ചക്ക കൊടുത്ത പണി…

രചന: ശ്യാം കല്ലുകുഴിയിൽ

” ദേ മനുഷ്യാ ഒന്ന് എഴുന്നേറ്റെ..”

” ന്താടി ഒന്ന് സ്വസ്ഥമായി കിടക്കാനും സമ്മതിക്കില്ലേ.. ”

” കറി വയ്ക്കാൻ ഒന്നുമില്ല, എഴുന്നേറ്റ് വന്ന് ഒരു ചക്ക ഇട്ടു തന്നെ… ”

” നീ ഒന്ന് പോയെ,, എനിക്കൊന്നും പറ്റില്ല, നീ അപ്പുറത്തെ രാമുവിനെ വിളിക്ക്… ”

അത് പറഞ്ഞ് മാധവൻ മുറിയിലെ ഏ.സി യുടെ തണുപ്പിൽ ബെഡ് ഷീറ്റ് ഒന്ന് കൂടി പുതച്ചു കൊണ്ട് സുഖമായി കിടന്നു..

ലീന ഉടനെ മൊബൈൽ എടുത്ത് രാമുവിന്റെ നമ്പറിലേക്ക് വിളിച്ചു…

” ന്താ.. ചേച്ച്യേ…. ”

ഫോൺ എടുത്ത ഉടനെ രാമു ചോദിച്ചു..

” ടാ.. നീ ഇവിടെ വരെ ഒന്ന് വന്നേ ഒരു ചക്ക ഇടണം… ”

” ദാ വരുന്നു ചേച്ച്യേ… ”

രാമു ഫോൺ കട്ട് ആക്കി രണ്ട് നിമിഷം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ എത്തി..

” ടാ… ആ മുകളിൽ നിൽക്കുന്ന ചക്കയാ,, ഉറുമ്പ് ഉണ്ട് സൂക്ഷിച്ചു കയറണം കേട്ടോ.. ”

ലീന പ്ലാവിന്റെ മുകളിലേക്ക് ചൂണ്ടി കാണിച്ച് രാമുവിനോട് പറഞ്ഞു.. കേൾക്കേണ്ട താമസം രാമു പ്ലാവിൽ ചാടി കയറി..

” ചേച്ച്യേ ഒന്ന് രണ്ടെണ്ണം കൂടി വിളഞ്ഞു നിൽപ്പുണ്ട്… ”

” അത് നാളെ ഇടാം എല്ലാം കൂടി ഒരുമിച്ച് ഇട്ടാൽ ഇവിടെ കിടന്ന് പഴുത്ത് പാഴി പോകും … ”

രാമു ഒരു ചക്ക ഇട്ടിട്ട് താഴെ ഇറങ്ങി. പുറത്തു ഇരുന്ന ഉറുമ്പൊക്കെ തട്ടി കളഞ്ഞു..

” ടാ… ഇതൊന്ന് മുറിച്ച് തന്നേ എന്റെ കൈക്ക് നല്ല വേദന… ”

“അതിനെന്താ ചേച്ച്യേ… ഞാൻ മുറിച്ചു തരാം… ”

രാമു ചക്ക ചെറിയ ചെറിയ കക്ഷണങ്ങൾ ആയി മുറിച്ച് വച്ചു. അതിൽ ഒരു കക്ഷണം രാമുവിന് കൊടുത്തു ലീന…

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ലീന ചക്ക ഇടാൻ വേണ്ടി വീണ്ടും രാമുവിനെ വിളിച്ചു.. വിളിച്ച് ഫോൺ വച്ചപ്പോഴേക്കും രാമു ഹാജർ ആയി.. രാമു പെട്ടെന്ന് തന്നെ പ്ലാവിൽ കയറി ചക്ക ഇട്ടു, താഴെ ഇറങ്ങി ചക്ക ചെറുതായി മുറിക്കാൻ തുടങ്ങി…

ഉറക്കം എഴുന്നേറ്റു മാധവൻ വരുമ്പോൾ കാണുന്നത് രാമനും ലീനയും കൂടി എന്തോ പറഞ്ഞു ചിരിക്കുന്നത് ആണ്.. തന്നോട് സ്നേഹത്തോടെ ഒരു വാക്ക് പോലും പറയാത്ത ആളാണ് അവിടെ ചിരിച്ചു മറിയുന്നത്, അത് കണ്ടപ്പോൾ മാധവന്റെ ഉള്ളിലെ ഭർത്താവ് ഉണർന്നു, ആ സമയത്ത് എന്തേലും പറഞ്ഞാൽ തന്നെ സംശയരോഗി ആയി കാണും എന്നുള്ളത് കൊണ്ട് മാധവൻ ഒന്നും മിണ്ടിയില്ല..

അടുത്ത ദിവസം മാധവൻ രാവിലെ എഴുന്നേറ്റു, അടുക്കളയിൽ പോയി കത്തിയും എടുത്തു കൊണ്ട് പറമ്പിലെക്ക് ഇറങ്ങി..

” എങ്ങോട്ടാ മനുഷ്യ രാവിലെ… ”

” രാമുവിന് മാത്രം അല്ലടി എനിക്കും അറിയാം പ്ലാവിൽ കയറാൻ… ”

അതും പറഞ്ഞ് മാധവൻ പ്ലാവിനെ ലക്ഷ്യമാക്കി നടന്നു.

” മനുഷ്യ അവിടെ നിൽക്ക്, അറിയാത്ത പണി ചെയ്യാൻ നിൽക്കല്ലേ,, അതിൽ നിറയെ ഉറുമ്പ് ഉണ്ട് ഞാൻ ആ രാമുവിനെ വിളിക്കാം.. ”

” അതെന്ത രാമു മാത്രമേ പ്ലാവിൽ കയറുള്ളോ… ”

ദേഷ്യത്തോടെ അത് പറഞ്ഞ് മാധവൻ പ്ലാവിൽ കയറാൻ തുടങ്ങി, അൽപ്പം കയറിയതും ഉറുമ്പുകൾ ആക്രമണം തുടങ്ങി.. ആദ്യമൊക്കെ മാധവൻ ഉറുമ്പുകളുടെ കടി സഹിച്ചെങ്കിലും പിന്നെ അത് അസ്സഹനീയമായി.. പിന്നെ ലീന നോക്കുമ്പോൾ മരത്തിൽ നിന്ന് പിടിവിട്ട് താഴേക്ക് വരുന്ന മാധവനെ ആണ് കാണുന്നത്. ചക്ക വെട്ടി ഇട്ടത് പോലെ ദേ മാധവൻ താഴെ കിടക്കുന്നു..

പെട്ടെന്ന് ലീന ചെന്ന് പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചിട്ടും മാധവൻ പൊങ്ങുന്നില്ല.. ലീന ഉടനെ ഫോൺ എടുത്ത് രാമുവിന്റെ നമ്പറിലേക്ക് വിളിച്ചു…

” ചേച്ച്യേ ഞാൻ ഇതാ എത്തി… ”

ചക്ക ഇടാൻ ആകും വിളിക്കുന്നത് എന്ന് കരുതി അത് പറഞ്ഞ് മറുപടി ഒന്നും കേൾക്കാൻ കാത്ത് നിൽക്കാതെ രാമു കാൾ കട്ട് ചെയ്തു.. രണ്ട് നിമിഷം കൊണ്ട് തന്നെ രാമു അവിടെ എത്തി..

” ഇതെന്താ പറ്റിയത്… ”

തറയിൽ കിടക്കുന്ന മാധവനെ കണ്ടപ്പോൾ രാമു തലയിൽ കൈ വച്ചു ചോദിച്ചു …

” ഞാൻ ഇങ്ങേരടുത്ത് പറഞ്ഞതാ വേണ്ടാത്ത പണിക്ക് പോണ്ടാ, രാമുവിനെ വിളിക്കാം എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ… ”

വഴക്ക് പറഞ്ഞു കൊണ്ട് ലീനയും രാമുവും കൂടി മാധവനെ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചു..

” ന്തിന സാറെ അറിയാത്ത പണി ചെയ്യാൻ പോകുന്നത്, എന്നെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ… ”

രാമു സഹതാപത്തോടെ മാധവനെ നോക്കി, മാധവന് പ്ലാവിൽ നിന്ന് വീണതിന്റെ നാണക്കേടും, വേദനയും ഒപ്പം ഉറുമ്പിന്റെ കടിയും എല്ലാം കൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു…

മാധവനെ നേരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. വേറെ കുഴപ്പമൊന്നും ഇല്ല, നടു അനക്കാതെ ഇരിക്കാൻ ഒരു ബെൽറ്റും ഇട്ടു നേരെ വീട്ടിലേക്ക് വിട്ടു. രാമുവും ലീനയും മാധവനെ പിടിച്ചു കൊണ്ട് കട്ടിലിൽ കിടത്തി..

” രാമു പോകല്ലേ എനിക്ക് ഒരു ചക്ക ഇട്ടു തന്നിട്ട് പൊയ്ക്കോ.. ”

മാധവനെ കിടത്തി പോകാൻ ഇറങ്ങിയ രാമുവിനോട് ലീന പറഞ്ഞു..

” ശരി ചേച്ച്യേ… ”

അതും പറഞ്ഞ് രാമു പ്ലാവിന്റെ അടുത്തേക് പോയി.. ലീല മാധവനെ ഒന്ന് നോക്കിയിട്ട് പറമ്പിലേക്ക് ഇറങ്ങി. ഒന്നും പറയാൻ വയ്യാത്ത നിസ്സഹായവസ്ഥയിൽ മാധവൻ റൂമിൽ കിടന്നു..

അൽപ്പകഴിഞ്ഞപ്പോൾ പറമ്പിൽ നിന്ന് രാമുവിന്റെയും ലീനയുടെയും ചിരി കേട്ടപ്പോൾ മാധവൻ ദേഷ്യം കൊണ്ട് എഴുന്നേൽക്കൻ ശ്രമിച്ചു എങ്കിലും നാടുവിന്റെ വേദന കാരണം ” അമ്മേ… ” എന്ന് അറിയാതെ വിളിച്ചു കൊണ്ട് മാധവൻ വീണ്ടും കട്ടിലിൽ കിടന്നു…

” ഒന്ന് അടങ്ങി കിടക്ക് മനുഷ്യ ഈ ചക്ക ഒന്ന് ഇട്ടോട്ടെ… ”

മാധവന്റെ വിളി കേട്ട് ലീന പറമ്പിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.. അവളുടെ ഒരു ചക്കയും പ്ലാവും ഇവിടെ നിന്ന് എഴുന്നേറ്റാൽ ആദ്യം ആ പ്ലാവ് മുറിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് മാധവൻ നടുവും തടവി കട്ടിൽ കിടന്നു….

രചന: ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *