്ങളില്ലാതാക്കാൻ ശ്രമിക്കുന്നെന്ന് എനിക്കറിയാം…..”

ശിവ ഞെട്ടി വിശ്വസിക്കാനാവാത്ത പോലെ മനുവിനെ നോക്കി.

“ശേഖരൻ സാറിന്റെ അന്നത്തെ ആക്സിഡന്റ് പോലും നിങ്ങളുണ്ടാക്കിയതല്ലേ…..ഇതൊക്ക അറിഞ്ഞിട്ട് തന്നെയാ ഞാനിങ്ങോട്ട് തിരിച്ചു വന്നത്…ശേഖരൻ സാറിനോട് ഞാനൊന്നും പറഞ്ഞിട്ടില്ല…പാവം അറിഞ്ഞാൽ ചങ്ക് തകർന്നു പോകും അത്ര വിശ്വാസമാണ് നിങ്ങളെയൊക്കെ..”

“ശരിയാ ഞങ്ങൾ തന്നെയാ എല്ലാം ചെയ്തത്…നിന്നെ ഉടനെ തന്നെ കാലന്റ അടുത്തേക്ക് അയക്കുകയും ചെയ്യും …നിന്നെ കാലന്റെ അടുത്തേക്കയച്ചാലും…..നീ വിഷമിക്കണ്ട……. നിന്റെ പുറകെ അമ്മാവനും അമ്മായിയും ആദിയും ആകാശും ആദർശുമൊക്കെ കാണും… പക്ഷെ അച്ചുവിനെ വിടില്ല കേട്ടോ….അവളെന്റെ പെണ്ണാ….എന്റെ ഭാര്യയായി അവളിവിടെ കാണും…..”

മനുവിന്റെ തോളത്ത് ഒന്നു തട്ടിയിട്ട് ക്രൂരമായ ഭാവത്തിൽ ഒന്നു ചിരിച്ചിട്ട് ശിവ പുറത്തേക്കിറങ്ങിപ്പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനു കട്ടിലിൽ ചാരിയിരുന്നു ശിവ പറഞ്ഞതിനെ പറ്റി ആലോചിക്കയായിരുന്നു. ‘എല്ലാം ശേഖരൻ സാറിനോട് പറഞ്ഞാലോ..വേണ്ട… ഞാൻ പറഞ്ഞാൽ വിശ്വസിക്കില്ല…..’

വാതിലിന്റെ മുന്നിൽ കൂടി എന്തോ ഒന്ന് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പോകുന്നുണ്ട്…. കുറച്ച് നേരമായി തുടങ്ങിയിട്ട്….വാതിൽ കുറച്ച് ചാരിയിട്ടുണ്ട് അതു കൊണ്ട് ആരാണെന്ന് മനസ്സിലാവുന്നില്ല..

‘ഇനി ശിവ എന്നെ കൊല്ലാനായി ആരെയെങ്കിലും വിട്ടതാണോ’,….മനു പതിയെ വാതിലിന്റെ പുറകിൽ മറഞ്ഞു നിന്നു.

ഒരു കൈ വന്ന് ചാരിയിരുന്ന വാതിൽ പതുക്കെ തുറക്കുന്നതു കണ്ടതും മനു ആ കൈ പിടിച്ച് അകത്തേക്ക് വലിച്ചു…അച്ചു നേരെ ചെന്ന് മനുവിന്റെ നെഞ്ചിലേക്ക് വീണു…

അവൾ മുഖമുയർത്തി അവന്റെ വെള്ളാരം കണ്ണുകളിലേക്ക് നോക്കി….. ആ കണ്ണുകൾ തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞിരിക്കുന്നു…

മനുവിന്റെ അവസ്ഥയും അതുപോലെയായിരുന്നു.അവൻ തന്റെ രാജകുമാരിയെ കാണുകയായിരുന്നു…….തന്റെ ഹൃദയം പൊട്ടിപ്പോകുമെന്നവന് തോന്നി.. പെട്ടെന്ന് അവന്റെ മുന്നിൽ ആ വാക്കുകൾ മുഴങ്ങി കേട്ടു…..

“തെരുവ് പട്ടി”

അവൻ അച്ചുവിൽ നിന്ന് അകന്നു മാറി ,അച്ചുവും ബോധത്തിലേക്ക് വന്നു…

“ടോ താനെന്തിനാ എന്നെ പിടിച്ച് വലിച്ചെ” ചമ്മൽ മറക്കാനായി അച്ചു ദേഷ്യത്തിന്റെ മുഖം മൂടിയണിഞ്ഞു.

“ഞാൻ…അറിയാതെ…..”

“മമ്”അച്ചു മനുവിനെ നോക്കി അമർത്തിയൊന്നു മൂളി

” താൻ പഠിച്ചിട്ടുണ്ടോ..”

“ഇല്ല”

“എഴുതാനും വായിക്കാനും അറിയാമോ”

“ചെറുതായി അറിയാം..”

“താനാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ…..”

മനു ഞെട്ടി അച്ചുവിന്റെ മുഖത്തേക്ക് നോക്കി,അവന് മഞ്ഞ് മൂടിയ വഴിയിൽ കൂടി നടന്നു വരുന്ന അച്ചുവിന്റെ മുഖം തെളിഞ്ഞു വന്നു… അവൻ ഉണ്ടെന്ന് യാന്ത്രികമായി തലയാട്ടി.. അച്ചുവിന്റെ മുഖം മങ്ങി.

“താനെന്നെ കെട്ടിയ കാര്യം ആ കുട്ടിക്ക് അറിയാമോ..”

“അറിയാം”തല കുനിച്ച് നിന്നാണ് മനു മറുപടി പറഞ്ഞത്.

‘ഇയാളെയൊക്കെ ആരു പ്രേമിക്കാനാ…മനുഷ്യന്റെ മന:സമാധാനം കളയാൻ……. എന്നെ താലി കെട്ടിയിട്ട് വേറൊരു പെണ്ണിനെയും മനസ്സിലിട്ട് നടക്കുന്നു…ദുഷ്ടൻ… അങ്ങനെ തന്നെ ആർക്കും വിട്ടു കൊടുക്കില്ല ഞാൻ….’ പിറുപിറുത്തു കൊണ്ട് പോകുന്ന അച്ചുവിനെ മനു നോക്കി നിന്നു…അവൾ പറഞ്ഞതൊന്നും അവൻ കേട്ടിരുന്നില്ല…

തന്നെ വർത്താനം പറഞ്ഞു വരുന്ന അച്ചുവിനെ കണ്ട് വർഷ വായ പൊളിച്ച് നിന്നു.

“ടീ…..അച്ചൂ………”

“എന്റെ ദൈവമേ…..അടുത്ത പാര..”

“എന്താടീ….എന്നെ കണ്ടിട്ട് നിന്റെ മുഖം മാറിയത്…”

“ഒന്നുമില്ല…നിനക്ക് തോന്നുന്നുതാ..”

“അതൊക്കെ പോട്ടെ….എന്റെ മനുവേട്ടൻ ഏത് റൂമിലാ…”

‘അവളുടെ ഒരു മനുവേട്ടൻ.’

“നീയെന്താടീ പിറുപിറുക്കുന്നത്….മനുവേട്ടൻ ഏത് റൂമിലാ….അല്ലെങ്കിൽ ഞാൻ പോയി നോക്കാം…”

“വർഷേ…..മനുവേട്ടൻ ഉറക്കമാ..നീ വെറുതെ ശല്യപ്പെടുത്തണ്ട…..”

“എന്തോ…….മനുവേട്ടനോ………എപ്പൊത്തുടങ്ങി”

“അത്…..വയസ്സിന് മുതിർന്നവരെ പേര് വിളിക്കരുതെന്ന് അച്ഛ പറഞ്ഞു.”

“മമ്….ശരി..ആയിക്കോട്ടെ…നീ പേടിക്കണ്ട….എനിക്ക് മനുവേട്ടനോട് ഒന്നുമില്ല… എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ….ഒരു സഹതാപം തോന്നി… അത്രേയുള്ളൂ……”

“സത്യം…..”

“മമ്”

“എന്നാൽ വാ നമുക്കു മനുവേട്ടന്റെ റൂമിലേക്ക്‌ പോകാം”

“മനുവേട്ടൻ ഉറക്കമാണെന്ന് പറഞ്ഞിട്ട്…”

“അത്…..ഞാൻ വെറുതെ പറഞ്ഞതാ….നീ വാ…”

ഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 9

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *