നിന്റെ മാത്രം സ്വന്തം ഭാഗം 9

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 8

 

ഭാഗം 9

അച്ചുവും വർഷയും മുറിയിലേക്ക് ചെന്നപ്പോൾ മനു ബാൽക്കണിയിൽ ആലോചിച്ചു നിൽക്കുവായിരുന്നു.

“എന്താ ആലോചിച്ചു നിൽക്കുന്നത്….”

ശബ്ദം കേട്ട് മനു തിരിഞ്ഞ് നോക്കി,വർഷയെ ഇവിടെ വച്ച് മനു കണ്ടിട്ടുണ്ട്.

“ഒന്നുമില്ല,വെറുതെ നിൽക്കുവായിരുന്നു”

“എന്നെ അറിയാമോ”

“കണ്ടിട്ടുണ്ട്….”

മറുപടി വർഷയോടാണെങ്കിലും കണ്ണുകൾ അച്ചുവിന്റെ മുഖത്തായിരുന്നു.

‘ഇപ്പോൾ അച്ചുവിനെ കാണാതിരിക്കാൻ പറ്റാതായി..അറിയാം ഒരിക്കലും സ്വന്തമാകില്ലെന്ന്…പക്ഷെ ….എപ്പോഴും അടുത്തു വേണമെന്ന് തോന്നുന്നുണ്ട്….എന്റെ ശ്വാസം പോലും ഇപ്പോൾ അച്ചുവാണ്….. സ്നേഹത്തോടെയുള്ള നിന്റെയൊരു പുഞ്ചിരി മതി എനിക്ക് ഈ ജന്മം ജീവിച്ചു തീർക്കാൻ…’ മനു മനസ്സിൽ മന്ത്രിച്ചു.

“ഞാൻ വർഷ….. അച്ചുവിന്റെ ഫ്രണ്ടാണ്,അച്ചു പറഞ്ഞ് എല്ലാം അറിയാം..ഒന്നു പരിചയപ്പെടാൻ വന്നതാ..”

വർഷയുടെ വാക്കുകളാണ് മനുവിനെ ചിന്തയിൽ നിന്നുണർത്തിയത്.അച്ചു പക്ഷേ ദേഷ്യത്തിൽ വേറെവിടെയോ നോക്കി നിൽക്കയായിരുന്നു.

“എവിടെയാ താമസിക്കുന്നെ”

“ഇവിടെ അടുത്താണ്.. ആ പോലീസ്‌ സ്റ്റേഷന്റെ അടുത്ത്..”

“ആണോ..അവിടെയൊരു സോമൻ ചേട്ടനെ അറിയോ..സോമൻ ചേട്ടന്റെ മോളുടെ കല്യാണസദ്യയുടെ ഓർഡർ ഞങ്ങൾക്കായിരുന്നു..അങ്ങനെ പരിചയപ്പെട്ടതാ…”

“ആണോ…..ഞാനും ഉണ്ടായിരുന്നു കല്യാണത്തിന്….എന്നിട്ട് മനുവേട്ടനെ കണ്ടില്ലല്ലോ…” അവളുടെ മനുവേട്ടാ എന്ന വിളി മനുവിനെ സന്തോഷിപ്പിച്ചു..മീനാക്ഷി മിഥുനെ ചേട്ടായെന്നു വിളിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്..എനിക്കും ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിലെന്ന്….

പിന്നെയും മനുവും വർഷയും ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു… അച്ചുവിന് ഇതുകണ്ടിട്ട് ആകെ വിറഞ്ഞു കയറി

‘ദുഷ്ടൻ….. ഞാനെന്തെങ്കിലും ചോദിച്ചാൽ തല കുനിച്ച് നിന്ന് പാവത്തിനെ പോലെ ഒറ്റവാക്കിൽ ഉത്തരം പറയും….ഇപ്പൊ എന്താ ഒലിപ്പീര്….ഇതിനെയൊന്നും വിശ്വസിക്കാൻ കൊള്ളൂല…..’

“വർഷേ നീ വരുന്നുണ്ടോ….സുഖ വിവരം അന്വേഷിച്ചില്ലേ….ഇനി പോകാം ….”

“നീ പൊക്കോ അച്ചൂ…ഞാൻ കുറച്ച് നേരം മനുവേട്ടനോട് സംസാരിച്ചിട്ട് വരാം…” അച്ചു കണ്ണുതള്ളി നിൽക്കയാണ്…ഇവളെന്തു സംസാരിക്കാനാ……..എല്ലാം കൈയ്യീന്ന് പോയല്ലോ….ഇവളിതെന്തു ഭാവിച്ചാ…..അയാളുടെ മുഖവും തെളിഞ്ഞിട്ടുണ്ട്…ഇനി അയാൾക്ക് വർഷയെ ഇഷ്ടമായോ…..ഏയ് ഇല്ല….അയാൾക്ക് വേറെ ഏതോ പെണ്ണിനെയല്ലേ ഇഷ്ടം……

“വർഷേ നിന്നോട് വരാനല്ലേ പറഞ്ഞത്..”അച്ചുവിന്റെ ശബ്ദം കടുത്തു.

“എന്നാ ഞാൻ പൊക്കോട്ടെ മനുവേട്ടാ..ഇവളു സമ്മതിക്കില്ല ഒന്നു മര്യാദക്ക് സംസാരിക്കാൻ…”

“ശരി..വർഷേ…ഇനി വരുമ്പോൾ കാണാം..”മനു പറഞ്ഞു.

‘പിന്നെ ഇനി വർഷ വരുമ്പോൾ തന്റെ മുറി ഞാൻ പൂട്ടിയിടുമെടാ…ദുഷ്ടാ….’അച്ചു മനസ്സിൽ പറഞ്ഞു.

“മനുവേട്ടനു ഫോണുണ്ടോ…..നമ്പർ തരുമോ..”

“ഉണ്ടായിരുന്നു.. പൊട്ടിപ്പോയി..”

‘നല്ല കാര്യം….ഇനി താൻ ഫോണ് ഉപയോഗിക്കുന്നൊതൊന്ന് കാണട്ടെ….ചവിട്ടി പൊട്ടിക്കും ഞാൻ….’അച്ചു പിറുപിറുത്തു.

“അച്ചൂ…നീയെന്താ തന്നെ നിന്ന് സംസാരിക്കുന്നത്..വാ പോകാം..”

അച്ചുവും വർഷയും പുറത്തേക്കിറങ്ങി..അച്ചു ഒന്നു തിരിഞ്ഞ് നോക്കി തന്നെ നോക്കി നിൽക്കുന്ന മനുവിനെ കണ്ടപ്പോൾ മനസ്സിൽ മഞ്ഞു വീണ സുഖം തോന്നി..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മുറിയിൽ വർഷയോട് പൊട്ടിത്തെറിക്കുവാണ് അച്ചു. “നീ നേരത്തെ എന്താ പറഞ്ഞെ…എനിക്ക് മനുവിനോട് ഒന്നുമില്ല പോലും…….. ….. എന്നിട്ട് എന്തായിരുന്നു രണ്ടു പേരും കൂടി ശൃംഗാരം…..”

“അച്ചൂ….എന്തിനാ ദേഷ്യം..”വർഷ അലിവോടെ ചോദിച്ചു.

“എനിക്കറിയില്ല വർഷാ….രാഹുൽ ബലമായി എന്റെ കഴുത്തിൽ താലി കെട്ടി ,അഞ്ച് മിനിറ്റ് പോലും അത് കഴുത്തിൽ കിടന്നില്ല..പിടിവലിക്കിടയിൽ അവന്റെ കൈ കൊണ്ട് തന്നെ പൊട്ടിപ്പോയി……അവൻ

