അല്ലേലും ഇവളുമാരൊക്കെ ഇങ്ങനാ

രചന : ~ ശാരി പി പണിക്കർ ( ചാരു )

അമ്മയുടെ വർഷങ്ങൾ നീണ്ടു നിന്ന കരച്ചിലും പിഴിച്ചിലുമാണ് എന്നെ ഇവിടെ ഇരുത്തിയിരിക്കുന്നത്, ഒരു പെണ്ണിന്റെ മുന്നിൽ. ജീവിതത്തിൽ പെണ്ണ് വേണ്ടന്ന് ഉറപ്പിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അമ്മയെ ഇനിയും വേദനിപ്പിക്കാൻ ആവുന്നില്ല. അങ്ങനെയാണ് ഞാനിവിടെ എത്തിപ്പെട്ടത്. ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷിക്കളുമുള്ള പുതിയ ജീവിതത്തിലോട്ടുള്ള ആദ്യ പടി, എന്റെ പെണ്ണുകാണാൻ. എന്റെ ചിന്തകളെയെല്ലാം കീറി മുറിച്ചു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി.

“ഹായ് ചേട്ടാ”

“ഹലോ”

“മം”

എന്തെങ്കിലും ചോദിക്കണമെല്ലോയെന്ന് കരുതി ഞാൻ തന്നെ നിന്നുപോയ സംസാരത്തിന് വീണ്ടും തുടക്കമിട്ടു.

“എന്താ താൻ ഒന്നും മിണ്ടാതെ? എന്നെ പറ്റിയെല്ലാം തനിക്കറിയാമെന്ന് വിചാരിക്കുന്നു.”

“മം. അച്ഛൻ പറഞ്ഞിരുന്നു.”

“ശരി. എന്നാൽ തന്നെ പറ്റി പറയൂ. ഞാൻ കേൾക്കട്ടെ.”

“ഞാൻ അക്ഷര. ഈ വീട്ടിലെ ഒരേയൊരു കുട്ടി. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അല്ല പ്രണയമുണ്ട്. കൂടെ പഠിക്കുന്ന ആളാണ്. 3 വർഷമായി. പേര് അക്ഷയ്.”

“ഓക്കേ. നിങ്ങൾ എങ്ങനെ ബ്രേക്ക്‌ അപ്പ്‌ ആയി ?”

“ബ്രേക്ക്‌ അപ്പ്‌ ആയില്ല. ഞാൻ ചതിച്ചതാ.”

ഒരു ഭാവഭേദവുമില്ലാതെയുള്ള അവളുടെ സംസാരം കേട്ടു ഞാൻ ഞെട്ടി പോയി.

“എന്തിന് ?”

“എന്റെ അച്ഛന് വേണ്ടി”

“ഛേ… ചതിക്കാനാണെങ്കിൽ എന്തിനാ പ്രേമിച്ചത് ? ”

“സമ്മതിക്കുമെന്ന് വിചാരിച്ചാ തുടങ്ങിയത്. ഒറ്റമോളല്ലേ ഞാൻ. ഒന്നിനും ആരും തടസ്സം പറയില്ലായിരുന്നു.”

“അല്ലെങ്കിലും എല്ലാവളുമാരും ഇങ്ങനെയാ. ഞാൻ പോവാ.”

“ഒരു മിനിറ്റ് ചേട്ടാ”

“എന്താ ?”

“ചേട്ടനെയും ആരോ പറ്റിച്ചിട്ടുണ്ടല്ലേ?”

“അതാണോ തനിക്കിപ്പോ അറിയേണ്ടത് ?”

“അല്ല. എന്റെ കഥയൊന്ന് കേൾക്കുമോ?”

“പറ. ഒരു തേപ്പ് കഥ.”

“പുച്ഛിക്കരുത് ചേട്ടാ. അവസാനം ഖേദിക്കും.”

“ഓ! ആയിക്കോട്ടെ.”

“കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ എന്റെ തൊട്ട് അടുത്ത റോൾ നമ്പറായിരുന്നു അക്ഷയുടെ. എപ്പോഴോ പരസ്പരം സ്നേഹിച്ചു തുടങ്ങി. ജാതി, മതം, ജീവിത സാഹചര്യങ്ങളെല്ലാം യോജിക്കുന്നതായിരുന്നു. ഞാനെല്ലാം തിരിക്കിയിരുന്നു. കാരണം സ്നേഹിച്ചിട്ട് വീട്ടുകാര് സമ്മതിച്ചില്ലെങ്കിൽ…….. സഹിക്കാൻ പറ്റില്ല എനിക്ക്. അക്ഷയ് പഠിച്ചു ജോലിയൊക്കെയായി കഴിഞ്ഞു വീട്ടിൽ വന്നു ആലോചിക്കാമെന്ന് കരുതിയാണിരുന്നത്. അപ്പോഴാണ് അക്ഷയുടെ പപ്പയുടെ ബിസിനസ്‌ തകർന്നത്. കുടുംബം പോലും വഴിയാധാരമായി. എല്ലാം ശരിയാകുമെന്ന് കരുതി കാത്തിരുന്നു. അക്ഷയുടെ പഠിത്തവും മുടങ്ങി. വാടക വീട്ടിലോട്ടു താമസവും മാറ്റി. പല ജോലികളും ചെയ്തു അവൻ കുടുംബം പുലർത്തി. എല്ലാം തിരിച്ചു പിടിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു അക്ഷയ്ക്ക്. പ്രാർത്ഥനയും വഴിപാടുമായി ഞാനും. വേറെയൊന്നും എന്നെ കൊണ്ട് കഴിഞ്ഞില്ല.”

“പിന്നെ നീ എന്തിനാ അവനെ ചതിച്ചത്, ഇത്രയും സ്നേഹം ഉണ്ടായിട്ടും ?”

“പ്രശ്നങ്ങൾ ഒന്നിന് പിന്നാലെ വന്നു കൊണ്ടേയിരുന്നു. എന്റെ അച്ഛന് സുഖം ഇല്ലാതായി. ആദ്യം നിസാരമായിയാണ് കണ്ടത്. പക്ഷേ വൈകാതെ നില ഗുരുതരമായി. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ വിചാരിച്ചു. ദൈവം ഞങ്ങളോട് കുറച്ചു ധാക്ഷണ്യം കാണിച്ചു. ഒരു 3 മാസത്തെ കാലാവധി കൂടി തന്നു. അച്ഛനെ അത്രയും കാലം സന്തോഷവാനാക്കി വയ്ക്കണം. അതാണ് എന്റെ ലക്ഷ്യം. ഇതിനിടയിൽ കല്ല്യാണ കാര്യം എടുത്തിടുമെന്ന് ഞാൻ കരുതിയില്ല. അക്ഷയുമായിയുള്ള ബന്ധത്തെ പറ്റി അച്ഛനോട് പറഞ്ഞു. എതിർപ്പൊനുമില്ലായിരുന്നു. പക്ഷേയെല്ലാം അന്വേഷിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു. സ്ഥിരമായി ജോലിയും വരുമാനവും വീടുമില്ലാത്ത ഒരാൾക്ക് എങ്ങനെ മോളേ കെട്ടിച്ചു കൊടുക്കും? ഒറ്റ മകളല്ലേ ഞാൻ. ഇന്നുവരെ ഒരു ആഗ്രഹത്തിനും തടസ്സം നിന്നിട്ടില്ല. “ഈ ഒന്ന് മാത്രം എന്റെ ഇഷ്ടത്തിന് ചെയ്തൂടെ?” എന്ന് പറഞ്ഞു അച്ഛൻ കരഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.”

“മം ”

“അച്ഛൻ എന്നോട് ചോദിച്ച ചോദ്യത്തിനൊന്നും മറുപടി കൊടുക്കാൻ എനിക്കായില്ല. മരിക്കുന്നതിന് മുൻപ് സുരക്ഷതമായ കൈകളിൽ എന്നെ ഏൽപ്പിക്കണമെന്നേ അച്ഛന് ഉണ്ടായിരുന്നുള്ളൂ. അക്ഷയ്ക്ക് നല്ലൊരു ജോലിയുണ്ടായിരുന്നെങ്കിൽ അച്ഛൻ എതിർക്കില്ലായിരുന്നു. ഡിഗ്രി പോലും പാസ്സാവാതെ എന്ത് ജോലി കിട്ടാനാണ് ?”

“മം ”

“ആൺകുട്ടികൾ പെൺകുട്ടികളെ ജീവനെ പോലെ സ്നേഹിക്കും. അതുകൊണ്ടാണ് സ്നേഹിക്കുന്ന പെണ്ണ് ഇട്ടിട്ടു പോയാൽ ജീവൻ പോയത് പോലെ തോന്നുന്നത്. പക്ഷേ പെൺകുട്ടികൾ അങ്ങനെയല്ല. അവളുടെ അച്ഛന്റെ കണ്ണിൽ നിന്നു ഉതിർന്നു വീഴുന്ന കണ്ണീരിന്റെ അത്രയും വരില്ല അവളുടെ പ്രണയം. അതാ പല ദിവ്യ പ്രണയങ്ങളും പാതി വഴിയിൽ പൊലിഞ്ഞ് പോകുന്നത്. എനിക്കെന്റെ അച്ഛന്റെ സന്തോഷത്തിനപ്പുറം വേറൊരു ലോകമില്ല. അതിന് വേണ്ടി ഞാൻ എന്തും ചെയ്യും. ചേട്ടനോട് ഒന്നും മറച്ചു വയ്ക്കാൻ തോന്നിയില്ല. അതാ എല്ലാം പറഞ്ഞത്. ഇനി ചേട്ടന് തീരുമാനിക്കാം.”

“അപ്പോ നീ അവനെ വേണ്ടെന്ന് വച്ചു കഴിഞ്ഞോ?”

“ഞാൻ വേറെന്ത് ചെയ്യാനാ? ഞാൻ പറയുന്നത് മുമ്പ് തന്നെ അക്ഷയ് ആലോചനയുടെ കാര്യം അറിഞ്ഞു. അപ്പോൾ മുതൽ ഞാൻ ചതിച്ചെന്ന് പറഞ്ഞ് നടക്കുവാ. കാണാനും സംസാരിക്കാനും കൂടി സമ്മതിക്കുന്നില്ല.”

“അല്ലേലും പെണ്ണുങ്ങളെല്ലാം ഇങ്ങനാ. പണ്ട് ഞാൻ വലിയ വീരശൂര പരാക്രമിയായ കാമുകനായിരുന്നു. സ്നേഹിച്ച പെണ്ണിന് കല്ല്യാണാലോചന തുടങ്ങിയപ്പോൾ വിളിച്ചു ഇറക്കാൻ പോയി. അവൾ വന്നില്ല. എല്ലാം പെണ്ണുങ്ങളും ഇങ്ങനാ. കാര്യത്തോട് അടുക്കുമ്പോൾ കൈ മലർത്തും.”

“പ്രേമിക്കാൻ എളുപ്പമാണ്, ജീവിക്കാൻ അങ്ങനെയല്ല ചേട്ടാ. ചേട്ടന് ആ സമയത്ത് വല്ല ജോലിയും ഉണ്ടായിരുന്നോ? വിളിച്ചിറക്കാൻ തീരുമാനിക്കുന്നതിന് മുൻപ് ആ കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നോ? അല്ല ആ കുട്ടിയോട് അതെപറ്റി സംസാരിച്ചിരുന്നോ? ആ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിച്ചിരുന്നോ? ഒരു പെൺകുട്ടിയുടെ അച്ഛനാകുമ്പോൾ ഇതെല്ലാം ചേട്ടന് മനസ്സിലാകും.”

അവളുടെ ചോദ്യങ്ങൾക്കൊന്നും എന്റെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല. പത്ത് പതിനഞ്ച് സപ്പ്ളിയൊക്കെ വാരി കൂട്ടിയിരുന്ന സമയമായിരുന്നു അത്. പപ്പയുടെ കാശിന് അടിച്ചു പൊളിച്ചു ജീവിച്ചു. ശരിയാണ്, ഞാൻ അവളുടെ വീട്ടുകാരുമായി സംസാരിച്ചത് കൂടിയില്ല. ആരോ പറഞ്ഞാണ് അവൾക്ക് കല്ല്യാണമാലോചിക്കുന്നത് അറിഞ്ഞത്. അപ്പോ തന്നെ അങ്ങോട്ട് പോവുകയാണ് ഉണ്ടായത്.

ഇനിയും ഇവിടെ ഇരുന്നാൽ ശരിയാവില്ലയെന്ന് എനിക്ക് തോന്നി. പണ്ട് അവൾ ചതിച്ചെന്ന വാശി പുറത്ത് ഉണ്ടാക്കിയതാണ് ഇന്ന് കാണുന്നതെല്ലാം. പെട്ടെന്ന് എന്റെ നിഗമനങ്ങളെല്ലാം തെറ്റായിരുന്നു എന്നൊരു തോന്നൽ.

ഞാൻ ആരോടും ഒന്നും പറയാതെ അവിടെ നിന്ന് വണ്ടിയുമെടുത്ത് പുറപ്പെട്ടു. കുറച്ചു നേരം ശാന്തമായി ആലോചിച്ചപ്പോൾ തെറ്റുകൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്. എന്നാലും ഞാനന്ന് അനുഭവിച്ച വേദന….. ഞാൻ വണ്ടി തിരിച്ചു. വീട്ടിൽ എത്തിയപ്പോൾ എല്ലാരും അവിടെ തന്നെയിരുപ്പുണ്ട്. ഞാൻ അങ്ങോട്ട് ചെന്നു സംസാരിക്കുന്നത്തിന് മുൻപ് തന്നെ വേറെ ഒരാൾ ഇടയ്ക്ക് കയറി വന്നു.

“ഇതാണോ നിന്നെ കെട്ടാൻ പോകുന്ന ചെറുക്കൻ? വലിയ പണവും പത്രാസും കണ്ടപ്പോൾ നിന്റെ കണ്ണ് മഞ്ഞലിച്ചുവല്ലേ? അന്നേ എല്ലാരും പറയുമായിരുന്നു നീ ശരിയല്ലെന്ന്. എന്നിട്ടും ഞാൻ വിശ്വസിച്ചില്ല. ഇപ്പോ മനസ്സിലായി. നീ എന്ത് മാത്രം എന്റെ കൂടെ കറങ്ങിയവളാടി. ഒരു ഉളുപ്പും ഇല്ലാതെ വേറെ ഒരുത്തന്റെ മുന്നിൽ കഴുത്തു നീട്ടാൻ പോകുന്നു. നീ ഇവനോടൊന്നും എന്നെ പറ്റി പറയില്ലെന്നറിയാം. നീ ഒക്കെ എന്തൊരു പെണ്ണാ. എനിക്കു വേണ്ട നിന്നെ പോലെ ഒരുത്തിയെ. നീ ഇത്രയും കാലം എന്നോട് കാണിച്ചതെല്ലാം അഭിനയമായിരുന്നുയെന്ന് മനസ്സിലാക്കാൻ വൈകി പോയി ഞാൻ.”

“അങ്ങനെയല്ല അക്ഷയ്…”

“പോടീ… ÷/_€**₹₹£”

വേറെയും ഒരുപാട് അനാവശ്യങ്ങൾ അവളെ പറഞ്ഞു അയാൾ. ഒരു പെണ്ണിനേയും പറയാൻ പാടില്ലാത്ത കാര്യങ്ങൾ. അവൾക്ക് പറയാനുള്ളത് കേൾക്കാൻ കൂടി കൂട്ടാക്കിയില്ല. അയാൾ തിരിച്ചു നടന്നു. അവൾ അവന്റെ പിന്നാലെ പോകാനൊരുങ്ങി എന്തോ പറയാൻ വേണ്ടി. അറിയാതെ എന്റെ കൈ അവളുടെ കൈയ്യിൽ കേറി പിടിച്ചു. അതെ ഞാൻ തടഞ്ഞു അവളെ.

“അവനെ താൻ തടയേണ്ട. ഇത്രയും കാലം സ്നേഹിച്ചിട്ടും അവനു തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.”

അവൾ ചോദ്യരൂപത്തിൽ എന്നെ ഒന്ന് നോക്കി. കൈ ഞാൻ വിട്ടു.

“സാമ്പത്തിക പ്രശ്നവും ജോലിയുമാണ് നിങ്ങളെ തമ്മിൽ അകറ്റുന്നതെങ്കിൽ എന്തെങ്കിലും സഹായം ഞാൻ ചെയ്യാമെന്ന് പറയാനാണ് ഞാൻ തിരിച്ചു വന്നത്. പക്ഷേ ഇപ്പോ എനിക്കു അങ്ങനെ പറയാൻ തോന്നുന്നില്ല. പരസ്പരം മനസ്സിലാകാതെ ഒരു കുടുംബജീവിതവും മുന്നോട്ടു പോകില്ല. ഇത് തനിക്കു ചേരില്ലയെന്ന് മനസ്സ് പറയുന്നു. താൻ എന്നെയിന്ന് നല്ലൊരു പാഠം പഠിപ്പിച്ചു. ഇന്നുവരെ അവൾ എന്നെ ചതിച്ചെന്ന് വിശ്വസിച്ചാ ഞാൻ കഴിഞ്ഞത്. അവളെ ശപിക്കാത്ത ഒരു ദിവസപോലും ഉണ്ടായിരുന്നില്ല. ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട് അവളുടെ അവസ്ഥ.”

“മം ”

“അച്ഛന് വേണ്ടിയല്ലേ താൻ ഈ കല്ല്യാണം കഴിക്കാൻ ഒരുങ്ങുന്നത്? അച്ഛന് വേണ്ടി സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ വേണ്ടെന്ന് വച്ചില്ലേ? മകളെന്ന നിലയിൽ താൻ വിജയിച്ചു. ഭാര്യ എന്നാ നിലയിൽ കൂടി വിജയിക്കേണ്ടേ? ഞാൻ ക്ഷണിക്കുന്നു എന്റെ ജീവിതത്തിലോട്ട്. തനിക്ക് താല്പര്യം ഉണ്ടെങ്കിൽ വരാം. അച്ഛന് വേണ്ടി കഴിക്കുന്ന ഈ വിവാഹം ഒരുന്നാൾ താൻ ഇഷ്ടപെട്ട് തുടങ്ങും. എനിക്ക് വിശ്വാസമുണ്ട്.”

ഇത്രയും പറഞ്ഞു ഞാൻ പടിയിറങ്ങി. എനിക്ക് ഉറപ്പുണ്ടായിരുന്നു അവൾ വരുമെന്ന് എന്റെ ജീവിതത്തിലോട്ട്. വെറും മിനിറ്റുകൾ കൊണ്ട് എന്റെ ഏറ്റവും വലിയ തെറ്റ് ചൂണ്ടി കാട്ടിയതാണവൾ. എനിക്കും വേണമെന്ന് തോന്നി, അവളെ പോലെ അച്ഛനെ സ്നേഹിക്കുന്ന ഒരു മകളെ……

രചന : ~ ശാരി പി പണിക്കർ ( ചാരു )

Leave a Reply

Your email address will not be published. Required fields are marked *