ഇങ്ങനെ ഒരു ജീവിതമായിരുന്നുവോ താൻ ആഗ്രഹിച്ചത് എന്നവൾ ഓർക്കാതിരുന്നില്ല…

രചന: Ajan Anil Nair

ഒരു തണുത്ത വെളുപ്പാൻകാലത്ത് ആയിരുന്നു ലീനയെ തേടി സുബീഷിന്റെ ഫ്രണ്ട് റിക്വസ്റ്റ് എത്തുന്നത്

ഭർത്താവും കുട്ടികളും ഉറക്കം വിട്ടെഴുന്നേറ്റിരുന്നില്ല

ചിലപ്പോഴെങ്കിലും അവൾക്ക് അവളുടെ ജീവിതത്തോട് മടുപ്പ് തോന്നിയിരുന്നു, ചെറിയൊരു വീട്, ഭർത്താവിന്റെ ജോലി തിരക്കുകൾ, വീട്ടുജോലിയോടൊപ്പം കുട്ടികളെ നോട്ടം, സ്ഥിരം കഴിച്ച് രുചി മടുത്തുപോയ വിഭവങ്ങൾ

ഇങ്ങനെ ഒരു ജീവിതമായിരുന്നുവോ താൻ ആഗ്രഹിച്ചത് എന്നവൾ ഓർക്കാതിരുന്നില്ല,

സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരനോട് ഒന്ന് സംവദിച്ചാൽ എന്താണ് അതിലൊരു തെറ്റ് !!

അവളുടെ സമ്മതത്തിനു കാത്ത് നിൽക്കുകയായിരുന്നെന്നു തോന്നിപ്പോവും ഒരു ഹായ് ഇൻബോക്സിനെ തട്ടി ഉണർത്തിയത്

കളി ചിരികളുമായി ആ സൗഹൃദം വളർന്നത് പല തലങ്ങളിലേക്കും ആയിരുന്നു

സ്ഥലകാല ബോധമില്ലാതെ ഫോണിലേക്ക് നോക്കി ഇരിക്കുവാൻതുടങ്ങിയ അവളുടെ ഭാവ മാറ്റങ്ങൾ ജാക്സൺ ശ്രദ്ധിക്കാതിരുന്നില്ല

മൊബൈലിൽ തുടരെ തുടരെ വന്നു പോവുന്ന സന്ദേശങ്ങൾ, അവയിലേക്ക് ഉറ്റുനോക്കി ഊറി ചിരിക്കുന്ന അവൾ

ഒടുവിൽ അയാൾക്ക് അവളുടെ ഫോൺ പരിശോധിക്കേണ്ടി വന്നു

സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ പരിധി വിടാൻ ഒരുങ്ങിയെന്നു കണ്ടപ്പോൾ ഏത് നിമിഷവും പൊട്ടി തെറിക്കാവുന്ന ഒരഗ്നി പർവതം പോലെ ജാക്സൺ മാറിയിരുന്നു

എന്നാൽ അച്ഛന്റെയും അമ്മയുടെയും ഭാവമാറ്റങ്ങൾ മനസിലാവാത്ത കുട്ടികളുടെ കരച്ചിലുകൾ അയാളെ മറ്റു വഴികൾ തേടുവാൻ പ്രേരിപ്പിച്ചു

ലീനയുടെ വീട്ടിൽ അറിയിക്കുക എന്നതായിരുന്നു അയാൾ കണ്ടെത്തിയ പോം വഴി

വീട്ടിൽ ഇക്കാര്യമൊക്കെയും അറിഞ്ഞാൽ ഉണ്ടായേക്കാവുന്ന പുകിൽ ഓർത്ത് അവളും പരിഭ്രമിക്കാതിരുന്നില്ല , ജാക്സൺ ആയിരുന്നു പ്രായമായ അമ്മയും സഹോദരനും ഉള്ള അവളുടെ വീടും നോക്കിയിരുന്നത്,

പോരാത്തതിന് സഹോദരൻ ഇതറിഞ്ഞാൽ ഉണ്ടായേക്കാവുന്ന കോലാഹലങ്ങൾ അവളെയും ഭയപ്പെടുത്തി

പ്രായത്തിൽ രണ്ടുവർഷം മാത്രമേ സഹോദരൻ മുതിർന്നിരുന്നുള്ളു എങ്കിലും അച്ഛന്റെ സ്ഥാനമായിരുന്നു അയാൾക്ക്

ജാക്സൺ വീട്ടിലേക്ക് പുറപ്പെടുകയാണ് എന്നറിഞ്ഞ നേരം ഇനിയെന്ത് എന്നോർത്ത് നിന്ന നിമിഷങ്ങൾ

“ലീന, ആ വീട്ടിൽ നിനക്ക് ഒരു സമാധാനവും ഉണ്ടാവില്ല, അവർ നിന്നെ തല്ലി ചതയ്ക്കും, നീ എന്റെ അടുത്തേക്ക്പോരൂ” സുബീഷ് അവളെ ക്ഷണിച്ചു

അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ തരിച്ചിരിക്കുകയായിരുന്നു

“നീ ആഗ്രഹിച്ച ഒരു ജീവിതം നിനക്ക് നല്കാൻ ഞാൻ ഒരുക്കമാണ് , വൈകാതെ പുറപ്പെട്ടോളൂ ,ഞാൻ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കാം ”

സുബീഷിന്റെ ക്ഷണം അവൾക്ക് വല്ലാത്ത ഒരു ഊർജം പകരുകയായിരുന്നു , ഇനിയും നേടുവാൻ ഏറെയുണ്ട് എന്ന് ആരോ ഉള്ളിൽ ഇരുന്നു പറയും പോലെ

മക്കൾ ഉറക്കമായിരുന്നു, വീട് ചാരി ബാഗെടുത്ത് ധൃതിയിൽ ബസിൽ കയറിയപ്പോഴാണ് ഒരാശ്വാസം തോന്നിയത്

ഈ നരകത്തിൽ നിന്നും രക്ഷപെടാൻ ദൈവം കാണിച്ച ഒരുവഴി എന്നവൾക്ക് തോന്നാതിരുന്നില്ല

ഒരു പകൽ നീണ്ട യാത്ര

ബസ് സ്റ്റോപ്പിൽ കാത്ത് നിന്നിരുന്ന അയാളെ തിരിച്ചറിയാൻ അവൾക്ക് പ്രയാസം തോന്നിയിരുന്നില്ല , ഫേസ്‌ബുക്കിലെ മനോഹരമായ ചിത്രങ്ങളിൽ എത്രയോ വട്ടം കണ്ടു മനസിൽ കോറി ഇട്ടതാണ് ആ മുഖം

“കയറിക്കോ”ബൈക്കിന്റെ പിൻ സീറ്റിലേക്ക് അവൻ ക്ഷണിച്ചു

അവന്റെ മുതുകിലേക്ക് ചാരി ബൈക്കിൽ ഇരിക്കുമ്പോൾ തന്റെ സ്വപ്‌നങ്ങൾ ഒക്കെയും യാഥാർഥ്യം ആവാൻ പോവുകയാണെന്നവൾക്ക് ഉറപ്പായിരുന്നു

ഇരുട്ടിൽ എവിടെയോ ആ ബൈക്ക് നിന്നു

“കുറച്ച് നടക്കുവാനുണ്ട് …ലീന മടുത്തോ ” സുബീഷ് കുശലം പറഞ്ഞു ചിരിച്ചു

“ഏയ് , ഈ കൈപിടിച്ച് എത്ര വേണമെങ്കിലും ഞാൻ നടക്കും ” എന്ന് അവൾക്ക് പറയണമെന്നു തോന്നി, പക്ഷെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി

“വലതുകാൽ വെച്ച് കയറിക്കോളൂ ” സുബീഷ് ചൂണ്ടി കാണിച്ചിടത്തേക്ക് ഒന്ന് അവൾ നോക്കി പോയി

മനസ്സിൽ പ്രതീക്ഷിച്ചിരുന്ന മണിമാളികയ്ക്ക് പകരം ഒരു കുഞ്ഞു വീട്,ടാർപോളിൻ വലിച്ച് കെട്ടി മേൽക്കൂര മറച്ചിരുന്ന ആ വീട് കണ്ടപ്പോൾ തന്നെ ലീനയുടെ മനസ്സിൽ അതൃപ്തിയുടെ കടവാവലുകൾ പറന്നുയർന്നിരുന്നു

അവരെ വരവേൽക്കാനായി ഉമ്മറത്ത് അമ്മയും ചേച്ചിമാരെന്നു തോന്നിക്കും വിധം മറ്റു രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു.

അവരെല്ലാം ഈർഷ്യയോടെയാണ് തന്നെ നോക്കുന്നത് എന്നവൾക്ക് തോന്നി

ആ ഒറ്റമുറി ,അടുക്കളയും ഹാളും ബെഡ് റൂമും ആയി സമയാനുസൃതം മാറി

രാത്രിയിൽ വിശപ്പടക്കാൻ പഴം കഞ്ഞിയും ചമ്മന്തിയും കൂട്ടിയപ്പോൾ മനസൊന്നു ഇളകി, നാവിൽ ഇന്നലെ വീട്ടിൽ നിന്നും കഴിച്ച മധുരമേറിയ അത്താഴത്തിന്റെ ഓർമ്മകൾ ഉണ്ടായിരുന്നു

അത്താഴം കഴിഞ്ഞു ഉറങ്ങാൻ ഒരുങ്ങിയപ്പോഴാണ് അരിഞ്ഞത്, എല്ലാവര്ക്കും കിടക്കാൻ ആ ഒരു മുറി മാത്രം, പായ കൂട്ടി വിരിച്ച് സുബീഷണ്ണന്റെ കൂടെ ഒന്ന് ചേർന്ന് കിടക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു സുബീഷണ്ണന്റെ ഇടതും വലതും ചേർന്നൊട്ടി കിടക്കുന്ന ആ രണ്ടുപേരെ കണ്ടത്

“ഞങ്ങളും നിന്നെ പോലെ വന്നു പോയതാ പെണ്ണേ ” അവരിലൊരുത്തി അടക്കം പറഞ്ഞു കുലുങ്ങി ചിരിച്ചിരുന്നു

“ഇത്തിരി അങ്ങ് മാറിക്കിടക്കെടീ,വന്നപ്പോഴേ അങ്ങ് കേറി ഒട്ടാൻ നോക്കുകയാണ് ഒരുമ്പെട്ടോള് ” രണ്ടാമത്തെ ആളുടെ കമന്റ്

തകർന്നു പോയിരുന്നു അവൾ അപ്പോഴേക്കും, അയാളുടെ അവകാശികളിൽ ഒരാൾ മാത്രമാണ് താൻ എന്ന സത്യം അവൾ തിരിച്ചറിഞ്ഞു

ഭര്തതാവിനെ ഓർത്തു പോയി -ചെറിയ വീടാണെങ്കിലും പണിയെടുത്ത് കിട്ടുന്ന തുക മിച്ചം പിടിച്ഛ് തനിക്കൊരു കുറവും വരുത്താതെ ജാക്സൺ നോക്കിയിരുന്നു, ഇതിപ്പോൾ ഒന്ന് നാട് നിവർത്താൻ കൂടി സ്ഥലമില്ലാണ്ട് ഒരു കൂരയ്ക്ക് താഴെ !!

കാലത്ത് കണ്ണ് തുറന്നപ്പോൾ വരവേറ്റത് ഉമ്മറത്ത് നിന്നിരുന്ന പോലീസ് കാരായിരുന്നു

സുബീഷിനെയും ലീനയേയും സ്റ്റേഷനിലേക്ക് വിളിക്കാൻ എത്തിയതാണവർ

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയവളും അവളെ അതിനു പ്രേരിപ്പിച്ചവനും ഒരുപോലെ അഴിയെണ്ണേണ്ടി വരുമെന്ന് എസ് ഐ തീർത്ത് പറഞ്ഞപ്പോഴായിരുന്നു സുബീഷിന്റെ തനിനിറം പുറത്ത് വന്നത്

“ഞാൻ ആരെയും പ്രേരിപ്പിച്ചില്ല സാറേ, അവൾ ആയിട്ട് ഇറങ്ങി പോന്നതാണ് ”

“ഇങ്ങേരു ഇറങ്ങി വന്നാൽ നോക്കിക്കോളാം എന്ന് പറഞ്ഞത്കൊണ്ട് ആണ് സാറേ ഞാൻ ഇറങ്ങി വന്നത് ,വന്നപ്പോഴാണ് അറിയുന്നത് എന്നെപ്പോലെ പറഞ്ഞു പറ്റിച്ചോണ്ട് വന്ന രണ്ടു പേര് വേറെയും ഉണ്ടെന്നു ”

“എന്റെ സാറെ, ഈ ഒരുമാസത്തെ പരിചയം വെച്ച് ഒരുത്തന്റെ കൂടെ ഇറങ്ങി പോയ ഇവളൊക്കെ നാളെ വേറൊരുത്തൻ വിളിച്ചാൽ അവന്റെ കൂടെയും പോയെന്നു വരും, എങ്ങനെ എങ്കിലും ഇതിനെ തലയിൽ നിന്നൊഴിവാക്കി തരണം എന്നെ എനിക്ക് ഉള്ളൂ ”

ഇത്രനാളും കേട്ടിരുന്ന മധുര മൊഴികളിൽ നിന്നും വ്യത്യസ്തമായി അവനിൽ നിന്നും പുറത്ത് വന്ന ശാപ വാക്കുകൾ കേട്ട് ലീന തരിച്ചു നിന്നു പോയി

സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോരാൻ തോന്നിയ ആ നിമിഷത്തെ അവൾ ശപിച്ചു , സ്വയം അവൾക്ക് വെറുപ്പ് തോന്നിത്തുടങ്ങിയിരുന്നു

വീട്ടിലേക്ക് മടങ്ങി പോവാൻ വയ്യ, കാമുകനും വേണ്ട, താൻ ഒറ്റപ്പെട്ടു പോയി എന്ന് ബോധ്യമായ നിമിഷങ്ങൾ

“ഉണ്ട തിന്നേണ്ടി വരും , ഒന്നല്ല ഏഴു വര്ഷം ” പോലീസ് കാർ അടക്കം പറഞ്ഞു

“പറ്റി പോയി സാറേ, എനിക്ക് എന്റെ ഭാര്തതാവിന്റെയും മക്കളുടെയും അടുത്തേക്ക് മടങ്ങി പോണം,സഹായിക്കണം ”

ഏങ്ങലടിച്ചു കൊണ്ട് അവൾ അത് പറഞ്ഞൊപ്പിച്ചു

“ഒത്ത് തീർപ്പ് ആവണം , അതിനു ജാക്സൺ വിചാരിച്ചാലേ വഴിയുള്ളൂ,അയാൾ പരാതി പിൻവലിക്കാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല ” എസ് ഐ കൈ മലർത്തി

“ജയിലെങ്കിൽ ജയിൽ ” സുബീഷ് എന്തിനും ഒരുക്കമായിരുന്നു ,തഴക്കവും പഴക്കവും വന്ന ഒരു ക്രിമിനലിനെപ്പോലെ കൂസാതെ അയാൾ അത് പറഞ്ഞു

സ്റ്റേഷൻ വരാന്തയിൽ എന്ത് ചെയ്യണമെന്നറിയാതെ തല കുമ്പിട്ടിരിക്കുമ്പോളായിരുന്നു അമ്മേ എന്നുള്ള വിളി അവൾ കേട്ടത്