മരിച്ചെന്നറിഞ്ഞപ്പോളാണ് ഞാൻ അവന്റെ ഭാര്യയാണന്ന് ഓർമ വന്നത്..അവന്റെ സ്നേഹത്തെ വിശ്വസിക്കാൻ ശ്രമിച്ചു…. അവന്റെ വിധവയായി ജീവിക്കാൻ തീരുമാനിച്ചു. അവന്റെ ഓർമകളിൽ ജീവിക്കാൻ ശ്രമിച്ചു… പക്ഷെ മനുവേട്ടൻ……. മനുവേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ..രാഹുലിനെ ഓർത്ത് ഞാൻ

വേദനിച്ചു…പക്ഷെ മനുവേട്ടൻ ശരീരത്തിലല്ല എന്റെ മനസ്സിലാണ് താലി കെട്ടിയതെന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത്…..അന്ന് അബോധാവസ്ഥയിൽ മനുവേട്ടനെ കണ്ടപ്പോൾ…….. ആ നിമിഷം മുതൽ ഞാൻ എന്നിൽ അടിച്ചേൽപ്പിച്ച രാഹുൽ എന്ന ജീവിതം ഞാൻ മറക്കാൻ തുടങ്ങി… ഇപ്പോൾ ഞാൻ…….’പൂർത്തിയാക്കാനാകാതെ അച്ചു പൊട്ടിക്കരഞ്ഞു.

“അച്ചൂ…..കരയാതെ…..” വർഷ അവളെ പൊതിഞ്ഞ് പിടിച്ചു. “നിനക്ക് മനുവേട്ടനോട് പറഞ്ഞൂടെ അച്ചൂ…”

“അതിന് അയാൾക്ക് വേറെ ഏതോ പെണ്ണിനെ ഇഷ്ടമാണ്…”

“ആരു പറഞ്ഞു…”

“മനുവേട്ടൻ”

“എന്നാൽ നീ നിന്റെ ഇഷ്ടം ഇപ്പോൾ പറയണ്ട..”

“അതെന്താ വർഷേ….”

“ഒന്നുമില്ല… എടുത്തു ചാടി ഒന്നും ചെയ്യണ്ട….”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദിവസങ്ങൾ കഴിഞ്ഞു പോയി മനുവിന്റെയും അച്ചുവിന്റെയും നിശബ്ദ പ്രണയം കൂടിക്കൊണ്ടിരുന്നു. ശേഖരനും ആകാശും കൂടിയാണ് മനുവിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്..ശത്രുക്കൾ ഉള്ളതുകൊണ്ട് മനുവിനെ മുറിക്ക് പുറത്തേക്കിറങ്ങാൻ ശേഖരൻ അനുവദിച്ചില്ല.കേശവനും മക്കളും ഒരു അവസരത്തിനായി കാത്തിരുന്നു.. ഒരു ദിവസം ശേഖരൻ പുറത്തേക്ക് പോയപ്പോൾ മനുവിന് ഭക്ഷണം കൊടുക്കാൻ രാധമ്മയെ ഏൽപ്പിച്ചു.

രാധമ്മ മനുവിനുള്ള ഭക്ഷണവുമായി മുകളിലെത്തി..വാതിലിനു പുറത്ത് നിന്ന് അകത്തേക്ക് പാളി നോക്കി. മുഖത്ത് കൈ മടക്കി വച്ച് നിവർന്ന് കിടന്ന് ഉറങ്ങുന്ന മനുവിനെ കണ്ട് അവർ ദീർഘനിശ്വാസമെടുത്തു,ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി…ഭക്ഷണം മേശയിൽ വച്ചു ഒന്നുകൂടി മനുവിനെ നോക്കി…അവൻ ഉറങ്ങുന്നതു കണ്ട് ആശ്വാസത്തോടെ പതിയെ പുറത്തേക്ക് നടക്കാനൊരുങ്ങി..

“രുചി കൂട്ടാൻ വിഷം ചേർത്തിട്ടുണ്ടോ….രാധചേച്ചീ..”

മനുവിന്റ ശബ്ദം കേട്ട് പിടിച്ചു കെട്ടിയതു പോലെ രാധമ്മ നിന്നു.തിരിഞ്ഞ് നോക്കിയപ്പോൾ കട്ടിലിരുന്നു തന്നെ നോക്കി പുഞ്ചിരിക്കുന്ന മനുവിനെ രാധമ്മ കണ്ടു. ഓടിച്ചെന്ന് മനുവിന്റെ കൈകൾ കൂട്ടിപ്പിടിച്ച് അതിൽ തല ചേർത്ത് പൊട്ടിക്കരഞ്ഞു.

“മോനെ പൊറുക്കണം…എനിക്കും മോന്റെ പ്രായത്തിൽ ഒരു മോനുണ്ട്..എന്നിട്ടും എന്റെ കൈകൾ കൊണ്ടാ മോനു ഞാൻ വിഷം തന്നത്”

“അതൊക്കെ കഴിഞ്ഞു പോയതല്ലേ രാധചേച്ചീ… എനിക്ക് പിണക്കമൊന്നുമില്ല…”

“മോനേ കേശവൻ സാറും ഹരി സാറും എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ….കുറച്ച് കാശും തന്നു….,ജീവനെടുക്കാൻ നോക്കിയിട്ടും എന്റെ പേരെന്താ മോൻ ആരോടും പറയാത്തെ”

“ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്ന് ആകാശ് സാറ് പറഞ്ഞറിയാം.. ഭക്ഷണമൊന്നും സ്നേഹത്തോടെ തരാൻ എനിക്കാരുമുണ്ടായിരുന്നില്ല രാധചേച്ചീ…. വിഷമാണെങ്കിലും എന്റെ മുന്നിൽ സ്നേഹത്തോടെ ഭക്ഷണം നീട്ടിയതല്ലേ….”

രാധമ്മ നന്ദിയോടെ മനുവിനെ നോക്കി.. വാതിലിനു പുറത്ത് ഇത് കേട്ടു നിന്ന അച്ചുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

അച്ചുവിന് മനുവിനെകുറിച്ച് അഭിമാനം തോന്നി,കൊല്ലാൻ ശ്രമിച്ചവരോടു പോലും ക്ഷമിക്കാനുള്ള മനസ്സ് കാണിച്ചു,..കേശവനാണ് ഇതിന്റെ പിന്നിലെന്നോർത്തപ്പോൾ ദേഷ്യം തോന്നി…

‘അമ്മാവനും കൂടിയല്ലേ മനുവേട്ടനെക്കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിച്ചത്…പിന്നെ എന്തിനായിരിക്കും മനുവേട്ടനെ കൊല്ലാൻ ശ്രമിച്ചത്………..ഞാനറിയാത്ത എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് ..കണ്ടുപിടിക്കണം’അച്ചു മനസ്സിൽ വിചാരിച്ചു..

“നിനക്ക് എപ്പോഴും ചിന്തയാണല്ലോ അച്ചൂ…”

“നീയെപ്പൊ വന്നു….വർഷേ…..”

“കുറച്ചു നേരമായി….വഴിയിൽ വച്ച് ശേഖരന് അങ്കിളിനെ കണ്ടു…അങ്കിളിന്റെ കൂടെ കാറിൽ പോന്നു……… അഡ്മിഷന്റെ കാര്യമൊക്കെ ശരിയാക്കി….അടുത്ത മാസം നമുക്കു ഹോസ്റ്റലിലേക്ക് മാറേണ്ടി വരും…” ഹോസ്റ്റലിലേക്ക് മാറണമെന്ന് കേട്ടപ്പോൾ അച്ചുവിന്റെ മുഖം മാറി..

“മനുവേട്ടനെ കാണാതിരിക്കാൻ പറ്റില്ല..വർഷേ.. അത്രയും മനസ്സുകൊണ്ട് അടുത്തു പോയി….. ഞാൻ ഇവിടെ അടുത്തുള്ള കോളേജിൽ ഏതെങ്കിലും കോഴ്സിന് ചേർന്നാലോ…”

“നീയെന്തായീ പറയുന്നെ അച്ചു………നിന്റെ സ്വപ്നമല്ലേ ഡോക്ടർ ആവണമെന്ന്…അഞ്ച് വർഷം കഴിയുമ്പോൾ നമ്മള് രണ്ടുപേരും ഡോക്ടർമാർ അല്ലേടീ……”

“പക്ഷേ ….മനുവേട്ടൻ..”

“നീ വിഷമിക്കണ്ട…ഹോസ്റ്റലിലേക്ക് മാറുന്നതിന് മുൻപ് മനുവേട്ടനോട് നമുക്ക് സംസാരിച്ച് ഒരു തീരുമാനമെടുക്കാം…..പിന്നെ എല്ലാ ആഴ്ചയിലും വരാമല്ലോ..” അതുകേട്ടപ്പോൾ അച്ചുവിന്റെ മുഖം തെളിഞ്ഞു,,അച്ചു പോലുമറിയാതെ മനു അച്ചുവിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു…അതിതീവ്രമായി മനുവിനെ അവൾ പ്രണയിക്കാൻ തുടങ്ങിയിരുന്നു..

“ഞാൻ പോയി മനുവേട്ടനെ ഒന്നു കണ്ടിട്ട് വരട്ടെ…മനുവേട്ടന്റെ പേരിൽ രാവിലെ പുഷ്പാർച്ചന നടത്തിയിരുന്നു അതിന്റെ പ്രസാദം കൊണ്ട് കൊടുത്തിട്ട് വരാം…”

“വർഷേ…..എന്താ നിന്റെ മനസ്സിൽ…നീയെന്തിനാ മനുവേട്ടന്റെ പേരിൽ പൂജ നടത്തുന്നെ….”

“നിനക്കറിയില്ലേ അച്ചൂ……കുഞ്ഞിലെ നഷ്ടപ്പെട്ടു പോയതാ എനിക്കെന്റെ ഏട്ടനെ…… അതോടെ അചഛനു വയ്യാതായി……ഏട്ടനെ കാണാതായി ഒരു വർഷം തികയുന്നതിന് മുൻപേ അച്ഛൻ ഞങ്ങളെ വിട്ടു പോയി….ഞാനും അമ്മയും തനിച്ചായി..അമ്മ ഒരുപാട് കഷ്ടപ്പെട്ടു എന്നെ പഠിപ്പിക്കാൻ… പിന്നെ പത്താം ക്ലാസിൽ വച്ച് നീ എനിക്ക് കൂട്ടായി വന്നപ്പോൾ എന്റെ അവസ്ഥ അറിഞ്ഞ് നിന്റെ അച്ഛനോട് പറഞ്ഞ് എന്റെ പഠനച്ചിലവ് ഏറ്റെടുത്തു…മനുവേട്ടനെ കണ്ടപ്പോൾ പ്രേമമാണെന്നാണ് എനിക്ക് തോന്നിയത്…എന്നാൽ മനുവേട്ടന്റെ മുഖം ഓർമ വരുമ്പോൾ എന്റെ ഏട്ടൻ തിരിച്ചു വന്നതായി തോന്നും….നിന്റെ മനസ്സറിയാനാ ഞാൻ മനുവേട്ടനെ ക്കുറിച്ച് അങ്ങനെയൊക്കെ പറയുന്നത്…”വർഷ വിതുമ്പിപ്പോയി.

“അയ്യേ ഝാൻസി റാണി കരയുന്നോ….എനിക്കറിയാം നിന്നെ ….വാ മനുവേട്ടന്റെ അടുത്ത് പോകാം…ഞാനും ഇന്ന് കണ്ടില്ല മനുവേട്ടനെ…”

വർഷ വിതുമ്പിക്കൊണ്ട് അച്ചുവിന്റെ കൈയ്യിൽ പിടിച്ചു.. “അച്ചൂ…ഇപ്പോൾ മെഡിസിന് പഠിക്കാനും ശേഖരനങ്കിളാ പൈസ ചിലവാക്കുന്നെ…ഈ കടമൊക്കെ ഞാനെങ്ങനെ വീട്ടും..”

” എന്റെ വർഷേ നീയൊന്നു വരുന്നുണ്ടോ ആ മനുഷ്യനെ കാണാൻ ധൃതിപിടിച്ചിരിക്കുമ്പോളാ അവളുടെ ഒരു സെന്റി…..” അതുകേട്ടു ചിരിച്ചു കൊണ്ട് വർഷ അച്ചുവിന്റെ പുറകേ പോയി.

മനുവിന് വർഷയെ കണ്ടപ്പോൾ സന്തോഷമായി..വർഷ ചന്ദനം മനുവിന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.. മനുവിന്റെ കണ്ണുകൾ നിറഞ്ഞു…അതുകണ്ടപ്പോൾ വർഷയുടെ കണ്ണുകളും നിറഞ്ഞു..

“ആരുമില്ലെന്നോർത്ത് വിഷമിക്കരുത്…ഇനി മുതൽ ഈ അനിയത്തി ഉണ്ടാകും കൂടെ…..” മനു വാത്സല്യത്തോടെ വർഷയെ ചേർത്ത് പിടിച്ചു. അച്ചുവിന്റെ കണ്ണും മനസ്സും നിറഞ്ഞു..

“എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ആരുമില്ലായിരുന്നു മോളെ…….ഇപ്പോൾ ആരൊക്കെയോ ഉണ്ടെന്ന് തോന്നുന്നു..”അച്ചുവിനെ നോക്കിയാണ് മനു അത് പറഞ്ഞത്.. അച്ചുവും അവന്റെ വെള്ളാരം കണ്ണുകളിൽ നോക്കി നിൽക്കയായിരുന്നു….. രണ്ടുപേരുടെയും കണ്ണുകൾ കോർത്തു…

‘മനസ്സ് മഞ്ഞിൽ കുളിർന്നു….മഞ്ഞുമൂടിയ വഴിയോരത്ത് അവർ പരസ്പരം നോക്കി നിന്നു…….മഞ്ഞുതുള്ളികൾ അവരുടെ ശരീരത്തിൽ പതിച്ച് അലിഞ്ഞില്ലാതായി….കണ്ണുകൾ പ്രണയം കൈമാറി…….പരസ്പരം കെട്ടിപ്പിടിച്ചു….. ചുണ്ടിൽ അനുരാഗത്തോടെ ചുംബിച്ചു…’

“ഹലോ രണ്ടാളും ഈ ലോകത്തൊന്നു അല്ലേ” വർഷയുടെ ശബ്ദം കേട്ട് സ്വപ്നലോകത്ത് നിന്ന് അവർ ഞെട്ടിയുണർന്നു…

‘അത് സ്വപ്നമായിരുന്നോ……’അച്ചു പിറുപിറുത്തു.. മനുവിന്റെ അവസ്ഥയും അതുപോലെയായിരുന്നു..കഴിഞ്ഞ് പോയ നിമിഷങ്ങൾ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവ് അവനെ നിരാശയിലാഴ്ത്തി.

“രണ്ടും കുറെ നേരമായി അനക്കമൊന്നുമില്ലാതെ നിൽക്കുന്നു… എന്താ പറ്റിയത് രണ്ടുപേർക്കും..”

“വർഷേ നീ വരുന്നുണ്ടോ…എനിക്ക് വേറെ പണിയുണ്ട്…..” ചമ്മൽ മാറ്റാനായി കള്ളപരിഭവം നടിച്ചു അച്ചു മുറിയിൽ നിന്ന് പുറത്തേക്ക് പോയി..

മനുവിനോട് യാത്ര പറഞ്ഞ് വർഷയും പുറത്തേക്കിറങ്ങി……അച്ചുവിന്റെ മുറിയിലേക്ക് നടന്ന വർഷയെ…രണ്ട് കൈകൾ ബലമായി പിടിച്ച് ഒരു മുറിക്കകത്തേക്ക് തള്ളി…

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10

Leave a Reply

Your email address will not be published. Required fields are marked *