“‘അമ്മ എന്തിനാ കരയുന്നെ ” ഓടിയെത്തിയ പിഞ്ചു കുഞ്ഞുങ്ങൾ ചോദിച്ചപ്പോൾ അവരെ മാറോടടക്കി പിടിച്ച് കരയാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ

“അച്ഛൻ, അതാ, അവിടെ നിൽപ്പുണ്ട് ” അവർ ചൂണ്ടിയ ദിക്കിലേക്ക് അവൾ ഒന്ന് നോക്കി

സർവവും തകർന്നവനെപോലെ ജാക്സൺ അവിടെ നിന്നിരുന്നു,അയാളെ അഭിമുഖീകരിക്കാൻ അവൾക്ക് ആവുന്നില്ലായിരുന്നു

“ലീനാ , നിനക്ക് എന്ത് കുറവാ ഞാൻ വരുത്തിയിട്ടുള്ളത് ? കഴിവിന്റെ പരമാവധി ഞാൻ നിന്റെ ഇഷ്ടങ്ങൾ സാധിച്ചു തരാൻ നോക്കിയിട്ടില്ലേ , എന്നിട്ടും എന്തിനാണ് നീ ഇങ്ങനെ ” അയാളും വാക്കുകൾക്കായി പരതുകയായിരുന്നു

“തെറ്റ് പറ്റിപ്പോയി , എന്നോട് ക്ഷമിക്കണം”അയാളുടെ കാലിൽ വീണു മാപ്പു പറയുമ്പോഴും അവൾ ഏങ്ങലടിക്കുകയായിരുന്നു

“നിന്നോട് ക്ഷമിക്കാനോ ? ഇനി എന്റെ മനസിലോ ആ വീട്ടിലോ നിനക്ക് ഒരു സ്ഥാനവുമില്ല ” ജാക്സൺ കോപം കൊണ്ട് ജ്വലിക്കുകയായിരുന്നു

മക്കളെ ഇരുകൈകളിലും പിടിച്ച് അയാൾ നടന്നകന്നു, ആ പിഞ്ചു കണ്ണുകൾ അവളെ ഇമ ചിമ്മാതെ നോക്കുന്നുണ്ടായിരുന്നു

അകലമേറി വരും തോറും അവ അണപൊട്ടി ഒഴുകിത്തുടങ്ങിയിരുന്നു

അച്ഛന്റെ കൈ വിടുവിച്ച് അമ്മയുടെ അടുത്തേക്ക് ഓടിയെത്താൻ ഒരു ശ്രമം

അമ്മയില്ലാതെ വളര്ന്ന വേദന ആവോളം അറിഞ്ഞവനായിരുന്നു അയാൾ, തന്റെ മക്കളെയും അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാനില്ല എന്നുറപ്പിച്ചായിരുന്നു ആ തിരിച്ച് വരവ്

“മക്കളെ ഓർത്ത് മാത്രം!! നിനക്ക് എന്റെ കൂടെ വരാം ”

കൈ കൂപ്പിക്കൊണ്ട് അല്ലാതെ അവൾക്ക് അയാളെ അഭിമുഖീകരിക്കാൻ ആവുമായിരുന്നില്ല

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം !!

ലീന തുടർന്നും ജീവിച്ചു, ഒരു നല്ല ഭാര്യയായി , ഒരു നല്ല അമ്മയായി

സുബീഷുമാർ പിന്നെയും ഉണ്ടായി പലയിടത്തും, പലപ്പോഴും … പുതിയൊരു ലീന ഉണ്ടാവാതിരിക്കട്ടെ !!!

രചന: Ajan Anil Nair

1 thought on “ഇങ്ങനെ ഒരു ജീവിതമായിരുന്നുവോ താൻ ആഗ്രഹിച്ചത് എന്നവൾ ഓർക്കാതിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *